Travel

ടെഹ്‌റാൻ – മലമുകളിലെ ഫുഡ് സ്ട്രീറ്റ്

on
ജൂലൈ 12, 2020

                                                          ഇറാൻ യാത്രയിൽ ആദ്യം കാലു കുത്തിയത് തലസ്ഥാന നഗരമായ ടെഹ്‌റാനിലാണ്. ഒരു രാജ്യം സന്ദർശിക്കുമ്പോൾ അതിന്റെ തലസ്ഥാനം ഒഴിവാക്കരുതല്ലോ. എത്തുന്ന ദിവസം അധികം പ്ലാനുകളില്ലാതെ വിസാ പരിപാടികളും സിം കാർഡ് എടുക്കലും കറൻസി മാറ്റലും (ഇറാനി റിയാൽ ഇന്ത്യയിൽ കിട്ടില്ല. രൂപ യൂറോയിലേക്ക് മാറ്റി അവിടെ പോയി അതു കൊടുത്തു റിയാൽ വാങ്ങണം.) എല്ലാം കഴിഞ്ഞ് ഒന്നു വിശ്രമിക്കണം എന്നു കരുതിയാണ് ആദ്യത്തെ സ്റ്റോപ്പായി ടെഹ്റാൻ തന്നെ തിരഞ്ഞെടുത്തത്. അതു കൊണ്ടു തന്നെ ടെഹ്റാനിൽ അധികം പ്ലാനൊന്നുമുണ്ടായിരുന്നില്ല. ഗോലസ്ഥാൻ കൊട്ടാരവും ഡാർബാൻഡും തബിയാത്ത് ബ്രിഡ്‌ജും കാണണം എന്നാണു കരുതിയത്.

                                                               ഇമാം ഖൊമെയ്‌നി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഫ്ലൈറ്റ് ഇറങ്ങുന്ന സ്ഥലം തൊട്ടു വിസാ കൗണ്ടർ വരെ ഇറാനിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളുടെയെല്ലാം ആകർഷകമായ ചിത്രങ്ങൾ നിരക്കനെ ഇരുഭാഗത്തെ ചുവരുകളും തൂക്കിയിരിക്കുന്നു. ഒന്നും പ്ലാൻ ചെയ്യാതെ വന്നാലും പോവേണ്ട സ്ഥലങ്ങളുടെ ഒരേകദേശ ധാരണ അതു നോക്കിയാൽ തന്നെ കിട്ടും. കേരളത്തിലെ എയർപോർട്ടുകളിലും പരീക്ഷിച്ചു നോക്കാവുന്ന ഒരു ആശയമാണിത്. ഇറാനിലേക്ക് രണ്ടു തരത്തിൽ വിസയ്ക്ക് അപേക്ഷിക്കാം. പോവുന്നതിനു മുമ്പ് തന്നെ ഓൺലൈനിൽ അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വിസ കോഡ് അവിടെ എത്തിയതിനു ശേഷം വിസ കൗണ്ടറിൽ കാണിച്ചാൽ വിസ കിട്ടും. അല്ലെങ്കിൽ അവിടെയെത്തിയതിനു ശേഷം ഓൺ അറൈവൽ വിസ എടുക്കാം. ഞങ്ങൾ ഇ-വിസയ്ക്ക് അപേക്ഷിച്ച് അതു നിരസിക്കപ്പെട്ടിരുന്നു. നെറ്റിൽ നോക്കിയപ്പോൾ ഇത് സാധാരണമാണെന്നും, ഓൺ അറൈവൽ വിസയാണ് കിട്ടാൻ ഏറ്റവുമെളുപ്പമെന്നുമാണ് കണ്ടത്. അതിനാൽ അവിടെപ്പോയി വീണ്ടും ഓൺ അറൈവൽ വിസയ്ക്ക് അപേക്ഷിക്കാൻ തീരുമാനിച്ചു. ഒരു തവണ വിസ നിരസിക്കപ്പെട്ടാൽ അവിടെപ്പോയി വിസയെടുക്കുമ്പോൾ കിട്ടാതിരിക്കുമോ എന്ന പേടിയൊക്കെ ഉണ്ടായിരുന്നു. എങ്കിലും രണ്ടും കൽപ്പിച്ച് പോവുകയായിരുന്നു. വളരെ അനൗപചാരികമായൊരു അന്തരീക്ഷമായിരുന്നു വിസ കൗണ്ടറിന്. ഒരു കഫറ്റേരിയയുടെ മട്ട്. കുറച്ചു കോഫീ ടേബിളുകൾ അവിടവിടെയായി ഇട്ടിരിക്കുന്നു. ഫോം വാങ്ങി അവിടെയിരുന്നു സാവധാനം പൂരിപ്പിച്ചു കൊടുക്കാം. ആകെ രണ്ടു ഉദ്യോഗസ്ഥർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അധികം ചോദ്യങ്ങളും പറച്ചിലുകളുമൊന്നുമുണ്ടായില്ല. അപ്പോൾ തന്നെ ആശ്വാസമായി. ഇറാൻ യാത്ര സോഷ്യൽ മീഡിയയിൽ അനൗൺസ് ചെയ്തപ്പോൾ ഒരുപാട് പേർ മെസ്സേജ് അയച്ചു ചോദിച്ചത് ഇറാൻ വിസ പാസ്‌പോർട്ടിൽ ഉണ്ടെങ്കിൽ പിന്നെ അമേരിക്ക അടക്കം മറ്റു പല രാജ്യങ്ങളിലും പോവാൻ ബുദ്ധിമുട്ടാവില്ലേ എന്നാണ്. ഇന്റർനെറ്റിലൊന്നും ഇതിനു വ്യക്തമായൊരുത്തരം കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാനിൽ പോകണമെന്ന മോഹം കൊണ്ടു വരുന്നിടത്ത് വെച്ചു കാണാം എന്നു കരുതിയാണ് ഇരുന്നത്. ഒരുപാട് പേർക്ക് അങ്ങനെയൊരു സംശയം ഉള്ളതു കൊണ്ട് അതിവിടെ കുറിച്ചിടാമെന്നു കരുതി. ഇറാൻ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യില്ല. വേറെ കടലാസിൽ അടിച്ചു തരികയുമില്ല. ഡിജിറ്റലായി അവരുടെ കമ്പ്യൂട്ടറിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്യുക. അത് ഒരേ സമയം ആശ്വാസവും അല്പം സങ്കടവുമുണ്ടാക്കി. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ തടസ്സമാവില്ലല്ലോ എന്ന ആശ്വാസവും ഇറാൻ വിസ ഞങ്ങളുടെ പാസ്‌പോർട്ടിൽ ഉണ്ടാവില്ലല്ലോ എന്ന സങ്കടവും. വിസ കിട്ടിയതിനു ശേഷം കറൻസി മാറ്റി. റിയാലാണ് ഇറാനിലെ കറൻസി. ഒരു ഇന്ത്യൻ രൂപ ഏകദേശം ആയിരത്തി അഞ്ഞൂറ് റിയാലോളം വരും. മൂല്യം വളരെയധികം ഇടിഞ്ഞ കറൻസികളിലൊന്നാണ്  ഇറാനി റിയാൽ. സിം കാർഡും എടുത്തു. ഇന്ത്യയിലെ അത്ര തന്നെ ചിലവേ സിം കാർഡ് എടുക്കുന്നതിനും മറ്റും വേണ്ടി വന്നുള്ളൂ.

                                                           എയർപോർട്ടിൽ പല പ്രത്യേകതകളും കണ്ടു. ഒരു എയർപോർട്ടിൽ റെസ്ററ് റൂമിനോടു ചേർന്ന് ബാർബർ ഷോപ്പ് കാണുന്നത് ആദ്യമായിട്ടാണ്. ആളുകളുടെ സംശയങ്ങൾ തീർക്കുന്ന കൗണ്ടറിന്റെ അവിടെ കൈൻഡ് നെസ്സ് അംബാസ്സഡർ എന്ന ബോർഡ് കണ്ടപ്പോൾ കൗതുകം തോന്നി. വാക്കുകളിൽ ഉപയോഗിച്ചിരിക്കുന്ന എത്ര ചെറിയൊരു വ്യത്യാസം മതി പരിചയമില്ലാത്തൊരു രാജ്യത്തേക്ക് ആദ്യമായി വരുന്നൊരാളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ! എയർപോർട്ടിൽ നിന്നു തന്നെ സിറ്റിയിലേക്ക് മെട്രോ സർവീസ് ഉണ്ട്. ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിനടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു. രണ്ടു പേർക്കും കൂടി അറുപതു രൂപ മാത്രം. പൊതു ഗതാഗതം ഉപയോഗിക്കാൻ വളരെ ചിലവു കുറവാണിവിടെ. ഞങ്ങൾക്ക് വീട്ടിൽ നിന്ന് ബാംഗ്ലൂർ എയർപോർട്ടിലേക്ക് വരാൻ തന്നെ ഏകദേശം രണ്ടായിരം രൂപ ടാക്സിക്ക് കൊടുക്കണം!

                                               ഞങ്ങൾ താമസിച്ചത് വോണോ എന്നു പേരായ ഹോസ്റ്റലിലാണ്. വളരെ ചെറിയ ഒരു ഹോസ്റ്റലായിരുന്നു അത്. നഗരത്തിൽ ഞങ്ങൾക്ക് പോകേണ്ട സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ എളുപ്പമുള്ള ഒരു സ്ഥലം നോക്കിയാണ് മിർസായി ഷിറാസിക്കടുത്തുള്ള ഹോസ്റ്റൽ തിരഞ്ഞെടുത്തത്. കേവലം എണ്ണൂറു രൂപയായിരുന്നു ഒരു രാത്രി അവിടെ താങ്ങാനുള്ള വാടക. യൂറോപ്യൻ രാജ്യങ്ങളിലുള്ള ഹോസ്റ്റലുകൾ പോലെ നാലഞ്ചു കിടക്കകളുള്ള ഒരു ഡോർമിറ്ററി പ്രതീക്ഷിച്ച ഞങ്ങൾ ടെഹ്റാനിലെ ഹോസ്റ്റൽ കണ്ട്‌ അത്ഭുതപ്പെട്ടു. ഒരു മുറിയിൽ രണ്ടു കിടക്കകളാണ് ഉണ്ടായിരുന്നത്. മുറിയോട് ചേർന്ന് കുളിക്കാനുള്ള സൗകര്യമില്ല എന്നതൊഴിച്ചാൽ ഒരു സാധാരണ ഹോട്ടലിന്റെ സൗകര്യങ്ങളുള്ള എന്നാൽ വളരെ ചിലവു കുറഞ്ഞ മുറി. ആ ഹോസ്റ്റലിൽ ആകെ രണ്ടു മുറികളേ ഉണ്ടായിരുന്നു താനും. പ്രഭാത ഭക്ഷണം ഹോസ്റ്റലിൽ കിട്ടും. ഗൈഡഡ് ഗ്രൂപ്പ് ടൂറുകൾ, ടാക്‌സികൾ എന്നിവ വേണമെങ്കിൽ അവർ തന്നെ ഏർപ്പാടാക്കി തരും. ഞങ്ങൾ ഏതായാലും മെട്രോ മാർഗം നഗരം ചുറ്റിക്കാണാമെന്നു തീരുമാനിച്ചു.

                                                        ആദ്യത്തെ ദിവസം തുടങ്ങിയത് തന്നെ അല്പം നിരാശയോടെയാണ്. ഗോലസ്ഥാൻ കൊട്ടാരം കാണാൻ പോയി മടങ്ങേണ്ടി വന്നു. കൊട്ടാരം അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതു കാരണമാണെന്ന് തോന്നുന്നു. ഗെയ്റ്റിന് മുമ്പിൽ നിന്നിരുന്ന സെക്യൂരിറ്റി ഓഫീസർമാർക്ക് ഞങ്ങൾ ചോദിച്ചതു മനസിലായില്ല. അവർ പറഞ്ഞത് ഞങ്ങൾക്കും! ഏതായായാലും അങ്ങനെ അനുമാനിച്ച് ഞങ്ങൾ തിരികെ നടന്നു. പക്ഷേ, അതുകൊണ്ട് ഒരു ഗുണമുണ്ടായി. അന്നു പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ നഗരം മുഴുവൻ ചുറ്റി നടക്കാൻ പറ്റി. റോഡിലേക്കിറങ്ങിയപ്പോൾ പ്രത്യേക തരത്തിലുള്ള ബൈക്കുകൾ! എല്ലാ ടൂ വീലറുകളിലും തണുപ്പും പൊടിയും അടിക്കാതിരിക്കാനും മഴയത്ത് നനയാതിരിക്കാനുമുള്ള ഷീൽഡുകളുണ്ട്. പോരാത്തതിന് ഹാൻഡിൽ ബാറിൽ കയ്യുറകളും ഘടിപ്പിച്ചിരിക്കുന്നു. തണുപ്പു കാലത്ത് വണ്ടിയോടിക്കുമ്പോൾ കോച്ചി വിറക്കാതിരിക്കാനായിരിക്കണം. ഇന്ത്യൻ ബൈക്കുകൾ ടെഹ്റാനിൽ ധാരാളമുണ്ട്. അപ്പാച്ചെയും, പൾസറും ഒക്കെയാണ് ടെഹ്റാനിലെ സൂപ്പർ ബൈക്കുകൾ. ഹാൻഡിൽ ലോക്കിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു, പല ബൈക്കുകളും പ്രത്യേകം ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ട്.

                                                                  ഗോലസ്ഥാൻ കൊട്ടാരമല്ലാതെ ടെഹ്റാനിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്ന മറ്റൊരു സ്ഥലം ഡാർബാൻഡ്‌ ആണ്. ഡാർബാൻഡിൽ സന്ധ്യാസമയത്ത് പോയാലേ ആസ്വദിക്കാൻ പറ്റുകയുള്ളൂ. താബിയാത്ത് ബ്രിഡ്ജിൽ രാത്രിയിൽ പോവുന്നതാണ് അഭികാമ്യം. ടെഹ്‌റാൻ നഗരത്തിൽ നിന്നും അല്പം വിട്ടുമാറി തൊച്ചാൽ മലയുടെ താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഡാർബാൻഡ്. ഇതു പണ്ടൊരു ഗ്രാമപ്രദേശമായിരുന്നു. മലയുടെ താഴ്വാരം ഒരു ഹൈക്കിങ് ട്രെയിലാക്കി മാറ്റിയിരിക്കുകയാണ്. ഹൈക്ക് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഇതിലേ നടന്നു കേറി മുകളിലേക്ക് പോവാം. എന്നാൽ ഇതല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. ഇതൊരു വെറും ഹൈക്കിങ് ട്രെയിലല്ല. ട്രെയിലിന്റെ ഇരുവശത്തും നിറയെ ഭക്ഷണശാലകളാണ്. മലയിലേക്കുള്ള വാതിൽ എന്നാണത്രെ ഡർബാൻഡ്‌ എന്ന വാക്കിന്റെ അർത്ഥം. കലാസാംസ്കാരിക നായകരായ ദാർവീഷ് ഖാൻ, ഇറാജ് മിർസ, റാഹി മോയ്‌യേരി തുടങ്ങിയ അനവധി പേരെ അടക്കം ചെയ്‌തിരിക്കുന്ന ഒരു സെമിത്തേരിയും ഇതിനടുത്തുണ്ട്.

                                                     ഡാർബാൻഡ് എത്തിയപ്പോഴേക്കും ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു. നല്ല തണുപ്പുമുണ്ടായിരുന്നു. മെട്രോയിൽ നിന്ന് ടാക്സി വിളിച്ചാണ് പോയത്. ഏകദേശം അര മണിക്കൂറോളമുള്ള യാത്രക്ക് വെറും എഴുപത് രൂപയാണ് ആയത്. പൊതു ഗതാഗതം മാത്രമല്ല ടാക്സി സർവീസും വളരെ ചിലവു കുറവാണിവിടെ. കുത്തനെയുള്ള കയറ്റമാണെങ്കിലും ഇരുവശത്തും ഭക്ഷണശാലകളുള്ളത് കൊണ്ട് അതു നോക്കിയും ഓരോന്ന് വാങ്ങിയുമൊക്കെ നടന്നാൽ വലിയ ബുദ്ധിമുട്ടില്ലാതെ കയറാവുന്ന ഒരു ഹൈക്കിങ് ട്രെയിലാണിത്. ചെറിയ കടകൾ മുതൽ വളരെ ചിലവേറിയ റസ്റ്റോറന്റുകൾ വരെ ഇവിടെയുണ്ട്. എല്ലാ ഇറാനിയൻ വിഭവങ്ങളും ലഭിക്കുമെങ്കിലും ചെറിയ കടകളിൽ കൂടുതലും മധുര പലഹാരങ്ങളും ഉപ്പിലിട്ട വിഭവങ്ങളാണ് നിരത്തി വെച്ചിരുന്നത്. വാൾനട്ടും കോളിഫ്ളവറും വരെ ഉപ്പിലിട്ടു വെച്ചിരിക്കുന്നതു കണ്ടു. വൈകുന്നേരങ്ങളിലാണ് തെരുവ് ഉഷാറാകുന്നത്. വഴിവിളക്കുകളെല്ലാം കത്തിത്തുടങ്ങും, തെരുവിൽ ആളുകൾ നിറഞ്ഞു തുടങ്ങും. പാതയ്ക്കിരുവശവും വഴിവാണിഭക്കാരെക്കൊണ്ടു നിറയും. ആ തിരക്കിലൂടെയുള്ള നടപ്പു നല്ല രസമാണ്. പരിചയമില്ലാത്ത കുറേ ആളുകൾക്കിടയിൽ പരിചിതമല്ലാത്ത ഭാഷ മാത്രം കേൾക്കുന്നിടത്ത് അലസമായങ്ങനെ നടക്കുക. കുത്തനെയുള്ള കയറ്റമാണെങ്കിലും പരാതിയില്ലാതെ കാലോ കയ്യോ വേദനിക്കുന്നതറിയാതെ വ്യഥകളെയും ആകുലതകളെയും കാറ്റിൽ പറത്തി വിട്ട് എത്ര നേരം വേണമെങ്കിലും അങ്ങനെ നടക്കാൻ കഴിയും. മഴയത്ത് വഴിയരികിൽ ഒരു കുട്ടിയിരുന്നു ചിത്രം വരയ്ക്കുന്നതു കണ്ടു. വരച്ചു കഴിഞ്ഞ ചിത്രങ്ങൾ അവനിരിക്കുന്നതിന് അടുത്തായി വിൽക്കാൻ നിരത്തി വെച്ചിട്ടുമുണ്ട്. മഴ നനയാതിരിക്കാൻ ഓരോ ചിത്രവും ഒരു പ്ലാസ്റ്റിക് ഫയലിൽ ആക്കിയാണ് വെച്ചിരിക്കുന്നത്. കുറച്ച് കൂടെ നടന്നപ്പോൾ, കുഞ്ഞു പാവകളെ വിൽക്കുന്ന ഒരു സ്ത്രീയുടെ മുന്നിലാണെത്തിയത്. പുറം രാജ്യത്ത് നിന്നുള്ള സഞ്ചാരികളെ കണ്ട കൗതുകത്തിലാണെന്ന് തോന്നുന്നു, അവർ ഞങ്ങളോട് വിശേഷമൊക്കെ ചോദിച്ചു. അതും നല്ല വൃത്തിയുള്ള ഇംഗ്ലീഷിൽ.  കുറച്ച് നേരം സംസാരിച്ച ശേഷം അവരുടെ രണ്ടു മൂന്നു  പാവകളും വാങ്ങി. കാണാൻ നല്ല ഭംഗിയുണ്ട് ഓരോന്നും. ഒട്ടു വിലയുമില്ല. നൂറു രൂപയൊക്കെയേ ഉള്ളൂ പലതിനും. സാധാരണ, വിദേശ യാത്രകളുടെ അവസാന ദിവസങ്ങളിലാണ് സുവനീറുകളൊക്കെ വാങ്ങാറുള്ളത്. ആ സ്ത്രീയെയും അവരുടെ പാവകളെയും കണ്ടപ്പോൾ എന്തോ വാങ്ങാതെ പോവാൻ തോന്നിയില്ല.

                                                        രാത്രി തബിയാത് ബ്രിഡ്ജിലേക്ക് പോയി. ടെഹ്റാനിലെ ഏറ്റവും വലിയ ഓവർപാസാണിത്. പാലത്തിലൂടെ വാഹനങ്ങൾ പോവില്ല. കാൽനടക്കാർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയുകയുള്ളൂ. പാലത്തിനിരുവശവും പാർക്കുകളാണ്. തലേഖാനി പാർക്കും ആബോ അറ്റാഷ് പാർക്കും. ഈ രണ്ടു പാർക്കുകളെയും ബന്ധിപ്പിച്ചു കൊണ്ടാണ് പാലത്തിന്റെ നിൽപ്പ്. രണ്ടു പാർക്കുകൾക്കുമിടയിൽ പാലത്തിനു താഴെ ഒരു ഫോർ ലൈൻ ഹൈവെയും. ഈ പാലത്തിന് വേറെങ്ങുമില്ലാത്തൊരു പ്രത്യേകതയുണ്ട്. രണ്ടു നിലകളിലായാണ് പാലം പണിതിരിക്കുന്നത്. മുകളിലത്തെ നിലയിൽ നടപ്പാത. താഴത്തെ നിലയിൽ നിറയെ റെസ്റ്റോറന്റുകളാണ്. തൊട്ടു മുകളിലെ കാല്നടക്കാർക്കും, തൊട്ടു താഴെ ചീറിപ്പായുന്ന വാഹനങ്ങൾക്കും നടുവിലുള്ള റസ്റ്റോറന്റുകൾ. അന്നത്തെ അത്താഴം അവിടെ നിന്നാക്കാമെന്നു വെച്ചു. രാത്രിയിലെ പല നേരങ്ങളിൽ ഈ പാലത്തിനു പല നിറമാണ്. ഓരോ സെറ്റ് ലൈറ്റുകൾ ഓരോ നേരത്ത് തെളിയും. ഞങ്ങളെത്തിയ നേരത്ത് ഇളം പച്ചവെളിച്ചത്തിൽ മുങ്ങി കിടക്കുകയാണ് പാലം. പേർഷ്യൻ തഹ്ചിൻ (ഇറാനിയൻ ഫ്രൈഡ് റൈസിൽ ചിക്കൻ പൂഴ്ത്തി വെച്ചത്) ആദ്യമായി കഴിച്ചത് അന്നാണ്. ആഷ് രസ്തെ സൂപ്പ് കഴിഞ്ഞാൽ ഇറാൻ യാത്രയിൽ രുചികരമായി തോന്നിയ മറ്റൊരു വിഭവമാണ് ചിക്കൻ തഹ്ചിൻ. ഭക്ഷണം കഴിഞ്ഞ ശേഷവും കുറച്ച് നേരം കൂടി ഞങ്ങൾ പാലത്തിലിരുന്നു. കഴുത്തിലൂടെയും കൈകളിലൂടെയും ജാക്കറ്റിനുള്ളിലേക്ക് തണുത്ത കാറ്റടിച്ചു കേറുന്നുണ്ടായിരുന്നെങ്കിലും, പാലത്തിന്റെ നിറം മാറ്റമൊന്ന് കണ്ട ശേഷം മടങ്ങാനായിരുന്നു പ്ലാൻ. പക്ഷെ നടന്നില്ല, കുറച്ച് നേരം കാത്തിട്ടും പാലം ഗ്രീൻ സിഗ്നലിൽ തന്നെയാണ്. ആദ്യം ദിവസം തന്നെ തണുപ്പടിച്ച് ജലദോഷം പിടിപ്പിക്കേണ്ട എന്നു കരുതി ഞങ്ങൾ മടങ്ങി. നിരാശയോടെ തുടങ്ങിയ ദിവസം മനസ് നിറച്ചാണ് അവസാനിച്ചത്.

EXACT LOCATION

[/vc_column][/vc_row]

TAGS
RELATED POSTS

LEAVE A COMMENT