Travel

സക്കിൻതോസ് ദ്വീപ്

on
ഡിസംബർ 2, 2018

            ആദ്യമായിട്ടാണ് ഒരു പ്രൊപ്പല്ലർ ഫ്ലൈറ്റിൽ കയറുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വിമാനങ്ങൾ വലുപ്പത്തിൽ പിന്നിലാണെങ്കിലും ചെറിയ ദൂരങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ കുറച്ചു പേരെ എത്തിക്കാൻ മിടുക്കന്മാരാണ്. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ നിന്നും  സക്കിൻതോസ് ദ്വീപിലേക്കാണ് ഈ വിമാനം ഞങ്ങളെ കൊണ്ട് പോവുന്നത്. നാൽപ്പത് മിനിറ്റ് മാത്രമുള്ള യാത്ര. ടേക്ക് ഓഫ് സമയത്തെ സുരക്ഷാ നിർദ്ദേശങ്ങൾ വിശദീകരിച്ച ശേഷം ഒന്ന് പോയി വെള്ളം കുടിച്ച് വന്ന് ലാൻഡിങ്ങ് നിർദ്ദേശങ്ങൾ തുടങ്ങുന്ന എയർ ഹോസ്റ്റസ്സുകൾ. ഇടുങ്ങിയ ഓവർഹെഡ് ലഗ്ഗേജ് ബോക്സുകളിൽ കൊള്ളാത്ത സ്യൂട്കേസുകൾ സീറ്റിന്റെ അടിയിലും മടിയിലും ഒക്കെ വെച്ച് ഇരിക്കുന്ന യാത്രക്കാർ. കൗതുകമാർന്നതായിരുന്നു ഏഥൻസിൽ നിന്നും  സക്കിൻതോസിലേക്കുള്ള വിമാന യാത്ര.

സക്കിൻതോസിലെത്തുന്ന മിക്ക യാത്രികർക്കും പൊതുവായൊരു ലക്ഷ്യസ്ഥാനം കാണും. തെളിനീല നിറത്തിലുള്ള വെള്ളവും, വെള്ളമണൽ വിരിച്ച തീരവും, ചുറ്റിനും ഉയർന്നു നിൽക്കുന്ന പാറക്കെട്ടും ചേർന്ന് പ്രകൃതിയുടെ കരവിരുത് തീർത്തൊരു കടൽത്തീരം. നവാജിയോ ബീച്ച് ! സക്കിൻതോസിൽ വിമാനമിറങ്ങുന്നതിന്‌ മുമ്പ് തന്നെ നവാജിയോ ബീച്ചിലിറങ്ങിച്ചെന്നു നീന്തുന്നത് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.  ഹോട്ടലിലേക്ക് പോവാൻ എയർപോർട്ട് ടാക്സി വിളിച്ചപ്പോൾ വന്നതൊരു പുത്തൻ മെഴ്‌സിഡസ് ബെൻസ് ! ടാക്സി ആയി ഓടുന്ന ബെൻസ് കാറുകൾ യൂറോപ്പിൽ സാധാരണമാണ്. ലഗാനാസ് ബീച്ച് ടൗണിലെ അറ്റ്ലാന്റിസ് ഹോട്ടലിലാണ് ഞങ്ങൾ റൂം ബുക്ക് ചെയ്തിരിക്കുന്നത്. രാത്രി നീളും വരെ ആഘോഷങ്ങളും ബഹളങ്ങളുമായി സഞ്ചാരികൾക്കൊപ്പം ഉണർന്നിരിക്കുന്ന തെരുവുകളുള്ള ലഗാനാസ് ! സമയം രാത്രി പത്താവുന്നു. റൂമിൽ ചെക്ക്-ഇൻ ചെയ്യും മുമ്പ് വയറ്റിലോട്ടെന്തെങ്കിലും ചെല്ലണം. ടാക്സിക്കാരനോട് ഏതെങ്കിലും നല്ല റെസ്റ്റോറന്റിലേക്ക് വിടാൻ പറഞ്ഞു. ഇന്ത്യക്കാരാണെന്നയാൾക്ക് മനസ്സിലായിക്കാണണം, കൊണ്ട് വിട്ടത് ലാഗാനാസിലെ  ഏക ഇന്ത്യൻ റെസ്റ്റോറന്റ് ആയ താജ് മഹലിൽ. കുറച്ച് ദിവസമായി ബർഗറും സാൻവിച്ചും മാത്രം കിട്ടിയ നാവും വയറും മുറുമുറുപ്പിലായിരുന്നു. ചൂടോടെ ബിരിയാണിയും, ചപ്പാത്തിയും, കോലാപൂരി ചിക്കൻ കറിയും ഒക്കെ വരുത്തി കഴിച്ച് തീർത്തപ്പോൾ ഒരു സമാധാനമായി. രാത്രി സുഖമായി ഉറങ്ങി.

              ജോർജിയുടെ ഫോൺകോൾ ആണ് രാവിലെ ഉണർത്തിയത്. സക്കിൻതോസ് ചുറ്റിക്കാണിക്കാൻ ഞങ്ങൾ ഏർപ്പാടാക്കിയ ഡ്രൈവർ. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് റെഡി ആവുമ്പോഴേക്കും താൻ വണ്ടിയുമായി ഹോട്ടലിനു മുന്നിലുണ്ടാവുമെന്ന് പറഞ്ഞ് ജോർജി ഫോൺ വെച്ചു. അറ്റ്ലാന്റിസിലെ റെസ്റ്റോറന്റിൽ നിന്നും ഓംലെറ്റ് സാൻവിച്ചും തേനൊഴിച്ച പാൻകേക്കും ഓറഞ്ച് ജ്യൂസും അകത്താക്കിയ ശേഷം ഞങ്ങളിറങ്ങി. ലഗാനാസ് ബീച്ചിനെ തൊട്ടു കിടക്കുന്ന ചെറിയൊരു ദ്വീപായ കാമിയോ ഐലൻഡിലേക്കാണ് ജോർജി ഞങ്ങളെ ആദ്യം കൊണ്ട് പോയത്. ചെറിയൊരു ദ്വീപ് എന്നതിനേക്കാൾ വലിയൊരു പാറ എന്ന് പറയുന്നതാവും കുറച്ച് കൂടി ഉചിതം. ഇളകി നിൽക്കുന്ന ഒരു മരപ്പാലം കടന്നു വേണം ലഗാനാസ് ബീച്ചിൽ നിന്നും കാമിയോ ദ്വീപിലേക്കെത്താൻ. പാതി വഴിയെത്തി താഴേക്ക് നോക്കിയപ്പോൾ വെള്ളത്തിൽ കുറെ കറുത്ത പന്തുകൾ കിടക്കുന്നത് കണ്ടു. കൂർത്ത മുള്ളുകൾ നിറഞ്ഞ പന്തുകൾ. ‘ബ്ലാക്ക് സീ അർച്ചിൻ’ എന്ന കടൽ ജീവികളാണ്. ഇത് ശ്രദ്ധിക്കാതെ ആ ഭാഗത്ത് നീന്താൻ ഇറങ്ങിയാൽ മുള്ളു കുത്തി പഞ്ചറായത് തന്നെ. കാമിയോ ദ്വീപിൽ പ്രവേശിക്കുവാൻ 5 യൂറോ എൻട്രി ഫീ കൊടുക്കണം. മുകളിലെ റെസ്റ്റോറന്റിൽ ടിക്കറ്റ് കാണിച്ചാൽ ഒരു ഡ്രിങ്ക് ഫ്രീ കിട്ടും. കോളയോ, ഫ്രൂട് ജ്യൂസോ, ബിയറോ, കോഫിയോ എന്താണ് താല്പര്യം എന്ന് വെച്ചാൽ അത് ഒരു ഗ്ലാസ്. ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു ചെറിയ ബീച്ച് ആണ് ദ്വീപിന്റെ മറുവശത്ത്. കസേരയും കുടയും ഒക്കെ നിവർത്തിയിട്ട് കടൽക്കാറ്റ് കൊണ്ട് വെയിൽ കായുന്ന കുറെ പേരുണ്ടവിടെ. ഒരു കുതിരലാടത്തിന്റെ ആകൃതിയുള്ള  കാമിയോ ദ്വീപിന്റെ രണ്ടറ്റത്തുമുള്ള പാറകളെ ഉയരത്തിൽ ബന്ധിപ്പിച്ച് കെട്ടിയ ഒരു ചരടിൽ നീളൻ വെള്ളത്തുണികൾ വിരിച്ച് കെട്ടിയിരിക്കുന്നു. കടൽക്കാറ്റിൽ വിരിഞ്ഞ് പാറുന്ന ആ തുണിശീലകളുടെ നിഴൽ വെള്ളത്തിൽ വീണു കിടക്കുന്നത് കാണാൻ നല്ല ഭംഗി. പക്ഷെ എന്തിനാണ് അതവിടെ കെട്ടിയിരിക്കുന്നതെന്നോ, എന്താണ് അവയുടെ പ്രാധാന്യമെന്നോ എവിടെയും എഴുതി കണ്ടില്ല. സക്കിൻതോസിലെ വിവാഹങ്ങൾ പലതും കാമിയോ ദ്വീപിലാണ്  നടക്കാറുള്ളത്. ഒരു പക്ഷെ മുൻപത്തെ ഏതെങ്കിലും വിവാഹത്തിന്റെ അലങ്കാരം സ്ഥിരമാക്കി നിർത്തിയതാവാം ആ ശീലകൾ.

                അടുത്ത ലക്‌ഷ്യം നവാജിയോ ബീച്ച് തന്നെ. ചുറ്റിനും ചെങ്കുത്തായ പാറക്കെട്ട് വളഞ്ഞു നിൽക്കുന്നതിനാൽ കടൽ മാർഗം മാത്രമേ ബീച്ചിലേക്കെത്താൻ സാധിക്കൂ. നവാജിയോ ബീച്ചിന്റെ ഏറ്റവും സുന്ദരമായ കാഴ്ച ലഭിക്കുന്നത് ബീച്ചിൽ നിൽക്കുമ്പോഴല്ല, മറിച്ച് ആ പാറക്കെട്ടിന് മുകളിൽ നിൽക്കുമ്പോഴാണ്. ആദ്യം പാറക്കെട്ടിന് മുകളിൽ ചെന്ന ശേഷം ബോട്ട് മാർഗം ബീച്ചിലേക്ക്. അതായിരുന്നു പ്ലാൻ. ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ ഡ്രൈവ് ഉണ്ട്. സക്കിൻതോസിലെ  ഉൾഗ്രാമങ്ങളും കൃഷിയിടങ്ങളുമെല്ലാം പോവുന്ന വഴിയിൽ ഇരുവശവും കാണാം. മുന്തിരിയും ഒലീവും ഓറഞ്ചും വളരുന്ന ഫാമുകൾ. സാമാന്യം സംസാര പ്രിയനാണ് ജോർജി. ഇന്ത്യൻ സിനിമകൾ ചിലതൊക്കെ കണ്ടിട്ടുണ്ട് പുള്ളി. 3 ഇഡിയറ്റ്സ് ആണ് പുള്ളിയുടെ ഇഷ്ട സിനിമ. പക്ഷെ എന്ത് കൊണ്ടാണ് ഇന്ത്യക്കാർ ‘മ്യൂസിക്കൽ സിനിമകൾ’ മാത്രം നിർമിക്കുന്നത് എന്നാണ്ജോർജിയുടെ സംശയം. വിദേശ  സിനിമകൾക്കിടയിൽ ഗാനരംഗങ്ങൾ ഇല്ലാത്തതിനാൽ പാട്ടുകൾ ഉള്ള സിനിമകളെല്ലാം  അവർക്ക് ‘മ്യൂസിക്കൽസ്’ ആണല്ലോ. പണ്ടെല്ലാം നല്ല കാമ്പുള്ള സിനിമകൾ നിർമ്മിച്ചിരുന്ന ഗ്രീക്കുകാർ ഇന്ന് ഹോളിവുഡിനെ അന്ധമായി അനുകരിക്കാൻ മാത്രം ശ്രമിച്ച് പരാജയപ്പെടുന്നുവെന്നായിരുന്നു ജോർജിയുടെ പരിഭവം. വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞതാണ് സക്കിൻതോസിലെ ഉൾനാടൻ ഗ്രാമപാതകൾ. ഉള്ളിലേക്കുള്ള ഭാഗങ്ങളിൽ ജനസംഖ്യ വളരെ കുറവാണ്. കിലോമീറ്ററുകളോളം വിജനമായ പുൽമേടുകൾക്കും, മൊട്ടക്കുന്നുകൾക്കും ഇടയിൽ ചിതറിക്കിടക്കുന്ന മൂന്നു നാല് ഗ്രാമങ്ങൾ മാത്രം. ദിവസത്തിൽ ഒരു തവണ മാത്രമേ പട്ടണത്തിൽ നിന്നും ഈ ഭാഗങ്ങളിലേക്ക് ബസ് ഉള്ളൂ. തന്മൂലം നവാജിയോ ബീച്ചിന് മുകളിലെ വ്യൂപോയിന്റിൽ ചെന്നെത്താൻ ആഗ്രഹിക്കുന്ന  സഞ്ചാരികൾക്ക് സ്വന്തമായി വാഹനം ഏർപ്പാടാക്കാതെ നിവൃത്തിയില്ല. കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ ജോർജി മുന്നിലെ കുന്നുകളിലേക്ക് വിരൽ ചൂണ്ടി. ചാരം മൂടിക്കിടക്കുന്ന കുന്നുകൾ. രണ്ടാഴ്ച മുമ്പുണ്ടായ ഒരു കാട്ടുതീയിൽപ്പെട്ട് കരിഞ്ഞ് പോയതാണത്രേ അവിടമെല്ലാം. മരങ്ങളുടെ മുകൾ ഭാഗത്തെ  ഇലകൾക്ക് പച്ച നിറം, തീനാമ്പുകൾ നക്കിയ താഴത്തെ ഇലകൾക്ക് തവിട്ടു നിറം. കാട്ടുതീ മരങ്ങൾക്ക് കൊടുത്ത ‘ഡ്യുവൽ ടോൺ’.

            അവിടെ നിന്നും പത്ത് മിനിറ്റിനുള്ളിൽ നവാജിയോ വ്യൂപോയിന്റ് എത്തി. വണ്ടി പാർക്ക് ചെയ്തിടത്ത് നിന്നും വ്യൂപോയിന്റിലെത്താൻ കുറച്ച് നടക്കണം. വഴിയൊന്നും വെട്ടിയിട്ടില്ല. പാറകളുടെയും കുറ്റിച്ചെടികളുടെയും ഇടയിലൂടെ തട്ടിത്തടഞ്ഞ് മുക്കാൽ കിലോമീറ്ററോളം നടന്നാൽ പാറക്കെട്ടിന്റെ അറ്റത്തെത്താം. നടക്കുന്തോറും താഴെ കടലിരമ്പം കേട്ട് തുടങ്ങി. വ്യൂപോയിന്റിൽ തിരക്കൊന്നുമില്ല. ഇങ്ങോട്ടെത്തിപ്പെടാൻ ഉള്ള ബുദ്ധിമുട്ടും ചിലവും കാരണം വളരെ കുറച്ച് പേര് മാത്രമേ ഈ യാത്രക്ക് മിനക്കെടാറുള്ളൂ. അവിടെ വലിയൊരു കൊടിമരത്തിൽ ഗ്രീക്ക് പതാക പാറുന്നുണ്ടായിരുന്നു. അതിനേക്കാൾ വലിയൊരു ബ്രിട്ടീഷ് പതാകയും അതെ കൊടിമരത്തിൽ പാറുന്നു. ഗ്രീസിന് മുകളിൽ ബ്രിട്ടൻ എങ്ങനെ കേറിയെന്ന് ജോർജിയോട് ചോദിച്ചപ്പോൾ പുളിക്കും പിടിയില്ല. കഴിഞ്ഞ ആഴ്ച അതവിടെ ഉണ്ടായിരുന്നില്ലെന്നും വകതിരിവില്ലാത്ത ഏതെങ്കിലും ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഒപ്പിച്ച പണിയാവാമെന്നുമാണ് ജോർജിയുടെ അനുമാനം. ആ കൊടിമരമാണ് നവാജിയോ ബീച്ചിന്റെ നീലിമ ഏറ്റവും മനോഹരമായി കാണാൻ സാധിക്കുന്നിടം. മൂന്നടി മുന്നോട്ടു വെച്ചാൽ ചെങ്കുത്തായ പാറക്കെട്ടിൽ നിന്നും നേരെ കടലിലേക്ക് പതിക്കും.നിൽക്കാൻ ധൈര്യം തോന്നാഞ്ഞതിനാൽ ഞങ്ങൾ അരികത്തെ പാറയിൽ ഇരുന്നു. സക്കിൻതോസിലെ അഡ്വെഞ്ചർ ക്ലബ് ചില ദിവസങ്ങളിൽ ഇവിടെ ബേസ് ജമ്പിങ് സംഘടിപ്പിക്കാറുണ്ട്. ഈ പാറക്കെട്ടിന് മുകളിൽ നിന്നും പാരച്യൂട്ട് ബാഗ് ധരിച്ച് താഴെ ബീച്ചിലേക്ക് ബേസ് ജമ്പിങ് ചെയ്യുന്നതിന്റെ അതിമനോഹര ദൃശ്യങ്ങൾ യൂട്യൂബിൽ കാണാം. ബീച്ചിലേക്ക് ബോട്ടുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. തെളിനീല വെള്ളത്തിന് മുകളിലെ ബോട്ടുകളുടെ നിഴൽ താഴെ മണലിൽ ഉടയാതെ കാണുന്നത് മൂലം അവയെല്ലാം വായുവിൽ പൊങ്ങി നിൽക്കുന്ന പോലൊരു പ്രതീതിയാണുള്ളത്. കടൽത്തീരത്തെ വെള്ള മണലിൽ പഞ്ചസാര പാത്രത്തിലെ ഉറുമ്പുകളെന്ന പോലെ ചിതറിക്കിടക്കുന്ന കുറെ പേർ. പാറക്കെട്ടിന് താഴെ പഴയൊരു ചരക്കുകപ്പൽ തുരുമ്പെടുത്ത് കിടപ്പുണ്ട്. കുറെ വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിലെ കൊടുങ്കാറ്റിൽപ്പെട്ട് പാറയിലിടിച്ച് തകർന്നൊരു കള്ളക്കടത്ത് കപ്പലാണ് അതെന്ന് ജോർജി വിശദീകരിച്ച് തന്നു. ഇവിടെ നിന്നും നോക്കിയാൽ ആ പാറക്കെട്ടിന്റെ അറ്റം കടലിലേക്കിറങ്ങിപ്പോകുന്ന ഒരു മുതലയാണെന്നേ തോന്നൂ. ഉപ്പ് കാറ്റ് കൊണ്ടും തിരമാലകളെ കേട്ടും ഇളവെയിലത്ത് പാറക്കെട്ടിലടിച്ച് തകരുന്ന കടലിനെ നോക്കിയിരുന്ന കുറെ നിമിഷങ്ങൾ.

       ഇനി ബീച്ചിലേക്കിറങ്ങണം. ഏറ്റവും അടുത്തുള്ള ബോട്ട് ജെട്ടിയാണ് പോർട്ടോ റോമി. വ്യൂപോയിന്റിൽ നിന്നും പത്ത് കിലോമീറ്റർ ദൂരം. ഇവിടെ നിന്നും 15 യൂറോ ടിക്കറ്റ് എടുത്താൽ ബോട്ടിൽ നവാജിയോ ബീച്ചിൽ ചെന്നിറങ്ങി ഒരു മണിക്കൂറോളം ചിലവിട്ട ശേഷം അതേ ബോട്ടിൽ തിരിച്ചെത്താം.  നിർഭാഗ്യവശാൽ ഞങ്ങൾ അവിടെ ചെല്ലുമ്പോഴേക്കും പുറംകടലിൽ ശക്തിയായ കാറ്റടിച്ച് തുടങ്ങിയിരുന്നു. തിരമാലകളുടെ ആക്കം കൂടിയത് മൂലം ബീച്ചിലേക്കുള്ള ബോട്ട് സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. കുറെ നേരം കാത്തിരുന്നു. ആകാശം മെല്ലെ തെളിഞ്ഞു തുടങ്ങിയപ്പോൾ നിർത്തിയിട്ടിരുന്ന ഒരു ബോട്ടിലെ ക്യാപ്റ്റൻ യാത്രക്കൊരുങ്ങി. അതോടെ ഞങ്ങളും ഉത്സാഹത്തിലായി. ക്യാപ്റ്റന്റെ പേര് യാനി. ഞങ്ങളുടെ യാനത്തിന്റെ കപ്പിത്താൻ യാനി ! ഏതാണ്ട് 30 മിനുട്ടോളം ബോട്ട് യാത്രയുണ്ട് ബീച്ചിലേക്ക്. പോവുന്ന വഴി കൗതുകമാർന്ന ചില ഗുഹകൾ കാണാം. കടലിലേക്ക് തള്ളി നിൽക്കുന്ന പാറക്കെട്ടുകളിൽ തിരമാലകൾ അടിച്ചുണ്ടായ ഗുഹകൾ. ചിലത് രണ്ട് വശവും തുറന്ന് കമാനങ്ങൾ പോലെ നിൽക്കുന്നവ. ‘ബ്ലൂ ഗ്രോട്ടോസ്’ എന്നാണിവയെ വിളിക്കുന്നത്. വലിയ രണ്ടു മൂന്നെണ്ണത്തിന്റെ ഉള്ളിലൂടെ യാനി ബോട്ട് കൊണ്ട് ചെന്നു. കഷ്ടി ഒരു ബോട്ടിനു കടക്കാവുന്ന വീതിയെ കാണൂ. പക്ഷെ പണിയറിയാവുന്ന ക്യാപ്റ്റന്മാർ വശങ്ങളിൽ ഇടിക്കാതെ എളുപ്പം ബോട്ട് പുറത്തെത്തിക്കും. യാനിക്ക് പണിയറിയാം.


                  ബ്ലൂ ഗ്രോട്ടോസ് താണ്ടി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ നവാജിയോ ബീച്ചിലെത്തി. മുകളിൽ നിന്ന് നോക്കുമ്പോൾ കണ്ട ആൾക്കൂട്ടമെലാം പോയിരിക്കുന്നു. കാറ്റും മഴയും മൂലം ബോട്ടുകൾ സർവീസ് നിർത്തിയ കാരണം ബീച്ചിൽ ആരുമുണ്ടായിരുന്നില്ല. ഞങ്ങളുടെ ബോട്ടിലെ ഗ്രൂപ്പ് മാത്രം. ഉർവശി ശാപം ഉപകാരം എന്ന പോലെ കുറച്ച് മുന്നേ കടൽ കലിപ്പിലായത് കൊണ്ട് ഞങ്ങൾക്ക് മാത്രമായി കിട്ടിയ അവസരം. കടലിനും കരക്കും നല്ല വൃത്തിയാണ്. ഒരു തുണ്ടു പ്ലാസ്റ്റിക്കോ കടലാസോ എങ്ങും കാണാനില്ല. അതുപോലെ തന്നെ തട്ടുകടകളും സുവനീർ ഷോപ്പുകളും നിരത്തി ഇവിടത്തെ ടൂറിസത്തെ വാണിജ്യവൽക്കരിക്കാനും ആരും ശ്രമിച്ചിട്ടില്ല. കണ്മുന്നിൽ നീലക്കടലും, തരിമണലും, പാറക്കെട്ടും ആ കപ്പലും മാത്രം. വിശദമായി തന്നെ നീന്തി തിമർത്തു. ഓളങ്ങളിൽ  കിടന്നു കൊണ്ട് ദൂരെ മേലേക്ക് നോക്കുമ്പോൾ നേരത്തെ കയറിച്ചെന്ന വ്യൂപോയിന്റും അതിൽ പാറുന്ന രണ്ടു പതാകകളും കാണാം. കരയ്ക്കടിഞ്ഞ ചരക്ക് കപ്പൽ ഏതാണ്ട് പൂർണമായും തുരുമ്പെടുത്ത് പൊടിയാറായ സ്ഥിതിയിലാണ്. ഉള്ളിലെ ചുവരുകളിൽ പ്രണയ ജോഡികളുടെയും സുഹൃത്‌സംഘങ്ങളുടെയും ഒക്കെ പേരുകൾ സ്പ്രേ പെയിന്റും ചോക്കും ഒക്കെ വെച്ച് എഴുതിയിട്ടുണ്ട്. രാഷ്ട്രഭേദമില്ലാത്ത    ചില ശീലങ്ങൾ.

                 ഒരു മണിക്കൂറിന് ശേഷം മടക്ക യാത്ര തുടങ്ങി. ബോട്ട് ജെട്ടിയിൽ ജോർജി കാത്ത് നിൽപ്പുണ്ടായിരുന്നു. നീന്തലിന്റെ ക്ഷീണം മാറ്റാൻ ഏതേലും നല്ല റെസ്റ്റോറന്റിൽ കൊണ്ട് ചെല്ലാൻ പറഞ്ഞു. പീത്ത- പീത്ത സ്നാക്ക് ബാറിലാണെത്തിയത്. ഓർഡർ ചെയ്തത് പീത്ത ഗൈറോസ്‌. കട്ടിയുള്ള ഗ്രീക്ക് റൊട്ടിയാണ് പീത്ത. അത് ചുരുട്ടി ഉള്ളിൽ നുറുക്കി വേവിച്ച ബോൺലെസ്സ് ചിക്കനും, തക്കാളിയും, ഉള്ളിയും നിറച്ചാൽ പീത്ത ഗൈറോസ്‌ ആയി. ജെജിക്കി എന്ന സോസും, ഫ്രഞ്ച് ഫ്രൈസും  ചേർത്ത് വിളമ്പുന്ന പീത്ത ഗൈറോസ്‌ ഒരെണ്ണം തിന്നാൽ തന്നെ വയറു നിറയും. താങ്ങാവുന്ന വിലയെ ഉള്ളൂ താനും. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യുന്നവർക്കൊക്കെ വിശപ്പ് മാറ്റാൻ ഉത്തമം ആണ് പീത്ത ഗൈറോസ്‌. അങ്ങനെ പൈത്തഗോറസിനെയും ശാപ്പിട്ട് ഏതാണ്ട് അഞ്ചു മണിയോടെ ഞങ്ങൾ  ലഗാനാസിലെ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലിനു മുന്നിൽ എത്തിയപ്പോൾ സ്വിമ്മിങ്ങ് പൂളിൽ വാട്ടർ വോളി കളിക്കുന്നവരുടെ ബഹളം. നവാജിയോ ബീച്ചിൽ നീന്തിക്കയറിയ ഹാങ്ങോവർ മാറിയിട്ടില്ല. എന്നാൽ പിന്നെ ഇന്നത്തെ ബാക്കി ജലനീരാട്ട്‌ സ്വിമ്മിങ്ങ് പൂളിൽ ആവട്ടെ എന്നുറപ്പിച്ച് ഞങ്ങളുമിറങ്ങി.

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT