ലിയാവോ നദീതീരം : ചൈനയുടെ ചുവന്ന തീരം
“ഐ” എന്ന തമിഴ് സിനിമയിലെ ഒരു ഗാനരംഗത്തിൽ ഏതോ ഒരു കടലോരത്ത് അനന്തതയോളം പരന്നു കിടക്കുന്നൊരു ചുവപ്പു പാടത്തിനു നടുവിലെ മരപ്പാലത്തിലൂടെ വിക്രവും ഏമി ജാക്ക്സനും പ്രണയിച്ചു നടക്കുന്ന ഒരു ദൃശ്യം ഉണ്ട്. ആ രംഗങ്ങൾ തിയ്യറ്ററിൽ ഇരുന്നു കാണുമ്പോൾ മനസ്സിലോർത്തത്, ഇതെല്ലാം വെറും ക്യാമറട്രിക്ക് ആണെന്നും, ഇത് പോലെ വിചിത്ര സുന്ദരമായ സ്ഥലങ്ങൾ ഒന്നും ഭൂമിയിൽ കാണില്ലെന്നുമാണ്. ഏതായാലും തിരിച്ചു വീട്ടിലെത്തിയ ശേഷം അങ്ങനൊരു സ്ഥലമുണ്ടോ എന്നറിയാൻ ഇൻറർനെറ്റിൽ കുറച്ചു നേരമൊന്നു തപ്പി. സംഗതി ശരിക്കുള്ളതാണ്. ചൈനയിലെ ലിയാവോനിങ്ങ് പ്രവിശ്യയിലൂടെ (Liaoning province) ഒഴുകുന്ന ലിയാവോ നദി ബോഹായ് കടലിൽ ചേരുന്നിടത്തെ ചതുപ്പ് തീരങ്ങളിലാണ് (Liao river delta) ആ ദൃശ്യവിസ്മയം. നദി കടലിടുക്കിലേക്ക് ഒഴുകി ചേരുന്ന തീരദേശം ഏതാണ്ട് 30 കിലോമീറ്ററോളം ദൂരം ചതുപ്പ് നിലമാണ്. അത്രയും ദൂരത്തിൽ ചതുപ്പിനെ മൂടി വളരുന്ന സ്വേഡ സൽസ (Suaeda salsa) എന്ന് പേരുള്ള ഒരു അപൂർവ തരം പുൽച്ചെടിയാണ് ആ കടൽതീരത്തെ ചുവപ്പണിയിക്കുന്നത്. പക്ഷെ ഈ പ്രതിഭാസം കാണണമെങ്കിൽ ഓഗസ്റ്റിലോ സെപ്തംബറിലോ വേണം അവിടം സന്ദർശിക്കാൻ. ഓഗസ്റ്റ് എത്തുന്നതോടെ ചെറുതായി ചുവന്നു തുടങ്ങുന്ന പുൽച്ചെ-ടികൾ മാസാവസാനത്തോടെ പൂർണമായും ചുവപ്പ് നിറമാവും. ഏറ്റവുമധികം സഞ്ചാരികൾ അവിടേക്കെത്തുന്ന സമയമാണത്. ഒടുവിൽ ഏതാണ്ട് സെപ്തംബർ പകുതിയോടെ നിറം മങ്ങി മങ്ങി ചതുപ്പ് നിറത്തോട് ചേരും. ഏതായാലും കുറച്ചു കാലമായി ഞാനും താരയും മനസ്സിൽ കൊണ്ട് നടക്കുന്ന മോഹമായിരുന്നു ചൈനയിലേക്കൊരു യാത്ര. ഈ ചുവപ്പു കടൽത്തീരത്തിന്റെ മോഹിപ്പിക്കുന്ന വിളി കൂടെ ചേർന്നപ്പോൾ ഇനിയും വൈകിക്കുന്നതിൽ അർത്ഥമില്ലെന്ന് ഞങ്ങൾ മനസ്സിലുറപ്പിച്ചു.
യാത്രക്ക് മുന്നോടിയായി ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇരുന്നപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായി തുടങ്ങിയത്. ആ തീരത്തെ പറ്റിയുള്ള വിശദവിവരങ്ങളോ, അവിടെത്തിച്ചേരുവാൻ സഞ്ചാരികളെ സഹായിക്കുന്ന ആധികാരികമായ വിവരണങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ഭാഗ്യത്തിന് ഒരു ട്രാവൽ ഫോറത്തിൽ വെച്ച് പരിചയപ്പെട്ട ഒരു ചൈനീസ് സുഹൃത്ത് സഹായത്തിനെത്തി. പോവേണ്ട സമയവും, പോവേണ്ട വഴികളെയും പറ്റി എല്ലാം ഒരു ഏകദേശ വിവരം പുള്ളി ഒപ്പിച്ചു തന്നു. കൂടെ, ഇതത്ര പ്രസിദ്ധമായൊരു വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും, അത് കൊണ്ട് തന്നെ ഇംഗ്ലീഷ് സംസാരിക്കുന്നവർ ആരും തന്നെ അവിടെ കാണാൻ സാധ്യതയില്ലെന്നുമുള്ളൊരു മുന്നറിയിപ്പും തന്നു. വളരെ ചുരുക്കം ചില വിദേശസഞ്ചാരികളേ ഇവിടം സന്ദർശിക്കാറുള്ളൂവത്രേ. യാത്രാ സൗകര്യങ്ങളുടെ അഭാവവും, പ്രധാന നഗരങ്ങളിൽ നിന്നുള്ള അകലവും എല്ലാമാവാം കാരണം. ഏതായാലും വെച്ച കാൽ ഇനി പുറകോട്ടില്ല.
തലസ്ഥാന നഗരമായ ബീജിങ്ങിൽ നിന്നും ഏതാണ്ട് 600 കിലോമീറ്റർ ദൂരെയാണ് ലിയാവോ നദി കടലിൽ ചേരുന്ന അഴിമുഖം. അവിടെ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ‘പാൻജിൻ (Panjin)’ ഏകദേശം അൻപത് കിലോമീറ്റർ ദൂരെയാണ്. ബീജിങ്ങിൽ നിന്നും പാൻജിൻ വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്നാൽ പാൻജിൻ ബസ് സ്റ്റേഷൻ എത്തും. ഇവിടെ നിന്നും ചുവപ്പു പാടത്തിനടുത്തുള്ള ജാവോചുവൻ (zhaoquan) ഗ്രാമത്തിലേക്കൊരു ബസ് ഓടുന്നുണ്ട്. കുറെ നേരം കാത്തു നിൽക്കേണ്ടി വന്നു ആ ബസ് വരാൻ. ഒരു പഴഞ്ചൻ മിനിബസാണത്. കണ്ടക്റ്ററും ഡ്രൈവറും സ്ത്രീകളാണ്. ഉള്ളിൽ അവിടവിടെ ആയി ചുവപ്പു പാടങ്ങളുടെ ചിത്രങ്ങളും ടൂറിസം വകുപ്പിന്റെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. എല്ലാം ചൈനീസ് ഭാഷയിലാണ്. ബസിലും അന്നാട്ടുകാർ മാത്രം. വിദേശസഞ്ചാരികളെ അവിടെയധികം കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, ചിലരെല്ലാം ഇടക്കിടെ ഞങ്ങളെ കൗതുകത്തോടെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബസിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ പാൻജിൻ ഒരു റെസിഡെൻഷ്യൽ സിറ്റിയാണെന്ന് തോന്നും. റോഡിന് ഇരുവശവും നിരനിരയായി ഒരേ രൂപത്തിലും നിറത്തിലുമുള്ള അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നത് കാണാം. പക്ഷെ ഒന്നിലും ആൾതാമസം ഇല്ലാത്ത പോലെ. ആരും ശ്രദ്ധിക്കാനില്ലാതെ പൂപ്പൽ കയറിയും, പാളികൾ അടർന്നും പ്രേതഭവനങ്ങൾ പോലെ നിൽക്കുന്ന കുറേയധികം അപ്പാർട്ട്മെന്റുകൾ. നിരത്തുകളിൽ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ആകപ്പാടെ ഒരു ശ്മശാനമൂകത മൂടി നിൽക്കുന്നുണ്ട് നഗരത്തിൽ. എന്താണിവിടെ സംഭവിച്ചതെന്ന് ആരോടും നേരാംവണ്ണം ചോദിച്ചറിയാനും മാർഗമില്ല. ഗൂഗിൾ ട്രാൻസ്ലേറ്റർ ആപ്പിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല അത്. നഗരം വിട്ടു ഗ്രാമപാതകളിലേക്കു ബസ് പ്രവേശിച്ചതോടെ കാഴ്ചകൾക്ക് ജീവൻ വെച്ചു തുടങ്ങി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങളാണ് ഇരുവശവും. നന്നായി കാറ്റ് വീശുന്നുണ്ടായിരുന്നു. നല്ല തെളിഞ്ഞ ദിവസം. ജാവോചുവൻ ഗ്രാമത്തിൽ ബസിറങ്ങിയപ്പോൾ തന്നെ ടാക്സിക്കാർ വന്നു ഞങ്ങളെ വട്ടമിട്ടു. ഇവിടെ നിന്നും കടൽത്തീരത്തേക്കു ബസില്ല. ടാക്സിയിൽ തന്നെ പോകണം. ചുവപ്പു പാടങ്ങളുടെ അപൂർവ ജൈവവൈവിധ്യം മൂലം അവിടമൊരു സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ പാസ് എടുത്തു വേണം ഉള്ളിൽ പ്രവേശിക്കുവാൻ. ഒരു പാസിനു 85 യുവാൻ ആണ് ഫീസ്. ഏതാണ്ട് 900 രൂപ ! ഈ ചുവപ്പ് തീരം മുഴുവൻ നടന്നു കാണുവാൻ ആവില്ല. അത്ര വിശാലമാണ്. അതിനാൽ വന്ന ടാക്സിയിൽ തന്നെ വേണം ഉള്ളിലേക്ക് പോവാൻ. എൻട്രി ഗേറ്റ് കടന്നു ഒരു 5 മിനുട്ടോളം ഡ്രൈവ് ചെയ്തപ്പോഴേക്കും ദൂരെയായി കടൽ കണ്ടു തുടങ്ങി. കടൽത്തീരത്ത് മണലിനു പകരം തവിട്ടു നിറത്തിലുള്ള ചതുപ്പാണെന്നു മാത്രം. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ചതുപ്പിന്റെ നിറം മാറിത്തുടങ്ങി. ചുവപ്പ് ചെടികൾ ചതുപ്പിനെ മൂടിത്തുടങ്ങി. കടലിനു സമാന്തരമായി നീണ്ടു പോവുന്ന റോഡിനും നീലക്കടലിനും നടുവിലായി മറ്റൊരു ചുവപ്പ് കടൽ പോലെ ഒരുപാട് ദൂരത്തേക്കു നീണ്ടു നിറഞ്ഞു കിടക്കുകയാണ് കുറ്റിച്ചെടികൾ. ലിയാവോ നദിയുടെ ചെറിയ ചെറിയ കൈവഴികൾ ചാലുകളായി ഒഴുകി വന്നു കടലിൽ ചേരുന്നത് ഇടക്ക് കാണാം. നദിയും, അതിന്റെ കൈവഴികളും, ഒഴുകി വരുന്ന വഴിയിൽ നിന്നെല്ലാം കൂടെ കൊണ്ടു വരുന്ന പലതരത്തിലുള്ള മണ്ണും മണലുമെല്ലാം അടിഞ്ഞു ചേർന്നാവണം ഈ കടൽ തീരം പതിയെ പതിയെ ഒരു ചതുപ്പുനിലമായി മാറിയത്. റോഡിൽ നിന്നും കടലിനടുത്തേക്കു വരെ നടന്നു ചെല്ലുവാൻ പാകത്തിൽ ചതുപ്പിനു മുകളിലൂടെ മരപ്പാലങ്ങൾ നിർമിച്ചിട്ടുണ്ട് ഇടയ്ക്കിടയ്ക്ക്. മരപ്പാലങ്ങൾ കടലിലെത്തുന്ന ഭാഗത്ത് മനോഹരമായി പണിത വ്യൂവിംഗ് പ്ലാറ്റ്ഫോമുകളും കാണാം. കാറിൽ നിന്നിറങ്ങി അടുത്തു കണ്ട ഒരു മരപ്പാലത്തിൽ കയറി കടൽത്തീരം വരെ ഞങ്ങൾ നടന്നു. ഓരോ മരപ്പാലങ്ങൾക്കും വേറെ വേറെ പേരുകളുണ്ട്. അവിടേക്കുള്ള വഴി കാട്ടുന്ന ബോർഡിൽ നിന്നുമാണ് രസകരമായ പേരുകൾ വായിച്ചത്.
മരപ്പാലത്തിലൂടെ നടക്കുമ്പോൾ കടൽക്കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ കെട്ടിടങ്ങളുടെയോ മരങ്ങളുടെയോ തടസ്സമില്ലാതെ പായുന്ന കാറ്റ്. ഈ ഭൂപ്രകൃതി സമാധാനമായി കണ്ടാസ്വദിക്കാൻ മരപ്പാലങ്ങളിൽ ഇടക്കിടക്ക് ബെഞ്ചുകളുമുണ്ട്. വൈകുന്നേരങ്ങളിൽ ഈ മരപ്പാലത്തിലെ ഒരു ബെഞ്ചിൽ കാറ്റും കൊണ്ടു ഒരു നല്ല പുസ്തകവും വായിച്ചിരിക്കുന്നതിന്റെ സുഖം മനസ്സിലൊന്നു സങ്കൽപ്പിച്ചു നോക്കി.
പാലത്തിൽ നിന്ന് നോക്കുമ്പോൾ റോഡിന് മറുവശത്തായി ജെസീബിയുടെ യന്ത്രക്കൈകൾ പോലെ ചിലത് പൊങ്ങുകയും താഴുകയും ചെയ്യുന്നത് കാണാം. ഓയിൽ ഡ്രില്ലിങ് റിഗ്ഗുകളാണ്. ലിയാവോ നദീമുഖത്തെ ചതുപ്പുനിലങ്ങൾക്കടിയിൽ എണ്ണപ്പാടങ്ങളാണ്. അത് കൊണ്ട് തന്നെ ചൈനയുടെ വ്യാവസായിക ഭൂപടത്തിൽ ലിയാവോനിങ്ങ് പ്രവിശ്യയ്ക്കൊരു പ്രധാന സ്ഥാനമുണ്ട്. വെയിലിന് ശക്തി കൂടിയതോടെ ഞങ്ങൾ കുറച്ചകലെ മാറിയുള്ള റെസ്റ്റൊറെന്റിൽ പോയി നൂഡിൽസും ഒമ്ലെറ്റും കഴിച്ചു. ഇനി മടക്കം. വൈകുന്നേരത്തിന് മുമ്പേ റെയിൽവെ സ്റ്റേഷനിൽ തിരിച്ചെത്തിയില്ലെങ്കിൽ ബീജിങ്ങിലേക്കുള്ള ട്രെയിൻ കിട്ടില്ല. തിരിച്ചു പോരാൻ നേരം മനസ്സിലോർത്തത്, ഇതുപോലെ അപൂർവ സുന്ദരമായ എന്തെല്ലാം കാണാക്കാഴ്ചകൾ ഭൂമിയിൽ നമ്മളൊന്നുമറിയാതെ ഒളിഞ്ഞു കിടപ്പുണ്ടാവുമെന്നായിരുന്നു.
2017 മാർച്ച് ലക്കം ‘മനോരമ ട്രാവലർ’ മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 🙂