Travel

ലോകം കാണാം, ജോലി കളയാതെ, പോക്കറ്റ് കീറാതെ !

on
ഡിസംബർ 15, 2018

                              ലോകം കാണാൻ ആഗ്രഹമില്ലാത്തവരായി അധികമാരും കാണില്ല. പക്ഷെ നാട്ടിലെ സ്ഥലങ്ങൾ ചുറ്റിയടിക്കാൻ പോവുന്നത്ര എളുപ്പമല്ല വിദേശയാത്രകൾ. എന്നാൽവേണ്ട രീതിയിൽ തയ്യാറെടുത്താൽ ജീവിത വീക്ഷണം തന്നെ മാറ്റി മറിക്കുന്നഅനുഭവങ്ങളാകാം ഓരോ  ലോകയാത്രകളും. അത്കൊണ്ട് അത്തരം താല്പര്യമുള്ളവർക്ക് വേണ്ടി, ഞാനുംതാരയും ഒരുമിച്ച് ചെയ്ത ബാക്ക്പാക്ക് യാത്രകളിൽനിന്നും ഞങ്ങൾ പഠിച്ച, ശീലിച്ച് പോരുന്ന, ചില കാര്യങ്ങൾ എഴുതിയിടുകയാണ്.

                         ഒരുഫോറിൻ ട്രിപ്പ് സ്വപ്നം കാണുമ്പോ വരുന്ന ആദ്യത്തെ കൺഫ്യൂഷൻ ജോലിയിൽ നിന്നും ലീവെടുക്കുന്നതിനെക്കുറിച്ചാവും. വെറുംസ്വാഭാവികം! ആരോടേലും ചോദിച്ചാ പറയും കളഞ്ഞിട്ട് പോടേയ് എന്ന്. ഏത് ? ജോലി കളഞ്ഞിട്ട് യാത്ര പോടേയ് എന്ന്! ട്രാവൽ പേജുകൾ തുറന്നാലാണേൽ Quit yourjob and travel the world എന്നതലക്കെട്ടുകൾ തട്ടി നടക്കാൻ മേലാ. എന്നാൽ നമ്മളെപ്പോലുള്ള ആം ആദ്‌മി യാത്രാമോഹികൾക്ക് അത്രയെളുപ്പം വലിച്ചെറിയാൻപറ്റുന്നതോ, വലിച്ചെറിയണ്ടതോ അല്ല സാമ്പത്തിക സുരക്ഷ തരുന്ന നമ്മുടെ ജോലി. പക്ഷെ യാത്ര പോവാനാണേൽ ജോലിയിൽനിന്നും കുറച്ച് നാൾ വിട്ടു നിൽക്കുകയും വേണം. എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് നോക്കാം.

1) ഓരോ വർഷവും കയ്യിലുള്ള ലീവുകളിൽ ഒരു ഏഴ് എട്ടെണ്ണം യാത്രക്കായി മാറ്റി വെക്കണം. Compensatory-off കിട്ടാൻ വഴിയുണ്ടെങ്കിൽ, വീകെന്റുകളിൽ ജോലി ചെയ്ത് comp-off നേടി അതും യാത്രകളുടെ കൂട്ടത്തിലേക്ക് ചേർക്കാം. ഒഴിവാക്കാവുന്ന ലീവ് എടുക്കൽ ഒഴിവാക്കുക. ലീവുകൾ കൂട്ടി വെക്കുന്നതിന്റെ ലക്‌ഷ്യം മനസ്സിൽ ഓർത്താൽ ഇതിന് ബുദ്ധിമുട്ട് തോന്നില്ല.

2) പബ്ലിക് അവധികളും വീകെൻഡും അടുത്തടുത്ത് വരുന്ന ഏതെങ്കിലും സമയത്തേക്ക് യാത്രകൾ പ്ലാൻ ചെയ്യുക. രണ്ട് വീകെൻഡും നടുവിലെ രണ്ടോ മൂന്നോ പബ്ലിക് അവധികളും നേരത്തെ സേവ് ചെയ്ത വെച്ച ഏഴോ എട്ടോ ലീവുകളും ചേർത്താൽ ഒരു രണ്ടാഴ്ചത്തേക്കുള്ള യാത്ര സെറ്റ്. മൂന്നോ നാലോ രാജ്യങ്ങൾ ഒക്കെ കണ്ട് വരാൻ ഈ സമയം ധാരാളം.

3) യാത്രയിൽ അനാവശ്യമായ സമയനഷ്ടം വരാതെ നോക്കണം. ഇത് ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ദിവസങ്ങൾ കുറക്കാൻ സഹായിക്കും. കാണേണ്ട സ്ഥലങ്ങളുടെ ഒരറ്റത്ത് ഇറങ്ങി കാഴ്ചകൾ കണ്ട് മറ്റേയറ്റം വരെ എത്തി അവിടെ നിന്നും തിരിച്ച് ഫ്ളൈറ്റ് പിടിക്കാൻ സാധിച്ചാൽ അതാണ് ബെസ്റ്റ്. ആദ്യം തന്നെ നടുവിൽ ഇറങ്ങിയാൽ പിന്നീട് വന്ന വഴിയേ തന്നെ വീണ്ടും യാത്ര ചെയ്യേണ്ടി വരും.

4) വിദേശ രാജ്യങ്ങളിലെ കോൺഫെറെൻസുകൾകമ്പനി വഴി അറ്റൻഡ് ചെയ്യാൻ ഉള്ള സാധ്യതയുണ്ടെങ്കിൽ വിട്ടു കളയരുത്. ലീവും ചിലവും ഓർത്ത് ടെൻഷൻ അടിക്കാതെ കോൺഫെറൻസ് അറ്റൻഡ് ചെയ്ത് രണ്ടു മൂന്ന് ദിവസം പുതിയൊരുരാജ്യത്തിൽ കറങ്ങാൻ ഉള്ള ചാൻസ് അത് വഴി കിട്ടും.

5) ഇനി എത്ര ലീവ് കയ്യിൽ ഉണ്ടെങ്കിലും ഓഫീസിൽ നിന്നും ഒഴിവു കിട്ടിയില്ലെങ്കിൽ കാര്യമില്ല. ഇടക്കൊക്കെ ഒരു യാത്ര പോയി മനസ്സ് തണുപ്പിച്ച് വരുന്നത് ഓഫീസിൽ തന്റെ പ്രൊഡക്ടിവിറ്റി കൂട്ടുവാൻ സഹായിക്കും എന്ന കാര്യം മാനേജ്‌മെന്റിനും ടീമിനും മനസ്സിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്.

6) ചുരുങ്ങിയത് ഒരു മാസംമുമ്പെങ്കിലും യാത്രയെക്കുറിച്ച് ടീമിനോടും മാനേജ്‌മെന്റിനോടും പറയുക. അല്ലെങ്കിൽനമ്മളെ മുന്നിൽ കണ്ട് അവർ ഏതെങ്കിലും ജോലികൾ പ്ലാൻ ചെയ്യാനും പിന്നീട് അവസാനനിമിഷം യാത്രയെക്കുറിച്ച് പറയുമ്പോൾ അത് തല വേദനയാവാനും സാധ്യതയുണ്ട്.

7) പോവുന്നതിന് മുമ്പ് ചെയ്യാനുള്ള ജോലികൾ എല്ലാം കുത്തിയിരുന്ന് ചെയ്ത തീർക്കുക. പോവുന്നതിന് മുമ്പ് ചെയ്യാനുള്ള ജോലികൾ എല്ലാം തീർക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ഇനിയൊരു തവണ യാത്രക്കുള്ള അവധികൾ ചോദിച്ച് ചെല്ലുമ്പോൾ നടന്നെന്ന് വരില്ല. മാത്രമല്ല ഓരോ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും പോവുന്നതിന് മുൻപ് ചെയ്തിരുന്നതിനേക്കാൾ കൃത്യതയോടെയും താല്പര്യത്തോടെയും ജോലികൾ ചെയ്തു തീർക്കാനും ശ്രമിക്കുക. ഇത് ഭാവി യാത്രകൾക്ക് ഗ്രീൻ സിഗ്നൽ കിട്ടാൻ ഉള്ള സാധ്യത കൂട്ടും.

 

ദിവസങ്ങൾ ഒത്ത് കിട്ടിയാൽപിന്നെയുള്ള പ്രശനം ചിലവാണ്. ഇതും ശ്രദ്ധിച്ച് കൈകാര്യം ചെയ്‌താൽവരുതിയിലാക്കാവുന്നതേയുള്ളൂ. അവയിൽ ഞങ്ങൾ ചെയ്ത് പോരുന്ന ചിലത് എഴുതിയിടാം.

 

ഫ്‌ളൈറ്റ് ടിക്കറ്റ്

8) സാധാരണ ഗതിയിൽ ഒരു വിദേശയാത്രയുടെ യാത്രയുടെ മൂന്നിലൊന്ന് ചിലവും പോവുന്നത് ഫ്‌ളൈറ്റ് ടിക്കറ്റിലേക്കാണ്. അത് കൊണ്ട് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. മൂന്ന് തരം ഫ്‌ളൈറ്റ് ബുക്കിങ്ങ് വെബ്‌സൈറ്റുകളുണ്ട്. 

ഒന്ന്. എയർലൈൻ കമ്പനികളുടെ സ്വന്തംവെബ്സൈറ്റ് (Eg: airasia.comjetairways.comairindia.in etc).

രണ്ട്. പല എയർലൈൻ കമ്പനികളുടെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്ത് കാണിക്കുന്ന വെബ്‌സൈറ്റുകൾ. (Eg: yatra.comcleartrip.comcheapticket.in etc)

മൂന്ന്. രണ്ടാമത് പറഞ്ഞ പല ഫ്‌ളൈറ്റ് ബുക്കിങ്ങ് വെബ്‌സൈറ്റുകളിലെ ഓഫറുകളും ടിക്കറ്റ് നിരക്കും താരതമ്യം ചെയ്ത് അതിലേറ്റവും കുറവ് കാണിച്ച തരുന്ന പോർട്ടൽ സൈറ്റുകൾ. (Eg: skyscanner.commomondo.inkayak.co.in etc)

മൂന്നാമത് പറഞ്ഞ പോർട്ടൽ സൈറ്റുകളാണ് പലപ്പോഴും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് കണ്ടെത്താൻ ഉപയോഗപ്രദം.

9) ശ്രദ്ധിക്കേണ്ട വേറൊരു കാര്യം, നമ്മുടെ ഏറ്റവും അടുത്തുള്ള എയർപോർട്ട് ആവണമെന്നില്ല ഏറ്റവും ചെലവ് കുറഞ്ഞ ഓപ്‌ഷൻ. എത്തിപ്പെടാവുന്ന ദൂരത്തുള്ള മറ്റ് എയർപോർട്ടുകളിൽ നിന്നുള്ള വിമാന നിരക്ക് കൂടി നോക്കുക. ചിലപ്പോൾ നല്ലൊരു തുക തന്നെ ഇങ്ങനെ ലാഭിക്കാൻ പറ്റും.

10) വിമാന ടിക്കറ്റുകളുടെ വില കൂടാനും കുറയാനും സാധ്യതയുണ്ട്. യാത്രക്ക് നാല്  മാസം മുമ്പ് 15000 രൂപ കൊടുത്ത് ബുക്ക് ചെയ്ത ടിക്കറ്റ് രണ്ട് മാസം കഴിഞ്ഞപ്പോൾ 10000 രൂപ ആയത് കണ്ട് കണ്ണ് തള്ളിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇക്കോണമി സീറ്റുകൾ ബുക്കിങ്ങിന് തുറക്കുന്ന സമയത്തിന്റെ വ്യത്യാസം കൊണ്ടാണിത്. ഓരോ എയർലൈൻസും ഓരോ സമയത്താണിത് ചെയ്യുന്നത്. എന്നാലും ഒരു ball park estimate വെച്ച് പറഞ്ഞാൽ യാത്രക്ക് മൂന്ന് മാസം മുമ്പാണ് സാധാരണ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞ് കാണാറുള്ളത്.

11) പല വെബ്‌സൈറ്റുകളിലും ഫ്‌ളൈറ്റ് അലേർട് സംവിധാനമുണ്ട്. പോവാൻ ഉദ്ദേശിക്കുന്ന ഫ്‌ളൈറ്റിന്റെ നമ്പറും തീയതിയും കൊടുത്തിട്ടാൽ ടിക്കറ്റ് നിരക്ക് താഴുമ്പോൾ ഇമെയിൽ ലഭിക്കും. ചെയ്യാവുന്ന വേറൊരു കാര്യം വിമാന കമ്പനികളുടെ സൈറ്റിൽ പോയി അവരുടെ പരസ്യങ്ങൾക്ക് ഇ-മെയിലിൽ സബ്സ്ക്രൈബ് ചെയ്യുക എന്നതാണ്. മെയിലിൽ വരുന്ന പരസ്യങ്ങൾ സാധാരണ ശല്യമാണെങ്കിലും, ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ നോക്കുന്നയാൾക്ക് എയർലൈൻ ഓഫറുകളെക്കുറിച്ചുള്ള പരസ്യങ്ങൾ പ്രധാനപ്പെട്ടതാണ്.

12) ബുക്ക് ചെയ്യുന്നതിന് മുമ്പ് ബ്രൌസർ ഹിസ്റ്ററിയും കേഷ് മെമ്മറിയും ക്ലിയർ ചെയ്യണം. ചില വെബ്‌സൈറ്റുകൾ നമ്മൾ മുൻപ് ചെയ്ത സെർച്ചുകൾ നോക്കി അത്യാവശ്യക്കാരനാണെന്ന് മനസ്സിലായാൽ വില ഉയർത്തി വെക്കാറുണ്ട്.

13) www.skyscanner.com എന്ന സൈറ്റിൽ നല്ലൊരു ഓപ്‌ഷനുണ്ട്. യാത്ര ചെയ്യേണ്ട ഒരു ദിവസത്തിന് പകരം ഒരു മാസത്തെ മുഴുവൻ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് കാണാനുള്ള സൗകര്യമാണത്. ഏതു ദിവസമാണോ ഏറ്റവും കുറവ്, അത് തിരഞ്ഞെടുക്കാം. ഇതിൽ തന്നെയുള്ള മറ്റൊരു ഓപ്‌ഷൻ ആണ് ‘search to eveywhere’. എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം, പക്ഷെ എങ്ങോട്ടെന്നുറപ്പില്ലാത്തവർക്ക് ഇതുപകരിക്കും. ടേക്ക് ഓഫ് എയർപോർട്ടും തീയതിയും കൊടുത്ത ശേഷം ഡെസ്റ്റിനേഷൻ ഓപ്ഷൻ ആയി everywhere എന്ന് കൊടുത്താൽ , ഏത് രാജ്യത്തേക്കാണോ ഏറ്റവും കുറഞ്ഞ നിരക്കുള്ളത്, അതൊക്കെ ലിസ്റ്റ് ചെയ്ത് കാണിക്കും.

 

ഭക്ഷണ ചിലവുകൾ

14) ഭക്ഷണത്തിന് പുറം രാജ്യങ്ങളിൽ പലയിടത്തും തീ പിടിച്ച വിലയാണ്. അത്തരം സ്ഥലങ്ങളിൽ റസ്റ്റോറന്റുകൾ ഒഴിവാക്കി സൂപ്പർമാർക്കെറ്റുകളെ വേണം ആശ്രയിക്കാൻ. ബ്രെഡ്, ജാം, ബൻ, മഫിൻസ്, നൂഡിൽസ്, കുക്കീസ് എന്നിവയൊക്കെ താങ്ങാവുന്ന വിലക്ക് കിട്ടും.

15) ഇനി ഹോട്ടൽ ഭക്ഷണം തന്നെ കഴിക്കണമെന്നുണ്ടെങ്കിൽ പൊതിഞ്ഞ് വാങ്ങുക. നമ്മുടെ നാട്ടിൽ പാക്ക് ചെയ്തെടുക്കാൻ ആണ് ചാർജ് കൂടുതലെങ്കിൽ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ടേബിളിൽ ഇരുന്ന് കഴിക്കാൻ ആണ് ചാർജ് കൂടുതൽ. വെയിറ്ററുടെ സർവീസ് ചാർജും, റെസ്റ്റോറന്റ് സൗകര്യങ്ങൾക്കുള്ള ചാർജും എല്ലാം ഇരുന്ന് കഴിക്കുമ്പോൾ കിട്ടുന്ന ബില്ലിൽ ഉൾപ്പെടാം.

 

താമസം

16) ഇന്റർനെറ്റിൽ രണ്ട് തരത്തിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്.

ഒന്ന്. മുഴുവൻ തുകയും ഓൺലൈൻ ആയി പേയ്‌മെന്റ് ചെയ്ത ശേഷം ബുക്ക് ചെയ്യുന്ന റൂമുകൾ. (Eg: agoda.comhostelbookers.com)

രണ്ട്. കാശ് മുൻകൂട്ടി കൊടുക്കാതെ ബുക്ക് ചെയ്തിട്ട ശേഷം ഹോട്ടലിൽ ചെല്ലുമ്പോൾ പേയ്‌മെന്റ് ചെയ്യുന്ന റൂമുകൾ. (Eg: booking.com).

ഒരേ ഹോട്ടലിലെ ഒരേ റൂമിന് ഈ രണ്ട് തരത്തിൽ ബുക്ക് ചെയ്യുമ്പോൾ വില വേറെ വേറെ ആയിരിക്കും. മുൻകൂട്ടി കാശടക്കുന്ന വെബ്‌സൈറ്റുകളിൽ കൊടുക്കേണ്ട തുകയേക്കാൾ കൂടുതലായിരിക്കും ഫ്രീ ആയി ബുക്ക് ചെയ്ത റൂമുകളിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൊടുക്കേണ്ടത്. ക്യാൻസൽ ചെയ്യേണ്ടി വരില്ല എന്നുറപ്പുണ്ടെങ്കിൽ കുറഞ്ഞ തുകക്ക് മുൻകൂട്ടി കാശടക്കുന്നതാവും നല്ലത്. അതല്ല, സംശയത്തിലാണെങ്കിൽ ഇത്തിരി കൂടിയ തുകക്ക് ഫ്രീ ബുക്ക് ചെയ്തിടാം.

17) ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ എക്സ്ട്രാ ചില ഓഫറുകൾ പല ഹോട്ടലുകളും കൊടുക്കാറുണ്ട്. ഫ്രീ ബ്രെയ്ക്ഫാസ്റ്റ് , ഫ്രീ എയർപോർട്  പിക്കപ്പ് എന്നിങ്ങനെ ചിലത്. അത് ബുക്കിംഗ് വെബ്സൈറ്റിൽ വെച്ച് തന്നെ നോക്കണം. കാശിത്തിരി കൂടുതലാണെങ്കിലും ഇത്തരം ഓഫറുകൾ ഉള്ള ഹോട്ടൽ നോക്കി തിരഞ്ഞെടുത്താൽ മറ്റു രീതിയിൽ ചിലവ് ചുരുങ്ങും.

18) ഒരു പാട് ചിലവേറിയ സ്ഥലങ്ങളിൽ ഹോസ്റ്റലുകൾ ആണ് ഏറ്റവും ചിലവ് കുറഞ്ഞ് കിട്ടുന്ന ഓപ്‌ഷൻ. ഡോർമിറ്ററി പോലുള്ള ബെഡ്‌ഡിങ്ങ് സൗകര്യമുള്ള ഹോസ്റ്റലുകൾ. മെൻസ് ഒൺലി ഡോർമിറ്ററി, വിമൻസ് ഒൺലി ഡോർമിറ്ററി, മിക്സഡ് ഡോർമിറ്ററി എന്നീ മൂന്ന് ഓപ്‌ഷൻസ് കാണും സാധാരണ. www.hostelbookers.com ഇത്തരത്തിലുള്ള ഹോസ്റ്റലുകൾ കണ്ടെത്താൻ സഹായിക്കുന്ന വെബ്‌സൈറ്റ് ആണ്. പക്ഷെ ഫാമിലി ആയിട്ടാണ്  ട്രാവൽ ചെയ്യുന്നതെങ്കിൽ ഇത്തിരി കാശ് കൂടുതൽ കൊടുത്ത് സ്വന്തം റൂം ബുക്ക് ചെയ്യുന്നത് തന്നെയാണ് സൗകര്യം.

 

ലോക്കൽ ട്രാൻസ്‌പോർട്

19) ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിൽ കഴിയുന്നതും ടാക്സി ഒഴിവാക്കാൻ നോക്കുക. മിക്ക പ്രധാന നഗരങ്ങളിലെയും ലോക്കൽ ബസ്, ലോക്കൽ ട്രെയിൻ, മെട്രോ എന്നിവയുടെ ടൈം ടേബിളും റൂട്ട് മാപ്പും എല്ലാം ഇൻറർനെറ്റിൽ തപ്പിയാൽ കിട്ടും. ടാക്സി വിളിക്കുന്നതിന്റെ പത്തിലൊന്ന് ചിലവേ സാധാരണ വരൂ.

20) ഇന്ത്യയിൽ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലെത്താൻ ട്രെയിൻ ആണ് ഏറ്റവും ചിലവ് കുറഞ്ഞ മാർഗം. എന്നാൽ പുറം രാജ്യങ്ങളിൽ പലതിലും അങ്ങനെയല്ല. ബസിനേക്കാളും, ഫ്ളൈറ്റിനേക്കാളും കൂടിയ ടിക്കറ്റ് നിരക്കിലാണ് പലയിടത്തും ട്രെയിനുകൾ ഓടുന്നത്. അത് കൊണ്ട് എല്ലാ ഓപ്‌ഷനും തട്ടിച്ച് നോക്കിയ ശേഷം മാത്രം ട്രെയിൻ ബുക്ക് ചെയ്യുക.

21) സഞ്ചാരികളെത്തുന്ന പല നഗരങ്ങളിലും ട്രാവൽ പാസുകൾ ഉണ്ടാവും. അതന്വേഷിക്കുക. ഒരു ട്രാവൽ പാസ് വാങ്ങിയാൽ അവിടത്തെ ബസ്, ട്രെയിൻ, മെട്രോ, മ്യൂസിയങ്ങൾ മുതലായ പലതിലേക്കും ഫ്രീ എൻട്രി കിട്ടും. ഒരു ട്രെയിനോ ബസോ മിസ് ആയാൽ ആ പാസ് ഉപയോഗിച്ച് അടുത്തതിൽ കയറാം. ചിലവ് കുറയുമെന്ന് മാത്രമല്ല, യാത്രയുടെ കാര്യത്തിൽ മനസ്സമാധാനവും കിട്ടും.

 

വിസ

22) വിസയുടെ കാര്യത്തിൽ ചിലവ് കുറക്കാൻ വലിയ സ്കോപ്പില്ല. മിക്കരാജ്യങ്ങളുടെയും കോൺസുലേറ്റുകൾ മുംബൈയിലും ഡൽഹിയിലും ഒക്കെ ആയതിനാൽ ട്രാവൽഏജന്റുകളെ സമീപിച്ച് അവർ വഴി വിസ എടുക്കുന്നതാണ് സൗകര്യം. പിന്നെ ചെയ്യാവുന്നത് ഓൺഅറൈവൽ വിസയുള്ള രാജ്യങ്ങൾ യാത്രക്ക് തിരഞ്ഞെടുക്കാം എന്നതാണ്. ഇന്തോനേഷ്യ, നേപ്പാൾ , ഭൂട്ടാൻതുടങ്ങിയ രാജ്യങ്ങൾ ഒക്കെയാണെകിൽ ഓൺ അറൈവൽ വിസ പോലും വേണ്ട. പാസ്പോർട്ട് കാണിച്ചാൽപ്രവേശിക്കാം. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ കിട്ടുന്ന രാജ്യങ്ങളുടെ ലിസ്റ്റ്ഇതിലുണ്ട്.

https://www.makemytrip.com/blog/visa-on-arrival-for-indians

23 ) ചുരുക്കം ചില രാജ്യങ്ങളിൽ സ്റ്റാൻഡേർഡ് ടൂറിസ്റ്റ് വിസ എന്നത് longduration multiple entry വിസ ആയിരിക്കും. പക്ഷെ ചിലവ് കുറഞ്ഞ short durationsingle entry വിസ വേറെ ഒരെണ്ണം ഉണ്ടാവും. അപൂർവമാണ്. എന്നാലും എംബസി വെബ്‌സൈറ്റിൽഒന്ന് തപ്പി നോക്കുക.

 

ഷോപ്പിംഗ്

24) ദൂരനാടുകൾ ഒക്കെ കണ്ട് വരുമ്പോൾ ഓർമക്കായി ഒന്നും വാങ്ങാതെ മടങ്ങരുത്. കുറച്ച് കാലം കഴിയുമ്പോൾ അതൊക്കെ കാണുമ്പോഴാവും ആ യാത്രകളുടെ സന്തോഷമൊക്കെ ഓർമ്മ വരുന്നത്. എന്നാൽ മുൻധാരണയില്ലാതെ ഷോപ്പിംഗ് ചെയ്‌താൽ അതും തലവേദനയാണ്. തിരിച്ചു ഫ്‌ളൈറ്റിൽ കയറ്റാൻ ചിലപ്പോൾ എക്സ്ട്രാ ലഗ്ഗേജ് ചാർജ് കൊടുക്കേണ്ടി വരും. എല്ലാം താങ്ങിപ്പിടിച്ച് നാട്ടിലെത്തിക്കുന്ന ബുദ്ധിമുട്ട് വേറെ. വലിപ്പം കുറഞ്ഞ ഭാരം കുറഞ്ഞ സാധങ്ങൾ വാങ്ങാൻ കഴിവതും ശ്രദ്ധിക്കുക.

25) ഇൻറർനെറ്റിൽ പ്രസിദ്ധമെന്ന് കാണുന്ന മാർക്കറ്റുകളിലും ഷോപ്പിംഗ് സ്ട്രീറ്റുകളിലുമൊക്കെ സാധനങ്ങൾ ഇരട്ടി വിലക്കാവും വിൽക്കുന്നത്. കാരണം സഞ്ചാരികൾ വരുമെന്നവർക്കുറപ്പുണ്ട്. അങ്ങനത്തെ സ്ഥലങ്ങൾ സന്ദർശിച്ച് ഇഷ്ടപെട്ട സാധനങ്ങളും അതിന്റെ വിലയും നോക്കി വെച്ച് പുറത്തിറങ്ങി ലോക്കൽ കടകളിൽ ചെന്ന് അതെ സാധനം കുറഞ്ഞ വിലക്ക് വാങ്ങുന്നതാണ് നല്ല രീതി.

 

സ്വന്തമായി ചെയ്യുന്ന യാത്രകൾ

ഏജൻസികളെസമീപിക്കാതെ സ്വന്തമായി പ്ലാൻ ചെയ്യുന്ന ബാക്ക്പാക്കിങ് യാത്രകളാണ് ഞങ്ങളുടേത്.ഏജൻസികൾ ഒഴിവാകുമ്പോൾ തന്നെ നല്ലൊരു തുക യാത്രാചിലവിൽ നിന്നും കുറയും. തുടക്കത്തിൽഅൽപ്പം പേടിയും ബുദ്ധിമുട്ടും ഒക്കെ തോന്നാം. പക്ഷെ പുതിയൊരു നാട്ടിലെ യാത്രയുടെയഥാർത്ഥ ത്രിൽ അറിയണമെങ്കിൽ ടൂർ ഏജൻസികളുടെ അടച്ചു മൂടിയ ഏസി കോച്ചിൽ ഇരുന്ന്പോയിട്ട് കാര്യമില്ല. അവിടത്തെ നാട്ടുകാരെപ്പോലെ, അവർക്കൊപ്പം, അവരിലൊരാളായി യാത്ര ചെയ്യണം. ചിലവിന്റെകാര്യത്തിൽ മാത്രമല്ല അത് സഹായിക്കുക. മറ്റൊരു ദേശത്ത് ചെന്ന്  സ്വന്തമായി കാര്യങ്ങൾ മനസ്സിലാക്കുകയും, തടസ്സങ്ങൾ ഓരോന്നായി മറി കടക്കുകയും ചെയ്യുമ്പോൾ കിട്ടുന്നൊരുആത്മവിശ്വാസവും സന്തോഷവും ഉണ്ട്.  അതാണ് യഥാർത്ഥത്തിൽ ഓരോ യാത്രയുടെയും കാതൽ. യാത്രകൾനമ്മളെ പുതിയ മനുഷ്യരാക്കുന്നതങ്ങനെയാണ്!

ഇവിടെ പറഞ്ഞ കാര്യങ്ങൾ ഉപയോഗപ്രദമെന്ന് തോന്നുന്നുവെങ്കിൽ ഈ ആർട്ടിക്കിൾ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ.

.

www.facebook.com/cluelesscompass

.

www.instagram.com/cluelesscompass

TAGS
RELATED POSTS

LEAVE A COMMENT