Travel

ബഡാബി സൂർത്തിലെ സൂര്യോദയം

on
ജൂലൈ 12, 2020

                         ഇന്ത്യക്ക് പുറത്തു യാത്ര ചെയ്യുമ്പോൾ റോഡ് ട്രിപ്പുകൾ എന്ന ആഗ്രഹം മിക്കപ്പോഴും നടക്കാറില്ല. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രകളധികവും സമയ പരിമിതി മൂലം രാത്രിയിലാക്കാറാണ് പതിവ്. രാത്രി ട്രെയിനിലോ ബസിലോ കേറി ഇരുന്നാൽ പിറ്റേന്ന് അടുത്ത സ്ഥലത്തെത്താം. അധികം ദൂരമുള്ള സ്ഥലങ്ങളാണെങ്കിൽ യാത്ര വിമാനമാർഗമാക്കും. രണ്ടായാലും പോകുന്ന വഴിയിലുള്ള കാഴ്ചകൾ നഷ്ടമാകും. എന്നാൽ പുറത്തെ കാഴ്ചകൾ കണ്ട് ബസിലിരിക്കാൻ വേണ്ടി മാത്രം ഒരു ദിവസം ഇറാൻ യാത്രയിൽ മാറ്റി വെച്ചു. ടെഹ്റാനിൽ നിന്നും സാരി പട്ടണം വഴി ഖലസാർ എന്ന ഗ്രാമത്തിലേക്കുള്ള യാത്രയായിരുന്നു അത്. ഇറാനിലെത്തിയതിന്റെ പിറ്റേന്നായതിനാൽ ഒരു പുതിയ രാജ്യത്തെത്തിയതിന്റെ ആവേശവും കൗതുകവും കത്തി നിൽക്കുകയാണ്. ദീർഘദൂര സർവീസ് നടത്തുന്ന പ്രൈവറ്റ് വോൾവോ ബസുകളെ അവിടെ വി.ഐ.പി ബസുകളെന്നാണ് പറയുക. വിശാലമായ അകം, ചാരിക്കിടക്കാൻ പറ്റുന്ന സീറ്റുകൾ, സീറ്റിന് പിറകിൽ ടീവി, കഴിക്കാനും കുടിക്കാനും ഉള്ളവ, എന്താവശ്യത്തിന് വിളിച്ചാലും ഓടിയെത്താൻ അറ്റെൻഡൻഡ്. ടോയ്ലറ്റ് ഇല്ലെന്നതൊഴിച്ചാൽ റോഡിലൂടെ പോവുന്ന വിമാനങ്ങളെന്ന് വി.ഐ.പി. ബസുകളെ വിളിക്കാം. എന്നാൽ ടിക്കറ്റ് ചാർജോ, വളരെ തുച്ഛവും.

                

                                                ഇറാനിലെത്തിയതിന്റെ രണ്ടാം ദിവസം പുലർച്ചെ ടെഹ്റാനിൽ നിന്നും യാത്ര തിരിച്ചു. നഗരം വിട്ടപ്പോൾ ഭൂപ്രകൃതി പതുക്കെ മാറിത്തുടങ്ങി. വരണ്ടു കിടക്കുന്ന കൂറ്റൻ മലകളാണ് റോഡിനിരുവശവും. ഇടയ്ക്ക് വരിവരിയായി നട്ടു പിടിപ്പിച്ച പോലെ കുറച്ച് മരങ്ങൾ കാണാം. സാരിയിലെത്തിയപ്പോൾ ഏകദേശം വൈകുന്നേരം മൂന്നു മണിയായി. പത്തു പന്ത്രണ്ട് മണിക്കൂർ ബസിലിരുന്നിട്ടും ഒട്ടും ക്ഷീണമോ മടുപ്പോ തോന്നിയില്ല. സാരി ഒരു പട്ടണമാണ്. സാരിയിൽ താങ്ങാൻ പദ്ധതിയുണ്ടായിരുന്നില്ല. ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് ബഡാബി സൂർത്ത് എന്ന സ്ഥലത്തേക്കാണ്. അവിടത്തെ സൂര്യോദയം കാണാനാണ് ഒരു ദിവസം മുഴുവൻ ബസിൽ യാത്ര ചെയ്ത് വന്നത്. രാവിലെ അവിടെയെത്താനുള്ള എളുപ്പത്തിനു തലേ ദിവസം തന്നെ അടുത്തുള്ള ഗ്രാമമായ ഒറോസ്ത്തിൽ തങ്ങാനായിരുന്നു പദ്ധതി. സാരി യ്ക്കപ്പുറം ടൂറിസ്റ്റുകൾ പോകുന്ന സ്ഥലമല്ലാത്തതിനാൽ പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കൽ സാധ്യമല്ല. അതുകൊണ്ടു സാരിയിലുള്ള ഹാമിദ് എന്ന് പേരായ ടൂറിസ്റ്റ് ഗൈഡുമായി ഇറാൻ യാത്ര പ്ലാൻ ചെയ്യുന്ന സമയത്തു തന്നെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. ഹാമിദ് സാരിയിൽ വന്നു ഞങ്ങളെ കാത്ത് നിൽക്കാമെന്ന് പറഞ്ഞിരുന്നു. അന്ന് രാത്രിയിലത്തെ താമസവും ഏർപ്പാടാക്കിക്കൊള്ളാമെന്നും ഹാമിദ് ഏറ്റിരുന്നു. എന്നാൽ ടെഹ്റാനിൽ നിന്നും ബസ് കയറിയ കാര്യം പറയാൻ വേണ്ടി വിളിച്ചപ്പോൾ എന്തോ അത്യാവശ്യം ഉള്ളതു കൊണ്ട് തനിക്ക് വരാൻ കഴിയില്ലെന്നും പകരം കസിനായ ഹൊസെയിനെ അയയ്ക്കാം എന്നും ഹാമിദ് പറഞ്ഞു. യാത്ര പോവുമ്പോൾ പലപ്പോഴും ഇ തു സംഭവിക്കാറുണ്ട്. ട്രാവൽ ഫോറങ്ങളിൽ നല്ല റിവ്യൂ ഉള്ള ഡ്രൈവർമാരെ കണ്ടു പിടിച്ച് ബുക്ക് ചെയ്തിട്ട് അവർ അവസാന നിമിഷം അത് വേറെ ആരെയെങ്കിലും ഏൽപ്പിച്ച് മുങ്ങും. ഒരുമി ച്ചു ബിസിനസ് പിടിച്ചു പിന്നെ പലർക്കായി ജോലി വീതം വെച്ച് കൊടുക്കുന്നതാവും. മുൻപ് ചില രാജ്യങ്ങളിൽ ഒന്നു രണ്ടു മോശം അനുഭവ ങ്ങൾ ഉണ്ടായതിനാൽ ഞങ്ങൾക്കതത്ര  രസിച്ചില്ല. പക്ഷെ മുഷിച്ചിൽ കാണിക്കാൻ നിവൃത്തിയില്ല. സ്വന്തമായി പോവാൻ പറ്റിയ ഒരു സ്ഥലമല്ല. ബസോ ട്രെയിനോ ഇല്ല. ടാക്‌സികൾ ആശ്രയിക്കുക തന്നെയേ നിവൃത്തിയുള്ളൂ.

                   ബസ് സാരിയിലെത്തിയപ്പോഴേക്കും ഞങ്ങളെയും കാത്ത് ഹമീദിന്റെ കസിൻ ഹൊസെയിൻ നിൽക്കുന്നുണ്ടായിരുന്നു. കൂടെ വേറൊരാളും. ഹൊസെയിന് ഞങ്ങളുടെ പ്രായം വരും. കൂടെയുള്ളത് ബന്ധുവായ ഓമിദ് ആണ്. ഓമിദ് ഇത്തിരിക്കൂടി ചെറുപ്പമാണ്. ഹൊസെയിൻ സാരിയിലെ ഒരാശുപത്രിയിൽ റേഡിയോളോജിസ്റ്റായി ജോലി ചെയ്യുകയാണ്. ഇടയ്ക്ക് ഹമീദിന് തിരക്കു കൂടുമ്പോൾ ടൂറിസ്റ്റുകളുടെയൊപ്പം പോവാൻ ഹൊസെയിനെ വിളിക്കും. മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവരോട് സംസാരിക്കാനും ഇടപഴകാനും ഒക്കെയുള്ള താത്പര്യം കൊണ്ടാണ് ഹൊസെയ്ൻ ഒഴിവു ദിവസങ്ങളിലും ഇടയ്ക്ക് ലീവെടുത്തുമൊക്കെ ടൂറിസ്റ്റുകളുടെ കൂടെ പോകുന്നത്. ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാനുള്ള ഒരവസരവും കൂടിയാണതെന്നും, ഇറാൻ വിട്ടു വേറെ ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കണമെന്നുമാണ് ആഗ്രഹമെന്നുമൊക്കെ അയാൾ പറഞ്ഞു. ഇത്ര മനോഹരമായ ഒരു രാജ്യത്തു നിന്നും പോവണമെന്ന് എന്തിനാണയാൾ ആഗ്രഹിക്കുന്നതെന്ന ചിന്ത മനസ്സിൽ വന്നെങ്കിലും ഒന്നും ചോദിച്ചില്ല. വളരെ താത്പര്യത്തോടെ നമ്മുടെ നാടിന്റെ സംസ്കാരം, ഭക്ഷണ ശീലം, സംഗീതം, സിനിമ ഇവയെക്കുറിച്ചൊക്കെ അന്വേഷിച്ചു. സംസാരിച്ചു വന്നപ്പോൾ ഇറാനിയൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ഗോൾഷിഫ്തെ ഫറഹാനി ഹൊസെയ്‌ന്റെ പ്രിയപ്പെട്ട നടിയാണെന്നും അവരെ ഇറാനിൽ നിന്ന് നാട് കടത്തിയെന്നുമൊക്കെ പറഞ്ഞു. അവരുടെ മൂന്നാല് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ അഭിനയവും വളരെ ഇഷ്ടമാണ്. എന്നാൽ വരെ നാടു കടത്തിയ വിവരമൊന്നും അറിഞ്ഞിരുന്നില്ല. ആർട്ടിസ്റ്റുകൾക്കൊന്നും സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യമാണെന്ന ഇറാനെക്കുറിച്ചുള്ള എന്റെ തോന്നൽ ഞാൻ ഒന്ന് ശങ്കിച്ചുകൊണ്ടു പങ്കു വെച്ചു. ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയെക്കുറിച്ചു മുമ്പെപ്പോഴോ ചില ലേഖനങ്ങൾ വായിച്ച അറിവു വെച്ചാണ് ഞാനങ്ങനെ പറഞ്ഞത്. ഹൊസെയ്ൻ അതു ശരി വെച്ചു കൊണ്ടു സംസാരിച്ചു. ഇതൊക്കെ കൊണ്ടാണ് തനിക്ക് അവിടെ നിൽക്കാൻ താത്പര്യമില്ലാത്തതെന്നും ജർമ്മൻ ഭാഷ പഠിക്കുന്നുണ്ടെന്നും, ടെസ്റ്റ് പാസായാൽ ഉടൻ ജർമനിയിൽ പോയി ജോലി നോക്കാനാണ് താൽപ്പര്യമെന്നുമൊക്കെ കുറച്ച് നിരാശ കലർന്ന പ്രതീക്ഷയോടെ ഹൊസെയ്ൻ പറഞ്ഞു. ഓമിദ് ഞങ്ങളുടെ സംഭാഷണമൊന്നും ശ്രദ്ധിക്കാതെ ഹെഡ്‌ഫോണിൽ പാട്ടു കേട്ടു കൊണ്ടിരിക്കുകയാണ്. കേൾക്കുന്ന പാട്ട് ഉറക്കെ വയ്ക്കാമോ എന്നു ചോദിച്ചപ്പോൾ ചോദ്യം മനസ്സിലാവാത്ത പോലെ നോക്കി. ഓമിദിന് ഇംഗ്ലീഷ് ഒട്ടും വശമില്ലെന്നും ഞാൻ ചോദിച്ചത് മനസ്സിലായില്ലെന്നും പറഞ്ഞു ഹൊസെയ്ൻ അത് ഫാർസിയിൽ പരിഭാഷപ്പെടുത്തി. അപ്പോൾ ഓമിദ് “ഇറാൻ മ്യൂസിക്ക് ഗുഡ് മ്യൂസിക്ക്” എന്നു പറഞ്ഞു കൊണ്ടു ഫോൺ കാറിലെ ബ്ലൂട്ടൂത്ത് സ്പീക്കറിലേക്ക് കണക്റ്റു ചെയ്തു. ഞങ്ങളുടെ ഇറാൻ യാത്രയുടെ മൂഡ് സെറ്റ്  ചെയ്ത കുറച്ച് പാട്ടുകളാണ് അന്ന് കേട്ടത്. പല സ്ഥലങ്ങളും ഞാനോർത്തു വയ്ക്കാറുള്ളത് ആ യാത്രയിൽ കേട്ട പാട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ്. ചൈനയിലൂടെ യാത്ര ചെയ്തപ്പോൾ കേട്ട പാട്ടുകൾ പിന്നെപ്പോൾ കേട്ടാലും ആ സ്ഥലത്തേക്കും കാലത്തേക്കും മടങ്ങിപ്പോവാൻ എനിക്ക് കഴിയാറുണ്ട്. അതുപോലെ മറ്റു പല സ്ഥലങ്ങളും അവിടെയായിരുന്നപ്പോൾ കേട്ട പാട്ടു കൊണ്ട് അടയാളപ്പെട്ടു കിടക്കാറുണ്ട് മനസ്സിൽ. ഇറാൻ യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്ന പാട്ടുകൾ സാരിയിൽ നിന്നുള്ള കാർ യാത്രയിൽ ഓമിദിന്റെ പ്ലേലിസ്റ്റിൽ നിന്നും കേട്ട പാട്ടുകളാണ്.

                                  വിശന്നു തുടങ്ങിയപ്പോൾ പോകുന്ന വഴിക്ക് എന്തെങ്കിലും പലഹാരം വാങ്ങാനായി നിർത്തി. കടകളൊന്നും അധികമില്ലാത്ത പ്രദേശമാണ്. ഒരു പച്ചക്കറി/പലചരക്കു കടയുടെ മുമ്പിലാണ് നിർത്തിയത്. ഇരുട്ടായതു കൊണ്ട് “വണ്ടിയിൽ തന്നെ ഇരുന്നോളൂ, എന്തെങ്കിലും സ്നാക്ക്സ് വാങ്ങി വരാം” എന്നു പറഞ്ഞു ഹൊസെയ്ൻ ഇറങ്ങി. എന്നാൽ പച്ചക്കറിക്കടയിലെ ഭീമൻ വഴുതനങ്ങ കണ്ടപ്പോൾ ഇറങ്ങാതിരിക്കാനായില്ല. നമ്മുടെയിവിടെ കിട്ടുന്ന വഴുതനങ്ങയുടെ ഇരട്ടിയിലധികം വലുപ്പമുള്ള വഴുതനങ്ങകൾ. വഴുതനങ്ങ മാത്രമല്ല, ഒരു നാളികേരത്തിന്റെ അത്രയും (ഒട്ടും അതിശയോക്തിയല്ല) വലുപ്പമുള്ള ഉരുളക്കിഴങ്ങ്, വലിയ സവാള.. അങ്ങനെ മിക്ക പച്ചക്കറികളും വലുപ്പത്തിൽ കേമന്മാർ. ലെയ്സ് പോലെയുള്ള ഉരുളക്കിഴങ്ങ് ചിപ്സ് മാത്രമേ പലചരക്കു കടയിലുള്ളൂ. അതു മൂന്നാലെണ്ണം ഹൊസെയ്ൻ എടുത്തു കൊണ്ടുവന്നു. ‘മുസ്‌തോ മൂസിർ’ വേണോ എന്നു ചോദിച്ചു. എന്തായാലും വേണ്ടില്ല അതും കൂടി വാങ്ങിക്കൊള്ളാൻ ഞാൻ പറഞ്ഞു. വാങ്ങി വന്നപ്പോഴാണ് അതു യോഗർട്ട് (തൈര്) ആണെന്നു മനസിലായത്. യോഗർട്ടും ചെറിയ ഉള്ളിയും കൂടിയുള്ള ഒരു മിശ്രിതമാണ് ‘മുസ്‌തോ മൂസിർ’. ഗൗതം തൈര് കഴിക്കില്ല. എനിക്കും തൈര് വലിയ പ്രിയമില്ല. വാങ്ങിക്കൊണ്ടുവന്ന സ്ഥിതിക്ക് കഴിച്ചു നോക്കാമെന്നു കരുതി. ഉരുളക്കിഴങ്ങു ചിപ്സ് അതിൽ മുക്കിയാണത്രെ കഴിക്കുന്നത്. ചിപ്സിന്റെ എരിവു കുറയ്ക്കാൻ വേണ്ടിയാണത്. മസാലകളുടെ നാട്ടിൽ നിന്നു വന്ന നമുക്കെന്ത് എരിവ്? കുറച്ചു മുളകുപൊടി കൂടി കിട്ടിയിരുന്നെങ്കിൽ ചിപ്സിന്റെ മുകളിൽ വിതറിയിട്ടു കഴിക്കാമായിരുന്നു എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, ‘മുസ്‌തോ മൂസിർ’ എന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു! ചിപ്സിന്റെ കൂടെയും ചിപ്സ് കഴിഞ്ഞപ്പോൾ വെറുതെ കഴിച്ചും ഒരു ചെറിയ ഡബ്ബ ഞാൻ ഒറ്റയടിക്കു കാലിയാക്കി! ഇനിയുള്ള പതിനാലു ദിവസങ്ങളിൽ ‘മുസ്‌തോ മൂസിർ’ എന്റെ സന്തത സഹചാരിയായിരിക്കുമെന്നു മനസ്സിലുറപ്പിച്ചു.

                 മുമ്പിലേക്ക് പോകുന്തോറും വഴിയുടെ വീതി കുറഞ്ഞു വന്നു. എതിരെ വണ്ടി വന്നാൽ പിന്നാക്കം പോകേണ്ട അവസ്ഥ! പുറത്തേക്കു നോക്കിയിട്ട് കാര്യമായൊന്നും കാണാനുമില്ല. വഴിവിളക്കുകളൊന്നുമില്ല. ഗ്രാമത്തിലേക്ക് പ്രവേശിച്ചെന്ന് മനസ്സിലായി. ഒറോസ്ത് എത്തിയോ എന്നു ചോദിച്ചപ്പോൾ ഹൊസെയ്നു തീർച്ചയില്ല. ആ വഴി ആദ്യമായാണ് വണ്ടിയോടിക്കുന്നതത്രേ! ഗൂഗിൾ മാപ്പ് കാണിച്ചു തന്ന വഴിയേ ഞങ്ങൾ പോയി. മാപ്പ് പറഞ്ഞപ്പോൾ വണ്ടി നിന്നു. അവിടെയെങ്ങും ഹോട്ടലുകളുടെ ലക്ഷണമൊന്നുമില്ല! എവിടെയാണ് രാത്രി തങ്ങുന്നതെന്ന് ഞങ്ങൾക്ക് യാതൊരു പിടിയുമില്ല. കൂടെയുള്ളവർക്കും വലിയ പിടിയില്ലെന്ന് മനസിലായി.. പിന്നെ മുസ്‌തോ മൂസിറിനെയും മനസ്സിൽ ധ്യാനിച്ചുകൊണ്ടു ക്ഷമയോടെ ഞാനിരുന്നു. ഹാമിദ് കൊടുത്ത ഒരു നമ്പറിലേക്ക് ഹൊസെയ്ൻ വിളിച്ചു. വണ്ടി നിർത്തിയിട്ടിരുന്നതിന്റെ തൊട്ടടുത്തുള്ളൊരു വീട്ടിൽ നിന്ന് ഒരു മനുഷ്യനിറങ്ങി വന്നു. അയാളുടെ പേരും ഹാമിദ് എന്നു തന്നെ! ഇറാനിലെ ഏറ്റവുമധികമുള്ളൊരു പേരാണ് ഹാമിദ്. ഒരു പൊതുസ്ഥലത്ത് വെച്ച് ഹാമിദെന്നുറക്കെ വിളിച്ചാൽ എത്ര പേർ വിളി കേൾക്കുമോ ആവോ?

                 ഹാമിദ് പറയുമ്പോഴാണ് അറിയുന്നത് ഞങ്ങൾ എത്തിയ സ്ഥലം  ഒറോസ്തല്ല, ഖലസാർ എന്ന ഗ്രാമമാണെന്ന്! തൊട്ടടുത്തുള്ള ഗ്രാമമാണ് ഒറോസ്ത്. ഒറ്റ മുറിയും ഹാളും അടുക്കളയുമുള്ള ഒരു ചെറിയ വീടായിരുന്നു അത്. വീട്ടിലുള്ളവരെയൊന്നും കാണാനില്ല. അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് താമസം ഒരുക്കാൻ വേണ്ടി ഭാര്യയേയും കുട്ടിയേയും ഭാര്യവീട്ടിലേക്കയച്ചെന്നു പറഞ്ഞു. ഞങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നിട്ട് ഇത്തിരി നേരം ഒപ്പമിരുന്നു വർത്തമാനം പറഞ്ഞിട്ട് ഹാമിദും ഭാര്യവീട്ടിലേക്കു പോയി. ചോറും ആഷ് രസ്തേ സൂപ്പും മാതളനാരങ്ങയുമായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഓമിദ് ടീവി വെച്ചു. ഏതോ പഴയ ഇറാനിയൻ സിനിമയാണ്. അങ്ങനെ സംഭാഷണം സിനിമയെ കുറിച്ചായി. ഓമിദ് ഹൊസെയ്നോട് എന്തോ ഫാർസിയിൽ പറഞ്ഞു. താൻ രണ്ടു ദിവസം മുമ്പൊരു ഇന്ത്യൻ സിനിമ കണ്ടുവെന്നാണ് ഓമിദ് പറഞ്ഞതെന്ന് ഹൊസെയ്ൻ പരിഭാഷപ്പെടുത്തി. ഏതു സിനിമയാണെന്ന് ചോദിച്ചപ്പോൾ ഓമിദ് മൊബൈൽ എടുത്ത് എന്തോ തിരയാൻ തുടങ്ങി. സാധാരണ പുറം രാജ്യങ്ങളിൽ ചെന്നാൽ ഇന്ത്യൻ സിനിമയെക്കുറിച്ചു സംസാരം വന്നാൽ കേൾക്കുന്ന പേരുകളാണ് ഷാരുഖ് ഖാനും അമിതാഭ് ബച്ചനും. ഇന്ത്യൻ സിനിമയെന്നാൽ പല നാട്ടിലും ബോളിവുഡ് മാത്രമാണ്. ഏതെങ്കിലും കൾട്ട് ഹിന്ദി സിനിമയുടെ പോസ്റ്റർ പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ഓമിദ് മൊബൈൽ നീട്ടിയപ്പോൾ ഞെട്ടി! ‘ഉയരെ’ സിനിമയുടെ പോസ്റ്റർ! അത് ഞങ്ങളുടെ നാട്ടിൽ നിന്നുള്ള, ഞങ്ങളുടെ ഭാഷയിൽ നിന്നുള്ള സിനിമയാണതെന്ന് അവരോടു പറഞ്ഞു. മലയാളം പോലെയൊരു ചെറിയ സിനിമാ വ്യവസായത്തിൽ നിന്നുള്ള ഒരു സിനിമയെക്കുറിച്ച് ഇന്ത്യയിൽ പല ഭാഷകളുണ്ടെന്നു പോലുമറിയാത്തൊരാൾ വളരെ ആവേശത്തോടെ സംസാരിച്ചപ്പോൾ അത്ഭുതം തോന്നി. എത്ര ചെറിയ ലോകം! രാത്രി വൈകുവോളം ഞങ്ങൾ സംസാരിച്ചിരുന്നു. നിറയെ പാവക്കുട്ടികൾ നിറഞ്ഞ മുറിയിലായിരുന്നു അന്ന് ഉറങ്ങിയത്.

                                                       പിറ്റേ ദിവസം പുലർച്ചെ എണീറ്റ് സൂര്യോദയം കാണാൻ ഞങ്ങൾ ബഡാബി സൂർത്തിലേക്കു പോയി. ലഡാക്കിനോട് വളരെ സാമ്യമുള്ള ഭൂപ്രകൃതിയാണ് ഖലസാറിൽ നിന്നും ബഡാബി സൂർത്തിലേക്കു പോവുന്ന വഴി. വരണ്ടുണങ്ങിയതെങ്കിലും മനോഹരമായ മലകളും വഴികളും.. ഖലസാറിൽ നിന്നും ഏകദേശം അര മണിക്കൂറോളം ദൂരം കാറിൽ സഞ്ചരിച്ച് ഒരു മലയുടെ താഴ്വാരത്തിലെത്തി. അവിടെ നിന്നും ഓഫ് റോഡിങ് ജീപ്പ് വഴി മാത്രമേ മുകളിലേക്ക് പോവാനാവൂ. ഹാമിദ് ജീപ്പ് ഏർപ്പാടാക്കിയിരുന്നു. സംഭവബഹുലമായ ഒരു ഓഫ്‌റോഡിങ് യാത്രയായിരുന്നു അത്. ജീപ്പിൽ നിന്നു തെറിച്ചു പോവുമോ എന്നു പലപ്പോഴും ഭയന്നു. മുകളിൽ എത്തിയപ്പോൾ സൂര്യൻ ഉദിച്ചു തുടങ്ങുന്നേയുള്ളൂ. ഒരു കുന്നിന്റെ മുകളിലായി മിനറൽ ഡെപ്പോസിറ്റുള്ള സ്ഥലമാണ് ബഡാബി സൂർത്ത്. ചൂടു നീരുറവകളിൽ നിന്നുള്ള വെള്ളം തട്ടു തട്ടായി കിടക്കുന്ന പ്രതലത്തിലേക്ക് വീണുറഞ്ഞു കിടക്കുന്ന സ്ഥലമാണത്. അതിലേക്ക് സൂര്യകിരണങ്ങൾ വന്നു വീഴുന്നത് അതിമനോഹരമായ കാഴ്ചയാണ്. ആ കാഴ്ച കാണാനാണ് മുന്നൂറു കിലോമീറ്ററുകളോളം യാത്ര ചെയ്തത്. ഓരോ സൂര്യോദയങ്ങളും എത്ര വ്യത്യസ്തമാണെന്ന് വീണ്ടും ഓർമിപ്പിച്ച ദിവസമായിരുന്നു അന്ന്.

                           തിരിച്ചുള്ള ഇറക്കം തീം പാർക്കുകളിലെ റൈഡുകളെ ഓർമിപ്പിച്ചു. വീടെത്തിയപ്പോഴേക്കും പ്രാതലുമായി ഹാമിദ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. വെളിച്ചം വീണപ്പോഴാണ് വീട് നിൽക്കുന്ന സ്ഥലം ശരിയ്ക്കു ശ്രദ്ധിച്ചത്. മാജിദ് മജീദിയുടെയൊക്കെ സിനിമകളിൽ കണ്ടു പരിചയിച്ച പോലൊരു ഗ്രാമം. വളരെ കുറച്ചു വീടുകൾ. മട്ടുപ്പാവിൽ നിന്നു നോക്കിയാൽ തൊട്ടടുത്ത ഗ്രാമമായ ഒറോസ്ത് കാണാം. അത്രയും കുറച്ചു വീടുകളും മരങ്ങളുമേ ആ ഭാഗത്തുള്ളൂ. മരുഭൂമി തന്നെ! ബാർബാറിയും മുട്ടയും മസന്തരാനിൽ മാത്രം കണ്ടു വരുന്ന ബഹാൻ ഓറഞ്ച് കൊണ്ടുണ്ടാക്കിയ ജാമുമായിരുന്നു ഭക്ഷണം. ഹാമിദിനോട് നന്ദി പറഞ്ഞിറങ്ങി.

                                                              തിരിച്ചു പോരുന്ന വഴി തലേ ദിവസം കേട്ട പാട്ടുകൾ പലയാവർത്തി കേട്ടു. ഓമിദിന്റെ മൊബൈലിൽ നിന്ന് എല്ലാ പാട്ടുകളും കോപ്പി ചെയ്‌തെടുത്തു. സാരിയിലെത്തി ഭക്ഷണം കഴിച്ച് ഓമിദിനെ വീട്ടിലാക്കി. ഞങ്ങളുടെ ബസ് വരാൻ ഇനിയും മണിക്കൂറുകളുണ്ട്. സാരിയിലെ പ്രശസ്തമായ മേലാൽ പാർക്കിലേക്ക് ഹൊസെയ്ൻ ഞങ്ങളെ കൊണ്ടുപോയി. അമേരിക്കയൊഴിച്ചു ലോകത്തുള്ള എല്ലാ രാജ്യങ്ങളുടെയും പതാകകൾ അവിടെ കാണാം.

                                                      ബെഞ്ചിലിരുന്നു സംസാരിക്കുമ്പോൾ എന്തു കൊണ്ടാണ് ഇറാനിൽ ജീവിക്കാൻ താല്പര്യമില്ലാത്തതെന്നു ഞാൻ ഹൊസെയ്നോട് ചോദിച്ചു. അവിടെ ജീവിതം പരമ ബോറാണെന്നും ഒരു ഗേൾഫ്രണ്ട് ഉണ്ടാകാൻ കൂടി സമ്മതിക്കാത്ത വിധത്തിലുള്ള നിയമങ്ങളാണെന്നും ഹൊസെയ്ൻ അതൃപ്തിയോടെ പറഞ്ഞു. തന്റെ അച്ഛനും അമ്മയും കല്യാണം കഴിക്കുന്ന ദിവസമാണ് ആദ്യമായി പരസ്പരം കണ്ടതെന്നും ഇപ്പോഴും മാതാപിതാക്കളാണ് മക്കളുടെ വിവാഹം തീരുമാനിക്കുന്നതെന്നും ആരുടെ കൂടെ ജീവിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നുമൊക്കെ നിരാശയോടെ പറഞ്ഞു. നമ്മുടെ നാട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ലല്ലൊ എന്നു ഞാൻ ഓർത്തു. അവിടെ ജീവിക്കുമ്പോൾ എന്തോ ഒന്നില്ല എന്നു പറയാൻ ശ്രമിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ അതിന്റെ ഇംഗ്ലീഷ് വാചകം കിട്ടുന്നില്ലെന്ന് പറഞ്ഞു. കുറച്ചു നേരം കൂടി പാർക്കിലിരുന്നിട്ടു ഹൊസെയ്ൻ ഞങ്ങളെ ബസ് സ്റ്റാന്റിലാക്കിത്തന്നു. ബസ് വരുന്ന വരെ കൂടെയിരുന്നു. പെട്ടെന്നെന്തോ ഓർമ വന്ന പോലെ ഫോണിലെ ഗൂഗിൾ ട്രാൻസ്ലേറ്ററെടുത്ത് എന്തോ ടൈപ്പ് ചെയ്തിട്ട് അതാണ് നേരത്തെ പറയാനുദ്ദേശിച്ചിട്ടു കിട്ടാതെ പോയ ഇംഗ്ലീഷ് വാക്കെന്നു പറഞ്ഞു മൊബൈൽ സ്ക്രീൻ കാണിച്ചു തന്നു. അതിൽ ‘peace’ എന്നെഴുതിയിരുന്നു.

 

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT