Travel

ഷിങ്ങ്പിങ്ങ് : മലകളുടെയും പുഴകളുടെയും നാട്!

on
ഓഗസ്റ്റ്‌ 15, 2018

            പുലർകാലത്തിന്റെ ആലസ്യത്തിൽ വളഞ്ഞും പുളഞ്ഞും നിറഞ്ഞൊഴുകുന്ന പുഴ. ഇരുകരകളിലും കുത്തനെ പച്ച പുതച്ചുയർന്നു നിൽക്കുന്ന പാറക്കുന്നുകൾ. രാത്രി പെയ്ത മഴ വിരിച്ചിട്ട ഒരു നേരിയ മൂടുപടം പോലെ കുന്നുകൾക്ക് മുകളിൽ പാറി നിൽക്കുന്ന കോടമഞ്ഞ്‌. തെളിഞ്ഞൊഴുകുന്ന ആ പുഴയിലൂടെ അതിരാവിലെ ഒരു ബോട്ട് യാത്ര. ഈ കാഴ്ച്ചാനുഭൂതിയൊരുക്കി സഞ്ചാരികളെ മാടി വിളിക്കുന്ന ഒരു ചൈനീസ് താഴ്വാര ഗ്രാമമാണ് ഷിങ്ങ്പിങ്ങ് (xingping).  “സ്വർഗത്തിന് താഴെ മലയും പുഴയും ചേരുന്ന ഭൂമിയുടെ സ്വർഗം” എന്നാണീ പ്രദേശത്തെ ചൈനീസുകാർ വിശേഷിപ്പിക്കുന്നത്.

_MG_7105

                                       ഏറ്റവും അടുത്തുള്ള എയർപോർട്ടും റെയിൽവേ സ്റ്റേഷനും 120 കിലോമീറ്റർ ദൂരെയുള്ള ഗ്വീലിൻ (Guilin) നഗരത്തിലാണ്. അവിടെ നിന്നും ഷിങ്ങ്പിങ്ങ് വരെ ബസിൽ യാത്ര ചെയ്യണമെങ്കിൽ, യാങ്ങ്ഷുവോ (Yangshuo) പട്ടണത്തിൽ ഇറങ്ങി മാറിക്കയറണം. ഷിങ്ങ്പിങ്ങ് കാണാൻ എത്തുന്ന സഞ്ചാരികൾ അധികം പേരും ഹോട്ടൽ ബുക്ക്‌ ചെയ്യുന്നത് യാങ്ങ്ഷുവോ പട്ടണത്തിലാണ്. ഞാനും താരയും അവിടെത്തന്നെയാണ് രാത്രി തങ്ങാൻ തിരഞ്ഞെടുത്തത്. ഷിങ്ങ്പിങ്ങ് ദൃശ്യ വൈവിധ്യം മുഴുവനായി മനസ്സ് നിറഞ്ഞാസ്വദിക്കണമെങ്കിൽ ഉദയാസ്തമയങ്ങൾ പുഴയിൽ നിന്നും മലമുകളിൽ നിന്നും നോക്കിക്കാണണം.  ഉരുളൻ തലപ്പുള്ള ചെങ്കുത്തായ കുന്നുകളാണ് ആ പ്രദേശം മുഴുവൻ. നടന്നു കയറുവാൻ പറ്റുന്ന രണ്ടു കുന്നുകൾ മാത്രമെ ആ ഗ്രാമത്തിനു പരിസരത്തായിട്ടുള്ളൂ എന്നാണു മനസ്സിലാക്കിയത്. അങ്ങനെയാണ് ഷിയാങ്കോങ്ങ് (xianggong) കുന്നിലെ സൂര്യോദയവും, ലാവോജായ് (Laozhai) കുന്നിലെ  അസ്തമയവും, രണ്ടു മല കയറ്റങ്ങൾക്കുമിടയിൽ ലീ നദിയിലൂടെ  ഒരു ബോട്ട് യാത്രയും  ഞങ്ങൾ തീരുമാനിക്കുന്നത്.

_MG_6938

                              പിറ്റേന്നു അതിരാവിലെ തന്നെ ഞങ്ങൾ ഉണർന്നു റെഡിയായി. തലേന്ന് പറഞ്ഞു വെച്ചിരുന്ന ടാക്സി ഹോട്ടെലിനു മുന്നില് നിൽപ്പുണ്ടായിരുന്നു. 4 മണിക്കുണർന്ന് റെഡി ആയി ഞങ്ങളെ സൂര്യോദയം കാണിക്കുവാൻ ഒറ്റക്കിരുട്ടിൽ കാറോടിച്ചു വന്ന ഡ്രൈവർ യുവതിയുടെ പേര് ഏമി ലിയാൻഫെങ്ങ് എന്നാണ്. ചൈനയിലെ സ്ത്രീകൾ പൊതുവെ ധൈര്യവും തന്റേടവും വേണ്ടുവോളം ഉള്ളവരാണ്. പുള്ളിക്കാരി അറിയാവുന്ന ഇംഗ്ലീഷിൽ തട്ടിമുട്ടി ഞങ്ങളോട് സംസാരിച്ച് കൊണ്ടാണ് ഡ്രൈവ് ചെയ്യുന്നത്. ചൈനയിൽ തപ്പിത്തടയാതെ ഇംഗ്ലീഷ് സംസാരിക്കുന്നവർ വളരെ വിരളമാണ്. മെയിൻ റോഡിൽ നിന്നും ഉൾനാടൻ ഊടുവഴികളിലേക്ക് യാത്ര മാറിയതോടെ ഇരുട്ടിൽ ഒന്നുരണ്ടിടങ്ങളിൽ പുള്ളിക്കാരിക്കു വഴിതെറ്റി. സഞ്ചാരികൾക്കെത്തിപ്പെടാൻ അത്ര എളുപ്പമുള്ള ഒരു സ്ഥലമല്ല ഷിയാങ്കോങ്ങ്. എങ്കിലും ഗൂഗിൾ മാപ്പ് നോക്കിയും ബോർഡുകൾ വായിച്ചും ഒക്കെ അധികം ചുറ്റാതെ മലയുടെ താഴ്വാരത്തെത്തി. ഇവിടെ നിന്നും മലമുകൾ വരെ നടന്നു കയറാൻ കൽപ്പടവുകൾ കെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട്. കൂരിരുട്ടിൽ മൊബൈൽ ടോർച്ചിലെ വെളിച്ചത്തിൽ പതുക്കെ നടന്നു കയറി മലമുകളിലെ വ്യൂവിംഗ് പ്ലാറ്റ്ഫോം വരെയെത്തി. സഞ്ചാരികൾ എത്തിചേരുന്നതേ ഉള്ളൂ. ചൈനീസ് ഫോട്ടോഗ്രാഫർമാർക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ് ഷിയാങ്കോങ്ങ് മലമുകളിലെ ഈ വ്യൂപോയിന്റ്. വിലകൂടിയ ഫോട്ടോഗ്രഫി കിറ്റുമായി വന്നിട്ടുള്ള പ്രൊഫെഷണൽ ഫോട്ടോഗ്രാഫർമാരും കൂട്ടത്തിലുണ്ട്.

_MG_7278-2

                             ഇരുട്ട് മാറിയിട്ടില്ല ഇനിയും. അങ്ങു ദൂരെ താഴെയായി ഷിങ്ങ്പിങ്ങ് ഗ്രാമത്തിലെ വഴിവിളക്കുകൾ കത്തി നിൽക്കുന്നത് കാണാം. ഉരുളൻ കുന്നുകളെ ചുറ്റി വളഞ്ഞൊഴുകുന്ന നദിയിൽ നിലാവെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ചെറുമേഘങ്ങൾ അവിടവിടെയായി പാറി നിൽക്കുന്നു. മൂടൽമഞ്ഞിൽ ഉറങ്ങി കിടക്കുകയാണ് നദിയും കുന്നുകളും താഴ്വരയിലെ വീടുകളും എല്ലാം. ഇരുട്ടും മൂടൽമഞ്ഞും, പ്രകൃതിയുടെ ആ ക്യാൻവാസിന്റെ വലിപ്പവും ചേർന്നതോടെ ക്യാമറയിൽ എല്ലാം ഒപ്പിയെടുക്കാൻ ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. കോടമഞ്ഞിനിടയിലൂടെ സൂര്യോദയം അതിന്റെ പൂർണതേജസ്സോടെ കാണാനാവുമോ എനായിരുന്നു ഞങ്ങളുടെ സംശയം. തെറ്റിയില്ല. വെളിച്ചം പതുക്കെ പരക്കുവാൻ തുടങ്ങിയപ്പോഴേക്കും ഉദയത്തിന്റെ നിറക്കൂട്ടുകൾ മൂടൽമഞ്ഞിൽ അലിഞ്ഞു പോയിരുന്നു. പക്ഷെ അധികമൊന്നും നിരാശ തോന്നിയില്ല. കോടമഞ്ഞിന്റെ ആവരണമുണ്ടെങ്കിലും കണ്മുന്നിലെ ഫ്രെയിം അതീവ സുന്ദരം തന്നെയായിരുന്നു.

_MG_7325

4

                   ഒരു മണിക്കൂറോളം അവിടെ ചെലവിട്ട ശേഷമാണ് ഞങ്ങൾ താഴേക്കിറങ്ങിയത്. ഏമി കാത്തു നിൽപ്പുണ്ടായിരുന്നു. അവിടെ നിന്നും യാങ്ങ്ഡി ബോട്ട് ജെട്ടിയിലേക്കാണ് ഇനി പോവുന്നത്. യാങ്ങ്ഡിയിൽ നിന്നുമാണ് ലീ നദിയിലൂടെ ഷിങ്ങ്പിങ്ങ് താഴ്വാരം വരെയുള്ള ബോട്ട് യാത്ര തുടങ്ങുന്നത്. ഈ നദി അതിന്റെ ഏറ്റവും വശ്യസുന്ദരമായ ഭാവങ്ങൾ കൈവരിക്കുന്നത് കാണുവാൻ ഏറ്റവും മികച്ച മാർഗം ഇതാണ്. ബോട്ട് ജെട്ടിയിൽ സാമാന്യം തിരക്കുണ്ട്‌. ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു. കൂട്ടിനു കോടമഞ്ഞിന്റെ നേരിയ തണുപ്പും. ലീ നദി  ആസ്വദിക്കാൻ ഏറ്റവും പറ്റിയ കാലാവസ്ഥ. ഞങ്ങളുടെ സാരഥിക്ക് തിരിച്ചു പോവാറായി. പോവുന്നതിനു മുമ്പ് ഞങ്ങളെ രണ്ടാളെയും ഒപ്പം ചേർത്ത് നിർത്തി ഏമിയുടെ ഫോണിൽ ഒരു സെൽഫിയും എടുത്തിട്ടാണ് പുള്ളിക്കാരി മടങ്ങിപ്പോയത്.

                                നാല് പേർക്കിരിക്കാവുന്ന ചെറിയ മോട്ടോർ ബോട്ടുകൾ ആണ് നദിയിൽ അധികവും. യാത്ര തുടങ്ങും മുമ്പ് ബോട്ടിലെ അമരക്കാരൻ ഒരു ഓഫർ വെച്ചു. അയാൾ പറഞ്ഞ ഒരു തുക അധികം കൊടുത്താൽ അയാൾ വേഗം കുറച്ചു ബോട്ട് ഓടിക്കാമെന്ന്. ഒരു മണിക്കൂറിൽ തീരുന്ന യാത്ര കാഴ്ചകൾ ഒക്കെ പതിയെ കണ്ട്‌ ഒന്നര മണിക്കൂർ എടുത്തെ തീർക്കൂ. അല്ലെങ്കിലേ പോക്കറ്റ്‌ കീറി ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ അതിൽ താൽപര്യം കാണിച്ചില്ല. അയാൾ ബോട്ടെടുത്തു. നോക്കിയപ്പോൾ ചുറ്റുമുള്ള ബോട്ടുകളേക്കാളൊക്കെ പതുക്കെ തന്നെയാണ് ഞങ്ങളുടെ ബോട്ട് നീങ്ങുന്നത്‌. പിന്നെയാണ് സംഗതി പിടി കിട്ടിയത്. ഈ പുള്ളിയുടെ ബോട്ടിന്റെ എഞ്ചിൻ സാമാന്യം പഴഞ്ചനായത് കൊണ്ട് എന്തായാലും ഇത് പതുക്കെയേ പോവൂ. ആ കുറവൊരു ഗുണമാക്കി മാറ്റി കാശുണ്ടാക്കാനൊരു ശ്രമം നടത്തി നോക്കിയതാണ് മൂപ്പർ. തട്ടിപ്പുകാരനാനെങ്കിലും ചെറുതല്ലാത്ത ഒരു പാഠമാണയാൾ പഠിപ്പിച്ചു തന്നത്. മനസ്സാന്നിധ്യം ഉണ്ടെങ്കിൽ നമ്മുടെ പോരായ്മകളെ പോലും അനുകൂലമാക്കി മാറ്റാൻ ചിലപ്പോഴൊക്കെ സാധിക്കുമെന്ന്.തെളിഞ്ഞു നിറഞ്ഞൊഴുകുന്ന നദിയുടെ ഒത്ത നടുവിലൂടെയാണ്‌ ബോട്ട് പോവുന്നത്. വീശുന്ന കാറ്റിൽ അടിക്കുന്ന മഴച്ചാറ്റൽ ക്യാമറയും ലെൻസും ചെറുതായി നനച്ചു കൊണ്ടിരുന്നു.എങ്കിലും ഉത്സാഹിച്ചുള്ള ഫോട്ടോഗ്രഫിക്കൊരു കുറവും വന്നില്ല. ഇരുകരകളിലും ഉയർന്നു നിൽക്കുന്ന ഉരുളൻ കുന്നുകൾക്ക് നടുവിലൂടെ ചെറുതായി പൊങ്ങിയും താണും പാതി സ്വപ്നത്തിലെന്ന പോലെയാണ് യാത്ര. കുന്നുകൾക്ക് മീതെ പഞ്ഞിക്കെട്ടുകൾ പോലെ അവിടവിടെ ചെറുമേഘങ്ങൾ തട്ടിത്തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

1

                            വഴിയിൽ രണ്ടു മൂന്നു ചെറുഗ്രാമങ്ങൾ കടന്നു പോയി. മഴ തോർന്നു വെയിലുദിച്ചു തുടങ്ങിയിരുന്നു. പുഴയുടെ തീരത്തിരുന്നു വറുത്ത മീനും ചോളവും ആസ്വദിച്ചു കഴിക്കുകയാണ് ചില സഞ്ചാരികൾ. പുഴയോരക്കാഴ്ചകൾ ആസ്വദിച്ചിരുന്നു ഷിങ്ങ്പിങ്ങ് എത്തിയതറിഞ്ഞില്ല. ഈ സ്ഥലത്തെ ഒരു ഗ്രാമം എന്ന് വിളിക്കുന്നതിനേക്കാൾ ഒരു ചെറിയ പട്ടണം എന്ന് തന്നെ വിശേഷിപ്പിക്കുന്നതാവും ഉചിതം. നല്ല വിശപ്പുണ്ട്. പുഴക്കരയിൽ കണ്ട ഒരു കച്ചവടക്കാരിയുടെ കയ്യിൽ നിന്നും ചോളവും മീൻവറുത്തതും വാങ്ങി വയറു നിറയെ കഴിച്ചു.

5

                         ഷിങ്ങ്പിങ്ങിനു പുറകിലായി ഒരു മുക്കുവ ഗ്രാമം ഉണ്ട്. ലീ നദിയിലെ മീനുകളാണ് ആ ഗ്രാമത്തിന്റെ മുഖ്യ ഉപജീവന മാർഗം. വളരെ കൗതുകകരമായ ഒരു രീതിയിലാണ് അവിടെയുള്ള മുക്കുവന്മാർ മീൻ പിടിക്കുന്നത്‌. ഓരോ മുക്കുവർക്കും അവർ വളർത്തുന്ന നീർക്കാക്കകൾ ഉണ്ട്. നീർക്കാക്കകൾ പൊതുവെ മീൻ പിടിക്കാൻ മിടുക്കരാണ്. മുക്കുവർ വഞ്ചിയിൽ പുഴയുടെ നടുക്ക് വരെ ചെന്ന് ഈ പക്ഷികളുടെ കാലിൽ ചരട് കെട്ടി പുഴയിലേക്ക് വിടും. അവ ഉത്സാഹിച്ചു നീന്തിപ്പോയി മീനുകളെ കൊത്തിയെടുക്കും. പക്ഷെ വിഴുങ്ങാനാവില്ല. കാരണം കഴുത്തിൽ ചെറിയൊരു കുടുക്കിട്ടിട്ടുണ്ടാവും. അങ്ങനെ മീൻ വായിലാക്കി വിഴുങ്ങാനാവാതെ നീന്തുന്ന ആ പക്ഷികളെ ഇവർ ചരട് വലിച്ചു വഞ്ചിയിലെക്കടുപ്പിക്കും. വായിൽ നിന്ന് മീൻ എടുത്ത ശേഷം വീണ്ടും പക്ഷികളെ പുഴയിലേക്ക് വിടുന്നു. നീർക്കാക്കകളെ കുറിച്ചോർക്കുമ്പോൾ വിഷമം തോന്നുമെങ്കിലും, തോട്ട പൊട്ടിച്ചും നഞ്ച് കലക്കിയും ഒക്കെ മീൻ പിടിക്കുന്നതിനെക്കാൾ ഭേദമാണല്ലോ പ്രകൃതിയോടിണങ്ങിയുള്ള ഈ രീതി. പക്ഷെ ഈ പരമ്പരാഗത രീതി രീതി പിന്തുടരുന്ന മുക്കുവരുടെ എണ്ണം വളരെ കുറവാണിന്നു. ലീ നദിയിൽ മീനുകൾ കുറയുന്നതും, കൂടുതൽ ലാഭകരമായ മറ്റു രീതികൾ പരീക്ഷിക്കുന്നതുമൊക്കെയാണ് കാരണം. ഏതായാലും തന്റെ രണ്ടു നീർക്കാക്കകളെയും തോളിൽ തൂക്കി മുളന്തൊപ്പിയും വെച്ചു മീൻ പിടിക്കാൻ പോവുന്ന ഒരു താടിക്കാരൻ അപ്പൂപ്പൻ ഞങ്ങൾക്ക് മുന്നിൽ വന്നു പെട്ടു. നിഷ്കളങ്കമായ ചിരി. അതിനു ഭാഷകൾ തടസമല്ലല്ലോ !

2

_MG_7003-3

                         ഷിങ്ങ്പിങ്ങ് പട്ടണം ഒന്നു ചുറ്റി നടന്നു കണ്ടപ്പോഴേക്കും സമയം മൂന്നു മണിയോടടുത്തു. ലാവോജായ് കുന്നു കയറണം. ചൈനീസ് സഞ്ചാരികൾ പോലും  വലിയ താൽപര്യം കാണിക്കാത്ത ഒരു മലയാണ് ലാവോജായ്. മുകളിൽ എത്തിപ്പെടാനുള്ള കഷ്ടപ്പാട് തന്നെ മുഖ്യ കാരണം. ഷിയാങ്കോങ്ങ് മലയെക്കാൾ കുത്തനെയുള്ള കയറ്റവും, ഒതുക്കമില്ലാത്ത പടവുകളും ചവിട്ടിക്കയറി വേണം മുകളിലെത്താൻ. ആകാശം മൂടിക്കെട്ടി നിൽപ്പാണ്. ഈ കാലാവസ്ഥയിൽ അസ്തമയത്തിനു മുമ്പ് താഴെ ഇറങ്ങിയില്ലെങ്കിൽ അപകടമാണ്. ഇരുട്ടും മഞ്ഞും മഴയും ഒത്തു ചേർന്നാൽ കുന്നിറങ്ങുന്നത് അതീവ ദുഷ്കരമാവും.എത്രയും പെട്ടെന്ന് കയറുന്നോ അത്രയും നല്ലത്. മുകളിലേക്കുള്ള വഴിയിൽ എങ്ങും ആരുമില്ല. ഞങ്ങൾ രണ്ടു പേർ മാത്രം.  കയറും തോറും പടവുകളുടെ വീതി കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. കഷ്ടിച്ച് ഒരു പാദം വെക്കാൻ ഉള്ള വീതിയൊക്കെയേ ചില കല്ലുകൾക്കുള്ളൂ.  മഴയത്ത് നനഞ്ഞു കിടക്കുന്ന പടവുകൾ ചെറുതായി വഴുക്കുന്നുമുണ്ടായിരുന്നു. തിരിച്ചിറങ്ങിയാലോ എന്ന് മനസ്സിൽ തോന്നി തുടങ്ങി. ഏതായാലും നാട്ടിൽ  നിന്നും ഇത്രയും ദൂരം സഞ്ചരിച്ചു ഇത് വരെ എത്തിയില്ലേമ ഇനി നഷ്ടബോധങ്ങളില്ലാതെ വേണം തിരിച്ചു പോവാൻ എന്ന് പറഞ്ഞു ധൈര്യം തന്നത് താരയാണ്. അങ്ങനെ നടന്നും ഇരുന്നും പൊത്തിപ്പിടിച്ചു കയറിയും മലയുടെ മുകളറ്റം എത്താറായി. അതോടെ ക്ഷീണവും ഭയവും എല്ലാം കുതറിച്ച് കളഞ്ഞ് കയറ്റം വേഗത്തിലാക്കി.

                    കയറി ചെല്ലുന്നത് തുറസ്സായ ഒരിടത്തെക്കാണ്. ഞങ്ങൾ രണ്ടു പേരല്ലാതെ മറ്റാരുമില്ല മുകളിൽ. കൈ എത്താവുന്ന ദൂരത്തിൽ മേഘങ്ങൾ. മൂന്നു ഭാഗവും അഗാധമായ താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന പാറക്കെട്ടുകൾ. അറ്റത്ത്‌ നിന്ന് താഴോട്ടു നോക്കുമ്പോൾ അതിരാവിലെ കണ്ടതിലും മനോഹരമായ കാഴ്ചകൾ ! ഒരു വശത്ത് കുതിരലാടത്തിന്റെ രൂപത്തിൽ വളഞ്ഞൊഴുകുന്ന ലീ നദിയും അതിൽ തീപ്പെട്ടിക്കൂടുകൾ ഒഴുകി നടക്കുന്നെന്ന പോലെ തോന്നിക്കുന്ന ബോട്ടുകളും. നദിക്കരയിൽ മൂന്നു വശവും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുറച്ചു വീടുകൾ. അവയ്ക്ക് പിന്നിൽ തലയുയർത്തി കാവൽ നിൽക്കുന്ന പോലെ മലകൾ. മറുവശത്ത് ചെന്ന് നോക്കിയാൽ കാണാവുന്നത്‌ ഷിങ്ങ്പിങ്ങ് പട്ടണത്തിന്റെ വേറൊരു ഭാഗമാണ്. ലീ നദിയിലെക്കൊഴുകി വന്നു ചേരുന്ന വേറൊരു നദി. ആ നദിക്കു കുറുകെയുള്ള പാലവും തൊട്ടു താഴെയായി ഒരു ചെറിയ ബണ്ടും. മുകൾഭാഗത്ത്‌ കനത്ത മഴ പെയ്യുന്നത് കൊണ്ടാവാം, ആ നദി കലങ്ങി മറിഞ്ഞാണ് ലീ നദിയുടെ തെളിവെള്ളത്തിലേക്ക് വന്നു ചേരുന്നത്. രണ്ടു നദികളും ഒത്തു ചേരുന്ന ഭാഗം പാതി കലങ്ങിയും പാതി തെളിഞ്ഞും ഒഴുകുന്നു. വളരെ കൗതുകമാർന്ന ഒരു നദീ സംഗമം. ആ രണ്ടു നദികളെയും തൊട്ടു കൊണ്ട് നടുവിലുയർന്നു നിൽക്കുന്ന ചെറിയ കുന്നുകൾ. ആ കുന്നുകളുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന മേഘക്കെട്ടുകൾ. അതിനെല്ലാം താഴെയായി ആ രണ്ടു പുഴകൾ കൊണ്ട് ചുറ്റപെട്ട ഷിങ്ങ്പിങ്ങ് പട്ടണത്തിന്റെ മറ്റൊരു തുണ്ട്.

_MG_7069

_MG_7123-2

                         മലകളും പുഴകളും മേഘക്കെട്ടുകളും കോടമഞ്ഞും താഴെ ഷിങ്ങ്പിങ്ങ് പട്ടണവും എല്ലാം ചേർന്നൊരുക്കി വെച്ചിരിക്കുന്ന നയനാനന്ദകരമായ ഒരു വലിയ കാൻവാസ് തന്നെയാണീ താഴ്‌വാരം. ഉയരങ്ങളുടെ ലഹരി അതിന്റെ പാരമ്യത്തിൽ അനുഭവിച്ചറിയുകയായിരുന്നു. ജീവിക്കുന്നുണ്ട്, ഇനിയും ജീവിക്കാനുണ്ട്, എന്ന ബോധ്യം ആവേശത്തോടെ ഉൾക്കൊണ്ട നിമിഷങ്ങൾ. പ്രകൃതിയുടെ സൗന്ദര്യത്തിൽ സ്വയം മറക്കുന്ന ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും വന്നു കണ്ടനുഭവിക്കേണ്ട ഒരു വിസ്മയലോകം തന്നെയാണ് ഷിങ്ങ്പിങ്ങ്. താഴേക്കിറങ്ങുവാൻ തോന്നിയതേയില്ല. ഇരുട്ട് വീഴുന്നതിനു മുമ്പ് താഴെയെത്തണം എന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ മലയിറങ്ങി തുടങ്ങിയത്. താഴ്വാരത്ത് നിന്നും ഹോട്ടെലിനടുത്തെക്ക് ബസ്‌ കിട്ടും. ബസ്‌ സ്റ്റോപ്പിലേക്കു നടക്കുമ്പോൾ ഇറങ്ങി വന്ന മലമുകളിലേക്കൊന്നു തിരിഞ്ഞു നോക്കി. മനസ്സിൽ ആഗ്രഹിച്ചതെല്ലാം അതിന്റെ പാരമ്യത്തിൽ അനുഭവിച്ചറിഞ്ഞുവെങ്കിലും എന്തിനാണെന്നറിയാത്ത ഒരു നഷ്ടബോധം വളരുകയായിരുന്നു മനസ്സിൽ. യാത്രകളുടെ അവസാനങ്ങൾ എന്നും അങ്ങനെയാണല്ലോ…!

7


2016 ഒക്ടോബർ ലക്കം ‘മാതൃഭൂമി യാത്ര’ മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 🙂

IMG_20180302_112322

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT