Travel

ഫിഫി ദ്വീപ് : കടൽക്കരയിൽ ഒരു രാത്രി

on
ഫെബ്രുവരി 22, 2018

                  നാല് കൊല്ലം മുമ്പാണ്. ലിയനാർഡോ ഡികാപ്രിയോയെ മനസ്സിൽ വെച്ചാരാധിച്ചിരുന്ന ഒരു കോളേജുകാരി ഡികാപ്രിയോ നായകനായ “ദി ബീച്ച്” എന്ന സിനിമ കാണുകയായിരുന്നു. സഞ്ചാരിയായ നായകന് ഒരു രഹസ്യ ദ്വീപിലേക്കുള്ള വഴി അടയാളപ്പെടുത്തി വെച്ചിട്ടുള്ള ഒരു ഭൂപടം കളഞ്ഞു കിട്ടുന്നു. പുറം ലോകം വിട്ടെറിഞ്ഞ്‌, സംഗീതവും നൃത്തവും ഒക്കെ ആയി പാറക്കെട്ടുകൾക്കു നടുവിലെ മണൽത്തീരത്ത് ജീവിതം ആഘോഷിക്കുന്ന കുറച്ചു പേർ മാത്രമുള്ള ഒരു ദ്വീപ്. മായാലോകം പോലെയുള്ള ആ ദ്വീപിൽ മനം മയങ്ങിയ കോളേജുകാരി, എന്നെങ്കിലുമൊരിക്കൽ താനും ആ ദ്വീപിൽ കടലിനെയും നോക്കി മണല്തീരത്ത് കിടന്നുറങ്ങുന്നത് സ്വപ്നം കണ്ടിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം അവൾ ആ ദ്വീപിൽ എത്തുന്നു, ഒരു രാത്രി ആ  കടൽതീരത്ത് കിടന്നുറങ്ങുവാൻ.

                 തായ്‌ലണ്ടിനു പടിഞ്ഞാറായി , ആൻഡമാൻ കടലിൽ ഒരു പൊട്ടു പോലെ കിടക്കുന്ന “ഫിഫി ലേ” ദ്വീപിലാണ് മായാ ബീച്ച്.  പകൽ സമയങ്ങളിൽ തിരക്ക് നിറഞ്ഞ ഇവിടേയ്ക്ക് വൈകുന്നേരത്തോട് കൂടി പോവുന്ന ഒരു ബോട്ട് ഉണ്ട്. 30 പേരെയും കൊണ്ട് പോവുന്ന ഈ ബോട്ട് പിറ്റേന്ന് അവരെയും കൊണ്ട് തിരിച്ച് പോരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, മുൻപ് കണ്ടിട്ടില്ലാത്ത കുറേ മനുഷ്യരുടെ കൂടെ ദ്വീപിൽ ഒരു രാത്രി. അങ്ങനെയൊരു അനുഭവത്തിന് വേണ്ടിയാണ് ഞാനും ഗൗതവും അവിടേക്ക് യാത്ര തിരിച്ചത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ പത്തോളം പേർ വരുന്ന ഒരു സംഘവും , ഒറ്റക്കും രണ്ടു പേരടങ്ങുന്ന ചെറു സംഘങ്ങളായും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ളവർ. പോവുന്ന വഴി ബോട്ടിൽ പാട്ടും ഡാൻസും ഭക്ഷണവും. ബ്രസീലിൽ നിന്ന് ഒറ്റക്കു ലോകം കാണാൻ ഇറങ്ങിയ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പേര് ലൂണ; ചന്ദ്രൻ എന്നർത്ഥം. എന്റെ പേര് ചോദിച്ചപ്പോൾ താര എന്നാണെന്നും ഹിന്ദിയിൽ അതിനർത്ഥം നക്ഷത്രം എന്നാണെന്നും ഞാൻ പറഞ്ഞു കൊടുത്തു. ചന്ദ്രനും നക്ഷത്രവും; നമ്മൾ നല്ല കൂട്ടാവുമല്ലോ എന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു. ബ്രസീലിൽ ജേർണലിസ്റ്റാണു ലൂണ. ലോകം കാണാനായി ഏഴു മാസം മുമ്പ് വീട്ടിൽ നിന്നിറങ്ങിയതാണ്. യൂറോപ്പിൽ നിന്ന് തുടങ്ങി ചൈന , നേപ്പാൾ , ഇന്ത്യ, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്താണ് ചെയ്താണ് തായ്‌ലാൻഡിൽ എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരത്ത് ഒരു വീട്ടിൽ നാല് ദിവസം താമസിച്ചതും അവിടത്തെ ‘അമ്മച്ചി’ ഉണ്ടാക്കിത്തന്ന ചോറിന്റെ സ്വാദും ഓർമയിൽ നിന്നെടുത്ത്‌ പറഞ്ഞു. ‘അമ്മച്ചി’ എന്ന പ്രയോഗം എനിക്ക് രസകരമായി തോന്നി. ഇനിയെങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു മറുപടി.

                

             ചുറ്റോടു ചുറ്റും കടലും മൈനാകം കണക്കെ ഉയർന്നു നിൽക്കുന്ന മലകളും കണ്ട്, ലൂണയോട് സംസാരിച്ച് മായ  ബീച്ചിൽ എത്തിയതറിഞ്ഞില്ല. എത്തിയപ്പോൾ നല്ല ആൾത്തിരക്കുണ്ടായിരുന്നു. പകൽ ആളുകളെയും കൊണ്ട് വന്ന ബോട്ടുകളെല്ലാം സന്ധ്യയോടടുപ്പിച്ച് തിരിച്ചു പോയി. ദ്വീപിൽ ഞങ്ങൾ മുപ്പതു പേർ മാത്രമായി. മൂന്ന് വശത്തും, അവിടവിടെയായി മരങ്ങൾ വളർന്നു നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകൾ, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽ, തീരത്ത് മുത്തുമണികൾ പോലെ മണൽതരികൾ, ദൂരേക്ക് നോക്കും തോറും നീല നിറം മാറി പച്ചയാവുന്നു. അവസാനത്തെ ബോട്ട് കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.

               ആ ദ്വീപിൽ ആകെ ഉള്ളത് മരക്കഷ്ണങ്ങൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചെറിയ ഭക്ഷണശാലയും ടോയ് ലറ്റുമാണ്. പരന്നു കിടക്കുന്ന മണലും ഇടയ്ക്കിടയ്ക്ക് വളർന്നു നിൽക്കുന്ന ചെടികളും; ദ്വീപ്‌ മുഴുവൻ ഒന്ന് ചുറ്റി നടന്നു കണ്ടപ്പോഴേക്കും അസ്തമയം ആവാറായി. സൂര്യൻ കടലിൽ താണ്‌ പോവുന്നതും നോക്കി കുറെ നേരം ഇരുന്നു. രാത്രി തീയ്യിന് ചുറ്റും കൂടി ഇരുന്ന് ബാർബിക്യു ഡിന്നർ. രാത്രി വൈകുവോളം പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷം. ഓരോരുത്തർക്കും ഒരു ചെറിയ ബക്കറ്റ്‌ നിറയെ വൈൻ. ഉടനീളം ലൂണ ആയിരുന്നു  ഞങ്ങളുടെ  കൂട്ട്. ഡൽഹിയിൽ നിന്നുള്ള ഒരു നവദമ്പതികളെയും പരിചയപ്പെട്ടു എല്ലാവരും അവരവരുടെ ‘മായാ’ ലോകത്തായിരുന്നു; ഞങ്ങളും.

              ഭക്ഷണ ശേഷം പലരും സംഘങ്ങളായി എന്തൊക്കെയോ കളികൾ തുടങ്ങി. ചൈനീസ് ചെക്കെർ പോലെ ബോർഡിൽ രണ്ടു നിറത്തിലുള്ള കോയിനുകൾ അടുക്കി വെച്ചുള്ള ഒരു കളിയും, ജെങ്ക എന്ന് പേരുള്ള വേറൊരു കളിയും. ജെങ്ക കളിച്ചു കൊണ്ടിരുന്ന ഒരു ടീമിന്റെ കൂടെ ഞങ്ങളും കൂടി. ഇംഗ്ലണ്ടിൽ നിന്നുള്ള അലിയും കൂട്ടുകാരി സാറയും. ആദ്യ കാഴ്ചയിൽ തന്നെ സാറ ഒരു അറേബ്യൻ സുന്ദരിയെ ഓർമിപ്പിച്ചു. ഇംഗ്ലണ്ടിൽ നിന്നുള്ള അവരുടെ പേരുകളും കൌതുകം ഉണർത്തി. കളിക്കിടയിൽ എന്ത് കൊണ്ടാണീ പേരുകൾ എന്ന ചോദ്യത്തിനു സാറ അവളുടെ കഥ പറഞ്ഞു. സാറയുടെ അമ്മ ഇറാനിയൻ വംശജയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത ആ കാലത്ത് പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി അവിടെ നിന്നും ഒരു ബ്രിട്ടീഷ് വംശജനെ വിവാഹം കഴിച്ച് അവിടെ താമസമാക്കി. സാറ എന്ത് കൊണ്ടാണ് ഇറാനിയൻ സിനിമകളിലെ നായികമാരെ ഓർമിപ്പിച്ചതെന്നു വ്യക്തമായി. അലിയുടെ പേരിന്റെ കഥ ചോദിച്ചപ്പോൾ അതിന്റെ പിന്നിൽ ചരിത്രമൊന്നുമില്ലെന്നും ആലിസ്റ്റെർ എന്നതിന്റെ ചുരുക്കപ്പേരാണ് എന്നും പറഞ്ഞ് സാറ ചിരിച്ചു. അലിയുടെ മൂന്നാമത്തെ തായ് ലാൻഡ്‌ യാത്ര ആണിത്. സാറയുടെ ആദ്യത്തെയും . അലി വക്കീലും സാറ ഗ്രാഫിക് ഡിസൈനറും. അവർ ഒരുമിച്ച് പോയ യാത്രകളെ കുറിച്ച് ഒരുപാട് സംസാരിച്ചു. വർത്തമാനത്തിനിടയിലാണ് ഇന്ന് അലിയുടെ പിറന്നാളാണെന്ന് സാറ പറയുന്നത്.. അതൊന്നാഘോഷിക്കാൻ  വേണ്ടി ഞാനെഴുന്നേറ്റ് ഗിറ്റാർ വായിച്ചു കൊണ്ടിരുന്ന ഒരാളോട് അലിക്ക് വേണ്ടി ബെർത്ത്‌ഡേ സോംഗ് വായിക്കാമോ എന്ന് ചോദിച്ചു. അയാൾ സന്തോഷത്തോടെ സമ്മതിച്ചു. അവിടെ ഞങ്ങളെല്ലാവരും കൂടിച്ചേർന്ന് അലിയുടെ  പാട്ട് പാടി ബെർത്ത്‌ഡേ ആഘോഷിച്ചു.

 

               കളിയുടെ ആവേശം കുറഞ്ഞു തുടങ്ങിയപ്പോൾ ഞങ്ങൾ  പതുക്കെ എണീറ്റ്‌ നടന്നു. കുറച്ചു നടക്കണം ബീച്ചിലെത്താൻ. നല്ല ഇരുട്ടായിരുന്നു. ചുറ്റും ഉയരത്തിൽ കാട്ടുചെടികളും. ഒട്ടും പേടി തോന്നിയില്ല. ശാന്തമായ കടലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും. നിലാവെളിച്ചത്തിൽ തെളിഞ്ഞു നിന്ന പാറക്കെട്ടുകൾ കഥകളിലെ ഭീകരജീവികളെ ഓർമിപ്പിച്ചു. പാറക്കെട്ടുകളിൽ നിന്ന് അലർച്ചകൾ കേൾക്കുന്നതായും അവ നീന്തി തീരത്തേക്ക് വരുന്നതായും ഞാൻ സങ്കൽപ്പിച്ചു. തീരത്തപ്പോൾ ഞാൻ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. കുറെ നേരം മണലിൽ ആകാശം നോക്കി കിടന്നു. വേലിയിറക്കത്തിൽ മയങ്ങുന്ന കടൽ; ഇടയ്ക്കുള്ള തിരകൾ ഒഴിച്ചാൽ ശാന്തം. നിശ്ചിത ഇടവേളകളിലുള്ള തിരയടി ശബ്ദവും കേട്ട് നിലാവും കണ്ടു കിടന്ന ആ രാത്രി ഒരിക്കലും മറക്കാനാവില്ല.  ദ്വീപിൽ ഞാനല്ലാതെ മറ്റാരുമില്ല എന്ന് തോന്നിപ്പിച്ച കുറച്ചു നേരം. ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഞാൻ ഓടി നടന്നു.  പല തവണ. വൈനാണോ കടലാണോ മത്ത് പിടിപ്പിച്ചതെന്ന് തീർച്ചയില്ല. കുറെ പാട്ട് പാടി. കടലിലേക്ക്‌ ഇറങ്ങിയില്ല. ഇറങ്ങിയാൽ അങ്ങനെ നടന്നു പോവുമെന്ന് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ ദൂരെ ഒരു വെളിച്ചം കണ്ടു. രണ്ടു പേർ ബീച്ചിന്റെ മറ്റെ അറ്റത്തിരിക്കുന്നു. നിഴലുകൾ സ്നേഹിക്കുന്നു. എന്തൊരു സന്തോഷമാണ് ഈ സ്വാതന്ത്ര്യത്തിന്!

              ​തിരിച്ചു പോയപ്പോൾ എല്ലാവരും കളി നിർത്തി ഗിറ്റാറും കേട്ടിരിപ്പാണ്. ഒന്നു രണ്ടു പാട്ടുകൾ കഴിഞ്ഞപ്പോഴേക്കും ഇനി നീന്താൻ പോവാമെന്നു പറഞ്ഞു. ലൂണയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. സാറയോട് ചോദിച്ചപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് എങ്ങോട്ടോ പോയെന്ന് പറഞ്ഞു. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു പ്ലാറ്റ്ഫോമിൽ ആരോ കിടക്കുന്നത് കണ്ട് അങ്ങോട്ട്‌ ചെന്നപ്പോൾ ലൂണ കിടന്നുറങ്ങുന്നു. പതുക്കെ തട്ടി വിളിച്ചപ്പോൾ പനിയാണ്, നീന്താൻ വരുന്നില്ലെന്ന് പറഞ്ഞു. ബോട്ടിൽ നിന്നും ഒരു ഗുളിക ചോദിച്ചു വാങ്ങി ലൂണക്ക്‌ കൊടുത്തിട്ട് ഞങ്ങളെല്ലാവരും നീന്താൻ പോയി. നീന്തൽ വലിയ വശം ഇല്ലാത്തത് കൊണ്ട് വെറുതെ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടന്നു. തിരയടിക്കുമ്പോൾ തീരത്ത് വന്നടിയും, വീണ്ടും വെള്ളത്തിലേക്കിറങ്ങി.. വീണ്ടും തീരത്തേക്ക്. പോവാൻ പറഞ്ഞാൽ വീണ്ടും വന്നു തീരത്തെ തൊടുന്ന തിരകൾ; കുറച്ച് മുമ്പ് ബീച്ചിൽ പ്രണയിച്ചിരുന്നവരെ ഓർത്തു. ഒപ്പം നീന്തുന്നവരിൽ അവരാരെന്ന് തിരഞ്ഞു. പക്ഷെ, ചുറ്റും കണ്ടത് മുഴുവൻ പ്രണയിക്കുന്നവരെ മാത്രമാണ്. ഒറ്റപ്പെട്ടത് പോലെ തോന്നിയത് കൊണ്ടാണോ ലൂണ വയ്യെന്ന് പറഞ്ഞ് വരാതിരുന്നതെന്ന് ഒരു നിമിഷം തോന്നി. അന്നാദ്യമായാണ് ഞാൻ രാത്രി കടൽ കാണുന്നതും, കടലിൽ നീന്തുന്നതും. ഇങ്ങനെയൊരു യാത്ര സാധ്യമായിരുന്നില്ലെങ്കിൽ രാത്രിയിലെ കടൽ എന്താണെന്നറിയാതെ ഞാൻ ജീവിച്ചു മരിച്ചു പോയേനെ. നമ്മുടെ നാട്ടിൽ ജനിച്ചു വളർന്ന പെണ്‍കുട്ടികളിൽ ചുരുക്കം ചിലർക്കെങ്കിലും രാത്രി കടലിനെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടായിരിക്കും അല്ലേ?  രാത്രി  എത്ര നേരം അങ്ങനെ വെള്ളത്തിൽ കിടന്നുവെന്ന് ഓർമയില്ല.

              പിറ്റേന്ന് അലാറം വെച്ച് അഞ്ചു മണിയോടു കൂടി എഴുന്നേറ്റു. വൈകിയുറങ്ങിയതിനാൽ ആരും എഴുന്നേറ്റിരുന്നില്ല. അസ്തമയം കണ്ട പോലെ ഉദയവും കാണണമെന്ന ആഗ്രഹത്തോടെ ഞാനും ഗൗതവും  തീരത്തേക്ക് നടന്നു. അരണ്ട വെളിച്ചമുണ്ടായിരുന്നു, തണുത്ത കാറ്റും. ക്യാമറയും പിടിച്ചു സൂര്യനെയും ധ്യാനിച്ച്‌ ഞാനിരുന്നു. രാത്രി പകലിലേക്ക് യാത്ര ചെയ്യുന്നത് കണ്ടു. തീരത്തു കൂടി വെറുതെ നടന്നു, ചുണ്ണാമ്പു കല്ലുകൾ പെറുക്കി.. ധൃതിയിൽ  എങ്ങോട്ടോ പായുന്ന ഞണ്ടുകൾ, വേലിയിറക്കത്തിൽ തീരത്തടിഞ്ഞ കുഞ്ഞു മീനുകൾ, തൊട്ടാൽ വിഷം ചീറ്റുന്ന പഫർ ഫിഷ്‌, ഒരറ്റത്തുള്ള പാറയിൽ നിന്ന് വേർപെടാനാവാതെ ഒരു പറ്റം കക്കത്തോടുകൾ, വാനിലച്ചെടിയോടു സാദൃശ്യമുള്ള കാട്ടുചെടികൾ.. എല്ലായിടവും ഒരിക്കൽ കൂടി നടന്നു കണ്ടു. ചെരുപ്പിനെ വെള്ളത്തിൽ ഒഴുക്കി വിട്ടു. വെളിച്ചം വീണപ്പോഴേക്കും ഓരോരുത്തരായി ഉണർന്നു. മെയിൽ അയക്കണമെന്ന് പറഞ്ഞു  ലൂണ കാർഡ് തന്നു., നോക്കിയപ്പോൾ അതിൽ മറ്റൊരു പേര്! ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ലൂണ എന്നത് അവൾ അവളെത്തന്നെ വിളിക്കുന്ന പേരാണെന്ന് പറഞ്ഞു. മൊബൈൽ ഫോണും ക്യാമറയുമില്ലാതെ  കണ്ട കാഴ്ചകൾ മനസ്സിൽ മാത്രം സൂക്ഷിച്ചാൽ മതിയെന്ന് പറഞ്ഞ് അത്ഭുതപ്പെടുത്തിയ ലൂണ ! വെയിലുദിച്ചു തുടങ്ങുമ്പോഴേക്കും ദ്വീപിൽ നിന്നും മടങ്ങണം. കഴിഞ്ഞ രാത്രി സ്വപ്നം കണ്ടതാണോ ശരിക്കും സംഭവിച്ചതാണോ എന്ന സംശയം കടലിനോടു ചോദിച്ചു കൊണ്ട് ഞങ്ങൾ മായാ ബീച്ചിനോട് വിട പറഞ്ഞു.


2016 സെപ്റ്റംബർ ലക്കം ‘മനോരമ ട്രാവലർ’ മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 🙂

EXACT LOCATION

TAGS
RELATED POSTS
1 Comment
  1. മറുപടി

    Elwin Francis

    ഏപ്രിൽ 30, 2018

    Wow… Superb.. Phi Phi Island calling me.. 🙂

Leave a Reply to Elwin Francis / Cancel Reply