Travel

ബ്ലെഡ് തടാകം

on
മാർച്ച്‌ 16, 2019

                  സ്ലൊവീനിയ (slovenia) എന്ന രാജ്യത്തിന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്താണ്? പ്രത്യേകിച്ചൊന്നുമില്ലല്ലേ ? നമ്മളിലധികം പേർക്കും ഈ രാജ്യത്തെപ്പറ്റിയോ, ഭൂപടത്തിലെ അതിന്റെ സ്ഥാനത്തെപ്പറ്റിയോ യാതൊരു ധാരണയും കാണാനിടയില്ല. എന്നാൽ ഇങ്ങനെ ആരാലുമറിയപ്പെടാതെ കിടക്കുന്ന ഗതി വരേണ്ടൊരു രാജ്യമല്ല സ്ലൊവീനിയ. മഞ്ഞുമലകളും, നീലത്തടാകങ്ങളും, പച്ചപ്പുൽമേടുകളിൽ മേയുന്ന പശുക്കളും, കൊച്ചു കൊച്ചു ഗ്രാമങ്ങളുമെല്ലാമായി ഭൂപ്രകൃതിയുടെ മനോഹാരിതയിൽ സ്വിറ്റ്‌സർലാൻഡിനോട് വരെ കിട നിൽക്കുന്ന നാടാണ് സ്ലൊവീനിയ. ഇറ്റലി, ഓസ്ട്രിയ, ഹംഗറി, ക്രോയേഷ്യ എന്നീ രാഷ്ട്രങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ രാജ്യത്തിന്റെ ചെറിയൊരു തുണ്ട് അഡ്രിയാറ്റിക് കടലിലേക്കും തുറക്കുന്നുണ്ട്. 20 ലക്ഷം മാത്രമാണീ രാജ്യത്തെ മൊത്തം ജനസംഖ്യ. അതായത് നമ്മുടെ തിരുവനന്തപുരത്തേക്കാൾ ഇത്തിരി കൂടുതൽ. ജനപ്പെരുപ്പമില്ലാത്തതിനാലാവാം സ്ലൊവീനിയയുടെ പകുതിയിലധികവും വനമാണ്. ഫ്രാൻ‌സിൽ നിന്നും ആരംഭിക്കുന്ന ആൽപ്സ് മലനിരകൾ അവസാനിക്കുന്നത് സ്ലൊവീനിയയിലാണ്. ‘ജൂലിയൻ ആൽപ്സ്’ എന്നറിയപ്പെടുന്ന ഈ ഭൂപ്രദേശത്തെ അതിമനോഹരമായൊരു പട്ടണമാണ് ‘ബ്ലെഡ്’ (Bled).

                   വെനീസിൽ നിന്നുമാണ് ഞാനും താരയും ബ്ലെഡിലേക്ക് യാത്ര തിരിക്കുന്നത്. ഇറ്റലി അവസാനിക്കുന്നിടത്തെ റെയിൽവേ സ്റ്റേഷനായ ‘ഗോറീസീയ’ (gorizia) വരെ ട്രെയിനിൽ. അവിടെ നിന്നും സ്ലൊവീനിയ തുടങ്ങുന്നിടത്തെ റെയിൽവേ സ്റ്റേഷനായ ‘നോവ ഗോറിക്ക’ (nova gorica) വരെ ബസിൽ. നോവ ഗോറിക്കയിൽ നിന്നും ബ്ലെഡിലേക്ക് വീണ്ടും ട്രെയിൻ. ഇതായിരുന്നു പ്ലാൻ. ഇതിൽ നോവ ഗോറിക്ക റെയിൽവേ സ്റ്റേഷൻ കൗതുകമാർന്നൊരു സ്ഥലമാണ്. റെയിൽവേ സ്റ്റേഷൻ സ്ലൊവീനിയയിലും, സ്റ്റേഷന് മുമ്പിലുള്ള റോഡ് ഇറ്റലിയിലുമാണ് കിടക്കുന്നത്. ഇറ്റലിയിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങി സ്ലൊവീനിയയിലെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു കയറാം.  ഇറ്റലി അവസാനിച്ച് സ്ലൊവീനിയ തുടങ്ങുന്നിടത്ത് രണ്ടു രാജ്യങ്ങളുടെയും പേര് കൊത്തിയൊരു ശിലാഫലകം പതിച്ചിട്ടുണ്ട്. അതിനിപ്പുറത്തും അപ്പുറത്തുമിരുന്ന് ഫോട്ടോ എടുക്കുകയായിരുന്നു ഇംഗ്ളണ്ടിൽ നിന്നുമെത്തിയ രണ്ടു യുവതികൾ. ഷെഞ്ചെൻ വിസ (schengen visa) എന്ന ഒറ്റവിസാ സമ്പ്രദായം പിന്തുടരുന്ന 25 യൂറോപ്പ്യൻ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ ഇങ്ങനെയാണ്. ഒരു രാജ്യത്ത് നിന്നും വേറൊരു രാജ്യത്തേക്ക് യാതൊരു തടസ്സവുമില്ലാതെ പ്രവേശിക്കാം ! ബ്ലെഡിലേക്കുള്ള തീവണ്ടിയും കൗതുകമാർന്നൊരു കാഴ്ച്ചയായിരുന്നു. മൂന്നു കോച്ചുകൾ മാത്രമുള്ള ഒരു തീവണ്ടിയാണത്. ജനസംഖ്യ കുറവായതിനാൽ യൂറോപ്പിലെ ട്രെയിനുകളധികവും ചെറുതാണ്. അധികം സീറ്റുകളും കാലിയായിട്ടാണ് ഓട്ടവും. പല നിറങ്ങളിലും രൂപങ്ങളിലുമുള്ള ഗ്രാഫിറ്റിയാൽ മൂടിയ കോച്ചുകൾ. യൂറോപ്പിലെ തീവണ്ടികൾ അവിടത്തെ ഗ്രാഫിറ്റി ആർട്ടിസ്റ്റുകളുടെ സ്ഥിരം ക്യാൻവാസാണ്. എന്നാൽ ഒരു പൊതുശല്യമെന്നതിനേക്കാൾ അവ തീവണ്ടിക്കോച്ചുകളെ കൂടുതൽ മനോഹരവും ജീവസ്സുറ്റതുമാക്കുകയാണ് ചെയ്യുന്നത്. ഇവിടെ ‘റെയിൽ ഹൂൺസ്’ എന്നൊരു കൂട്ടം ചെറുപ്പക്കാർ ഒന്ന് രണ്ടു തീവണ്ടികളിൽ ഗ്രാഫിറ്റി ചെയ്തത് ചാനലുകൾ വലിയ പുകിലാക്കിയപ്പോൾ മനസ്സിലോർത്തത് യൂറോപ്പിലെ തീവണ്ടികളിലെ സുന്ദരൻ ഗ്രാഫിറ്റികളെക്കുറിച്ചായിരുന്നു.

                 പൊതുവെ യൂറോപ്പ്യൻ ട്രെയിനുകളെല്ലാം വളരെ സമയനിഷ്ഠമായാണ് ഓടുന്നത്. അഞ്ച് മിനുറ്റിലധികം വൈകി ഓടുന്ന തീവണ്ടികൾ അപൂർവമാണ്. ജനറൽ കംപാർട്മെന്റ് പോലും A/C കോച്ചുകളാണ്. പക്ഷെ അതിനൊത്ത ചിലവുമുണ്ട് ടിക്കറ്റിന്. യൂറോപ്പിലെ തീവണ്ടികളിൽ ജനറൽ ടിക്കറ്റിന് കൊടുക്കുന്ന കാശുണ്ടെങ്കിൽ, അതേ ദൂരം നാട്ടിൽ രാജധാനി എക്സ്പ്രസിലെ 1AC കോച്ചിൽ രണ്ടാൾക്ക് യാത്ര ചെയ്യാം. 15 യൂറോ 12 സെന്റ് ആയിരുന്നു ബ്ലെഡിലേക്കുള്ള ടിക്കറ്റ് ചാർജ്. യൂറോസോണിന്റെ ഭാഗമായതിനാൽ യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലുമെന്ന പോലെ ‘യൂറോ’ തന്നെയാണ് സ്ലൊവീനിയയിലും കറൻസി. ഇറ്റലിയിലെ പണമിടപാട് കുറഞ്ഞത് പത്തു സെന്റിലായിരുന്നെങ്കിൽ സ്ലൊവീനിയയിൽ രണ്ട് സെന്റ് നാണയങ്ങൾ വരെ സുലഭമാണ്. ഇറ്റലിയേക്കാൾ ജീവിതച്ചെലവ്  കുറവാണ് സ്ലൊവീനിയയിൽ എന്നതാണ് കാര്യം. നോവ ഗോറിക്കയിൽ നിന്നും ബ്ലെഡ് വരെയുള്ള രണ്ടു മണിക്കൂർ യാത്രയിൽ തീവണ്ടി കടന്നു പോവുന്നത് സോക്ക നദിക്കരയിലൂടെയാണ് (soca valley). സ്ലൊവീനിയയിലെ ഏറ്റവും വലുതും മനോഹരവുമായ നദിയാണ് സോക്ക. നീലയും പച്ചയും ഇടകലർന്ന നിറത്തിൽ തെളിഞ്ഞൊഴുകുന്ന വെള്ളം. വിൻഡോ സീറ്റിൽ പുറത്തേക്കു നോക്കിയിരുന്നാൽ സമയം പോവുന്നതേ അറിയില്ല. ബ്ലെഡിൽ രണ്ട് ട്രെയിൻ സ്റ്റേഷനുകളാണുള്ളത്. ഇറ്റാലിയൻ ഭാഗത്തു നിന്നും വരികയാണെങ്കിൽ ബ്ലെഡ്  ജെസീറൊ സ്റ്റേഷനിലും (bled jezero), ഓസ്ട്രിയൻ ഭാഗത്തു നിന്നും വരികയാണെങ്കിൽ ബ്ലെഡ് ലെസീ (bled lesce) സ്റ്റേഷനിലുമാണ് ഇറങ്ങേണ്ടത്. വളരെ ചെറിയൊരു സ്റ്റേഷനാണ് ബ്ലെഡ് ജെസീറോ. സ്റ്റേഷനിൽ നിന്നും പട്ടണത്തിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. സ്ലൊവീനിയയിലെ സമ്പന്നരുടെ അവധിക്കാല വസതികളാണ് ബ്ലെഡ് പട്ടണത്തിലധികവും. അതിനാൽ മുന്തിയ തരം വാഹനങ്ങളാണ് ബ്ലെഡിലെ നിരത്തുകളിലൂടെ ചീറിപ്പായുന്നത്. ഫെറാരി, ലംബോർഗിനി, ഡ്യുക്കാറ്റി, ട്രയംഫ് മുതലായ വിലകൂടിയ കാറുകളും ബൈക്കുകളും ബ്ലെഡിലെ നിരത്തുകളിലെ സ്ഥിരം സാന്നിധ്യമാണ്.   പൊതുവെ ശാന്തസൗമ്യമായ പട്ടണത്തിൽ ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളധികവും റോഡിലൂടെ പാഞ്ഞു പോവുന്ന സൂപ്പർകാറുകളുടേതാണ്. ബ്ലെഡിലെ ബസ് സ്റ്റേഷന് സമീപത്തുള്ള ‘ബാക്ക് ഹോസ്റ്റലിൽ’ ആണ് രാത്രി തങ്ങുന്നത്. റിസെപ്ഷനിസ്റ്റും , കെയർടേക്കറുമായ സാറ  ഗ്രെയ്‌സൽ നിറഞ്ഞ ചിരിയുമായി അതിഥിതികളെ സൽക്കരിക്കുന്നുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ആണ് സാറ. ഇഷ്ടതാരം ‘ജോർജ് ബെസ്ററ്’.  ഹോസ്റ്റലിന് താഴെ സാറ നടത്തുന്ന ബാറിലെ ചുവരുകൾ മുഴുവൻ ബെസ്റ്റിന്റെ ചിത്രങ്ങൾ കാണാം. പേര് പോലും ‘ജോർജ് ബെസ്ററ് ബാർ’ എന്നാണ്. മുൻപെങ്ങോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങർ ആയിരുന്ന പുള്ളിയെ നമുക്കാർക്കും അറിയാൻ സാധ്യതയില്ലെങ്കിലും സാറക്ക് ജീവനാണ്. താക്കോൽ വാങ്ങി മുറിയിലേക്ക് നടക്കുമ്പോൾ കോണിപ്പടികൾക്കു മുകളിൽ പതിച്ചിരിക്കുന്നൊരു പോസ്റ്റർ കണ്ണിൽപ്പെട്ടു. “Do more of what makes you happy”. ഇനിയും ചെയ്യാനുള്ള യാത്രകളും, കാണുവാനുള്ള ജീവിതങ്ങളും, അറിയുവാനുള്ള അനുഭവങ്ങളുമെല്ലാം മാടി വിളിക്കുന്ന പോലെ തോന്നി അത് വായിച്ചപ്പോൾ !

                    പിറ്റേന്ന് രാവിലെ കുളിച്ച് റെഡിയായി റെസ്റ്റോറന്റിൽ ചെന്നപ്പോഴേക്കും സാറ പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു. ‘ട്യൂണ ഫ്ലേവേഡ് പനീനി’യാണ് കഴിക്കാൻ. ഗ്രിൽഡ് സാൻവിച്ചിന്റെ ഒരു ഇറ്റാലിയൻ രൂപഭേദമാണ് പനീനി. രണ്ടു പനീനി ചൂടോടെ അകത്താക്കിയ  ശേഷം ബ്ലെഡിലെ ബസ് സ്റ്റേഷനിലേക്ക് നടന്നു. വിൻഗാർ ഗോർജാണ് (vintgar gorge) ഇന്നത്തെ ആദ്യലക്ഷ്യം. ബ്ലെഡിലെ ചെറിയൊരു അരുവിയായ റാഡോവ്‌ന (radovna stream) പാറയിടുക്കുകളിലൂടെയൊഴുകുന്ന ഭാഗമാണ് വിൻഗാർ ഗോർജെന്നറിയപ്പെടുന്നത്. ആ പാറയിടുക്കിലേതാണ്ട് ഒന്നര കിലോമീറ്റർ ദൂരം അരുവിക്ക്‌ മുകളിലെ പറ തുളച്ചു മരപ്പലകകൾ നിരത്തി ഒരു നടപ്പാത പണിതിട്ടുണ്ട്. പാറക്കെട്ടുകളിൽ പാൽനുര ചിതറിച്ച് തെളിഞ്ഞൊഴുകുന്ന അരുവിയുടെ മുകളിലൂടെ കാടിന്റെ സംഗീതമാസ്വദിച്ച് പതുക്കെ നടക്കാം. നടപ്പാതയിൽ ഞങ്ങളുടെ മുന്നിൽ ഇറ്റലിയിൽ നിന്നുമെത്തിയൊരു കൂട്ടം യുവതികളും, അവരെ ഗൈഡ് ചെയ്തു കൊണ്ടൊരു കന്യാസ്ത്രീയും നടപ്പുണ്ടായിരുന്നു. ഏതോ കോൺവെന്റ് കോളേജ് ട്രിപ്പ് ആയിരിക്കാം. ഫോട്ടോക്ക് പോസ് ചെയ്യുന്നതിലും ക്ലിക്ക് ചെയ്യുന്നതിലുമെല്ലാം പെൺകുട്ടികളേക്കാൾ ചുറുചുറുക്കായിരുന്നു കന്യാസ്ത്രീ ഗൈഡിന്.

             വഴിയുടെ പകുതിയെത്തുമ്പോൾ വിചിത്രമായൊരു കാഴ്ച കാണാം. അരുവിക്കരയിൽ ഒന്നിന് മീതെ ഒന്നായി ഏഴോ എട്ടോ കല്ലുകൾ അടുക്കി നിർത്തിയിരിക്കുന്ന നിരവധി കൂനകൾ. ആര് ചെയ്തതാണെന്നോ എന്തിന് വേണ്ടി ചെയ്തതാണെന്നോ എന്ന വിവരണങ്ങളൊന്നും കാണാനുമില്ല. ചില സഞ്ചാരികൾ ചിതറിക്കിടക്കുന്ന കല്ലുകൾ പെറുക്കിക്കൂട്ടി അവരുടേതായ കൂനകളും നിർമിക്കുന്നുണ്ട്. മുൻപെങ്ങോ ഇവിടം സന്ദർശിച്ചവരാരെങ്കിലും ഒരു രസത്തിനു വേണ്ടി തുടങ്ങി വെച്ചതിലേക്കു പിന്നീട് വന്ന പലരും കൂട്ടിച്ചേർത്തുണ്ടായതാവാം ഈ കൽക്കൂട്ടം. കുറച്ച് ദൂരം അപ്പുറം റാഡോവ്‌ന അരുവിയൊരു വെള്ളച്ചാട്ടമായി താഴേക്കു പതിക്കുന്നിടത്താണ് നടപ്പാത തീരുന്നത്. നടന്നു തളർന്നവർക്കായി കോഫിഷോപ്പും ടോയ്‌ലറ്റ് സൗകര്യവും നടപ്പാത തീരുന്നിടത്തുണ്ട്. വിൻഗാറിൽ നിന്നും പുറത്തു കടക്കുവാൻ വന്ന വഴിയേ തന്നെ തിരിച്ചു നടക്കണം. ഉർവ്വശീ ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആദ്യത്തെ തവണ നന്നാവാതിരുന്ന ചില പടങ്ങൾ കുറച്ചു കൂടെ വൃത്തിയായി ക്യാമറയിലാക്കാൻ ഏതായാലും ആ തിരിച്ചു നടത്തം മൂലം സാധിച്ചു.

                    വിൻഗാർ എൻട്രൻസിൽ നിന്നും കുറച്ചു ദൂരെ മാറിയാണ് ബ്ലെഡിലേക്കുള്ള ബസ് സ്റ്റോപ്പ്. അങ്ങോട്ടേക്കുള്ള നടപ്പാതക്കിരുവശവും കായ്ച്ചു നിൽക്കുന്ന ആപ്പിൾ മരങ്ങളുണ്ട്.  നാട്ടിൽ നൂറും നൂറ്റമ്പതും കൊടുത്തു വാങ്ങുന്ന ആപ്പിളുകൾ അവിടെ പാതയരികിൽ നിന്നും കയ്യെത്തി പറിക്കാം. ആരും ചോദിക്കില്ല. ഓരോ ആപ്പിളും കടിച്ചു കൊണ്ട് ഞങ്ങൾ ബസിൽ കയറി. ബ്ലെഡിലെ തടാകത്തിലേക്കാണിനി പോവുന്നത്. പട്ടണത്തിന്റെ ഒത്ത നടുവിലാണീ തടാകം. തെളിവെള്ളവും, താമരക്കൂട്ടവും, അരയന്നങ്ങളുമെല്ലാം ഈ തടാകം കാണാനെത്തുന്ന സഞ്ചാരികൾക്കു കാഴ്ചയുടെ വിരുന്നൊരുക്കുന്നു.സ്ലൊവീനിയയിൽ തടാകങ്ങൾക്കു ക്ഷാമമില്ലെങ്കിലും, ഈ തടാകത്തെ വ്യത്യസ്തമാക്കുന്നത് മൂന്നു കാര്യങ്ങളാണ്. തടാകക്കരയിൽ പാറക്കെട്ടിലുയർന്നു നിൽക്കുന്ന കോട്ടയും, തടാകത്തിനു നടുവിലുള്ളൊരു കുഞ്ഞു ദ്വീപും, ആ ദ്വീപു നിറഞ്ഞു നിൽക്കുന്നൊരു സുന്ദരൻ പള്ളിയുമാണവ. ഇവിടെത്തുന്ന സഞ്ചാരികളെ ദ്വീപിലേക്ക്‌ കൊണ്ട് പോവുന്ന വഞ്ചികൾ നിരനിരയായി കിടപ്പുണ്ട് തടാകക്കരയിൽ. സ്ലൊവീനിയയുടെ പരമ്പരാഗത നിർമ്മിതിയായ ഈ വഞ്ചികൾക്ക് ‘പ്ലിറ്റ്ന’ എന്നാണ് പേര്. ബ്ലെഡിലെ വിവാഹങ്ങളധികവും നടക്കുന്നത് തടാകത്തിനു നടുവിലെ പള്ളിയിൽ വെച്ചാണ്. ദ്വീപിൽ വഞ്ചിയിറങ്ങി 99 പടികൾ കയറി വേണം പള്ളിയിലെത്താൻ. ഇവിടത്തുകാരുടെ വിശ്വാസപ്രകാരം പ്രതിശ്രുത വധുവിനെ കൈകളിൽ താങ്ങിയെടുത്തു 99 പടികൾ നടന്നു കയറി വേണമത്രേ വരൻ പള്ളിയിലെത്താൻ. ഈ നേരമത്രയും വധു മൗനം പാലിക്കുകയും വേണം. ഇവിടെ വിവാഹിതരാവുന്ന യുവതീയുവാക്കളിൽ നല്ലൊരു ശതമാനം പേരിപ്പോഴും ഈ ആചാരം പാലിക്കാറുണ്ടെന്നതാണ് രസകരമായ കാര്യം. തടാകത്തെ ചുറ്റിപ്പോവുന്ന റോഡരികിൽ നിറയെ കോഫിഷോപ്പുകളും, റെസ്റ്റോറന്റുകളുമാണ്. റോഡിനും തടാകത്തിനുമിടയിലെ പുൽത്തകിടിയിൽ ധാരാളം പേര് വെയിൽ കാഞ്ഞു കിടപ്പുണ്ട്. അവരെ പിന്നിട്ടു കുറച്ചു ദൂരം കൂടെ നടന്നപ്പോൾ മുകളിലെ മരങ്ങളിൽ ഒരിലയനക്കം കേട്ടു. നോക്കിയപ്പോൾ തടാകത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പിൽ നിന്നും വെള്ളത്തിലേക്ക് കൂപ്പു കുത്താനൊരുങ്ങി നിൽക്കുന്ന കുറച്ചു പയ്യന്മാരെയാണ് കണ്ടത്. ക്യാമറ ഫാസ്റ്റ് ഷട്ടറിൽ ഇട്ട് ക്ലിക്ക് ചെയ്യാനൊരുങ്ങിയപ്പോഴേക്കും ഓരോരുത്തരായി ചാടിത്തുടങ്ങിയിരുന്നു. എങ്കിലും അവസാനം ചാടിയ രണ്ടു പേരുടെ അഭ്യാസങ്ങൾ വൃത്തിയായി ക്യാമറയിൽ കിട്ടി.

                   തടാകത്തിനു നടുവിലെ ദ്വീപൊരു ദ്വീപായി കാണണമെങ്കിൽ താഴെ നിന്നും നോക്കിയിട്ടു കാര്യമില്ല. ഈ തടാകത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമാസ്വദിക്കണമെങ്കിൽ തൊട്ടടുത്ത കുന്നിൻ മുകളിലെ ഓസ്ട്രിക്ക (ojstrica) വ്യൂപോയിന്റ് വരെ നടന്നു കയറണമെന്ന് ഇന്റർനെറ്റിൽ നിന്നും വായിച്ചിരുന്നു. ഓസ്ട്രിക്കയിലേക്കുള്ള കയറ്റം അതികഠിനമാണ്. ചരിഞ്ഞു കയറുന്ന ചെമ്മൺപാതയിലെ ഇളകിനിൽക്കുന്ന കല്ലുകളും, നനഞ്ഞു കിടക്കുന്ന പുല്ലുമെല്ലാം, ശ്രദ്ധയൊന്നു തെറ്റിയാൽ കയറുന്നയാളെ ഉരുട്ടി താഴെയെത്തിക്കാൻ പോന്നതാണ്. ഏതാണ്ട് ഒരു മണിക്കൂറോളം നടന്നും കിടന്നും അള്ളിപ്പിടിച്ചുമുള്ള കയറ്റത്തിനൊടുവിൽ മുകളിലെത്തി. ഞങ്ങളുടെ യൂറോപ്പ്യൻ യാത്രയിൽ കണ്ടതിലേറ്റവും മനോഹരമായ കാഴ്ചയായിരുന്നു അവിടെ നിന്നും കാണാനായത്. നീലത്തടാകത്തിനു നടുവിലുയർന്നു നിൽക്കുന്ന ദ്വീപും, അതിലെ പള്ളിഗോപുരവും, പടവുകളുമെല്ലാം വൃത്തിയായി കാണാം. തടാകത്തിൽ അവിടവിടെയായി ഉറുമ്പുകൾ നീന്തുന്ന പോലെ ‘പ്ലിറ്റ്ന’ ബോട്ടുകൾ. ഒരു വശത്തു തടാകത്തെ അതിരിട്ടു നിൽക്കുന്ന കാട്. മറുവശത്തെ പാറക്കെട്ടിനു മുകളിൽ പട്ടണത്തിനു കാവലായി നിൽക്കുന്ന ബ്ലെഡിലെ കോട്ട. കോട്ടക്ക് താഴെയായി പരന്നു കിടക്കുന്ന ബ്ലെഡ്  പട്ടണം. അതിനും പിറകളിൽ ദൂരെയായി നേർത്ത മഞ്ഞിന്റെ മേലാപ്പിട്ട ജൂലിയൻ ആൽപ്സ് മലനിരകൾ. വാക്കുകൾക്കു പൂർണമാക്കാനാവാത്ത ദൃശ്യചാരുത എന്നൊക്കെ പറഞ്ഞാലും അതിശയോക്തിയാവില്ല. കുന്നിൻമുകളിൽ ഞങ്ങളെക്കൂടാതെ നാലഞ്ചു പേർ കൂടെയുണ്ടായിരുന്നു. അതിൽ അമേരിക്കയിൽ നിന്നെത്തിയ രണ്ടു കൂട്ടുകാരികൾ പാറപ്പുറത്തിരുന്ന് ഗിറ്റാർ വായിച്ചു പാടുകയായിരുന്നു. അവരുടെ സംഗീതവും, പ്രകൃതിയുടെ സൗന്ദര്യവും ചേർന്നപ്പോൾ മറക്കാനാവാത്ത ഒരനുഭവമായി മാറി ഓസ്ട്രിക്ക കുന്നിൻമുകളിൽ ചിലവിട്ട നിമിഷങ്ങൾ. വെളിച്ചം പോവും മുമ്പേ കുന്നിറങ്ങണം. അല്ലെങ്കിൽ ഇരുട്ടിൽ വഴി തെറ്റി കാട്ടിൽ കുടുങ്ങും. അതിനാൽ സൂര്യാസ്തമയം കാണാൻ നിൽക്കാതെ കുന്നിറങ്ങി. തടാകക്കരയിലൂടെ ദൂരെ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയ ബ്ലെഡ് പട്ടണം ലക്ഷ്യമാക്കി നടന്നു. പിറ്റേന്ന് നേരം പുലർന്നപ്പോൾ ഞങ്ങൾ ബ്ലെഡിനോട് വിട പറഞ്ഞു. ബാഗും തൂക്കി പുതിയ കാഴ്ചകൾ തേടിയുള്ള മറ്റൊരു യാത്രയുടെ ആരംഭം.

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT