Travel

സിൻക്വേ ടെറേ : പച്ച ജാലകങ്ങളുടെ നാട്ടിൽ

on
മാർച്ച്‌ 2, 2018

             ഇറ്റലി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകൾ റോം, വെനീസ്, പിസാ ഇവയൊക്കെയാണ്. എന്നാൽ ‘സിൻക്വേ ടെറേ’ (cinque terre) എന്ന പേര് നമുക്കത്ര പരിചിതമല്ല. ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുഞ്ഞു നാടാണ് സിൻക്വേ ടെറേ. വളരെ പ്രത്യേകതകളുള്ളൊരു നാടാണിത്. പേരിൽ നിന്ന് തന്നെ തുടങ്ങുന്നു ആ പ്രത്യേകതകൾ. സിൻക്വേ എന്നാൽ ഇറ്റാലിയൻ ഭാഷയിൽ അഞ്ച് എന്നാണർത്ഥം. ടെറേ എന്നാൽ ഗ്രാമം എന്നും. അഞ്ച് ഗ്രാമങ്ങളുടെ ഒരു കൂട്ടമാണ് സിൻക്വേ ടെറേ. പാറക്കെട്ടുകളുടെ മുകളിൽ മെഡിറ്ററേനിയൻ കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന, സാമ്യങ്ങളും വ്യത്യാസങ്ങളും ഒട്ടനവധിയുള്ള, അഞ്ച് കടലോരഗ്രാമങ്ങൾ. ആകാശത്തിനും കടലിനും ഇടയിലുള്ള നാടെന്നാണ് ഇറ്റലിക്കാർ സിൻക്വേ ടെറേയെ വിശേഷിപ്പിക്കാറുള്ളത്. ഒരു നാടോടിക്കഥ  വായിച്ച അനുഭവമായിരുന്നു സിൻക്വേ ടെറേയിലേക്കുള്ള യാത്ര.

സിൻക്വേ ടെറേയോടേറ്റവും അടുത്ത് കിടക്കുന്ന പട്ടണം ലാസ്പീസിയ (La spezia) ആണ്. ഇവിടെ നിന്ന് ‘ട്രെനോ പാസ്’ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പാസാണിത്. ലാസ്പീസിയ മുതൽ ലെവാന്റോ വരെ എത്ര  തവണ വേണമെങ്കിലും ഇതുപയോഗിച്ച് യാത്ര ചെയാം. പതിനാറ് യൂറോ ആണ് ഒരു പാസിന്. ലാസ്പീസിയയിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ റിയോമജിയോറെ, മനറോള, കോർണീലിയ, വെർണാസ, മോണ്ടെറോസോ എന്നീ അഞ്ച് സ്റ്റേഷനുകൾ കടന്നു ലെവാന്റോയിലെത്തി തിരിച്ച് പോരും. പത്തു മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവീസുണ്ട്. ലാസ്പീസിയ മുതൽ ലെവാന്റോ വരെയുള്ള  യാത്ര അര മണിക്കൂറാണ്. ഓരോ സ്റ്റേഷനും തമ്മിൽ നാലഞ്ച് മിനിറ്റിന്റെ ദൂരം മാത്രമേയുള്ളൂ. അത്രയും തൊട്ടുതൊട്ടാണീ ഗ്രാമങ്ങൾ കിടക്കുന്നത്. പാറകൾ തുരന്ന് നിർമിച്ച അനവധി തുരങ്കങ്ങൾക്കിടയിലൂടെയാണ് യാത്ര. യാത്രയുടെ ദൈർഘ്യം വളരെ ചെറുതാണ്. രസം പിടിച്ച് വരുമ്പോഴേക്കും അടുത്ത സ്റ്റേഷനെത്തും. ട്രെയിൻ യാത്ര ഇഷ്ടമുള്ളവർക്ക് സിൻക്വേ ടെറേ കണ്ടു കഴിഞ്ഞാൽ ലാസ്പീസിയ മുതൽ ലെവാന്റോ വരെ വെറുതെ ഒരു ട്രെയിൻ യാത്ര നടത്താം. ഒരറ്റം മുതൽ മറ്റേയറ്റം വരെ കടലും കണ്ട് കൊണ്ടിരിക്കാം. ഇടയ്ക്കേതെങ്കിലും ഗ്രാമത്തിലിറങ്ങണമെന്നുണ്ടെങ്കിൽ അങ്ങനെ. അഞ്ചു  ഗ്രാമങ്ങളെയും ചുറ്റിക്കൊണ്ട് ഒരു നടപ്പാതയുണ്ട് (hiking trail). ഇതിലൂടെ നടന്നും ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോവാം. ഏകദേശം മൂന്നാല് മണിക്കൂറോളം നടക്കേണ്ടി വരും. ഈ നടപ്പാതയിലൂടെ പോയാൽ ആദ്യം എത്തുക വ്യൂപോയിന്റുകളിലേക്കാണ്. അവിടെ നിന്നും താഴെയിറങ്ങി വേണം ഗ്രാമങ്ങളിലെത്താൻ. ഈ നടപ്പാതയുടെ മുകളിലൂടെ മലകളെ  മുറിച്ചു കൊണ്ടു കടന്നു പോകുന്ന  റോഡുണ്ട്. അതിലൂടെ കാർ മാർഗവും യാത്ര  ചെയ്യാം. സാഹസികമായ ഡ്രൈവായിരിക്കുമെന്ന് മാത്രം. ലാസ്പേസിയയിൽ നിന്നും  ബോട്ട് മാർഗവും സിൻക്വേ ടെറേയിലെത്താം.

                       റിയോമജിയോറെയാണ് ഗ്രാമങ്ങളിൽ വെച്ച് യാത്രികർക്ക് ഏറ്റവും പ്രിയങ്കരം. അവിടേയ്ക്ക് തന്നെയാണാദ്യം പോയത്. നല്ല വിശപ്പുണ്ടായിരുന്നു. സ്റ്റേഷനടുത്തുള്ള ലട്ടെറിയ ഡെൽവിഗോ (latteria delvigo) എന്ന് പേരുള്ള ഒരു കഫെയിൽ കയറി. പേരിനു താഴെ ഒരു നാവികന്റെയും തിമിംഗലത്തിന്റെയും കാർട്ടൂൺ ചിത്രം വരച്ചു വെച്ചിട്ടുണ്ട്. അകത്തേക്ക് കയറിയപ്പോൾ രസികന്റെ മുഖമുള്ള ഒരു താടിക്കാരൻ; പേര് നിക്കോളോ. കടയുടെ മുമ്പിൽ കണ്ട ചിത്രം കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിട്ടുമുണ്ട്. അതേ ചിത്രം തന്നെ അകത്തെ ചുവരിലും വരച്ചു വെച്ചിരിക്കുന്നു! ചോദിച്ചപ്പോൾ നാവികൻ അയാളും തിമിംഗലം ഭാര്യയും ആണത്രേ! നിക്കോളോയോട് റിയോമജിയോറെയെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെ ആകെ നൂറിൽ താഴെ ജനങ്ങളേയുള്ളൂവെന്നും ഉള്ളതിൽ മുക്കാലും വയസ്സന്മാരാണെന്നും പറഞ്ഞു. കടകളധികവും ലാസ്പീസിയയിൽ നിന്നുള്ളവരുടെയാണത്രേ. നിക്കോളോയും ലാസ്‌പേസിയക്കാരനാണ്. റിയോമജിയോറെയെക്കുറിച്ചു അവിടെ  പ്രചാരത്തിലുള്ളൊരു കഥ നിക്കോളോ പറഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണത്രേ റിയോമജിയോറെ നിർമ്മിക്കപ്പെട്ടത്. താഴ്ന്ന് കിടക്കുന്ന ഭാഗം മുക്കുവരുടേതും, ഉയർന്നു കിടക്കുന്ന ഭാഗം കർഷകരുടേതും. എന്നാൽ ഇപ്പോൾ ആ വ്യത്യാസം പ്രകടമല്ല. പണ്ട് ഗ്രാമത്തിലൂടെ കടന്നു പോയിരുന്ന റിവസ് മേജർ എന്ന നദിയിൽ നിന്നാണത്രെ റിയോമജിയോറെ എന്ന പേര് വീണത്. ടെലമാക്കോ സിൻയോറീനി എന്ന ചിത്രകാരന്റെ ചിത്രങ്ങളിലൂടെയാണ് റിയോമജിയോറെയെപ്പറ്റി  ലോകമറിഞ്ഞത് എന്നാണ് ചരിത്രം. ആ കഥ വളരെ രസകരമാണ്. ലാസ്പീസിയയിലെ ചന്തയിൽ നിൽക്കുമ്പോൾ വിചിത്ര വസ്ത്രധാരികളായ രണ്ട് സ്ത്രീകളെ കണ്ട് കൗതുകം തോന്നിയ സിൻയോറീനി അവരെ പിന്തുടർന്ന് ഈ ഗ്രാമത്തിലെത്തി എന്നാണ് കഥ. ഇവിടത്തെ സൗന്ദര്യം പുറംലോകമറിയാൻ വേണ്ടി ചിത്രങ്ങൾ വരച്ച് ഇറ്റലിയിലും ഫ്രാൻസിലും ഒക്കെ അദ്ദേഹം ചിത്രപ്രദർശനങ്ങൾ നടത്തിയത്രേ. സത്യമാണെങ്കിലും അല്ലെങ്കിലും റിയോമജിയോറെ അതിമനോഹരമാണെന്ന കാര്യത്തിൽ സംശയമില്ല.

                                        താമസിച്ച ഹോട്ടലിലേക്കെത്താൻ കുത്തനെയുള്ള  അനവധി പടവുകൾ നടന്നു കയറണം. ഒരു മല മറിക്കുന്ന  പണി തന്നെയായിരുന്നു അത്. പക്ഷെ മുകളിലെത്തിയപ്പോൾ കിതച്ച  കിതപ്പിനൊരു ഗുണമുണ്ടായി. അത്രയും മനോഹരമായിരുന്നു അവിടെ നിന്ന് താഴേക്കു നോക്കിയാലുള്ള കാഴ്ച. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കൂർത്ത മുഖമുള്ള ഒരു കുരിശുപള്ളി, അതിനു പിന്നിലായി പല നിറത്തിൽ പെയിന്റടിച്ച വീടുകൾ, അതിനുമപ്പുറത്ത് ശാന്തമായ കടലും കടലിനെ തൊട്ട് കിടക്കുന്ന ആകാശവും; ഉദയവും അസ്തമയവും കാണാൻ വേറൊരു സ്ഥലവും തേടിപ്പിടിച്ചു പോവേണ്ടതില്ല. രണ്ടു വലിയ മുറികളും ഹാളും അടുക്കളയും ബാൽക്കണിയുമുള്ള ഒരു ചെറിയ വീട്ടിലാണ് താമസിച്ചത്. ഇവിടെ ഹോട്ടലുകളെക്കാളധികം ട്രാവെലേഴ്സ് ഹോസ്റ്റലുകളാണ്. ഒരു മുറിയിൽ ആറ് പേർ.  ഞങ്ങളുടെ റൂമിലുണ്ടായിരുന്ന ഫ്രാൻ‌സിൽ നിന്നുള്ള ഒരു സ്ത്രീ, പത്തറുപത്തഞ്ചു വയസ്സുണ്ടാവും, ഉരുക്കു പോലെയുള്ള ശരീരം, ഒറ്റയ്ക്കാണ് യാത്ര. റിട്ടയർമെന്റ് ആഘോഷിക്കുകയാണത്രെ! ഞങ്ങളുടെയൊപ്പം ഹോസ്റ്റലിലെത്തിയ അവർ  ബാഗ് വെച്ച് ഉടനെ താഴേക്കിറങ്ങി പോയി. കയറി വന്ന പടവുകളത്രയും തിരിച്ചിറങ്ങണം. എന്തൊരു ചുറുചുറുക്കാണിവർക്കൊക്കെ! ഞങ്ങൾ ക്ഷീണമൊക്കെ   മാറ്റി രാത്രിയാണ് പുറത്തിറങ്ങിയത്. ചെരിഞ്ഞു കിടക്കുന്ന ഭൂമിയാണ് റിയോമജിയോറെയിലേത്. നടക്കാനിറങ്ങിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ കെട്ടിടങ്ങളുടെയും ജനാലകൾക്ക് പച്ച നിറമാണ്. തെരുവിൽ നല്ല തിരക്കുണ്ടായിരുന്നു. ഒരു പക്കാ ടൂറിസ്ററ് സെന്റർ തന്നെയാണ് സിൻക്വേ ടെറേ. യൂറോപ്പിൽ നിന്നുള്ളവർ തന്നെയാണ് സഞ്ചാരികളിലധികവും. സാധാരണ അധികം ആളുകളില്ലാത്ത സ്ഥലത്ത് പോവാനാണ് പലരും താല്പര്യപ്പെടുക. ബീച്ച് ഹോളിഡേ ഒക്കെയാണെങ്കിൽ പ്രത്യേകിച്ചും. പക്ഷെ ഇവിടത്തെ തിരക്കിന് വല്ലാത്തൊരു രസമുണ്ട്. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരോളം.

       നടപ്പാതയുടെ രണ്ടു ഭാഗത്തും ഭക്ഷണശാലകളും ട്രാവലേഴ്‌സ് ഹോസ്റ്റലുകളുമാണ്. സീഫുഡുകളുടെ ഒരു നീണ്ട നിര തന്നെയുണ്ടിവിടെ. പലതരം മത്സ്യങ്ങൾ, ഞണ്ട് തുടങ്ങി നീരാളി വരെ പ്ളേറ്റിൽ ഇടം പിടിച്ചിരിക്കുന്നത് കാണാം. വളരെ ചെറിയ ബീച്ചാണിവിടത്തേത്. ഹാർബറിനോട് ചേർന്ന് പാറക്കല്ലുകൾ നിറഞ്ഞ ഒരിടം. അവിടെ കടലും നോക്കിയിരിക്കാം. മറ്റു പല ബീച്ചുകളെയും പോലെ മണൽ നിറഞ്ഞ ബീച്ചല്ല ഇവിടത്തേത്. കടലിലേക്ക് തിരിഞ്ഞ് റെസ്റ്റോറന്റുകളും ബാറുകളുമൊക്കെയുണ്ട്. കടലും നോക്കി സായാഹ്നം ചിലവഴിക്കാൻ ഇതിലും പറ്റിയ സ്ഥലമില്ല. ഇവിടെ ചെറിയ ബോട്ടുകൾ വാടകയ്ക്കെടുക്കാം. തനിയെ തുഴയണം. ഒറ്റയ്ക്കും ചെറു സംഘങ്ങളായും കടലിൽ തുഴഞ്ഞു പോകുന്ന ഒരുപാട് പേരെ കണ്ടു. നോക്കി നിൽക്കെ ഒരു കുഞ്ഞു പൊട്ടു പോലെ അവർ കടലിൽ മറഞ്ഞു. പൊതുവെ ശാന്തമാണിവിടത്തെ കടൽ. മുകളിലേക്ക് കയറിച്ചെല്ലുമ്പോൾ സെന്റ് ജോൺസ് പള്ളി കാണാം. പതിനാലാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണിത്. ഞങ്ങൾ ചെന്ന രാത്രി അവിടെ ക്വയർ ഉണ്ടായിരുന്നു. ഗിറ്റാറും, പിയാനോയും, വയലിനും, വായ്പ്പാട്ടുമെല്ലാം ചേർന്ന് സംഗീതമയം. രാത്രി വൈകുവോളം അത് നീണ്ടു. അന്നെന്തെങ്കിലും പ്രത്യേകതയുള്ള ദിവസമായിരുന്നോ അതോ എല്ലാ ദിവസത്തെയും പതിവാണോ അതെന്ന് തീർച്ചയില്ല.

                            പിറ്റേ ദിവസം ആദ്യം പോയത് മനറോളയിലേക്കാണ് .          മുക്കുവ ഗ്രാമം തന്നെയാണ് മനറോളയും. റിയോമജിയോറെയോട് സാമ്യമുള്ള ഭൂപ്രകൃതി തന്നെയാണ് മനറോളയുടേതും. പാറക്കെട്ടുകളുടെ മുകളിൽ പണി തീർത്ത നിറമുള്ള കെട്ടിടങ്ങളും, തെളിനീല നിറമുള്ള കടലും പാറക്കെട്ടുകളുടെ പിന്നിലായി ഉയർന്നു നിൽക്കുന്ന മലയും കലണ്ടർ ചിത്രങ്ങളെ ഓർമിപ്പിക്കും. ഇവിടത്തെ ജനാലകൾക്കും പച്ച നിറം തന്നെ! മുന്തിരിയും ഒലീവുമാണിവിടുത്തെ പ്രധാന കൃഷി. ഉണക്കമുന്തിരി കൊണ്ടും വൈനുണ്ടാക്കുമത്രേ. ഇവിടത്തെ പള്ളിയുടെ അടുത്തായി വലിയൊരു ചക്രം കാണാം. മിൽ വീലാണത്. മിൽ വീലിന്റെ ഇറ്റാലിയൻ ഭാഷയിൽ നിന്നാണത്രെ മനറോള എന്ന പേരുദ്ഭവിച്ചത്. കുന്നിലൂടെയും അല്ലാതെയുമായി ചെറിയ നടപ്പാതകൾ ഒരുപാടുണ്ടിവിടെ. പല വഴികളിലൂടെ നടന്നും കേറിയും ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാം. ഓരോ ഭാഗത്തു നിന്ന് നോക്കുമ്പോഴും ഓരോ മുഖമാണ് മനറോളക്ക്. കടലിനോട് ചേർന്ന് കിടക്കുന്ന പാറകളുടെ മുകളിലേക്ക് പൊത്തിപ്പിടിച്ചു കയറി കുറെ പേര് കടലിലേക്ക് ചാടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പാവ്‌ലോസ് എന്ന് പേരുള്ള ഒരു ചെറിയ തട്ടുകടയിൽ കയറി. കഴിച്ചു കഴിഞ്ഞു പൈസ കൊടുത്ത്, ബാക്കി ചില്ലറ കിട്ടിയത് നോക്കിയപ്പോൾ യൂറോ അല്ല, തായ് ബാട്ടാണ്! രണ്ടു യൂറോയുടെയും പത്തു തായ് ബാട്ടിന്റെയും നാണയം ഏകദേശം ഒരു പോലെയിരിക്കും. തിരിച്ചു കൊടുത്ത് അത് അയാളോട് പറഞ്ഞപ്പോൾ അയാൾക്കാകെ സങ്കടം. എന്തോ വലിയ കുറ്റം ചെയ്ത  പോലെ  മാപ്പു പറഞ്ഞുകൊണ്ട് തെറ്റ് പറ്റിപ്പോയതിന്റെ പരിഹാരമെന്നോണം   രണ്ടു കുപ്പി വെള്ളം കയ്യിൽ പിടിപ്പിച്ചിട്ടാണ് ഞങ്ങളെ വിട്ടത്.

                         സിൻക്വേ ടെറേയിലെ ഏറ്റവും പഴക്കമുള്ള ഗ്രാമമാണ് കോർണീലിയ. കൂട്ടത്തിൽ വെച്ചേറ്റവും ചെറിയ ഗ്രാമവും ഇതു തന്നെ. ഇവിടെ ബീച്ചില്ല. മലമുകളിൽ നിന്ന് കടൽ നോക്കിക്കാണാനേ കഴിയുകയുള്ളൂ. മറ്റു ഗ്രാമങ്ങളിലെ  പോലെ ബോട്ട് ജെട്ടിയില്ലാത്തതിനാൽ ജലമാർഗം കോർണീലിയയിലെത്താൻ സാധിക്കില്ല. നടപ്പാതയോ ട്രെയിനോ തന്നെ ആശ്രയിക്കണം. റെയിൽവെ സ്റ്റേഷനിൽ നിന്ന് ഏകദേശം നാനൂറോളം പടികൾ കയറി വേണം ഗ്രാമത്തിലെത്താൻ. വീതിയിൽ കെട്ടിയുണ്ടാക്കിയ ഈ പാതയെ ‘ലാർദാറിന’ എന്നാണിവിടത്തുകാർ വിളിക്കുന്നത്. വളരെ ഇടുങ്ങിയ വഴികളാണ് കോർണീലിയയിലേത്. ട്രെയിൻ ഇറങ്ങിയപ്പോൾ ആദ്യം നോക്കിയത് കെട്ടിടങ്ങളുടെ ജനാലകളിലേക്കാണ്, ഊഹം തെറ്റിയില്ല, പച്ച തന്നെ! മുന്തിരിത്തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു വലിയ പാറയുടെ മുകളിലാണ് ഈ ഗ്രാമത്തിന്റെ നിൽപ്പ്.  ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവനായി കാണണമെങ്കിൽ വാഹനങ്ങൾ പോകുന്ന റോഡിലൂടെ നടന്ന് ഉയരത്തിലുള്ള സാൻ ബെർണാഡിനോയിലെത്തണം. കയറ്റം കയറി ക്ഷീണിച്ചു വരുന്നവർക്ക് ആശ്വാസത്തിന് അവിടെ ബാറുകളും ഭക്ഷണശാലകളുമുണ്ട്. ട്രെക്കിങ്ങും ഹൈക്കിങ്ങുമൊക്കെ ഇഷ്ടമുള്ളവർക്ക് കോർണീലിയ പ്രിയപ്പെട്ടതാവും.

           സിൻക്വേ ടെറേയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഗ്രാമമാണ് മോണ്ടെറോസോ. അഞ്ച് ഗ്രാമങ്ങളിൽ ഏറ്റവും വ്യത്യസ്തമായ ഗ്രാമം മോണ്ടെറോസോയാണ്. ഇതാണേറ്റവും വലിയ ഗ്രാമവും.  ഇവിടെ മാത്രമാണ് വാഹനങ്ങൾ ഓടിക്കാൻ അനുമതിയുള്ളത്. ബാക്കിയുള്ള ഗ്രാമങ്ങളെല്ലാം നടന്നു തന്നെ കാണണം. രണ്ട് ഭാഗങ്ങളായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പഴയ ഗ്രാമമായ ബോർഗോയും പുതിയ ഗ്രാമമായ ഫെജിനയും. ഫെജിനയിലാണ് ബീച്ച്. താമസിക്കാനുള്ള ഹോട്ടലുകളധികവും ഇവിടെയാണ്. പഴയ ഗ്രാമവും പുതിയ ഗ്രാമവും ഒരു തുരങ്കത്തിനാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ സാൻ ഫ്രാൻസിസ്‌ക്കോയുടെ ഒരു പള്ളിയുണ്ട്. സിൻക്വേ ടെറേയിലെ മറ്റു ബീച്ചുകൾ പോലെ പാറക്കെട്ടുകൾ നിറഞ്ഞ് ഇടുങ്ങിയ ബീച്ചല്ല ഇവിടത്തേത്, മണൽ നിറഞ്ഞ് നീണ്ടു കിടക്കുന്ന ബീച്ചാണ്. മണലിൽ നിരനിരയായി കുടകൾ നിരത്തി വെച്ചിരിക്കുന്നു. ഒരു ഭാഗം മുഴുവൻ ഓറഞ്ച് നിറമുള്ള കുടകൾ, പിന്നെ കുറച്ചു ദൂരം നീലയും വെള്ളയും, പിന്നെ പച്ച, അങ്ങനെ നിറങ്ങളുടെ ഒരു മേളമാണ് ബീച്ചിൽ.

                  നടപ്പാതയിലൂടെ ഒരറ്റത്ത് പോയി താഴെയിറങ്ങി വേണം ബീച്ചിലെത്താൻ. അവിടേയ്ക്ക് നടക്കുമ്പോൾ മതിലിൽ പ്രത്യേകതരം കിടക്കവിരികൾ വിരിച്ചിട്ടിരിക്കുന്നു. അൽബേനിയയിൽ നിന്നുള്ള കച്ചവടക്കാരുടെ പണിയാണ്. അതിലൊന്നിൽ തൊട്ടു നോക്കിയതിന് അവരെന്നെ എന്തോ ചീത്തയും പറഞ്ഞു. വഴിയരികിൽ രണ്ട് പെൺകുട്ടികൾ ഗിറ്റാർ മീട്ടി പാടുന്നു. മുൻപിൽ ഒരു തൂവാലയും വിരിച്ചിട്ടുണ്ട്. അധികം ചില്ലറയൊന്നും വീണിട്ടില്ലെങ്കിലും അവർ സന്തോഷത്തോടെ  പാടുന്നു. ഏറ്റവുമധികം ഭക്ഷണശാലകളും വൈൻ പാർലറുകളുമുള്ളയിടവും മോണ്ടെറോസോയാണ്. ആന്റി പാസ്റ്റി മിസ്‌ലി എന്ന പേര് കണ്ട് കൗതുകം തോന്നി അതെന്താണെന്ന് ചോദിച്ചു. മിക്സഡ് ഫ്രൂട്സ് ഓഫ് ദ സീ എന്നാണത്രെ അതിന്റെ അർത്ഥം. ഭക്ഷണത്തിന് മുൻപേ അപ്പെറ്റയിസർ ആയി കഴിക്കുന്നതാണത്രേ. പക്ഷെ അത് മാത്രം കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു! ഇവിടത്തുകാരുടെ ഇഷ്ടവിഭവമാണ് അഞ്ചോവി. നമ്മുടെ നെത്തോലിയാണ് സാധനം. പിടിച്ച അന്ന് തന്നെ ഇവ പാകം ചെയ്യും എന്നാണ് പാചകക്കാരൻ പറഞ്ഞത്. ഉപ്പിട്ടും, വറുത്തും, വെളുത്തുള്ളിയും, വിനാഗിരിയും ചേർത്തും പല വിധത്തിൽ ഇവ പാകം ചെയ്യാറുണ്ടിവിടെ.  ഒലിവെണ്ണ ഉപയോഗിച്ചാണ് പാചകം. ചീസും വെളുത്തുള്ളിയും, പാസ്തയുമൊക്കെ ഉപയോഗിച്ചാണ് ഭക്ഷണമധികവും ഉണ്ടാക്കുന്നത്. ഫൊക്കേഷ്യാ എന്ന് പേരുള്ള ബ്രെഡ് ഇവിടത്തെ പ്രത്യേക വിഭവമാണ്. ഇറ്റലിയിലെ തന്നെ മികച്ച ഫൊക്കേഷ്യാ കിട്ടുന്നയിടം ഇവിടെയാണത്രെ. സവാളയും, ഒലീവും, തുളസിയും, ഒക്കെയിട്ടും, വെറുതെയും ഇത് കഴിക്കാം. പേര് കേട്ടാൽ കൗതുകം തോന്നുന്ന പലതരം കേക്കുകളും ഇവിടെയുണ്ട്. മോണ്ടെറോസോയിലെ ഭീമൻ  നാരങ്ങകൾ ഇറ്റലിയിൽ പ്രസിദ്ധമാണ്. തേങ്ങയോളം വലിപ്പം വരും ഒരു നാരങ്ങയ്ക്ക്. ഇവിടത്തെ ഒലീവുകളും വൈറ്റ് വൈനും പേര് കേട്ടതാണ്. ഇവിടെ വന്നാൽ ഇത് മൂന്നും രുചിച്ചു നോക്കാതെ പോവരുതെന്നാണ് ഇവിടത്തുകാർ പറയുക.

                   ഗ്രാമങ്ങളിൽ വെച്ചേറ്റവും പ്രായം കുറഞ്ഞത് വെർണാസയാണ്. 2011ലെ  വെള്ളപ്പൊക്കം ഈ ഗ്രാമത്തെ മുഴുവൻ മുക്കിക്കളഞ്ഞു. മണ്ണൊലിപ്പിന് ശേഷം കെട്ടിടങ്ങളും റോഡുകളും ഒക്കെ ഏറെക്കുറെ പുതുക്കിപ്പണിയേണ്ടി വന്നു. അത് കൊണ്ടാവാം ഇവിടെ ഹോട്ടലുകളധികമില്ല. താരതമ്യേന ചാർജും കൂടുതലാണിവിടെ. മറ്റു ഗ്രാമങ്ങളെപ്പോലെ തന്നെ നിറമുള്ള കെട്ടിടങ്ങളും പള്ളിയും ഒക്കെ ഇവിടെയുമുണ്ട്. കൂടാതെ ഒരു ചെറിയ ഹാർബറുമുണ്ട്. ഏറ്റവുമധികം കരകൗശലശാലകൾ ഉള്ളതിവിടെയാണെന്ന് തോന്നുന്നു. സിൻക്വേ ടെറേയുടെ ചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്ന ഒരു കട കണ്ടപ്പോൾ അവിടേക്ക് കയറി. ‘സ്റ്റോറി ഇൻ ഇറ്റലി’ എന്നാണ് കടയുടെ പേര്. അന്വേഷിച്ചപ്പോൾ അവ വിൽക്കാനുള്ളതല്ല. അവിടുത്തെ നടത്തിപ്പുകാരിയുടെ ഭർത്താവ് വരച്ച ചിത്രങ്ങളാണ്. വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് ആഭരണങ്ങളാണ്. ഇറ്റലിയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വാങ്ങിയ സാധനങ്ങളുപയോഗിച്ചാണ് അവ നിർമിച്ചിരിക്കുന്നത്. മിഷേൽ ഗ്രെക്കോ എന്നാണവരുടെ പേര്. അമേരിക്കക്കാരിയാണവർ. ചിത്രകാരനെ പ്രണയിച്ച് കൂടെ കൂടി ഈ നാട്ടുകാരിയായതാണ്.

രണ്ട് വ്യൂ പോയിന്റുകളാണ് വെർണാസയിലുള്ളത്. അവയിൽ നിന്ന് നോക്കിയാൽ വെർണാസയുടെ രണ്ടു മുഖങ്ങൾ കാണാം. രണ്ടിലേതാണ് കൂടുതൽ മനോഹരമെന്ന് പറയുക വയ്യ. മല കയറുമ്പോൾ താഴെയുള്ള തുരങ്കത്തിൽ നിന്നും ട്രെയിൻ സ്റ്റേഷനിലേക്കെത്തുന്നത് കാണാം; പാമ്പ് മാളത്തിൽ നിന്നിഴഞ്ഞു വരുന്നത് പോലെ. എല്ലാ ഗ്രാമങ്ങളിലും പള്ളികളുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടമായത് വെർണാസയിലെ പള്ളിയാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ കുർബാന നടക്കുകയായിരുന്നു. പ്രഭാഷണത്തിന് ശേഷം ഒരു വൃദ്ധൻ മനോഹരമായി പിയാനോ വായിച്ചാണ് കുർബാന അവസാനിപ്പിച്ചത്. ഹാർബറിനടുത്തുള്ള പടിക്കെട്ടുകൾ കയറിയാൽ ഒരു കോട്ടയിലേക്കാണ് ചെന്നെത്തുക. കാസെല്ലോ ഡോറിയ എന്നാണീ പഴഞ്ചൻ കോട്ടയുടെ പേര്. ആയിരം വർഷങ്ങളോളം പഴക്കം വരുന്ന  ഈ  കോട്ടയുടെ അവശിഷ്ട്ടങ്ങൾ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ. വൃത്താകൃതിയിലുള്ള ഒരു ടവർ കേടു കൂടാതെ തലയുയർത്തി  നിൽക്കുന്നുണ്ട്.

              റെയിൽവെ സ്റ്റേഷനിലേക്ക് തിരികെ നടക്കുമ്പോൾ മതിലിൽ ഒരു ചെമ്പ് ഫലകത്തിൽ ഒരു സ്ത്രീയുടെ ചിത്രം കൊത്തി വെച്ചിരിക്കുന്നത് കണ്ടു. ഇറ്റാലിയൻ ഭാഷയിൽ എന്തോ എഴുതിയിട്ടുമുണ്ട്. 2012 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2011 ലെ വെള്ളപ്പൊക്കത്തിന്  ശേഷമുള്ള വെർണാസയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ടതായിരിക്കണം ആ ഫലകം.  മണ്ണൊലിപ്പും വെള്ളപ്പൊക്കവും ഈ കുഞ്ഞു നാടിനെ പിടിച്ചു കുലുക്കിയിട്ടും ഇവിടുത്തുകാർ വീണ്ടും ഈ ഗ്രാമം പണിതുയർത്തി. കൂടുതൽ സുന്ദരിയും ശക്തയുമായി സിൻക്വേ ടെറേ തലയുയർത്തി നിൽക്കുന്നു. അന്ന് ഇവിടം മുഴുവൻ കടൽ കൊണ്ടു പോയിരുന്നെങ്കിൽ ഇന്നിങ്ങനെ ഒരു വരവ് സാധ്യമാകുമായിരുന്നോ?


2017 മാർച്ച് ലക്കം മാതൃഭൂമി യാത്ര മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.   🙂

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT