സാന്റോറിനിയിലൂടെ ഒരു സ്കൂട്ടർ റൈഡ്
യാത്രകളും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നൊരാളാണ് നിങ്ങളെങ്കിൽ ഗ്രീസിലെ സാന്റോറിനി ദ്വീപിന്റെ ഒരു ചിത്രമെങ്കിലും എപ്പോഴെങ്കിലുമായി നിങ്ങളെ അസൂയപ്പെടുത്തിയിട്ടുണ്ടാകും. ട്രാവൽ ഫോട്ടോഗ്രാഫി പേജുകളിലെ സ്ഥിരം സാന്നിധ്യമാണ് സാന്റോറിനിയിലെ വെള്ള പൂശിയ വീടുകളും അവക്കിടയിൽ നീല നിറത്തിൽ പൊന്തി നിൽക്കുന്ന പള്ളിമകുടങ്ങളും, ഇടയിലൂടെ പൊന്തിയും താണും കിടക്കുന്ന പടിക്കെട്ടുകളും. ഗ്രീസിലും, യൂറോപ്പിലും, മാത്രമല്ല, ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ‘റൊമാന്റിക് ഡെസ്റ്റിനേഷൻ’ ആണ് സാന്റോറിനി. ഞങ്ങളുടെ ഗ്രീസ് യാത്രയുടെ പ്രധാന ലക്ഷ്യവും സാന്റോറിനി തന്നെയായിരുന്നു.
വളരെ ചെറിയ എയർപോർട്ട് ആണ് സാന്റോറിനിയിലേത്. കടലിനോട് വളരെ അടുത്ത്. ശംഖുമുഖം ബീച്ചിന് തൊട്ടടുത്ത കിടക്കുന്ന നമ്മുടെ തിരുവനന്തപുരം വിമാനത്താവളം ഒക്കെ പോലെ. ഞങ്ങൾ രാത്രി 7 മണിയോടടുത്താണ് സാന്റോറിനിയിൽ വിമാനമിറങ്ങിയത്. ഈ ദ്വീപിലെ പ്രധാന പട്ടണമായ ഫിറയിലാണ് ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത്. കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുന്നിൻതലപ്പിലാണ് ഫിറ പണിതിരിക്കുന്നത്. എയർപോർട്ടിൽ നിന്നും ഫിറയിലേക്ക് ഷട്ടിൽ ബസ് ഉണ്ട്. വെറും 2 യൂറോ ടിക്കറ്റ് എടുത്താൽ 30 മിനിറ്റിൽ ഫിറയിലെത്താം. യൂറോപ്പിലെ തന്നെ ചിലവേറിയ സ്ഥലങ്ങളിലൊന്നായ സാന്റോറിനിയിലെ എയർപോർട്ട് ബസ് ചാർജ് അത്ഭുതപ്പെടുത്തി എന്നത് സത്യം. സമുദ്രനിരപ്പിലുള്ള എയർപോർട്ടിൽ നിന്നും മുകളിലേക്കുള്ള കയറ്റത്തിൽ ദൂരെ കുന്നിൻതലപ്പിലെ ഫിറ പട്ടണം മഞ്ഞ വെളിച്ചത്തിൽ കുളിച്ച് കിടക്കുന്നത് കാണാമായിരുന്നു.
രാവിലെ കടൽക്കാക്കകളുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്. നമ്മുടെ നാട്ടിൽ കോഴി കൂവി ഉണരുന്ന പോലെയാണ് യൂറോപ്പിലെ ബീച്ച് ടൗണുകളിൽ കടൽക്കാക്കകളുടെ ഒച്ചയും ചിറകടിയും കേട്ട് ഉറക്കമുണരുന്നത്. മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കയ്യെത്തും ദൂരത്ത് മുഴുവൻ വെള്ള വീടുകളും പടിക്കെട്ടുകളും. നേരാം വണ്ണം കണ്ണ് മിഴിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത്, എതിർവശത്തുള്ള ചുവരിൽ ചെയ്ത വലിയൊരു പെയിന്റിംഗ് ആയിരുന്നു അതെന്ന്. രാത്രിയിലെ മങ്ങിയ വെട്ടത്തിൽ ബാഗും തൂക്കി വന്ന് കേറിയപ്പോൾ ഇതൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല.
ഈ ദ്വീപിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന അറിയപ്പെടുന്ന ഗ്രാമമാണ് ‘ഇയ’. ഇൻസ്റ്റഗ്രാമിലും, ഫേസ്‌ബുക്കിലും എല്ലാം കാണുന്ന സാന്റോറിനിയുടെ മനോഹര ചിത്രങ്ങൾ അധികവും ഇയയിലേതാണ്. ഇംഗ്ലീഷിൽ OIA എന്നാണെഴുതുന്നത്. അത് കൊണ്ട് ഒയ്യ തപ്പി ഇറങ്ങുന്ന സഞ്ചാരികൾ ആദ്യമൊക്കെ ഒന്ന് ചുറ്റിപ്പോവും. ഫിറയിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരെയുള്ള ഇയയിലേക്ക് ഒരു സ്കൂട്ടർ റൈഡ് മനസ്സിലുണ്ട്. അത് കൊണ്ട് ഒരുങ്ങിയിറങ്ങിയ ശേഷം ആദ്യം ചെന്നത് സ്കൂട്ടർ വാടകക്ക് കൊടുക്കുന്നിടത്തേക്കാണ്. ഇത്തരം ധാരാളം കടകളുണ്ട് ഫിറയിൽ. സാന്റോറിനിയിൽ വരുന്ന സഞ്ചാരികളിൽ ഒരു പാട് പേര് സ്കൂട്ടറുകൾ ആണ് ഈ ദ്വീപ് കാണാൻ ഉപയോഗിക്കാറ്. ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് വേണ്ടി വരുമോ എന്ന സംശയത്തിലാണ് ചെന്നത്. ഏതായാലും കടക്കാരൻ ഇന്ത്യൻ ലൈസൻസ് വാങ്ങി വെച്ച് സ്കൂട്ടറിന്റെ താക്കോൽ തന്നു. കൂടെ ഒരു രസീത് നോട്ടും. ട്രാഫിക് പോലീസ് ചോദിച്ചാൽ ഈ രസീത് കാണിച്ചാൽ മതി എന്നാണയാൾ പറഞ്ഞത്. ഒറിജിനൽ ലൈസൻസ് അവിടെ കൊടുക്കുന്നതിൽ അനിഷ്ടം തോന്നിയെങ്കിലും എല്ലാവരും അത് പോലെ ചെയ്യുന്നത് കണ്ട ധൈര്യത്തിൽ ഞങ്ങളും ലൈസൻസ് കൊടുത്ത് രസീതും താക്കോലും വാങ്ങി ഇറങ്ങി. രണ്ട് ഹെൽമെറ്റ് ഇരിപ്പുണ്ടായിരുന്നു സ്കൂട്ടറിൽ. കഷ്ടിച്ച് മുടി മറയ്ക്കാൻ മാത്രം വലിപ്പമുള്ള രണ്ട് പ്ലാസ്റ്റിക് ചട്ടികൾ. സുരക്ഷയുടെ കാര്യത്തിൽ പൊതുവെ ഉദാസീനതയാണ് സാന്റോറിനിക്കാർക്ക്. സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല, പൊതുവെ ഉദാസീനരാണ് ഇവിടത്തുകാർ. തിരക്കില്ലാതെ, ആകുല ചിന്തകളില്ലാതെ, അലസ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവർ.
ഗ്രീസിൽ വലത് വശത്ത് കൂടെയാണ് ഡ്രൈവിങ്ങ്. ശ്രദ്ധയെങ്ങാൻ തെറ്റി, നാട്ടിലെ ഓർമയിൽ ഇടത്തേക്ക് കയറി ഓടിച്ചാൽ എതിരെ വരുന്ന വണ്ടിയുടെ അടിയിൽ പോവും. ഒരു മോഹത്തിന്റെ പുറത്ത് സ്കൂട്ടർ എടുത്തതാണെങ്കിലും ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ ഒട്ടും തിരക്കില്ലാത്ത റോഡ് ആയിരുന്നതിനാൽ. ഇത്തിരി നേരം ഓടിച്ചപ്പോൾ ഒരു കയ്യടക്കം വന്നു. ഫിറയിൽ നിന്നും താഴോട്ട് ചരിഞ്ഞിറങ്ങുന്ന റോഡ് കടൽക്കരയിലൂടെ കുറെ ദൂരം പോയ ശേഷം ഇയ എത്താറാകുമ്പോൾ വീണ്ടും മുകളിലേക്ക് ചാഞ്ഞു കയറും. കണ്ടാലും കുന്നും തമ്മിൽ നല്ല ഉയര വ്യത്യാസം ഉണ്ടെങ്കിലും ചെരിഞ്ഞു കയറുന്ന റോഡ് ആയതിനാൽ ചെറിയ സ്കൂട്ടറുകൾക്കും എളുപ്പത്തിൽ കയറാം എന്നാണ് വായിച്ചത്. പക്ഷെ കഷ്ടകാലത്തിന് ആ ദിവസം പാതി വഴിയിൽ റോഡ് പണി നടക്കുന്നുണ്ടായിരുന്നു. മാറ്റി വിടുന്ന വഴിയാണെങ്കിലോ നേരെ ചെങ്കുത്തായി മല കയറുന്നതും. ഞങ്ങൾ രണ്ടാളെയും വെച്ച് ആ കുഞ്ഞൻ സ്കൂട്ടർ കയറ്റം മുഴുവൻ കയറും എന്ന് യാതൊരു വിശ്വാസവുമില്ലായിരുന്നു. പക്ഷെ അവൻ മുഴുവൻ ദൂരവും ഞങ്ങളെ കയറ്റിയെത്തിച്ചു. മുകളിലെത്തിയാൽ വീണ്ടും നിരപ്പായ നല്ല റോഡ് ആണ്. സാന്റോറിനിയിലെ ഭൂപ്രകൃതിയുടെ ഭാഗമാണ് ഈ കയറ്റങ്ങളും താഴ്ചകളും. ഒരു വോൾക്കാനിക് ദ്വീപാണ് സാന്റോറിനി എന്നത് ഇവിടെ വന്നു പോവുന്ന പലർക്കും അറിയാത്ത കാര്യമാണ്. ഈജിയൻ കടലിലെ അഗ്നിപർവത സ്ഫോടനങ്ങളുടെ ഭാഗമായി ഉണ്ടായതാണ് ഈ ദ്വീപും അതിലെ കുന്നുകളും താഴ്വരകളും.
വീശിയടിക്കുന്ന കടൽക്കാറ്റേറ്റ് കൊണ്ടാണ് ഇയയിൽ പ്രവേശിച്ചത്. വഴിയരികിൽ സ്കൂട്ടർ വെച്ച ശേഷം ഉള്ളിലേക്ക് നടന്നു. നല്ല കടൽക്കാറ്റുള്ള സ്ഥലമായത് കൊണ്ടാവണം ഇയയിൽ ആദ്യം കണ്ണിൽപെട്ടത് കാറ്റാടിയന്ത്രങ്ങളാണ്. നമുക്ക് പരിചയമുള്ള നീണ്ടു മെലിഞ്ഞ കാറ്റാടിയന്ത്രങ്ങളല്ല. ചെറിയ തടിയൻ കാറ്റാടിയന്ത്രങ്ങൾ. തരിശായ കുന്നിന്റെ തലപ്പിൽ കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗത്തു പണിത കെട്ടിടങ്ങളുടെ കൂട്ടമാണ് ഇയ. അവിടത്തുകാരുടെ വീടുകളും, പള്ളികളും, കരകൗശല ശാലകളും, ടൂറിസ്റ്റുകൾക്കായി പണിത ഹോസ്റ്റലുകളും, സുവനീർ ഷോപ്പുകളും ഒക്കെ ചേർന്നതാണ് ഇയ. കട്ട കൂടിയ വീടുകൾക്കിടയിലൂടെ ഇടുങ്ങിയ നടപ്പാതകൾ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നീണ്ടു കിടക്കുന്നു. പക്ഷെ എല്ലാ വീടുകൾക്കും വെള്ള നിറമായതിനാൽ സാധാരണ ഇടുങ്ങിയ വഴികളിലൂടെയുള്ള ശ്വാസം മുട്ടൽ തോന്നിയില്ല. വെള്ള പൂശിയ ചുമരുകളിലും ജനാലകളിലും വീട്ടുപടികളിലുമൊക്കെ പൂത്തുലഞ്ഞ് നിൽക്കുന്ന ബോഗെയ്ൻവില്ലകൾ. ഇടവഴികളിൽ അവിടവിടെ സുവനീർ ഷോപ്പുകൾ. ചില വളവുകൾ തിരിഞ്ഞാൽ ഇടുങ്ങിയ വഴികളുടെ അറ്റത്ത് കാണുന്ന നീലക്കടലും അതിലെ ക്രൂസ് ഷിപ്പുകളും. ആഴമുള്ള കടലായതിനാൽ വമ്പൻ ക്രൂസ് ഷിപ്പുകൾ സാന്റോറിനിയിൽ വരാറുണ്ട്. അങ്ങനെ മൊത്തത്തിൽ നല്ല റൊമാന്റിക് ആണ് സാന്റോറിനി. ലാറ ക്രോഫ്റ്റ് ടോംബ് റേയ്‌ഡർ, സിസ്റ്റർഹുഡ് ഓഫ് ട്രാവലിങ്ങ് പാന്റ്സ് എന്നീ ഹോളിവുഡ് സിനിമകളിലും തല കാണിച്ചിട്ടുണ്ട് സാന്റോറിനി.
ഇവിടത്തെ സുവനീർ ഷോപ്പുകൾ ഒരു സംഭവമാണ്. അതിമനോഹരമായ ഡിസൈനുകളിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം നിരത്തി വെച്ചിരിക്കുന്ന ആർട്ട് ഷോപ്പുകൾ. പലതും കട നടത്തുന്ന സ്ത്രീകൾ തന്നെ ചെയ്തവയാണ്. ഇവിടത്തുകാരുടെ തനത് നിറക്കൂട്ടായ വെള്ളയും നീലയും തന്നെയാണ് പല ഡിസൈനുകളുടെയും കാതൽ. പൂച്ചയും, മൂങ്ങയും, മീനുകളുമൊക്കെ പല രൂപത്തിൽ നമ്മളെ നോക്കി കണ്ണിറുക്കുന്ന ക്യൂട്ട് കടകൾ. നല്ല വിലയാണ് മിക്കതിനും. മനസ്സിനിണങ്ങിയ ഒരെണ്ണം കയ്യെത്തുന്ന വിലയിൽ കിട്ടണമെങ്കിൽ കുറച്ചധികം കടകൾ കയറിയിറങ്ങേണ്ടി വരും. അത് പോലെ തന്നെ ഭക്ഷണവും. ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചാൽ പോക്കറ്റ് കീറും. അതിനാൽ ഞങ്ങൾ വഴിവക്കത്തെ പഴക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും മുന്തിരിയും ആപ്പിളും ഒക്കെ വാങ്ങിയാണ് വിശപ്പടക്കിയത്. ഇന്ത്യയിൽ നിന്നാണ്, പുള്ളിയെക്കാണാൻ നല്ല ലുക്ക് ആണ്, ഒരു ഫോട്ടോ എടുക്കണം എന്നൊക്കെ പറഞ്ഞപ്പോ പുള്ളി രണ്ട് ആപ്പിൾ അധികം തരുകേം ചെയ്തു.
ഞങ്ങൾ നടക്കുന്ന വഴിയിൽ എതിരെ വരുന്നവർ താരയെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. വേറൊന്നുമല്ല. സാന്റോറിനിയിലെ വീടുകളുടെ പടമുള്ള ഡ്രസ്സ് ആയിരുന്നു അവൾ ഇട്ടിരുന്നത്. കൊച്ചിയിലെ ഷോപ്പിൽ അത് കണ്ട് മോഹിച്ച് വാങ്ങുമ്പോഴേ ഞങ്ങൾ പ്ലാൻ ചെയ്തതാണ്. എന്നെങ്കിലും സാന്റോറിനി പോവുന്നെങ്കിൽ ഇതും ഇട്ടോണ്ടായിരിക്കും എന്ന്. കാഴ്ചകൾ കണ്ട് നടന്ന് എത്തിയത് ഇവിടത്തെ ഏറ്റവും പഴയ നിര്മിതിയായ ഇയ കാസിലിൽ ആണ്. കാസിൽ എന്ന് പറയാൻ മാത്രമൊന്നുമില്ല. തകർന്ന് കിടക്കുന്ന ഒരു പഴയ കെട്ടിടം. പക്ഷെ ചരിത്രത്തെക്കാൾ, ഇയ മുഴുവനായി കാണാൻ പറ്റുന്ന വ്യൂപോയിന്റ് എന്ന പേരിലാണ് ഈ സ്ഥലം പ്രസിദ്ധം. സാന്റോറിനിയുടെ, മനം മയക്കുന്ന പല ചിത്രങ്ങളും ഇവിടെ നിന്നും എടുത്തവയാണ്. കാസിലിലേക്ക് കയറുന്ന വഴിയിൽ ഒരു അപ്പൂപ്പൻ ഇരുന്ന് ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. സഞ്ചാരം പ്രോഗ്രാമിലൂടെയാണ് യൂറോപ്പിലെ തെരുവോര ഗിറ്റാർ ഗായകരെക്കുറിച്ച് ആദ്യം അറിയുന്നത്. യൂറോപ്പിലെ പല ചത്വരങ്ങളിലും, ട്രെയിൻ, ബസ് സ്റ്റേഷനുകൾക്ക് മുന്നിലും ഒക്കെ സംഗീതം വിതറുന്ന ഗിറ്റാർ ഗായകരെ കാണാം. മനസ്സ് തണുപ്പിക്കുന്നതാണ് ഇതിന്റെ സംഗീതം. ഞങ്ങളെ കണ്ട അപ്പൂപ്പൻ കുറച്ച് നേരം എന്തോ മനസ്സിലോർത്ത ശേഷം പാടിത്തുടങ്ങി. പഴയ ഒരു ഹിന്ദി പാട്ടാണ്. ഞങ്ങൾ കേട്ടിട്ടില്ല. പുള്ളിക്ക് എവിടുന്ന് കിട്ടി ആവോ. നാല് വാരി പാടി നിർത്തി കുലുങ്ങിചിരിച്ചോണ്ട് പറഞ്ഞു ഇത്രേ അറിയാവൂ, എങ്ങനെയുണ്ടെന്ന്. ഷേക്ഹാൻഡ് കൊടുത്ത് ഗംഭീരം ആയെന്ന് പറഞ്ഞപ്പോ വീണ്ടും കുലുങ്ങിച്ചിരി. ഇത് പോലെ എല്ലാ രാജ്യക്കാരെ കയ്യിലെടുക്കാനും പുള്ളി ഓരോ പാട്ടുകൾ പഠിച്ചിട്ടുണ്ടതാവുമോ എന്നാണ് മനസ്സിലോർത്തത്. ചോദിച്ചില്ല.
ഇയ കോട്ടയിൽ നിന്നും നോക്കിയാൽ ഒരു വശം മുഴുവനും മലയോരത്ത് പണിതിരിക്കുന്ന വീടുകളും, മറുവശത്ത് പരന്ന് കിടക്കുന്ന കടലും അതിൽ കളിത്തോണി പോലെ തോന്നുന്ന ക്രൂസ് ഷിപ്പുകളൂം കാണാം. ക്രൂസ് ഷിപ്പിലെത്തുന്ന സഞ്ചാരികൾക്ക് കുന്നിന്മുകളിലേക്ക് കയറാൻ താഴത്തെ പോർട്ടിൽ നിന്നും പടവുകളുണ്ട്. പക്ഷെ ബാഗ് എല്ലാം ചുമന്ന് കയറുന്നത് എളുപ്പമല്ല. അതിനിവിടെ കഴുതകളുണ്ട്. ക്രൂസുകളിൽ വന്നിറങ്ങുന്ന മിക്ക സഞ്ചാരികളും കഴുതപ്പുറത്ത് ബാഗ് കയറ്റി വെച്ചാണ് ഇയയിലേക്ക് കയറി വരുന്നത്. കാശ് ചിലവാക്കാൻ ഉള്ളവർക്ക് വേണ്ടി കേബിൾ കാർ സെർവീസ് ഉണ്ടെന്ന് കേട്ടു. നേരിൽ കാണാൻ ആയില്ല. അസ്തമയം കാണാൻ എത്തിയവരുടെ തിരക്ക് വന്നു തുടങ്ങി കോട്ടയ്ക്കുള്ളിൽ. അധികം ഇരുട്ടുന്നതിനു മുമ്പേ മടങ്ങണം. പരിചയം ഇല്ലാത്ത റോഡിൽ വലത് വശത്ത് കൂടെ രാത്രിയിൽ ഒരുപാട് ദൂരം സ്കൂട്ടർ ഓടിക്കുന്നത് ബുദ്ധിയല്ല. അത് കൊണ്ട് അഷ്ടമയം മുഴുവനായും കാണാൻ നിൽക്കാതെ ഇയയിൽ നിന്നും മടങ്ങി. ഇനി അസ്തമയം കണ്ട് കൊണ്ടുള്ള ഒരു സ്കൂട്ടർ റൈഡ്!
[/vc_column_text][/vc_column][/vc_row]