Travel

ചിതൽപ്പുറ്റ് പോലുള്ള വീടുകളുടെ നാട്ടിൽ

on
ഓഗസ്റ്റ്‌ 1, 2020

                             സാന്റോറിനിയിൽ നിന്നും ഏഥൻസിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുന്തോറും ചങ്കിടിപ്പ് കൂടുകയായിരുന്നു. അവിടെയെത്തുന്നത് വൈകിയാൽ ഏഥൻസിൽ നിന്നും തുർക്കിയിലെ കപ്പഡോക്കിയയിലേക്കുള്ള ഫ്ലൈറ്റ് വിട്ട് പോവും. ഭയന്നത് പോലെ തന്നെ സംഭവിച്ചു. ഏഥൻസിലെത്തിയത് മൂന്ന് മണിക്കൂർ വൈകിയാണ്. 15 മിനിറ്റ് വ്യത്യാസത്തിൽ കണക്റ്റിംഗ്‌ ഫ്ലൈറ്റ് മിസ്സായി. അങ്ങനെ കപ്പഡോക്കിയ കാണുക എന്ന ഒരുപാട് കാലത്തെ മോഹം നടക്കാതെ പോയി. എങ്കിലും ഭീമൻ ചിതൽപ്പുറ്റുകൾ പോലെ തോന്നിക്കുന്ന ഗുഹാ വീടുകളും, അതിൽ താമസിക്കുന്നവരുടെ ജീവിതവും കാണാനുള്ള മോഹം മനസ്സിൽ ബാക്കി കിടന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം ഇറാൻ യാത്ര യാഥാർഥ്യമാവുന്നുവെന്നായപ്പോൾ  അവിടത്തെ വിചിത്രങ്ങളായ ഗ്രാമങ്ങളെക്കുറിച്ച് വായിക്കുന്ന കൂട്ടത്തിലാണ് കണ്ടോവാൻ എന്ന ഗ്രാമം കണ്ണിൽ പെട്ടത്. തബ്രീസ് പട്ടണത്തിൽ നിന്നും ഏകദേശം അറുപത് കിലോമീറ്റർ മാറിയാണ് കണ്ടോവാൻ എന്ന ഗ്രാമം. സഹന്ദ്‌ പർവതത്തിന്റെ ചുവട്ടിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലയുടെ താഴെയായി ചിതൽപ്പുറ്റ് പോലെ പാറകൾ തുരന്നുണ്ടാക്കിയ വീടുകളാണീ ഗ്രാമത്തിലുള്ളത്.

                                 ഇറാനിലാണെങ്കിലും ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിലാണ് കണ്ടോവാൻ. അസർബൈജാന്റെയും ഇറാന്റെയും അതിർത്തിയിലുള്ള ഒരു ഗ്രാമമാണിത്. ഓസ്‌കുവാണ് കണ്ടോവാന്റെ ഏറ്റവും അടുത്തുള്ള പട്ടണം. 800 വർഷം പഴക്കമുള്ള ഒരു ഗ്രാമമാണിത്. വെറും ആയിരത്തിൽ താഴെ ആളുകൾ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. ഞങ്ങൾ പോയത് ഇല കൊഴിയുന്ന കാലത്തിലായതിനാൽ മരങ്ങളിലെ ഇലകളെല്ലാം മഞ്ഞ നിറത്തിൽ  മുങ്ങിക്കിടക്കുകയായിരുന്നു. മലയുടെ താഴ്വാരത്തിൽ കടകളും ഭക്ഷണശാലകളും മാത്രമാണുള്ളത്. വീടുകളെല്ലാം മലമുകളിലാണ്. തേനീച്ച വളർത്തൽ (കടകളിലെല്ലാം ഇവിടുത്തെപ്പോലെ തേൻ കുപ്പിയിലല്ല വിൽക്കുന്നത്, അടയോട് കൂടിയാണ്), കിലിം എന്ന് പേരായ ഹെഡ് സ്കാർഫുകൾ നെയ്യൽ, സിറാമിക്ക് പാത്രങ്ങൾ ഉണ്ടാക്കി വിൽക്കൽ തുടങ്ങിയവയാണ് ഇവിടുത്തെ ആളുകളുടെ വരുമാനമാർഗം. കുത്തനെയുള്ള കയറ്റമാണ്. ഞങ്ങളുടെ തോളിലാണെങ്കിൽ വലിയ ബാഗുകളും. വളരെ ബുദ്ധിമുട്ടിയാണ് മുകളിലെത്തിയത്. ഓൺലൈനിൽ ഇവിടെയുള്ള താമസസൗകര്യങ്ങളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലായിരുന്നു.  കുറെ വർഷങ്ങൾക്ക് മുമ്പ് ഇവിടെ വന്നിട്ടുള്ള ഒരാളെ ഒരു യാത്രാ ഫോറത്തിൽ തപ്പിപ്പിടിച്ച് അയാളുടെ കയ്യിൽ നിന്നും ഇവിടെയുള്ള ഒരു ഹോട്ടലുടമയുടെ നമ്പർ വാങ്ങുകയാണുണ്ടായത്. അയാൾക്കാണെങ്കിൽ ഇംഗ്ലീഷ് തീരെ വശമില്ല താനും. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് അതൊരു വീടാണെന്ന്. ഉടമ തബ്രീസിലാണ് താമസം. താക്കോൽ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. അയാൾ വീട് തുറന്ന് താക്കോലും തന്ന് തിരിച്ച് പോയി.

                                പ്രതീക്ഷിച്ചതിലധികം തണുപ്പുണ്ടായിരുന്നത് കൊണ്ട് ഇത്തിരി നേരം വിശ്രമിച്ചു. വീട്ടിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത കഴിക്കാനുള്ള സാധനങ്ങൾ ഫ്രിഡ്ജിൽ ഉണ്ടെന്നയാൾ പറഞ്ഞിരുന്നു. നോക്കിയപ്പോൾ മുട്ട, പാൽ, തക്കാളി, കക്കരിക്ക, വെണ്ണ, മുതലായ സാധനങ്ങളുണ്ടായിരുന്നു. കേക്ക് പോലൊരു സാധനം കണ്ട് നോക്കിയപ്പോൾ തേനട! തേനട അങ്ങനെ തന്നെ എടുത്ത് വെച്ചിരിക്കുന്നു. അടുക്കള മുഴുവൻ പരതിയിട്ടും വേറൊന്നും കാണാനില്ല. അയാളോട് മെസേജയച്ചപ്പോൾ ബ്രെഡ് അലമാരയുടെ മുകളിലുള്ള കടലാസ് പെട്ടിയിലുണ്ടെന്ന് പറഞ്ഞു. പെട്ടി തുറന്ന്  നോക്കിയപ്പോൾ പപ്പടം പോലെയുള്ള എന്നാൽ അതിന്റെ നാലിരട്ടി വലിപ്പമുള്ള ഒരു സാധനം. അതെങ്ങനെ കഴിക്കണമെന്ന് ഒരു പിടിയുമില്ല. മുട്ട കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കാമെന്ന് കരുതിയപ്പോൾ ഗ്യാസ് കത്തിക്കാൻ പറ്റുന്നില്ല.  തണുപ്പ് സഹിക്കാൻ കഴിയാതെ ഹീറ്റിങ് സിസ്റ്റം പ്രവർത്തിപ്പിക്കാൻ നോക്കിയിട്ട് അതും പറ്റുന്നില്ല. ഒന്നും നടക്കാത്ത അവസ്ഥ! ടൂറിസ്റ്റുകൾ അധികം വരാത്ത സ്ഥലമായതിനാൽ ആകെ ഒരു റെസ്‌റ്റോറൻറെ കണ്ടോവാനിലുള്ളൂ. അത് വീടുകൾ നിൽക്കുന്ന മലയുടെ താഴെയായതിനാൽ വന്ന വഴി തിരിച്ചിറങ്ങണം. മാത്രമല്ല, രാവിലെയായതേയുള്ളൂ. കടകൾ തുറക്കാനുള്ള സമയമാവുന്നതേയുള്ളൂ. വിശന്ന് പൊരിഞ്ഞപ്പോൾ ഞങ്ങൾ പപ്പടം പോലത്തെ സാധനം കടിച്ചു തിന്നു. തബ്രീസിലുള്ള ഹൌസ് ഓണർ അഹമ്മദിന് ഗൂഗിൾ ട്രാൻസ്‌ലേറ്ററിന്റെ സഹായത്തോടെ കുറെ മെസേജുകളയച്ചു. അയാൾ ഞങ്ങളുടെ മെസേജുകൾ വേറെവിടെയോ ഉള്ള അയാളുടെ മെഡിസിനു പഠിക്കുന്ന ഇംഗ്ലീഷ് മനസ്സിലാവുന്ന മകൾക്കയച്ച് , ആ കുട്ടി അതിനുള്ള മറുപടി ഇംഗ്ലീഷിൽ അയാൾക്കയച്ച് അയാളത് ഞങ്ങൾക്ക് ഫോർവേഡ് ചെയ്തു മണിക്കൂറുകൾ പോയി. അവസാനം അയാൾ തബ്രീസിൽ നിന്ന് വരാമെന്ന് പറഞ്ഞു. നല്ല തണുപ്പായതിനാൽ, ആ സമയം കൊണ്ട് ഞങ്ങൾ അടുത്ത വീട്ടിലുള്ളയാളെ വിളിച്ചു. സ്ത്രീകൾ നടത്തുന്ന ഒരു ഹോസ്റ്റലായിരുന്നു അത്. അതിന്റെ നടത്തിപ്പുകാരിയുടെ രണ്ട്  പെൺമക്കൾ വന്നു എല്ലാം നോക്കി പോയി. പുറത്ത് പോയ പെൺകുട്ടികൾ മറ്റൊരാളെ വിളിച്ച് കൊണ്ട് വന്നു. അയാൾ ഹീറ്റിങ് ശരിയാക്കിത്തന്നു. അവിടെ കണ്ട പെൺകുട്ടികൾ തട്ടമിട്ടിട്ടില്ല. ഇറാനിൽ സ്ത്രീകൾ തല മറയ്ക്കണമെന്ന് നിർബന്ധമാണ്‌. ടെഹ്‌റാനിലൊന്നും തട്ടമിടാത്ത ഒരു സ്ത്രീയെപ്പോലും കണ്ടിരുന്നില്ല. നമ്മുടേതിന് വിപരീതമായി ഉൾഗ്രാമങ്ങളിലേക്കെത്തുമ്പോൾ ഇവിടെ ആളുകൾ നിയമത്തിനേക്കാൾ സൗകര്യത്തിന് തന്നെയാണോ  പ്രാധാന്യം കൊടുക്കുന്നതെന്ന് ചിന്തിച്ചു. ഇറാനിലെത്തിയതിനു ശേഷം തലയിൽ നിന്ന് തട്ടം വീഴുന്നുണ്ടോ എന്ന്  വ്യാകുലപ്പെട്ടു കൊണ്ടിരുന്ന എനിക്കതൊരാശ്വാസമായി.  സംസാരിച്ച് കൊണ്ടിരുന്നപ്പോൾ വീടിന്റെ ഉടമ തബ്രീസിൽ നിന്നുമെത്തി. ഇത്ര മല മറിക്കാനൊന്നുമില്ലെന്ന മട്ടിൽ അഞ്ച് മിനിറ്റ് കൊണ്ട് എല്ലാം ശരിയാക്കിത്തന്നു. ബ്രെഡ് എന്താ പപ്പടം പോലെ എന്ന് ചോദിച്ചപ്പോൾ അത് പച്ചയ്ക്കല്ല തിന്നേണ്ടത്, കഴിക്കുന്നതിനു ഒരു ഇരുപതു മിനിറ്റ് മുമ്പ് ഒന്ന് പൈപ്പിന്റെ ചുവട്ടിൽ പിടിച്ചു നനച്ച് ഒരു നനഞ്ഞ തുണിയിൽ പൊതിഞ്ഞ് വെച്ചിട്ടാണ് കഴിക്കേണ്ടതെന്നു പറഞ്ഞു. എന്തായാലും രാവിലത്തെ കൺഫ്യൂഷനിൽ പകുതി ദിവസം പോയിക്കിട്ടി!

                                പെട്ടെന്ന് കുളിച്ച് റെഡിയായി ഞങ്ങൾ പുറത്തേക്കിറങ്ങി. ഞങ്ങൾ താമസിക്കുന്ന വീട് ഏറ്റവും മുകളിലായതിനാൽ മറ്റു വീടുകൾ കാണാൻ താഴേക്കിറങ്ങണം. താഴെയിറങ്ങൽ എളുപ്പമാണ്. തിരിച്ചു കയറ്റമാണ് കഠിനം. പുറത്തിറങ്ങിയപ്പോഴേക്കും മഴ ചെറുതായി ചാറിത്തുടങ്ങി. പാറമേൽ നല്ല വഴുക്കലുണ്ടായിരുന്നു. പോവുന്ന വഴി നിറയെ കഴുതച്ചാണകമാണ്. ഒരു വിധം താഴെയിറങ്ങി. തുർക്കിയിലെ കപ്പഡോക്കിയയോട് വളരെയധികം സാമ്യങ്ങളുണ്ട് കണ്ടോവാന്. ടൂറിസ്റ്റുകളും ഹോട്ട് എയർ ബലൂണുകളും  ഇല്ലെന്നത് മാത്രമാണ് വ്യത്യാസം. ടൂറിസ്റ്റുകളില്ലാത്തത്  കൊണ്ടുതന്നെ ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ള കെട്ടിച്ചമച്ച കൃത്രിമ അനുഭവങ്ങളില്ല. കപ്പഡോക്കിയയിലെപ്പോലെ ഒരുപാട് റെസ്റ്റോറന്റുകളോ ഷോപ്പിംഗ് സ്ട്രീറ്റുകളോ ഒന്നും കണ്ടോവാനിലില്ല.

                                 താഴെയിറങ്ങി ആകെയുള്ള റെസ്റ്റോറന്റിൽ കയറി ചോറും ചിക്കനും കഴിച്ചു. ഇവിടത്തെ ചോറ് ഉണ്ടാക്കുന്ന രീതി വ്യത്യസ്തമാണ്. മഞ്ഞനിറമുള്ള മുരുമുരാ എന്നിരിക്കുന്ന ഒരു ക്രസ്റ്റ് ചോറിനു മുകളിലുണ്ടാവും. തഹ്‌ദിഗ് എന്നാണിതിന് പറയുക. പെട്ടെന്ന് കണ്ടാൽ ചോറിനു മുകളിൽ നെയ്യൊഴിച്ച് വെച്ചിരിക്കുകയാണെന്ന് തോന്നും. എന്നാലിത് ചോറിന് മുകളിലുള്ളൊരു ക്രസ്റ്റ് ആണ്. കുങ്കുമപ്പൂവും, പഞ്ചസാരയും, തൈരുമെല്ലാം ഉപയോഗിച്ചാണ് പാചകം. ഒരു ചോറ് വയ്ക്കാൻ എന്താണിത്ര ബുദ്ധിമുട്ട് എന്ന് കരുതണ്ട. പേർഷ്യൻ ചോറുണ്ടാക്കൽ ഒരു കല തന്നെയാണ്. ചിക്കൻ പുഴുങ്ങിയത് ചോറിനുള്ളിലും (തഹ്ചിൻ) അല്ലാതെയും കിട്ടും. എല്ലാ വിഭവങ്ങളുടെ കൂടെയും ഒരു വാട്ടിയ തക്കാളിയുമുണ്ടാവും. ചോറും പല തരം റൊട്ടിയും മാംസവും തന്നെയാണ് മുഖ്യാഹാരം. പച്ചക്കറികൾ പേരിനു മാത്രം. അതും തക്കാളിയും കക്കരിക്കയും പോലുള്ളവ. കൗതുകം തോന്നിയൊരു കാര്യം ആ റെസ്റ്റോറന്റിന്റുള്ള മിക്കവരും ചോറിന്റെയൊപ്പം വെള്ളത്തിന് പകരം പെപ്സിയാണ് കുടിച്ചു കൊണ്ടിരുന്നതെന്നാണ്.

                                   ഭക്ഷണത്തിനു ശേഷം വെറുതെ ചുറ്റി നടന്നു. ഒരു കയറ്റം കണ്ടപ്പോൾ കയറി നോക്കി. കുറച്ച് കയറിയപ്പോൾ നിറയെ മഞ്ഞ വിരിച്ച് നിൽക്കുന്ന മരങ്ങൾ. കുറച്ച് കൂടി കയറിയപ്പോൾ എത്തിയ സ്ഥലത്ത് നിന്ന് നോക്കിയാൽ പാറ തുരന്നുള്ള വീടുകൾ മുഴുവനായി കാണാം. പിന്നെയും കയറി ആ കുന്നിന്റെ ഏറ്റവും മുകളിലേക്ക് ഞങ്ങളെത്തി. അടുത്ത് നിന്ന് കാണുന്നതും, ദൂരെ ഒരുയർന്ന സ്ഥലത്ത് നിന്ന് നോക്കുമ്പോൾ എല്ലാ വീടുകളും നിര നിരയായി, പല തട്ടുകളിലായി നിൽക്കുന്നത് കാണുന്നതും രണ്ടനുഭവങ്ങളാണ്. സന്ധ്യയായി. ഇരുട്ട് വീണു തുടങ്ങിയപ്പോൾ ഞങ്ങൾ താഴേക്കിറങ്ങി.

                                   താഴെ ചെറിയൊരു കനാലൊഴുകുന്നുണ്ട്. അതിനു മുകളിലായി രണ്ടു പാലങ്ങളുമുണ്ട്. അതിലൊരു പാലത്തിൽ പല നിറത്തിലുള്ള ലൈറ്റുകളിട്ട് അലങ്കരിച്ചിരിക്കുന്നു. വഴിവക്കിൽ ഒന്ന് രണ്ടു പേർ ചോളം ചുട്ടത് വിൽക്കാനിരിക്കുന്നു. ഒരെണ്ണം വാങ്ങി പതുക്കെ നടന്നു. ആറു മണി കഴിഞ്ഞതേയുള്ളൂ. കടകളൊക്കെ അടയ്ക്കാനുള്ള കോപ്പ് കൂട്ടിത്തുടങ്ങിയിരിക്കുന്നു. ഒന്ന് രണ്ട് കടകളിൽ കയറി സെറാമിക്ക് പാത്രങ്ങൾ, കൗതുക വസ്തുക്കൾ, പട്ട്, ചെമ്മരി,  തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഫ്‌താനുകൾ, ഷോളുകൾ, കിലിം, പലതരം നട്ടുകൾ, തുടങ്ങി പലതരത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ കണ്ടു. പക്ഷെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ കാണുന്ന ഫ്രിഡ്ജ് മാഗ്നറ്റുകൾ, പോസ്റ്റ് കാർഡുകൾ തുടങ്ങിയവയൊന്നും കാണാൻ കഴിഞ്ഞില്ല. അധികം ഇരുട്ടായാൽ കയറാൻ ബുദ്ധിമുട്ടാവുമെന്നതിനാൽ ഞങ്ങൾ തിരിച്ചു കയറി. പാറകൾക്കിടയിലൂടെ ഇടയ്ക്ക് വിളക്ക് കാലുകൾ പിടിപ്പിച്ചിട്ടുള്ളതൊഴിച്ചാൽ ഇരുട്ടത്ത് തന്നെയാണ് കയറിയത്. എല്ലാ വീടുകളും ഇരുട്ടത്ത് ഒരേ പോലെ തോന്നിച്ചു. ഒരു വിധം തപ്പിപ്പിടിച്ച് മുകളിലെത്തി. ഞങ്ങൾ താമസിക്കുന്ന വീട് നിൽക്കുന്ന കൂറ്റൻ പാറയുടെ മുകളിലെവിടെയോ നിറം മാറുന്ന ലൈറ്റ് പിടിപ്പിച്ച് വെച്ചിരിക്കുന്നു. ഇരുട്ടത്ത് നിറം മാറുന്ന പാറ ഒരു രാക്ഷസനെ ഓർമ്മിപ്പിച്ചു.

                                   പിറ്റേ ദിവസം ഞങ്ങളുടെ വീട് നിൽക്കുന്നതിന്റെ മുകളിലേക്ക് കയറി നോക്കാമെന്ന് കരുതി. വീട് നിൽക്കുന്നത് തന്നെ ഏകദേശം ഏറ്റവും മുകളിലായിട്ടാണ്. അതിനും മുകളിലേക്ക് കുറച്ച് വീടുകൾ മാത്രമേയുള്ളൂ. കണ്ടോവാനിലെ റോക്ക് ഹൗസുകളുടെ പ്രത്യേകത മിക്ക വീടുകളിലും ആൾത്താമസമുണ്ടെന്നതാണ്. കപ്പഡോക്കിയയിലെ വീടുകളിലധികവും ആൾതാമസമില്ല. എന്നാലിവിടെ അങ്ങനെയല്ല. ഇപ്പോഴും ആളുകൾ താമസിക്കുന്നത് ഈ പാറ തുറന്നുണ്ടാക്കിയ വീടുകളിലാണ്. പുറത്ത് നിന്ന് നോക്കിയാൽ വളരെ ചെറുതെന്ന് തോന്നുമെങ്കിലും ഉള്ളിൽ സൗകര്യങ്ങളൊക്കെയുള്ള വീടുകളാണ് ഇവിടുത്തേത്. തണുപ്പ് കാലങ്ങളിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ എല്ലാ വീട്ടിലും ഹീറ്റിങ് സിസ്റ്റമൊക്കെയുണ്ട്. പാറ തുരന്നുണ്ടാക്കിയ വീടുകളായതിനാൽ ഒരു പരിധി വരെ ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷ നൽകാൻ ഇവിടുത്തെ വീടുകൾക്ക് കഴിയും. പല നിലകളിലുള്ള വീടുകളിൽ ആദ്യത്തെ നില മൃഗങ്ങൾക്ക് താമസിക്കാനും ( കഴുത , നായ, ആടുകൾ മുതലായവ ) മറ്റ് നിലകൾ മനുഷ്യർക്ക് താമസിക്കാനുമാണ്. കരാൻ എന്നാണ് ഇങ്ങനത്തെ വീടുകളുടെ പേർഷ്യൻ നാമം. തേനീച്ചക്കൂട് എന്നാണത്രെ ഈ വാക്കിനർത്ഥം. മുകളിലേക്ക് കയറും തോറും വീടുകളുടെ എണ്ണവും വലിപ്പവും കുറഞ്ഞ് വന്നു. വീടുകളുടെ വാതിലുകൾ കുനിഞ്ഞ് കയറേണ്ട വിധം ചെറുതായി വന്നു. പോകുന്ന വഴി ഒരു നായ കൂടെ വന്നു. കുറച്ച് മാറിയാണ് നടപ്പ്. കുറച്ചു കൂടി കയറിയപ്പോൾ  ആൾത്താമസമുള്ള വീടുകൾ കാണാതെയായി. പാറയുടെ ഉള്ളിൽ ചെറു തുരങ്കങ്ങൾ (കിടന്നു കയറാവുന്നവ) മാത്രമായി. തുളകളുള്ള പാറകൾ അവസാനിച്ചു. ഞങ്ങൾ ഏറ്റവും മുകളിലെത്തി. അവിടെ നിന്നാൽ സഹന്ദ്‌ പർവതം ശരിക്കു കാണാം. കുത്തനെയല്ലാത്തതു കൊണ്ട് മലകയറാൻ പറ്റും. പക്ഷെ കണ്ണെത്താത്ത ദൂരം പരന്നു കിടക്കുകയാണ്. സൂര്യനുദിച്ചു വരുന്നതേയുള്ളൂ. ആകെ സ്വർണനിറം! ഞങ്ങൾ നടത്തം അവസാനിപ്പിച്ചു. കുറച്ചു നേരം അവിടെയിരുന്നു. നായ എവിടെയെന്നു നോക്കിയപ്പോൾ കുറച്ചു മാറി  അവിടെ കിടന്നിരുന്ന ഒരു ചത്ത പക്ഷിയെ തിന്നുന്ന തിരക്കിലാണ്. കഴുകനാണെന്നു തോന്നുന്നു. ഞങ്ങൾ ഒന്ന് മുന്നോട്ടു ചെന്നപ്പോൾ തരില്ല എന്ന മട്ടിൽ നായ ചീറി വന്നു. അത്ര പന്തിയല്ലെന്ന് കണ്ടു ഞങ്ങൾ തിരിച്ചിറങ്ങി.

                           ആയിരത്തോളം വർഷങ്ങൾക്ക് മുമ്പ് നടന്ന ഉരുൾപ്പൊട്ടലിലായിരിക്കാം ഇവിടുത്തെ പാറകൾ ഇപ്പോഴുള്ള രൂപത്തിലായിത്തീർന്നത്. ഇവിടെയെത്തിയാൽ സമയം വർഷങ്ങളോളം പിന്നിലേക്ക് പോയത് പോലെയാണ്. ഗുഹകളിൽ താമസിക്കുന്ന മനുഷ്യർ! അപരിഷ്‌കൃത ഗുഹകളല്ല, സൗകര്യങ്ങളൊക്കെയുള്ള ഗുഹകളാണെന്ന് മാത്രം. ആയിരത്തി ഇരുന്നൂറുകളുടെ തുടക്കത്തിൽ മംഗോളിയൻ ആർമിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പേർഷ്യക്കാർ ഒളിച്ച് താമസിക്കാനായി നിർമിച്ചതാണത്രേ ഈ ഗുഹാ വീടുകൾ. രണ്ടു ദിവസത്തെ ഗുഹാ ജീവിതത്തിനു ശേഷം ഞങ്ങൾ തബ്രീസിലേക്ക് മടങ്ങി. ഒരു രസികൻ മനുഷ്യന്റെ വണ്ടിയിലാണ് പോയത്. ഇസദ്യാർ എന്നാണയാളുടെ പേര്. ഇറാനിലെ ഭൂരിഭാഗം ആൾക്കാരെപ്പോലെ അയാൾക്കും ഇംഗ്ലീഷ് അറിയില്ല. ഞങ്ങൾക്ക് പേർഷ്യനും അറിയില്ല.  എന്നിട്ടും തബ്രീസെത്തുന്നത് വരെ ഒരു മണിക്കൂർ അയാൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ ഞങ്ങൾ ‘വീ ഡോണ്ട് അണ്ടർസ്റ്റാൻഡ്  ഫാർസി’ എന്നൊക്കെ പറഞ്ഞെങ്കിലും മൂപ്പർക്കതൊരു പ്രശ്‌നമില്ലെന്ന് മനസ്സിലായപ്പോൾ വെറുതെ കേട്ടിരുന്നു. അയാൾക്ക് പറയാനുള്ളതെല്ലാം അയാൾ പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾ കേട്ടിരുന്നു. ഞങ്ങളെ തബ്രീസ് ബസ് സ്റ്റാൻഡിലിറക്കി ഗൗതമിനെ കെട്ടിപ്പിടിച്ചുമ്മ വെച്ചിട്ടാണയാൾ പോയത്. അല്ലെങ്കിലും പരസ്പരം സംസാരിക്കാൻ മനുഷ്യന് ചിലപ്പോഴൊക്കെ ഭാഷയുടെ ആവശ്യമില്ലല്ലോ അല്ലേ?

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT