Travel

ആയിരം ക്ഷേത്രങ്ങളുടെ ബാഗൻ

on
ജൂലൈ 12, 2020

                                അങ്കോർ വാറ്റ് ക്ഷേത്ര സമുച്ചയത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരപ്രിയർ ചുരുക്കമായിരിക്കും. വാസ്തുവിദ്യയുടെ തലയെടുപ്പും ക്ഷേത്രവളപ്പിന്റെ വലുപ്പവും മൂലം  ലോകപ്രസിദ്ധമാണ്  കംബോഡിയയിലെ ഈ ക്ഷേത്രസമുച്ചയം. എന്നാൽ നമ്മുടെ അയൽപക്ക രാജ്യമായ മ്യാൻമറിൽ അങ്കോർ വാറ്റിനെക്കാൾ വിസ്താരവും ഗാംഭീര്യവുമുള്ള മറ്റൊരു ക്ഷേത്രസമുച്ചയമുണ്ടെന്നത് നമ്മൾക്ക് പലർക്കുമറിയില്ല. രണ്ടായിരത്തിലധികം ബുദ്ധക്ഷേത്രങ്ങളുള്ള ഒരു ഗ്രാമം! അതാണ്  ബാഗൻ (Bagan) ! ചെറുതും വലുതുമായി, 100 ചതുരശ്ര കിലോമീറ്ററോളം വരുന്ന ഒരു പ്രദേശമാകെ നിറഞ്ഞ് കിടക്കുന്നു ഇവിടത്തെ ക്ഷേത്രങ്ങൾ ! ഏതാണ്ട് AD 1000നും 1300നും ഇടക്കുള്ള മുന്നൂറ് വർഷങ്ങളിലാണ് ഈ ക്ഷേത്രങ്ങളെല്ലാം നിർമ്മിക്കപ്പെട്ടത്. പാഗൻ രാജവംശത്തിന്റെ കീഴിൽ ബാഗൻ മ്യാന്മറിന്റെ തലസ്ഥാനമായിരുന്ന കാലത്ത്. ആ 300 വർഷം കൊണ്ട് പാഗൻ രാജാക്കന്മാർ 10,000 ബുദ്ധക്ഷേത്രങ്ങൾ പണിതിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അതിൽ രണ്ടായിരത്തോളം ക്ഷേത്രങ്ങൾ കാലത്തെയും, യുദ്ധങ്ങളെയും, ഭൂമികുലുക്കങ്ങളെയും അതിജീവിച്ചു. മറ്റുള്ളവ വീണു.

                               ബാഗനിലേക്കുള്ള വഴിയന്വേഷിച്ചാണ് ഒട്ടുമിക്ക വിദേശസഞ്ചാരികളും ഇന്ന് മ്യാന്മറിൽ എത്തിച്ചേരുന്നത്. സഞ്ചാരികൾക്കെത്തിപ്പെടാൻ ഒരു പ്രയാസവുമില്ലാത്ത സ്ഥലമാണ് ബാഗൻ. വലിയ നഗരങ്ങളായ യാങ്കോൺ, മൻഡലായ് എന്നിവിടങ്ങളിൽ നിന്നും ബസിലോ, ട്രെയിനിലോ, ഫ്ളൈറ്റിലോ ബാഗനിൽ വന്നിറങ്ങാം. ന്യോങ്ങു (nyaung-u) ഡൊമസ്റ്റിക് എയർപോർട്ട് ആണ് ഏറ്റവും അടുത്തുള്ളത്. നമുക്ക് ഗംഗയെന്ന പോലെ, മ്യാന്മറുക്കാർക്ക് വിശേഷ നദിയായ ഇറവാഡിയുടെ കരയിലാണ് ബാഗൻ ക്ഷേത്രങ്ങൾ പണിതിരിക്കുന്നത്. തന്മൂലം മൻഡലായ് പട്ടണത്തിൽ നിന്നും ജലമാർഗം സഞ്ചാരികളെ ബാഗനിലെത്തിക്കുന്ന ബോട്ട്  സർവീസുകളുമുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത റെയിൽപാളങ്ങൾ ഇനിയും നവീകരിച്ചിട്ടില്ലാത്തതിനാൽ ബസിനേക്കാൾ ഇരട്ടി സമയമെടുക്കും ട്രെയിൻ യാത്രകൾക്ക്. ബോട്ടിലാണെങ്കിൽ അതിലും കൂടും. ബാഗനിലേക്ക് സർവീസ് നടത്തുന്ന ബസ് കമ്പനികൾ ആണെങ്കിൽ രാത്രിനേരത്തെ അമിതവേഗതക്ക് കുപ്രസിദ്ധവുമാണ്. ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് തീ പൊള്ളുന്ന വിലയും. കയ്യിലെ കാശും, സമയവും, ധൈര്യവുമനുസരിച്ച് ഓരോരുത്തർക്കും ഇഷ്ടപെട്ട യാത്രാ മാർഗം തിരഞ്ഞെടുക്കാം! വിദേശ സഞ്ചാരികൾ നല്ല തോതിൽ വന്ന് പോകുന്നത് കൊണ്ട് താമസ സൗകര്യങ്ങൾക്ക് ബാഗനിൽ യാതൊരു പഞ്ഞവുമില്ല. ബജറ്റ് യൂത്ത് ഹോസ്റ്റലുകൾ തൊട്ട് ലക്ഷ്വറി റിസോർട്ടുകൾ വരെ എല്ലാ തരം താമസ സൗകര്യങ്ങളുമുണ്ടിവിടെ. ബാഗൻ ഗ്രാമം സംരക്ഷിത മേഖലയായതിനാൽ അവിടെ ഹോട്ടലുകൾ വളരെ കുറവാണ്. കുറച്ച് മാറിയുള്ള ന്യോങ്ങു പട്ടണത്തിലാണ് ഹോട്ടലുകളധികവും.

                                              ഞങ്ങൾ റൂമെടുത്തതും അവിടെത്തന്നെയാണ്. അത്താഴ സമയത്താണെത്തിയത്. ഹോട്ടലിനു മുകളിലെ റൂഫ്‌ടോപ് റെസ്റ്റോറന്റിലാണ് ഭക്ഷണം. അവിടെ നിന്ന് നോക്കിയാൽ ദൂരെ  മരക്കൂട്ടങ്ങൾക്കപ്പുറത്ത് ബാഗൻ ക്ഷേത്രങ്ങൾ മഞ്ഞവെളിച്ചത്തിൽ മുങ്ങി നിൽക്കുന്നത് കാണാം. വലുതും പ്രസിദ്ധവുമായ ആറ് ക്ഷേത്രങ്ങൾ രാത്രി ലൈറ്റപ്പ്‌ ചെയ്യാറുണ്ടെന്ന് റെസ്റ്റോറന്റ് മാനേജർ പറഞ്ഞു തന്നു. രണ്ടായിരത്തിലധികം ക്ഷേത്രങ്ങളുള്ള ബാഗൻ മുഴുവനായി കാണാനാവില്ല. എന്നാൽ ഈ ആറെണ്ണമെന്തായാലും സന്ദർശിക്കണമെന്ന് മനസ്സിലുറച്ചു. ലോക്കൽ ഫുഡ് ഐറ്റംസ് എന്തൊക്കെയോ മെനുവിൽ കണ്ടുവെങ്കിലും, നല്ല വിശപ്പായതിനാലും, മ്യാൻമാറിൽ ഒന്ന് രണ്ടിടത്ത് നിന്ന് പേരറിയാത്ത വിഭവങ്ങൾ ഒരു കൗതുകത്തിന് ഓർഡർ ചെയ്ത് പണി കിട്ടിയതിനാലും, ഒരു പരീക്ഷണത്തിന് മുതിരാതെ ഫ്രൈഡ് റൈസും, നൂഡിൽസും, ചിക്കൻ റോസ്റ്റും ആക്കി ഡിന്നർ.

                              രാവിലെ പറഞ്ഞ സമയത്ത് തന്നെ ഞങ്ങളുടെ ഡ്രൈവർ ഖിൻസൊ വാനുമായി വന്നു നിൽപ്പുണ്ടായിരുന്നു. രണ്ടായിരം ക്ഷേത്രങ്ങളിൽ എങ്ങോട്ടേക്കാണ് ആദ്യം വണ്ടി വിടേണ്ടതെന്ന് ഖിൻസോ ചോദിച്ചപ്പോൾ, ഞങ്ങൾ ഇന്നലെ റിസപ്‌ഷനിൽ നിന്ന് പേര് നോക്കി വെച്ച ആറ് ക്ഷേത്രങ്ങളുടെ ലിസ്റ്റ് കൊടുത്തു. ഒന്ന് കണ്ണോടിച്ച് നോക്കിയ ശേഷം, ഗുഡ് ടെമ്പിൾസ് , ബിഗ് ടെമ്പിൾസ് എന്ന് പറഞ്ഞ് പുള്ളി തല കുലുക്കി ശരി വെച്ചു. ശ്വേസിഗോൺ, ധമ്മയാഞ്ചി, ആനന്ദ, ധമ്മയാസിക, സൂലമണി, ഗോഡോപാലിൻ എന്നിങ്ങനെയാണ് ആറ് ക്ഷേത്രങ്ങളുടെ പേര്.  ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള മേഖലയാണ് ബാഗൻ. 2016ൽ ഉണ്ടായ ഭൂകമ്പത്തിൽ ഇതിൽ പലതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിലും വലിയ രണ്ട് മൂന്ന് ക്ഷേത്രങ്ങൾ ഏതാണ്ട് പൂർണമായും തകരുകയും ചെയ്തു. അങ്ങോട്ടേക്കിപ്പോൾ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല. 2016ന് മുമ്പും പല തവണ ഭൂകമ്പങ്ങൾ ബാഗൻ ക്ഷേത്രങ്ങളെ ഭാഗികമായും പൂർണമായും ഒക്കെ തകർത്തിട്ടുണ്ട്. ഇനിയൊരു ഭൂമികുലുക്കം അതിജീവിക്കാൻ ചിലപ്പോൾ ഈ ക്ഷേത്രങ്ങളിൽ പലതിനും കഴിഞ്ഞേക്കില്ലെന്ന ഭയം ഖിൻസോ പങ്ക് വെച്ചു.

                               ബാഗനിൽ വരുന്നവർക്ക് ഫോർ വീലറുകളെക്കാൾ പ്രിയം ഇവിടത്തെ ഇലക്ട്രിക്ക് സ്കൂട്ടറുകളാണ്. എല്ലാ ഹോട്ടലുകളിലും ദിവസ വാടകക്ക് കിട്ടും. ഒരു രാത്രി ചാർജ് ചെയ്യാൻ കുത്തി ഇട്ടാൽ പിറ്റേ ദിവസം മുഴുവൻ ക്ഷേത്രങ്ങൾ കണ്ട് കറങ്ങി നടക്കാം. ഒരു ദിവസം 7000 ച്യാട്ട് (kyat) ആണ് വാടക. എന്ന് വെച്ചാൽ വെറും മുന്നൂറ് രൂപ! പക്ഷെ പ്രശനമെന്താണെന്ന് വെച്ചാൽ ബാഗൻ ക്ഷേത്രങ്ങൾക്കിടയിൽ ടാറിട്ട റോഡുകൾ ഇല്ല. മൺപാതകൾ ആണ് മുഴുവൻ. മഴയില്ലാത്ത മാസങ്ങളിൽ മിക്കസമയവും പൊടിയുടെ പൊടിപൂരം ആണ് പല പാതകളിലും. എന്നാലും മുഖം മൂടിക്കെട്ടി സ്കൂട്ടറിൽ കറങ്ങാനിറങ്ങുന്ന സഞ്ചാരികളെയും ധാരാളം കാണാം ഇവിടത്തെ മൺപാതകളിൽ. ബാഗൻ ആർക്കിയോളോജിക്കൽ സൈറ്റിൽ പ്രവേശിക്കാൻ 25000 ച്യാട്ട് ഫീസുണ്ട്. ഏതാണ്ട് 1200 രൂപ. ഒരു തവണ ഫീസടച്ചാൽ ഇവിടത്തെ എല്ലാ ക്ഷേത്രങ്ങളും ആ പാസ് വെച്ച് സന്ദർശിക്കാം. 5 ദിവസമാണ് പാസിന്റെ കാലാവധി.

                                  ആദ്യമെത്തിയത് ശ്വേസിഗോൺ പഗോഡയിലാണ്. മുഴുവനായും സ്വർണനിറം പൂശിയ പഗോഡയാണ് ശ്വേസിഗോൺ. ബാഗനിലെ മറ്റു ക്ഷേത്രങ്ങളെ തട്ടിച്ചു നോക്കിയാൽ താരതമ്യേന പുതിയതാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇവിടത്തെ ഏറ്റവും പഴയ ക്ഷേത്രമാണ് ശ്വേസിഗോൺ. 1975ലെ ഭൂകമ്പത്തിൽ ഏതാണ്ട് പൂർണമായും തകർന്ന പഗോഡയുടെ പുതുക്കിപ്പണിത രൂപമാണ് ഇപ്പോൾ കാണുന്നത്. ബുദ്ധന്റെ ബൗദ്ധികാവശിഷ്ടങ്ങളിലെ ഒരെല്ല് സുരക്ഷിതമായി സൂക്ഷിക്കാനായി പണിതതാണ് ശ്വേസിഗോൺ പഗോഡയെന്നാണ് കരുതപ്പെടുന്നത്. പഗോഡയുടെ ഉള്ളറയിൽ അത്തരമൊരു പെട്ടിയുണ്ട് താനും. അനവ്രതൻ എന്ന രാജാവ് തന്റെ ആനയുടെ മുകളിൽ ആ പെട്ടി കെട്ടിയുറപ്പിച്ച ശേഷം അഴിച്ചു വിട്ട്, എവിടെ ആന ചെന്ന് നിന്നുവോ, ആ സ്ഥലം പഗോഡ പണിയാൻ തിരഞ്ഞെടുത്തു എന്നാണ് ഐതിഹ്യം.

                               സൂലമണി ക്ഷേത്രമാണ് പിന്നീട് സന്ദർശിച്ചത്. ബർമീസ് ഭാഷയിൽ സൂലമണി എന്ന് വെച്ചാൽ രത്നകിരീടം എന്നാണത്രെ. ക്ഷേത്രത്തിന്റെ മുകളിൽ ഉണ്ടായിരുന്ന തങ്കമകുടം മൂലമാണ് ആ പേര് വന്നത്. ഇന്ന് ആ മകുടം അവിടെയില്ല. 2016ലെ ഭൂമികുലുക്കത്തിൽ സൂലമണി ക്ഷേത്രത്തിന്റെ സൂലമണി തകർന്ന് താഴെ വീണു. ക്ഷേത്രത്തിനു വെളിയിൽ തകർച്ചക്ക് മുമ്പും പിമ്പുമുള്ള ചിത്രങ്ങൾ വെച്ചിട്ടുണ്ട്. ഇന്ന് അപൂർണമായി തോന്നുന്ന ക്ഷേത്രം മൂന്നു വർഷം മുമ്പ് ബാഗനിലെ ഏറ്റവും തലയെടുപ്പുള്ള ക്ഷേത്രമായിരുന്നു. ക്ഷേത്രത്തിനുള്ളിൽ പഴയ കാലത്തെ ചുവർ ചിത്രങ്ങൾ കാണാം. ബുദ്ധന്റെ തപസ്സു മുടക്കാൻ വരുന്ന രാക്ഷസജീവികളെയും, ശിഷ്യർക്ക് അറിവ് പകർന്ന് കൊടുക്കുന്ന ബുദ്ധനെയും എല്ലാം ചുവരുകളിൽ വരച്ചിട്ടിരിക്കുന്നു.

                                  സൂലമണി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയാണ് ധമ്മയാഞ്ചി ക്ഷേത്രം. ഇപ്പോൾ ബാഗനിൽ ഉള്ള ക്ഷേത്ര നിർമിതികളിലെ ഏറ്റവും വലുത്. തട്ടുതട്ടായുള്ള രൂപം ഒറ്റനോട്ടത്തിൽ ഈജിപ്തിലെ പിരമിഡുകളെ ഓർമിപ്പിക്കും. രക്തം പുരണ്ട ചരിത്രമാണ് ധമ്മയാഞ്ചിയുടേത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ, ബാഗൻ രാജഭരണം പിടിച്ചെടുക്കാൻ വേണ്ടി സ്വന്തം അച്ഛനെയും ജ്യേഷ്ഠനേയും കൊന്നു കളഞ്ഞു അധികാരത്തിലേറിയ നരതു രാജാവ് സ്വന്തം പാപങ്ങൾ കഴുകിക്കളയാൻ വേണ്ടിയാണ് ധമ്മയാഞ്ചി ബുദ്ധക്ഷേത്രം പണിഞ്ഞത്. എന്നാൽ ക്ഷേത്രം മുഴുവനാവുന്നതിനു മുമ്പേ തന്നെ അജ്ഞാതരായ കൊലയാളികൾ നരതുവിനെ ധമ്മയാഞ്ചിയുടെ ഉൾമുറിയിൽ വെച്ച് കൊലപ്പെടുത്തിയത്രെ. ക്രൂരനായ രാജാവിന്റെ ആത്മാവ് ആ ക്ഷേത്രം വിട്ടു പോവാതിരിക്കാൻ അന്നത്തെ പൂജാരികൾ ഉള്ളറയുടെ എല്ലാ വാതിലുകളും ഇഷ്ടിക വെച്ച് അടച്ചു. ആ വാതിലുകൾ ഇന്നും ഇഷ്ടിക വെച്ചടച്ച നിലയിൽ തന്നെ കാണാം. ഒരു നിമിഷം ആ ഇഷ്ടികച്ചുമരിൽ ഒന്ന് കൈ വെച്ച് നോക്കി. ഉള്ളിൽ നരതുവിന്റെ ആളനക്കം കേൾക്കാനുണ്ടോ എന്നറിയാൻ.

                              ധമ്മയാസിക പഗോഡയിലാണ് പിന്നീടെത്തിയത്. പ്രധാന പാതകളിൽ നിന്നിത്തിരി ഉള്ളിലോട്ടായതിനാൽ ഏതാണ്ട് ആളൊഴിഞ്ഞ മട്ടിലായിരുന്നു ധമ്മയാസിക. പഗോഡക്ക് മുമ്പിൽ നന്നായി പരിപാലിച്ച് നിർത്തിയിരിക്കുന്നൊരു പൂന്തോട്ടമുണ്ട്. പുറത്തെ പൊടിക്കാറ്റിൽ നിന്നും ഒരാശ്വാസമാണ് ധമ്മയാസികയുടെ ഉള്ളിലെ പൂന്തോട്ടം. സാധാരണ ബാഗൻ ബുദ്ധക്ഷേത്രങ്ങൾ ചതുർമുഖമായാണ് പണിതിട്ടുള്ളത്. നാല് മുഖങ്ങളും, അവയുടെ നാല് കോണുകളിലായി ബുദ്ധമതവിശ്വാസപ്രകാരം ഇതേ വരെ അവതരിച്ച നാല് ബുദ്ധന്മാരുടെ പ്രതിഷ്ഠകളും. എന്നാൽ ധമ്മയാസികയുടെ അടിത്തട്ടിന് അഞ്ച്  മുഖങ്ങളുണ്ട്. അഞ്ചാമത്തെ കോണിൽ അവർ  ഭാവിയിൽ അവതരിക്കാൻ പോവുന്ന ബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നു.

                               ആനന്ദ ക്ഷേത്രമാണ് ഇവിടെ ഏറ്റവുമധികം സഞ്ചാരികൾ വന്നു പോവുന്ന ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളനിറത്തിലാണ് ആനന്ദ ക്ഷേത്രം.  ബാഗൻ ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും കുറവ് കേടുപാട് സംഭവിച്ച ക്ഷേത്രമാണ് ആനന്ദ. യുദ്ധങ്ങളെയും ഭൂമികുലുക്കങ്ങളെയും എല്ലാം ഈ ക്ഷേത്രം വളരെ നല്ല രീതിയിൽ അതിജീവിച്ചു. തുടക്ക കാലത്തിൽ ചെയ്ത ചിത്രപ്പണികളും ശില്പങ്ങളുമൊക്കെ ഏതാണ്ടതേ രീതിയിൽ തന്നെ ഇന്നുമിവിടെ കാണാം. ഈ ക്ഷേത്രത്തിന്റെ സ്വർണവർണത്തിലുള്ള താഴികക്കുടമാണ് ആദ്യം ശ്രദ്ധയിൽ പെടുക. അന്ന് ഭാരതത്തിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളുടെ രൂപം അടിസ്ഥാനമാക്കിയാണത്രെ ബാഗൻ ശിൽപ്പികൾ ആനന്ദ ക്ഷേത്രം രൂപകൽപ്പന ചെയ്തത്. ഇന്ത്യയുമായുള്ള ഈ ക്ഷേത്രത്തിന്റെ ബന്ധം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒതുങ്ങുന്നില്ല. മ്യാൻമർ സർക്കാർ ഇന്ത്യൻ ആർക്കിയോളജി ഡിപ്പാർട്മെന്റിന്റെ സഹായത്തോടെയാണ് ഈ ക്ഷേത്രം പരിപാലിച്ച് പോരുന്നത്. ക്ഷേത്രവളപ്പിൽ ഇന്ത്യ-മ്യാൻമർ പതാക പതിച്ച ബോർഡും വെച്ചിട്ടുണ്ട്. പുറംഭിത്തികളുടെ ഏറ്റവും താഴെ ശിലാഫലകങ്ങളുടെ നീണ്ട നിര കാണാം. ഈ നാടിന്റെയും ക്ഷേത്രങ്ങളുടെയും ചരിത്രം നൂറുകണക്കിന് ഫലകങ്ങളിലായി കല്ലിൽ കൊത്തി വെച്ചിരിക്കുന്നതാണ്. കല്ലിൽ കൊത്തിയ കഥകൾ വായിക്കുകയും ചെയ്യാം, കൂട്ടത്തിൽ ക്ഷേത്രം ഒന്ന് ചുറ്റി വരുകയും ചെയ്യാം.

                                ആനന്ദയിൽ നിന്ന് 15 മിനിറ്റ് നടന്നാൽ ഗോഡോപാലിൻ ക്ഷേത്രത്തിലെത്താം. ആനന്ദയെപ്പോലെ തന്നെ താരതമ്യേന ഭൂമികുലുക്കങ്ങളെ അതിജീവിച്ച ക്ഷേത്രമാണ് ഗോഡോപാലിൻ. ഒരു പാട് കടകളും കച്ചവടക്കാരുമായി ശബ്ദായമാനമാണ് ക്ഷേത്രത്തിന്റെ മുൻവശം. ചില ഭാഗങ്ങങ്ങളിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ചെറിയ തോതിൽ നടക്കുന്നുണ്ട്. ഉൾഭാഗത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. 2016ലെ ഭൂകമ്പത്തിന് ശേഷം പല ക്ഷേത്രങ്ങളുടെയും ഉൾവശം സന്ദർശിക്കുന്നതിൽ നിന്നും സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. കുറച്ച് കാലം മുമ്പ് വരെ ബാഗൻ സന്ദർശിക്കുന്ന സഞ്ചാരികളുടെ സ്വപ്നമായിരുന്നു ഏതെങ്കിലും ഒരു ക്ഷേത്രത്തിന് മുകളിൽ കയറി നിന്ന് രണ്ടായിരം ക്ഷേതങ്ങൾക്ക് മുകളിൽ സൂര്യനുദിക്കുന്നത് കാണുന്നത്. എന്നാൽ ഇപ്പോൾ ബാഗനിലെ ഒരു ക്ഷേത്രത്തിന്റെയും മുകളിൽ കയറാൻ സഞ്ചാരികൾക്കനുമതിയില്ല. തുടർച്ചയായ ഭൂചലനങ്ങൾ മൂലം പല ക്ഷേത്രങ്ങളും ദുർബലപ്പെട്ടു നിൽക്കുന്ന സ്ഥിതിയായതിനാലാണിത്. അതിനു പകരമെന്നോണം ഒരു മൺതിട്ട ഉണ്ടാക്കി വെച്ചിട്ടുണ്ട്. തറനിരപ്പിൽ നിന്നും ഒരൽപം ഉയർന്ന് മരക്കൂട്ടങ്ങൾക്ക് മുകളിലൂടെ ബാഗൻ ക്ഷേത്രങ്ങൾ കാണാവുന്ന രീതിയിൽ ഒരു മൺതിട്ട. സൂലമണി ക്ഷേത്രത്തിന് തൊട്ടു മുമ്പിലാണിത്. പക്ഷെ വേണ്ടത്ര ഉയരമില്ലാത്തതിനാൽ ക്ഷേത്രങ്ങൾക്ക് മുകളിൽ നിന്നാൽ ലഭിക്കുന്ന കാഴ്ചയുടെ ഏഴയലത്തെത്തുന്നില്ല ഈ മൺതിട്ടയിൽ നിന്നുമുള്ള കാഴ്ച.

                               പിന്നെയുള്ളത് നാൻ മിൻ ടവർ ആണ്. 60 മീറ്റർ ഉയരത്തിൽ ബാഗൻ മുഴുവൻ കാണാൻ പാകത്തിൽ കെട്ടിയിരിക്കുന്ന ഒരു ഗോപുരം. പക്ഷെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നെല്ലാം ഒരു പാട് ദൂരെയാണിത്. എന്നാലും ഇത്ര ഉയരത്തിൽ വേറൊരു കെട്ടിടം ബാഗനിൽ ഇല്ലാത്തതിനാൽ ക്ഷേത്രങ്ങളുടെ ഒരു വിഹഗവീക്ഷണം കിട്ടാൻ ഏറ്റവും പറ്റിയ സ്ഥലം ഇന്നിതാണ്. പ്രൈവറ്റ് പ്രോപ്പർട്ടി ആണ് നാൻ മിൻ ടവർ. ഓറിയം പാലസ് എന്ന റിസോർട്ടിന്റെ ഭാഗം. പക്ഷെ 5 ഡോളർ പ്രവേശന ഫീസ് കൊടുത്താൽ ആർക്കും മുകളിൽ കയറാം. സൂര്യാസ്തമയം ആവാറായിരുന്നു. നല്ല ഫോട്ടോജനിക് ആയ സ്ഥലവും സമയവും. പക്ഷെ ക്ഷേത്രങ്ങളൊക്കെ കുറച്ച് ദൂരെയാണ്. കയ്യിലുള്ള ലെൻസിന്റെ പരമാവധിയായ 300mm വെച്ചപ്പോൾ അത്യാവശ്യം വലിപ്പത്തിൽ പടങ്ങൾ കിട്ടി. അസ്തമയം കഴിഞ്ഞ് ഇരുട്ട് വീണു തുടങ്ങും മുമ്പേ ഗോപുരത്തിൽ ഉണ്ടായിരുന്ന സഞ്ചാരികൾ തിരിച്ചു പോയി. ഞങ്ങൾ കുറച്ച് നേരം കൂടി അവിടെ നിന്നു. തലേന്ന് രാത്രി ഹോട്ടലിൽ നിന്നും കണ്ട, ദീപപ്രഭയിൽ കുളിച്ച് നിൽക്കുന്ന ക്ഷേത്രങ്ങളുടെ കാഴ്ച, അടുത്ത് നിന്നും കാണണമെന്ന് മനസ്സിൽ കരുതിയിരുന്നു. നിരാശപ്പെട്ടില്ല. ഗോപുരത്തിൽ ഞങ്ങളെക്കൂടാതുള്ള അവസാനത്തെ സന്ദർശകനും ഇറങ്ങിപ്പോയതിന് 10 മിനിറ്റിനുള്ളിൽ  ക്ഷേത്രങ്ങളിൽ വെളിച്ചം തെളിഞ്ഞു. ബാഗനിലെ ഏറ്റവും ഉയരത്തിൽ തനിച്ചിരുന്ന് രാത്രിയിലെ ആ ദീപക്കാഴ്ച കണ്ണിലും ക്യാമറയിലും പകർത്തുമ്പോൾ ആ വിളക്കുകൾ തെളിഞ്ഞത് ഞങ്ങൾക്ക് വേണ്ടി മാത്രമാണെന്ന തോന്നലായിരുന്നു മനസ്സിൽ.

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT