Travel

ടിയാൻമെൻ മല : സാഹസികരുടെ സ്വർഗം

on
സെപ്റ്റംബർ 13, 2018

            പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് കുത്തനെ കയറി പോവുന്ന ഒരു റോപ്പ് വേ. താഴോട്ടു നോക്കിയാൽ കാണുന്ന മലനിരയെ ചുറ്റിപ്പിണഞ്ഞു കയറുന്ന 99 ഹെയർപിൻ വളവുകൾ. മലമുകളിൽ പാറക്കെട്ടുകളുടെ വശത്ത് വായുവിൽ നിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ചില്ലുപാത (Glassbottom walkway).  ചില്ലുപാത തീരുന്നിടത്ത് നിന്നും താഴോട്ടു നടന്നാൽ എത്തിച്ചേരുന്നത് മലയെ തുളച്ചു മറുവശം വരെ ചെന്നെത്തുന്ന ഒരു ഭീമാകാരൻ ഗുഹാമുഖത്തിനു താഴെ. താഴെ നിന്നും ഗുഹ വരെ നടന്നു കയറുവാൻ ഒരു വെള്ളച്ചാട്ടത്തിനരികിലായി  പണിത 999 പടവുകൾ. അവിശ്വസനീയമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും മടിത്തട്ടാണ് ചൈനയിലെ ജാങ്ങ്ജ്യാജ്യെ (zhangjiajie) പട്ടണത്തിനു തൊട്ടു കിടക്കുന്ന ടിയാൻമെൻ മല (Tianmen mountain).

             സ്ഥലപ്പേരു നേരാംവണ്ണം പറയാനറിയാതെ ഞാനും താരയും താടിക്ക് കയ്യും കൊടുത്തിരുന്നു പോയ പട്ടണമാണ് ജാങ്ങ്ജ്യാജ്യെ. തലസ്ഥാനമായ ബീജിങ്ങിൽ നിന്നും 1500 കിലോമീറ്റർ ദൂരെയാണിത്. എങ്കിലും ബീജിങ്ങിൽ നിന്നും നേരിട്ട് ഫ്ലൈറ്റ് സർവീസും ട്രെയിൻ റൂട്ടും ഉള്ളതിനാൽ ഇവിടെ എത്തിച്ചേരുവാൻ അധികം ബുദ്ധിമുട്ടില്ല. ഈ പട്ടണത്തിൽ നിന്നും വെറും വെറും 8 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ ആ വന്മലയിലേക്ക്. ജാങ്ങ്ജ്യാജ്യെ റെയിൽവേ സ്റ്റേഷനിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്താണ് ടിയാൻമെൻ മലയിലേക്കുള്ള റോപ്പ് വേ കേബിൾ കാർ യാത്ര തുടങ്ങുന്നയിടം  അതിരാവിലെ തന്നെ എത്തിച്ചേർന്നില്ലെങ്കിൽ മണിക്കൂറുകളോളം ചിലപ്പോൾ ക്യൂ നില്ക്കേണ്ടി വരും കേബിൾ കാറിൽ കയറിപ്പറ്റാൻ. 258 യുവാൻ ആണ് ടിക്കറ്റ് ചാർജ്.

                     7 കിലോമീറ്റർ ആണ് ഈ കേബിൾ കാർ സർവീസിന്റെ നീളം.  ഇത്രയും ദൂരത്തിൽ ഒരേ സമയം 98 കേബിൾ കാറുകൾ ആണ് ഈ കമ്പികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്. തറനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലാണ് മലമുകളിലെ കേബിൾ കാർ സ്റ്റേഷൻ.  യാത്രയുടെ തുടക്കത്തിൽ ഭൂമിക്കു സമാന്തരമായി കുറെ ദൂരം പോവുന്ന കേബിൾ കാർ കുത്തനെ ഉയർന്നു തുടങ്ങുന്നത് വളരെ പെട്ടെന്നാണ്. അങ്ങുയരെ നിൽക്കുന്ന മലമുകളിലേക്ക് കമ്പികളിൽ തൂങ്ങി ചില്ലുകൂടുകൾ കുത്തനെ കയറിപ്പോവുന്ന ആ കാഴ്ച്ച ഏതൊരാളെയും ത്രസിപ്പിക്കും. പാതി വഴിയൊക്കെ എത്തുമ്പോൾ താഴോട്ടു നോക്കിയാലും മുകളിലോട്ടു നോക്കിയാലും ചങ്കിടിപ്പ് കൂടുമെന്നുറപ്പ്. കേബിൾ കാറിൽ നിന്നും താഴോട്ട് നോക്കുമ്പോൾ കാണാവുന്ന ഒരു മനോഹര ദൃശ്യം ആണ് പട്ടണത്തിന്റെ താഴ്വാരത്ത് നിന്നും മലയുടെ മുകളറ്റം വരെ മലയെ ചുറ്റി കയറിപ്പോവുന്ന കയറിപ്പോവുന്ന വളഞ്ഞു പുളഞ്ഞ റോഡ്‌. ഡ്രൈവിങ്ങിൽ ആനന്ദം കണ്ടെത്തുന്നവരെ കൊതിപ്പിക്കുന്ന തരത്തിലുള്ള 99 ഹെയർപിൻ വളവുകൾ ആണ് ആ 11 കിലോമീറ്റർ പാതയിൽ ഉള്ളത്. മലമുകളിലേക്ക് പോവുന്ന സഞ്ചാരികൾക്കായി കേബിൾ കാർ സർവീസും, തിരിച്ചു താഴെ ഇറങ്ങാൻ ആ മലമ്പാതയിലൂടെ മിനിബസ് ഷട്ടിൽ സർവീസും ആണുള്ളത്. കേബിൾ കാർ ലൈനിനു നേരെ താഴെ ആയി ഹെയർപിന്നുകൾ താണ്ടി അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ആ മിനിബസുകൾ ഒഴുകി നീങ്ങുന്ന തീപ്പെട്ടിക്കൂടുകൾ പോലെ കാണാം. അമിതവേഗത്തിനു കുപ്രസിദ്ധമാണ് ചൈനയിലെ മിനിബസ് ഡ്രൈവർമാർ. ആ ഹെയർപിൻ വളവുകൾ നോക്കി ഇരുന്നപ്പോൾ മുകളിലേക്കുള്ള യാത്രയേക്കാൾ ഒട്ടും ആവേശം കുറയാൻ സാധ്യതയില്ല തിരിച്ചിറക്കത്തിനും എന്ന് മനസ്സിൽ തോന്നി. ആ തെളിഞ്ഞ ചില്ലുകൂടിൽ ഇരുന്നു ചുറ്റിലേക്കും നോക്കുമ്പോൾ സ്വപ്നസമാനമായ ആ പ്രകൃതി ദൃശ്യത്തിനു മുകളിലായി ഒരു ഭീമൻ പക്ഷിയുടെ പുറത്ത് കയറി പറക്കുന്നുവേന്നോണം ആണ് തോന്നുക.

            ഏതാണ്ട് 30 മിനിറ്റ് എടുക്കും കേബിൾ കാർ മലമുകളിൽ എത്തിച്ചേരുവാൻ. മേഘങ്ങൾക്കും മുകളിൽ ആണ് ടിയാൻമെൻ മലമുകളിലെ കേബിൾ കാർ സ്റ്റേഷൻ. ഇറങ്ങി 5 മിനിറ്റ് നടന്നാൽ യുൻമെങ്ങ്  വ്യൂപോയിന്റ്  എത്തും. അവിടെ നിന്നും നോക്കിയാൽ പച്ച വിരിച്ച മലമടക്കുകൾക്കിടയിലൂടെ താഴെ ദൂരെയായി പരന്നു കിടക്കുന്ന പട്ടണം കാണാം. മേഘശകലങ്ങളെ തുളച്ചു കിടക്കുന്ന കമ്പികളിലൂടെ ചില്ലുകൂടുകൾ താഴെ നിന്നും കയറി വരുന്നതും കാണാം. ഏതാണ്ട് 1.5 കിലോമീറ്റർ ആണ് ഈ മലയുടെ ഉയരം. അപൂർവമായ പലതരം സസ്യജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടെയാണ്, ഹുനാൻ പ്രവിശ്യയുടെ (Hunan province) ഭാഗം ആയ ഈ മലനിരകൾ. ഫോട്ടോഗ്രാഫർമാർക്കൊരു പറുദീസ തന്നെയാണിവിടം. മലമുകളിലെ കേബിൾ കാർ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ടിയാൻമെൻ മലയെ ചുറ്റി നീണ്ടു കിടക്കുന്ന ചില്ലുപാത തുടങ്ങുന്നത്. പാറക്കെട്ടുകളുടെ വശങ്ങളിൽ ഡ്രിൽ ചെയ്തു കോൺക്രീറ്റ് ബാറുകൾ ഉറപ്പിച്ച്, അതിനു മുകളിൽ ചില്ല് പാളികൾ നിരനിരയായി പതിച്ചാണ് ഈ പാത നിർമിച്ചിരിക്കുന്നത്. 1 മീറ്റർ വീതിയും , 5 സെന്റിമീറ്റർ കനവും ആണ് ഈ ചില്ലുപാളികൾക്ക്. ചില്ലുകളിൽ വരയും ചെളിയും ഒന്നും വീഴാതിരിക്കാൻ ഷൂസിനു മീതെ ഒരു തുണിക്കവർ ധരിപ്പിച്ചു മാത്രമേ ഈ നടപ്പാതയിൽ സഞ്ചാരികളെ കയറ്റൂ. ഇതിലൂടെ നടക്കുമ്പോൾ ഏതാണ്ട് ഒന്നര കിലോമീറ്റർ താഴ്ചയിലേക്ക് പതിക്കുന്ന അഗാധഗർത്തം ആയിരിക്കും കാലുകൾക്ക് താഴെ കാണുന്നത്. ഉയരങ്ങൾ ഭയക്കുന്നവർക്ക് എളുപ്പമല്ല ഈ നടത്തം. നല്ല കാറ്റുള്ള ദിവസങ്ങളിൽ ഇതിലൂടെ നടക്കുന്ന സഞ്ചാരികളിൽ ചിലരൊക്കെ തല കറങ്ങി തിരിച്ചു പോരാറുണ്ടത്രെ. മൂടൽ മഞ്ഞില്ലാത്ത തെളിഞ്ഞ ദിവസങ്ങളാണ് ഈ ചില്ലുപാതയിലെ നടത്തം ആസ്വദിക്കാൻ ഉത്തമം. താഴെയറ്റം വരെ വ്യക്തമായി കാണാം.

                   ഇനി കാണുവാൻ പോവുന്നത് മലയെ തുളച്ചു നിൽക്കുന്ന ഭീമാകാരൻ ഒരു ഗുഹാകവാടം ആണ്. കേബിൾ കാർ സ്റ്റേഷൻ നിൽക്കുന്ന ഭാഗത്തിന് മറുവശത്തായാണ് ഈ ഗുഹ. അങ്ങോട്ടേക്കെത്തുവാൻ മലയുടെ ഉള്ളിലൂടെ നിർമിച്ചിരിക്കുന്ന എസ്കലേറ്റർ ഉണ്ട്. ഏതാണ്ട് 10 മിനുട്ടോളം ദൈർഘ്യം വരും ഈ എസ്കലേറ്റർ യാത്ര. മലനിര പല തട്ടുകളായി കിടക്കുന്നത് കൊണ്ടായിരിക്കാം 4 എസ്കലേറ്റർ ഇറങ്ങിയാണ്‌ ഗുഹാമുഖത്തിനു താഴെ എത്തിയത്. ചൈനീസ് എഞ്ചിനീയറിങ്ങിനോട് നമുക്ക് പൊതുവെ പുഛമാണെങ്കിലും ഈ മലയിലെ കേബിൾ കാർ ലൈനും, ചില്ലുപാതയും, ഹെയർപിൻ റോഡും, ഇപ്പൊഴീ മലക്കുള്ളിലൂടെയുള്ള എസ്കലേറ്ററും എല്ലാം കാണുമ്പോൾ ചൈനയുടെ എങ്ങിനീയറിംഗ് കപ്പാസിറ്റി നമ്മൾ ഇവിടിരുന്നു കരുതുന്നതിനെക്കാളൊക്കെ മുകളിൽ ആണെന്നുറപ്പ്.  എസ്കലേറ്റർ ഇറങ്ങിയാൽ നേരെ മുന്നിൽ കാണുന്നത് മുകളിൽ മലയെ തുളച്ചു നിൽക്കുന്ന ഒരു ഭീമാകാരൻ ഗുഹയും അതിലേക്കു കയറിപ്പോകുന്ന നൂറുകണക്കിന് പടികളുമാണ്. ദൂരെ നിന്നും നോക്കുമ്പോൾ ഉറുമ്പുകൾ അരിക്കുന്നത് പോലെ കാണാം, പടവുകൾ കയറുന്നവരെ. താഴെ നിരപ്പിൽ നിന്നും ഗുഹയിലേക്ക് കയറാൻ 999 പടവുകൾ ആണ് കെട്ടിയിരിക്കുന്നത്. ദൃഡനിശ്ചയം കൈമുതലായി ഉള്ളവർ മാത്രമാണ് ആ പടവുകൾ മുഴുവൻ കയറി ഗുഹാമുഖതിലൂടെ നടന്നു മലയുടെ മറുവശത്ത് ചെന്നെത്തുന്നത്. 30 മിനുട്ടോളം എടുക്കും താഴെ നിന്നും മുകളറ്റം വരെ കയറാൻ. ചൈനീസുകാർ “സ്വർഗവാതിൽ” എന്ന് വിളിക്കുന്ന ഈ ഗുഹാകവാടത്തിനു 57 മീറ്റർ ആണ് വീതി. ടിയാൻമെൻ മലക്ക് പേര് നൽകിയത് ഈ ഗുഹയാണ്. ചൈനീസ് ഭാഷയിൽ ടിയാൻമെൻ എന്ന വാക്കിനർത്ഥം സ്വർഗവാതിൽ എന്നാണത്രേ. പണ്ട് കാലത്ത് സോങ്ങ് ലിയാങ്ങ് എന്നായിരുന്നു ഈ മലയുടെ പേര്. ഈ ഗുഹാകവാടം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് മുതലാണ്‌ ഈ മലനിരക്ക് പുതിയ പേര് കിട്ടിയത്. ഒരുപാട് കാലത്തെ ജലപ്രവാഹം മൂലം താനേ ഉണ്ടായി വന്നതാണത്രേ ഈ ഗുഹ. അത് ശരി വെക്കുന്നെന്നോണം ഗുഹയുടെ ഒരു വശത്തായി ശക്തിയോടെ ഒഴുകുന്ന ഒരു വെള്ളച്ചാട്ടവും കാണാം.

                    ഒന്നിലധികം തവണ ലോക വിംഗ്സ്യൂട്ട് ചാമ്പ്യൻഷിപ്പിന് (world wingsuit championship) വേദിയായിട്ടുണ്ട് ഈ സ്ഥലം. ആകാശത്ത് നിന്നും ഈ ഗുഹക്കുള്ളിലൂടെ വിംഗ്സ്യൂട്ട് ധരിച്ചു പറക്കുന്നത് അതിലെ ഒരു പ്രധാന ഇവന്റ് ആണ്. ടിയാൻമെൻ മലയിൽ വെച്ച് നടന്ന ആ ചാമ്പ്യൻഷിപ്പിന്റെ  ത്രസിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഗുഹക്കുള്ളിൽ ഒരു വലിയ ഫലകത്തിൽ ഒരു പാട് താഴുകൾ പൂട്ടി ഇട്ടിട്ടുണ്ട്. ഈ 999 പടവുകൾ നടന്നു കയറി ഈ ഫലകത്തിൽ ഒരു താഴിട്ടു പൂട്ടിയാൽ മരണശേഷം സ്വർഗവാതിൽ തുറക്കപ്പെടും എന്നാണു ഇതിനു പിന്നിലെ വിശ്വാസം. കയറുന്നത് ശ്രമകരം ആണെങ്കിൽ ഇറങ്ങുന്നത് ഭീതിജനകം ആണ്. പടവുകളുടെ താഴെയറ്റം വരെ നോക്കിയാൽ തല കറങ്ങും. തൊട്ടു മുന്നിൽ ഉള്ള പടികൾ മാത്രം വേണം ഇറങ്ങാൻ. സാമാന്യം കുത്തനെയാണ് പടികൾ കെട്ടിയിരിക്കുന്നത്. ചെറിയ പടവുകളിൽ കാലൊന്നു തെറ്റിയാൽ 999 പടികൾ ഉരുണ്ടു താഴെ എത്തും. സൂക്ഷിച്ചു സമയം എടുത്തിറങ്ങിയത് കൊണ്ട് കയറിയ അത്രയും നേരം എടുത്തു താഴെ എത്താനും.

          സന്ധ്യ ആവാറാകുന്നു. ഇനി മലയിറക്കം മാത്രം ആണ് ബാക്കി. മിനിബസ് കാത്തു നിൽക്കുന്നവരുടെ നീണ്ട ക്യൂ. കേബിൾ കാറിൽ കയറിപ്പറ്റാൻ എടുത്തതിനെക്കാൾ സമയം വേണ്ടി വന്നു മിനിബസ് ഒരെണ്ണത്തിൽ കയറിപ്പറ്റാൻ.  മുമ്പ് കരുതിയ പോലെ തന്നെ അപാര സ്പീഡ്. ആവേശം മൂത്ത് ഡ്രൈവ് ചെയ്യുന്നതാണോ അതോ സമയം പാലിക്കാൻ ഉള്ള തിടുക്കമാണോ, എന്തായാലും ഒന്ന് രണ്ടു ഹെയർപിൻ വളവുകളിൽ അതിവേഗം കാരണം വെട്ടിത്തിരിക്കാൻ സ്ഥലമില്ലാതെ, താഴോട്ടിറങ്ങുന്ന ബസും  സഞ്ചാരികളെ ഇറക്കി മുകളിലോട്ടു വരുന്ന ബസും തമ്മിൽ മുഖാമുഖം വന്നു ബ്രേക്ക്‌ ഇട്ടു നിർത്തുന്ന സ്ഥിതി വരെ എത്തി. എന്നാലും “ഇതൊക്കെ യെന്ത്” മട്ടിൽ കൂസലില്ലാതെ തന്നെയാണ് വീണ്ടും ഡ്രൈവിംഗ്. ഞാനും താരയും പുറത്തെ കാഴ്ചകൾ ആസ്വദിച്ചിരുന്നത് കാരണം ഇതിൽ ആകുലപ്പെടാൻ സമയം കിട്ടിയില്ല. ബസ്‌ ചില വളവുകൾ തിരിയുമ്പോൾ മലയടിവാരം വരെയുള്ള റോഡുകൾ കാണാനാവും. അതിൽ പല ഉയരങ്ങളിലായി മുകളിലേക്കും താഴേക്കും കുതിച്ചു പായുന്ന മിനിബസുകൾ. തൊട്ടു മുകൾവശത്തായി കമ്പികളിൽ അരിച്ചിറങ്ങുന്ന പല നിറങ്ങളിൽ കേബിൾ കാർ കൂടുകൾ. പിന്തിരിഞ്ഞു മുകളിലേക്ക് നോക്കിയാൽ മലയിൽ പതിഞ്ഞു കാണുന്ന സ്വർഗവാതിൽ. ഇതിനെല്ലാം ഒരു സ്വപ്നത്തിൻറെ പ്രതീതി നല്കി താഴെയും മുകളിലും ആയി പാറി നിൽക്കുന്ന മേഘത്തുണ്ടുകൾ. നാല് വശങ്ങളിലും അതീവസുന്ദരമായ ദൃശ്യഭംഗി. ബസിന്റെ അതിവേഗം മൂലം അതൊന്നും നേരാം വണ്ണം ഫോക്കസ്     ചെയ്തെടുക്കാൻ പറ്റില്ല എന്ന് ബോധ്യമായപ്പോൾ ക്യാമറ അടച്ചു ബാഗിൽ വെച്ചു. ഈ അത്ഭുതലോകത്തിലെ  ഈ ഒരു ദിവസത്തെ ഈ അവസാന നിമിഷങ്ങൾ സൂക്ഷിച്ചു വെക്കാൻ ഇനി ഓർമയിലെ ചിത്രങ്ങൾ മാത്രം !


2016 ജൂലൈ ലക്കം ‘മാതൃഭൂമി യാത്ര’ മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 🙂

IMG_20180302_112333

 

.

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT