മിറ്റിയോറ : ആകാശ മഠങ്ങൾ !
ചിത്രങ്ങളിൽ കണ്ടാൽ യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാവാത്ത ഒരുപാട് സ്ഥലങ്ങളുണ്ട് ഭൂമിയിൽ. സ്വന്തം കണ്ണുകളാൽ കണ്ടാലേ വിശ്വാസമാവൂ. എന്നാൽ വേറെ ചില സ്ഥലങ്ങളുണ്ട്. അവിടമെല്ലാം ചെന്ന് കണ്ട് വീട്ടിൽ തിരിച്ചെത്തിയാലും അതൊരു യാഥാർഥ്യം ആയിരുന്നുവെന്ന് വിശ്വാസം വരാത്ത ചിലയിടങ്ങൾ. അത്തരമൊരു കാഴ്ച്ചാനുഭവം ആണ് ഗ്രീസിലെ മിറ്റിയോറ കുന്നുകൾ.
പറഞ്ഞു വരുമ്പോൾ യൂറോപ്പ്യൻ യൂണിയന്റെ ഭാഗമാണ് ഗ്രീസ്. യൂറോ തന്നെയാണ് കറൻസി. മറ്റു യൂറോപ്പ്യൻ രാജ്യങ്ങൾ സന്ദർശിക്കാനാവശ്യമായ ഷെങ്കൻ വിസ തന്നെ മതി ഉള്ളിൽ പ്രവേശിക്കുവാൻ. പക്ഷെ പോപ്പുലർ യൂറോട്രിപ്പ് പാക്കേജുകളിലൊന്നും പേര് വരാതെ കിടക്കുന്നൊരു രാജ്യമാണിത്. സാമ്പത്തിക മാന്ദ്യവും കര മാർഗം എത്താനുള്ള ബുദ്ധിമുട്ടും ഒക്കെയാവാം കാരണങ്ങൾ. പക്ഷെ യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളെ തലകുനിച്ച് നിർത്തുന്ന ദൃശ്യവൈവിധ്യമുള്ള നാടാണ് സത്യത്തിൽ ഗ്രീസ്. ഗ്രീസിലെത്തുന്ന സഞ്ചാരികൾക്ക് പൊതുവെ പ്രിയം ഇവിടത്തെ ദ്വീപസമൂഹങ്ങളാണ്. മൈക്കനോസ്, ക്രെറ്റ, കോർഫു, സാൻറ്റോറീനി എന്നിങ്ങനെ ഒരുപാട് സുന്ദരൻ ദ്വീപുകളുണ്ട് തിരഞ്ഞെടുക്കാൻ. പക്ഷെ ഞങ്ങളെ ഏറ്റവും മോഹിപ്പിച്ചത് മെയിൻലാൻഡ് ഗ്രീസിന് നടുക്കായി ഒറ്റപ്പെട്ടു കിടക്കുന്ന മിറ്റിയോറ പാറക്കെട്ടുകളാണ്. മിറ്റിയോറ എന്നാൽ ഗ്രീക്കിൽ ‘ആകാശത്ത് തൂങ്ങി നിൽക്കുന്നത്’ എന്നർത്ഥം. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ആറ് ക്രിസ്ത്യൻ മൊണാസ്റ്ററികളാണ് ഈ പേരിനു നിദാനം. കുത്തനെയുള്ള പാറകളുടെയറ്റത്ത്, നോക്കിയിരിക്കെ വഴുതി താഴേക്കു വീണേക്കാമെന്ന മട്ടിൽ പണിതുയർത്തിയിരിക്കുന്ന ആറ് മൊണാസ്റ്ററികൾ.
തലസ്ഥാനമായ ഏഥൻസിൽ നിന്നും 350 കിലോമീറ്റർ ദൂരമുണ്ട് മിറ്റിയോറയിലേക്ക്. കുന്നിനു താഴെയുള്ള പട്ടണമായ കലബാക്കയിലേക്ക് ഏഥൻസിൽ നിന്നും നേരിട്ടൊരു ട്രെയിൻ ഓടുന്നുണ്ട് എന്നും. രാവിലെ എട്ടരക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് ഒന്നരയോടെ കലബാക്കയിലെത്തും. തിരിച്ചുള്ള ട്രെയിൻ വൈകീട്ട് അഞ്ചരക്ക് പുറപ്പെട്ട് രാത്രി പത്തരയോടെ ഏഥൻസിലെത്തും. സഞ്ചാരികളധികവും ഒരു രാത്രി കലബാക്കയിൽ തങ്ങി കാഴ്ചകൾ കണ്ട് പിറ്റേന്ന് വൈകിട്ടത്തെ വണ്ടിക്ക് മടങ്ങാറാണ് പതിവ്. ഹോട്ടലുകളും ഹോസ്റ്റൽ ഡോർമിറ്ററികളുമെല്ലാം ആവശ്യത്തിനുള്ള പട്ടണമാണ് കലബാക്ക. ഞങ്ങൾ താമസിച്ചത് മമ്മാ ഡോറ എന്ന സ്ത്രീ നടത്തുന്ന ഗ്രെക്കോ ഹോസ്റ്റലിൽ ആയിരുന്നു. പേര് പോലെ തന്നെ, വരുന്ന അതിഥികളെയെല്ലാം മക്കളെ പോലെ കാണുന്നൊരമ്മച്ചി. രാവിലെ ഡോറ ഉണ്ടാക്കിത്തന്ന പിസ്സയും കോഫിയും കുടിച്ച് സംസാരിച്ചിരിക്കുമ്പോഴാണ് അറിഞ്ഞത് അവർക്ക് കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് ഉണ്ടെന്ന്. സ്വന്തമായി നടത്തിയിരുന്ന സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നത്രേ. ഗ്രീസിൽ അടുത്ത കാലത്തുടലെടുത്ത കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ സ്കൂൾ പൂട്ടേണ്ടി വന്നു. ഇപ്പൊ ഹോസ്റ്റൽ നോക്കി നടത്തിയാണ് വരുമാനം ഉണ്ടാക്കുന്നത്. ഹോസ്റ്റലിലേക്കുള്ള ഭക്ഷണസാധനങ്ങൾ പുറമെ നിന്ന് വാങ്ങാതെ സ്വന്തമായി കൃഷി ചെയ്തെടുക്കുകയാണ് മൂപ്പത്തിയുടെ പതിവ്. ഞങ്ങൾ കഴിച്ച് കൊണ്ടിരുന്ന പിസ്സയിലെ ബെൽപെപ്പറും, തക്കാളിയും, സവാളയുമെല്ലാം അവിടെത്തന്നെ ഉണ്ടാക്കിയതാണത്രേ. പ്രാതൽ കഴിച്ച് റെഡി ആയ ശേഷം ഞങ്ങൾ മലമുകളിലേക്കുള്ള യാത്രക്കൊരുങ്ങി. രാവിലെ 9 മണി തൊട്ടു 3 മണി വരെ ഈരണ്ട് മണിക്കൂർ ഇടവിട്ട് നാല് തവണ ഒരു ബസ് കലബാക്കയിൽ നിന്ന് മലമുകളിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. പക്ഷെ നല്ല വ്യൂ പോയിന്റുകളിൽ നിർത്തി നിർത്തി പോവാനുള്ള സൗകര്യത്തിന് വേണ്ടി ഡോറ ഏർപ്പാടാക്കിത്തന്നൊരു കാറിലാണ് ഞങ്ങൾ യാത്ര ചെയ്തത്. മമ്മാ ഡോറയുടെ കൂടെ സഹായത്തിന് നിൽക്കുന്ന ദിമിത്രിയായിരുന്നു ഡ്രൈവർ. പോസ്റ്റ്ഗ്രാജ്വേറ്റ് ആണ് ദിമിത്രി. ഗ്രീസിൽ തൊഴിലുകൾ പോയിത്തുടങ്ങിയപ്പോൾ ഡോറയുടെ കൂടെ കൂടിയതാണ്. ഒരു ചെറിയ പഴഞ്ചൻ കാർ ആണ് ദിമിത്രിയുടേത്. പിൻസീറ്റിൽ ഇരിക്കേണ്ടവർ മുന്നിലെ സീറ്റ് പൊക്കി മുൻവാതിലിലൂടെ വേണം ഉള്ളിൽ കേറാനും ഇറങ്ങാനും. സാമ്പത്തിക മാന്ദ്യം മൂലം ഗ്രീസിലെ സ്പോർട്സ്-ലക്ഷ്വറി കാർ വിപണി പാടെ തകർന്നിരിക്കുകയാണ്. പുതിയ കാർ വാങ്ങാൻ നൽകേണ്ട നികുതി പല മടങ്ങായതോടെ സെക്കന്റ് ഹാൻഡ് കാറുകൾക്ക് മാത്രമേ ആവശ്യക്കാരുള്ളൂ എന്നായി. 2004 ഏഥൻസ് ഒളിമ്പിക്സ് നടത്തിയതിൽ വന്ന വൻ നഷ്ടങ്ങളാണ് ഗ്രീസിലെ സമ്പദ്ഘടനയെ തകർത്തത് എന്നാണ് പറയപ്പെടുന്നത്.
കുഞ്ഞൻ കാർ മല കയറിത്തുടങ്ങി. ഉരുണ്ടു മിനുസം തോന്നുന്ന തരത്തിലുള്ള പാറകളാണ് മിറ്റിയോറ മുഴുവൻ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ സ്ഥലം മൊത്തമായി വെള്ളത്തിനടിയിൽ ആയിരുന്നത്രേ. അന്നത്തെ ഒഴുക്കും തിരകളുമാണ് ഈ കല്ലുകളെ ഇങ്ങനെ മിനുസപ്പെടുത്തിയെടുത്തത്. പിന്നീടെപ്പോഴോ ഒരു വലിയ ഭൂമികുലുക്കം മൂലമുണ്ടായ പിളർപ്പിലേക്ക് ജലം ഒലിച്ച് പോയപ്പോഴാണ് ഈ കുന്നുകൾ വെളിയിലായത്. പതിനൊന്നാം നൂറ്റാണ്ടു മുതലാണ് ഈ കുന്നുകളിൽ ഓർത്തഡോക്സ് ക്രിസ്ത്യൻ മഠങ്ങൾ പണിത് തുടങ്ങുന്നത്. ദൈവത്തോട് കൂടുതൽ അടുത്ത് കഴിയുവാൻ വേണ്ടിയാണത്രെ ഈ ദുർഘടമായ പാറകൾക്ക് മുകളിൽ പാതിരി മഠങ്ങൾ കെട്ടിയത്. തീറ്റ തേടി പാറക്കെട്ടുകളിൽ വലിഞ്ഞ് കയറാറുണ്ടായിരുന്ന ആടുകളെ തിരിച്ചെത്തിക്കാൻ വേണ്ടി ചെങ്കുത്തായ പാറ കയറി ശീലിച്ച ഇവിടത്തെ ആട്ടിടയന്മാരായിരുന്നു ഈ മഠങ്ങളുടെ അടിത്തറ പണിതത്. ആദ്യകാലങ്ങളിൽ വൈദികർ സാധനങ്ങൾ കയറിലും വലകളിലും കെട്ടി മുകളിൽ കപ്പി വെച്ച് വലിച്ച് കയറ്റാറായിരുന്നു പതിവ്. ആകെ മൊത്തം 24 മഠങ്ങൾ ആയിരുന്നു തുടക്കത്തിൽ. അതിൽ കാല ചക്രത്തെയും യുദ്ധങ്ങളെയും അതിജീവിച്ച് പ്രവർത്തനയോഗ്യമായി തുടരുന്നത് ആറെണ്ണം മാത്രം. അനപ്പോസാ, റൂസനോ, മെഗലോമിറ്റിയോറോൺ, വാർലാം, ഹോളി ട്രിനിറ്റി, സ്‌റ്റെഫാനോസ് എന്നിങ്ങനെയാണ് ഈ മഠങ്ങളുടെ പേര്. ഓരോ മഠത്തിലേക്കും ചെന്നെത്തുവാൻ നൂറുകണക്കിന് പടികൾ നടന്നു കയറണം. ഗ്രീസിന് വെളിയിലേക്ക് ഈ മഠങ്ങൾ അറിയപ്പെട്ടു തുടങ്ങുന്നത് റോജർ മൂർ അഭിനയിച്ച ജെയിംസ് ബോണ്ട് സിനിമ ‘ഫോർ യുവർ ഐസ് ഒൺലി’ റിലീസാവുന്നതോടെയാണ്. മിറ്റിയോറ കുന്നുകളായിരുന്നു അതിലെ പ്രധാന ലൊക്കേഷൻ. ഷൂട്ടിംഗ് സമയത്തെ ബഹളങ്ങളും തിരക്കും കാരണം ബുദ്ധിമുട്ടിലായ പാതിരികൾ ക്യാമറ ഫ്രയിമുകളുടെ ഭംഗി കളയാൻ മഠങ്ങളുടെ പുറത്ത് തുണി തിരുമ്പിയിടുകയും, ചുവരുകളിൽ കറുത്ത കടലാസ്സു ഷീറ്റുകൾ ഒട്ടിക്കുകയും ഒക്കെ ചെയ്തു നോക്കിയത്രേ. പക്ഷെ ഹോളിവുഡിലെ ടെക്‌നിഷ്യൻസ് അതെല്ലാം പോസ്റ്റ് പ്രൊഡക്ഷനിൽ നിഷ്പ്രയാസം ശരിയാക്കിയെടുത്തുവെന്നാണ് കഥ. 6 മഠങ്ങളിൽ ഏറ്റവും വലുതും സുന്ദരവുമായതും മെഗലോമിറ്റിയോറോൺ മഠമാണ്. അത്തനേഷ്യസ് മിറ്റിയോറിറ്റസ് എന്ന വൈദികനാണ് ഈ മഠം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പേരും അതിനോട് സാമ്യം വരുന്ന മിറ്റിയോറ എന്ന വാക്കും വെച്ചാണ് ഈ മഠത്തിനു പേരിട്ടത്. പിന്നീട് പാതിരിമാർ താമസിക്കുന്ന ഈ കുന്നുകളെ നാട്ടുകാർ പൊതുവായി മിറ്റിയോറ എന്ന് വിളിച്ച് പോന്നു. മെഗലോമിറ്റിയോറോൺ മഠത്തിലേക്ക് തന്നെയാണ് ദിമിത്രി ഞങ്ങളെ ആദ്യം കൊണ്ട് പോയത്. ഏതാണ്ട് ഇരുനൂറ്റമ്പതോളം പടികൾ കയറിയാൽ മഠത്തിന്റെ പ്രവേശന കവാടത്തിലെത്താം. സന്ദർശകർക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി ഒരാൾക്ക് മൂന്ന് യൂറോ വെച്ച് ഓരോ മഠത്തിലും പ്രവേശന ഫീസ് വാങ്ങുന്നുണ്ട്. പ്രവേശന പാസ് വാങ്ങി നടന്നാൽ ആദ്യമെത്തുന്നത് മുൻകാലങ്ങളിൽ വൈദികർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും, യന്ത്രങ്ങളുമെല്ലാം കേടു കൂടാതെ സൂക്ഷിച്ചിരിക്കുന്നൊരു മുറിയിലേക്കാണ്. വൈൻ ബാരലുകൾ, പൂന്തോട്ടം പരിപാലിച്ചിരുന്ന ഉപകരണങ്ങൾ, ഭക്ഷണം പാകം ചെയ്തിരുന്ന പാത്രങ്ങൾ, സാധനങ്ങൾ മുകളിലേക്കെത്തിക്കാൻ ഉപയോഗിച്ചിരുന്ന വലകൾ, ഏണികൾ എന്നിങ്ങനെ പോയ കാലത്തിലേക്കുള്ള ഒരു കണ്ണാടിയാണ് ആ മുറി. അതിനു തൊട്ടടുത്ത മുറിയിൽ പല തരം വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ശേഖരമാണ്. ആദ്യ കാലങ്ങളിലെ ബിഷപ്പുമാരും അധികാരികളും ഉപയോഗിച്ചിരുന്ന മേലങ്കികളും കിരീടവും ആയുധങ്ങളും, അവരിൽ പലരുടെയും ഛായാചിത്രങ്ങളും കാണാം. ആ ഭാഗത്ത് നിന്നും നടന്നാൽ ഒരു ചുവരിൽ തുറന്നിട്ടിരിക്കുന്ന ഒരു കിളിവാതിൽ കാണാം. അതിലൂടെ പാളി നോക്കിയാൽ കാണാനാവുന്നത് ഉൾമുറിയിലെ പലകത്തട്ടുകളിൽ നിരനിരയായി വെച്ചിരിക്കുന്ന നൂറുകണക്കിന് തലയോടുകളാണ്. തുർക്കി ഗ്രീസിനെ യുദ്ധത്തിൽ കീഴ്പ്പെടുത്തിയപ്പോൾ ഈ പ്രദേശത്ത് തടവിലാക്കപ്പെട്ട് മരണമടഞ്ഞ വിശ്വാസികളുടെ തലയോടുകളാണത്രെ. അവിടെ നിന്നും ഏണി കയറി മുകൾ നിലയിൽ ചെന്നാൽ തുറസ്സായ ഒരു ബാൽക്കണി കാണാം. അതിൽ നിന്ന് നോക്കിയാൽ ഈ മഠത്തിന് അധികം ദൂരെയല്ലാതുള്ള വാർലാം മഠവും അത് നിൽക്കുന്ന പാറയും മുഴുവനായി കാണാം. ചെങ്കുത്തായ പാറയുടെ അറ്റത്ത് അള്ളിപ്പിടിച്ച് നിൽക്കുന്ന വാർലാം മഠത്തിന്റെ ദൃശ്യം ഒരേ സമയം വിസ്മയവും ഭീതിയും ജനിപ്പിക്കുന്നതാണ്.
മെഗലോമിറ്റിയോറോണിലെ പ്രാർത്ഥനാലയത്തിലേക്കാണ് പിന്നീട് പോയത്. രണ്ടു മുറികളുള്ള ഒരു ചെറിയ ചാപ്പൽ. ഈ ചാപ്പലിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലാത്തതിനാൽ കാമറ അടച്ചാണ് കയറിയത്. ഉള്ളിൽ കയറി മൂന്നടി വെച്ചപ്പോഴേക്കും കാൽ നിലത്തുറച്ച പോലെ നിന്ന് പോയി. ആ ചാപ്പലിന്റെ ചുവരുകൾ മുഴുവൻ ഒരിഞ്ചു സ്ഥലം ബാക്കിയില്ലാത്ത വിധം ചുവർ ചിത്രങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ക്രിസ്തുവിന്റെ ജീവിതവും കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പിനു ശേഷമുള്ള ശിഷ്യന്മാരുടെ ജീവിതവും എല്ലാമാണ് പ്രതിപാദ്യം. നല്ല ഉയരത്തിലാണ് ചാപ്പലിന്റെ മുകൾത്തട്ട്. ആ ഉയരത്തിൽ നിന്നും കയ്യെത്താവുന്ന ദൂരത്തേക്ക് ഞാത്തിയിട്ടിരിക്കുന്ന വിളക്കുകൾ വിതറുന്ന വെളിച്ചത്തിൽ ആ ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേക ശോഭ തോന്നി. മുറിയും മനസ്സും നിശബ്ദ ശാന്തം. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനുള്ളിൽ വെച്ചാണ് മുമ്പ് ഇത് പോലെ അനുഭവപ്പെട്ടത്. ഈ അനുഭവം ആർക്കും പങ്കുവെക്കാനാവാതെ പോവരുതെന്ന് തോന്നിയപ്പോൾ ഒരു മൂലയിൽ ചെന്ന് ആരെയും ശല്യം ചെയ്യാതെ തിടുക്കത്തിൽ ഒരു പടമെടുത്ത് വെച്ചു. ആ ചാപ്പലിന്റെ സൗന്ദര്യത്തിന്റെ പത്തിലൊന്നു പോലും ഉൾക്കൊള്ളിക്കാൻ ആയില്ലെങ്കിലും ഓർമ്മക്കുറിപ്പായി വെക്കാൻ വേണ്ടിയൊരു ചിത്രം. മെഗലോമിറ്റിയോറോൺ മഠത്തിൽ നിന്നും പോയത് മിറ്റിയോറയിലെ സൺസെറ്റ് റോക്കിലേക്കാണ്. ആറ് മഠങ്ങളിൽ നാലെണ്ണം ഒറ്റ ഫ്രയിമിൽ കാണാൻ സാധിക്കുമെന്നതാണ് സൺസെറ്റ് റോക്കിന്റെ പ്രത്യേകത. അനപ്പോസാ, റൂസനോ, മെഗലോമിറ്റിയോറോൺ, വാർലാം എന്നീ മൊണാസ്റ്ററികളാണ് ഈ പാറക്കൂട്ടത്തിൽ നിന്നും നോക്കിയാൽ കാണാനാവുക. കൂട്ടത്തിൽ അനപ്പോസാ മഠം ആണ് ഏറ്റവും ചെറുത്. പാറയുടെ തൊട്ടു താഴെ കാണുന്നത് റൂസനോ. ദൂരെ മാറി ഇടതും വലതും ആയി നിൽക്കുന്ന രണ്ടു പാറകളിൽ കാണുന്നത് മെഗലോമിറ്റിയോറോൺ മഠവും വാർലാം മഠവും. അസ്തമയ സമയത്താണ് ഇവിടെ ആള് കൂടുന്നത്. പക്ഷെ ഞങ്ങൾ ചെന്നത് നട്ടുച്ചക്കും. കുറച്ച് ദിവസമായി ആകാശം മൂടിക്കെട്ടി നിൽക്കുന്നതിനാൽ അസ്തമയം കാണാനാവില്ലെന്ന് ദിമിത്രി ഓർമിപ്പിച്ചു. സെപ്റ്റംബറിലെ അവസാന ദിവസങ്ങൾ ആണ്. ശിശിരം വരുന്നതിനു മുന്നോടിയെന്നോണം ഇലകൾ മഞ്ഞയും ചുവപ്പും ആവാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണാമെങ്ങും. മിറ്റിയോറയിലേക്കുള്ള റോഡ് കയറി വരുന്ന വാഹനങ്ങൾ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ അവിടവിടെ കാണാം. കുറച്ച് നേരം അവിടെ ചിലവിട്ട ശേഷം മിറ്റിയോറയുടെ മറുഭാഗത്തേക്കാണ് പോയത്. ഇത് വരെ കണ്ണിൽപ്പെടാഞ്ഞ മറ്റു രണ്ടു മഠങ്ങൾ കാണാൻ. ഹോളി ട്രിനിറ്റി മഠവും സ്‌റ്റെഫാനോസ് മഠവും.
ആദ്യമെത്തുക ഹോളി ട്രിനിറ്റി മഠത്തിനരികെയാണ്. വലിയൊരു കുന്നിൽ നിന്നും പിളർന്നു തൂണ് പോലെ നിൽക്കുന്നൊരു നെടുങ്കൻ പാറയുടെ മുകളിലാണ് ഈ മഠം. മിറ്റിയോറയിലെ ഏറ്റവും കൗതുകമാർന്ന പുറം കാഴ്ച തരുന്നതും ഈ മഠം ആണ്. ഒറ്റക്കല്ലിലുള്ള പാറയിൽ ആയതിനാൽ കയറിയെത്തൽ ഇത്തിരി പ്രയാസമാണ്. കുന്നിറങ്ങി പാറയുടെ താഴെ വരെ ചെന്ന് പടികൾ ചുറ്റിക്കയറി വേണം മുകളിലെത്താൻ . എൻട്രി ഫീ വാങ്ങുന്നയാളുടെ അരികിൽ ഒരു പലഹാരപ്പെട്ടി നിറയെ ലൂക്കുമി ഇരിപ്പുണ്ടായിരുന്നു. ഏതാണ്ട് നമ്മുടെ ഹൽവയുടെ പോലുള്ളൊരു പലഹാരമാണ് ലൂക്കുമി. പടികൾ കയറി ക്ഷീണിച്ചതിനാൽ ഞങ്ങൾ ആ പെട്ടിയിലേക്ക് കൊതിയോടെ നോക്കിയത് അയാൾ കണ്ടെന്ന് തോന്നുന്നു. ചിരിച്ചു കൊണ്ട് ഞങ്ങൾക്കോരോന്നു വീതം എടുത്തു തന്നു. ഹോളി ട്രിനിറ്റിയുടെ ഉൾവശത്തിനു മെഗലോമിറ്റിയോറോൺ മഠത്തിന്റെ ഗാംഭീര്യം ഒന്നുമില്ല. ചെറിയൊരു മഠം ആണിത്. പക്ഷെ മുകളിൽ നിന്നും നോക്കിയാൽ താഴെ കലബാക്ക പട്ടണം ഏതാണ്ട് മുഴുവനായി കാണാം. സന്ധ്യ ആവാറായതിനാൽ ഞങ്ങൾ അധിക നേരം ചിലവഴിക്കാതെ അവിടെ നിന്നിറങ്ങി. സ്‌റ്റെഫാനോസ് മൊണാസ്റ്ററിക്ക് മുന്നിലെത്തിയപ്പോഴേക്കും അസ്തമയത്തോടടുത്തു. മിറ്റിയോറയിലെ ഏക കന്യാസ്ത്രീ മഠം ആണ് സ്‌റ്റെഫാനോസ്. സ്ത്രീകളാണ് എല്ലാം നോക്കി നടത്തുന്നത്. സന്ദർശിക്കുവാൻ ഏറ്റവും എളുപ്പമുള്ളതും ഈ മഠം തന്നെയാണ്. മറ്റു മഠങ്ങളെപ്പോലെ പിളർന്നു നിൽക്കുന്ന പാറയിൽ തന്നെയാണ് ഈ മഠവും കെട്ടിയിരിക്കുന്നത്. പക്ഷെ റോഡരികിൽ നിന്നും ആ പാറയുടെ മുകളിലേക്കൊരു പാലം പണിതിരിക്കുന്നതിനാൽ റോഡിൽ നിന്നും എളുപ്പം നടന്നെത്താം. കൂട്ടത്തിൽ ഏറ്റവും പുതിയതായതിനാൽ പൗരാണികതയുടെ സൗന്ദര്യമൊന്നും അത്രയ്ക്കില്ല സ്‌റ്റെഫാനോസ് മഠത്തിന്. അതിനാൽ ഞങ്ങൾ ഉള്ളിലേക്കുള്ള ടിക്കറ്റ് എടുത്തില്ല. മഠത്തിന് പുറത്തിരുന്ന് അസ്തമനം കാണുവാനായിരുന്നു തീരുമാനം. ഇടയ്ക്ക് കാർമേഘങ്ങളുടെ മൂടുപടം നീങ്ങി സൂര്യൻ പ്രകാശിക്കും. അപ്പോൾ മഠവും പാറക്കെട്ടുമെല്ലാം സ്വർണ്ണപ്രഭയിൽ മുങ്ങും. കൺനിറയെ കാണും മുന്നേ വീണ്ടും നിഴൽ പരക്കും. മിറ്റിയോറ കുന്നുകളെ ഇരുൾ വിഴുങ്ങും മുന്നേ അങ്ങനെ കുറെ നിമിഷങ്ങൾ.
2018 ജനുവരി ലക്കം ‘മനോരമ ട്രാവലർ’ മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 🙂