Travel

കുർദ്ദിസ്ഥാൻ : ഇറാനിലെ ഗ്രാമക്കാഴ്ചകളിലൂടെ

on
ഓഗസ്റ്റ്‌ 1, 2020

                     മാജിദ് മജീദിയുടെയും അബ്ബാസ് കിയരോസ്താമിയുടേയുമെല്ലാം സിനിമകളിൽ കണ്ടു പരിചയിച്ച ഇറാനിയൻ ഗ്രാമങ്ങൾ കാണണമെന്ന മോഹം കൊണ്ടാണ് കുർദ്ദിസ്ഥാൻ ഇറാൻ യാത്രയിൽ ഉൾപ്പെടുത്തിയത്. വരണ്ട, പൊടി നിറഞ്ഞ,  സിവിലൈസേഷന് പുറത്താണോ എന്നു തോന്നിപ്പോവുന്ന ഗ്രാമങ്ങൾ! പ്രതീക്ഷ തെറ്റിക്കാതെ പതിനാറു ദിവസങ്ങൾ  നീണ്ടു നിന്ന യാത്രയിൽ ഏറ്റവും പ്രിയപ്പെട്ടതായി അതു മാറുകയും ചെയ്തു. ഇറാനിൽ കണ്ട സ്ഥലങ്ങളിൽ വെച്ചേറ്റവും കുറവ് വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമായ സ്ഥലമായിരുന്നു കുർദ്ദിസ്ഥാൻ പ്രൊവിൻസിലെ പലങ്ങാൻ. ഇറാൻ-ഇറാഖ് അതിർത്തി മേഖലയാണ് കുർദ്ദിസ്ഥാൻ. ഇന്ത്യയിലെ കാശ്മീരിന് സമാനമായ പ്രദേശം എന്ന് പറയാം.­­ പൊതുവെ ടൂറിസ്റ്റുകൾ കുറവായ ഇറാനിൽ സഞ്ചാരികൾ ഒട്ടും തന്നെ കടന്നു ചെല്ലാത്ത ഒരിടം.

                            ഈ ഗ്രാമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ വളരെ കുറവായിരുന്നു. ഇവിടേക്ക് മുമ്പ് യാത്ര ചെയ്തൊരാൾ ട്രിപ്പ് അഡ്വൈസർ ഫോറത്തിൽ പോസ്റ്റ് ചെയ്ത കോൺടാക്റ്റ് തപ്പിപ്പിടിച്ചാണ് താമസിക്കാനൊരു സ്ഥലം ഏർപ്പാടാക്കിയത്. ഉൾഗ്രാമമായതിനാൽ ഇവിടേക്ക് ബസ്സുകളില്ല. തൊട്ടടുത്ത ടൗണിൽ ഇറങ്ങി ടാക്സി വിളിക്കണം. ടാക്സി എന്ന ഏർപ്പാടും കുറവ്. ഞങ്ങളെ താമസിപ്പിക്കാമെന്നേറ്റ കരീം ഷൊക്രൊല്ലാഹി അയാളുടെ ഒരു ബന്ധുവിനെ ഞങ്ങളെ കൂട്ടാൻ വേണ്ടി അയക്കുകയാണുണ്ടായത്. പുലർച്ചെ നാല് മണിക്കാണ് തൊട്ടടുത്ത പട്ടണമായ കമ്യരാനിൽ എത്തുന്നത്. അവിടെ ഞങ്ങളെയും കാത്ത് ആമിർ നിൽക്കുന്നുണ്ടായിരുന്നു. ഗോട്ടിയും കൂളിംഗ് ഗ്ളാസ്സുമൊക്കെ വെച്ച് നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഫ്രീക്കനാണ് അമീർ. സ്റ്റോപ്പ് വിട്ട് പോവുമോ എന്ന ഭയത്തിൽ ബസിലിരുന്ന് ഉറങ്ങിയതേയില്ല. അതിനാൽ ടാക്സിയിൽ കയറിയതും ഉറങ്ങിപ്പോയി. അതുകൊണ്ട് തന്നെ വഴികളോ ചെന്നെത്തുന്ന സ്ഥലമോ ഒന്നും കാണാൻ കഴിഞ്ഞില്ല. അവിടെയെത്തിയതും വീടിന്റെ താക്കോൽ ഞങ്ങളുടെ കയ്യിൽ തന്ന് ആമിർ അപ്രത്യക്ഷനായി. കരീം ഷൊക്രൊല്ലാഹി തന്റെ വീട്ടിൽ താമസിപ്പിക്കാം എന്നാണ് വാട്സാപ്പ് വഴി പറഞ്ഞിരുന്നത്. എന്നാൽ അയാളുടെ പൊടി പോലുമില്ല. എന്തായാലും വീടിന്റെ വാതിൽ തുറന്ന് അകത്ത് കയറി. ഒരു ഹാളും മുറിയും അടുക്കളയും അടങ്ങിയതാണ് വീട്. കട്ടിലൊന്നുമില്ല. നിലത്ത് കിടക്കകളുണ്ട്. കയറിക്കിടന്നു. ഉറങ്ങി.

                     വെളിച്ചം വീണപ്പോൾ ബാൽക്കണിയിലേക്ക് ഇറങ്ങി. ഒരു കുന്നിന്റെ മുകളിലായിട്ടാണ് വീടിന്റെ നിൽപ്പ്. താഴെ തൊട്ടു മുമ്പിൽ മറ്റൊരു കുന്നുണ്ട്. അവിടവിടെയായി ഒന്ന് രണ്ട് മരങ്ങൾ കാണാം. താഴെ ഉയർന്നും താണും കുന്നുകൾ. അവയുടെ മുകളിൽ തട്ടുതട്ടായി തീപ്പെട്ടിക്കൂടുകൾ അടുക്കി വെച്ചത് പോലെ വീടുകൾ.  തൊട്ടപ്പുറത്തുള്ള കുന്നിൽ ഒരു അച്ഛനും മകനും. ആ കുട്ടി സൈക്കിൾ ചവിട്ടുകയാണ്. ഞങ്ങൾ കുളിച്ച് റെഡിയായി എവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടുമോ എന്ന് നോക്കി വാതിലും പൂട്ടി ഇറങ്ങി. അപ്പോഴേക്കും സൈക്കിൾ ചവിട്ടിയിരുന്ന കുട്ടിയും അച്ഛനും കുന്നിറങ്ങിയെത്തിയിരുന്നു. അയാൾ ഷർട്ടും അതിന് താഴെ വളരെ ലൂസായ ഹാരം പാന്റ് പോലുള്ള ഒരു വസ്ത്രവുമാണ് ധരിച്ചിരുന്നത്. തുണി കൊണ്ട് കയറു പോലെ പിരിച്ച് അരയിൽ പല ചുറ്റായി കെട്ടിയിട്ടുണ്ട്. അടുത്ത് വന്ന് ഹലോ പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. കരീം ഷൊക്രൊല്ലാഹി! അയാളുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. പുറത്തിറങ്ങാൻ നിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ നിൽക്കുന്നതിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് അയാളും കുടുംബവും താമസിക്കുന്നത്. അയാളുടെ ഔട്ട് ഹൌസാണ് ഞങ്ങൾക്ക് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളുമുള്ള വീടാണ് കരീമിന്റേത്. ലവാഷ് എന്ന് പേരായ, കാണാൻ ടിഷ്യൂ പേപ്പർ പോലെയിരിക്കുന്ന ബ്രെഡ്ഡും, ചീസും, പനീറും, പുഴുങ്ങിയ മുട്ടയും, തക്കാളിയുമാണ് ഭക്ഷണം. കൂടെ കട്ടൻ ചായയും. അതും കഴിച്ച് കുന്നിറങ്ങി.  ട്രക്കും മോട്ടോർസൈക്കിളുകളൂം മാത്രമേ മൺവഴിയിലൂടെ പോവൂ. ഇടയ്ക്ക് സാധനങ്ങൾ പുറത്ത് കയറ്റി പോകുന്ന കഴുതകളെയും കാണാം.

                   ആകെ ഒരു പൊടി നിറമാണീ ഗ്രാമത്തിന്. മരങ്ങൾ പൊതുവെ കുറവാണ്. നടന്നു തുടങ്ങിയപ്പോൾ ഫർഹാദിനെയും സുമയ്യയെയും പരിചയപ്പെട്ടു. ആങ്ങളയും പെങ്ങളുമാണ്. അടുത്തുള്ള പട്ടണത്തിൽ നിന്ന് ഈ ഗ്രാമം കാണാൻ വന്നതാണിവരും. കുർദ്ദിസ്ഥാൻ സ്വദേശികൾ തന്നെ. ഫർഹാദ് ടെഹ്റാനിൽ പഠിക്കുകയാണ്. മുറി ഇംഗ്ലീഷ് സംസാരിക്കും. സുമയ്യക്ക് ഇംഗ്ലീഷ് മനസ്സിലാവില്ല. അവരും ആദ്യമായാണ് ഇവിടെ വരുന്നത്. കുർദുകളെക്കുറിച്ചും അവരുടെ തനതായ ഭാഷ, ഭക്ഷണം, ഉത്സവങ്ങൾ തുടങ്ങിയവയെക്കുറിച്ചുമൊക്കെ ഫർഹാദ് സംസാരിച്ചു. കുർദുകൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് പൊതുവെ കുർദിസ്ഥാൻ എന്നറിയപ്പെടുന്നത്. ഇറാൻ, ഇറാഖ്, തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലായി അത് വ്യാപിച്ച് കിടക്കുന്നു. സ്വന്തമായി രാജ്യം വേണം എന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം കുർദുകൾ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും നടത്തുന്നുണ്ട്. അതു കൊണ്ട് തന്നെ ഇതൊരു പ്രശ്ന ബാധിത പ്രദേശമായാണ് അറിയപ്പെടുന്നത്. ഇതിൽ ഇറാഖിന്റെയും സിറിയയുടെയും ഭാഗമായ കുർദിസ്ഥാൻ സ്വയം ഭരണ പ്രദേശങ്ങളാണ്. ഇറാനിലെ കുർദിസ്ഥാൻ കേന്ദ്ര ഭരണത്തിന്റെ കീഴിൽ തന്നെയാണ്. ഞങ്ങൾ താമസിച്ച ഗ്രാമത്തിൽ ആൾക്കാർ വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. അവരെ പ്രക്ഷോഭങ്ങളൊന്നും ബാധിച്ച മട്ടില്ല. രാത്രിയാവുമ്പോൾ തീവ്രവാദികൾ ചില്ലറ പ്രശനങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ചിലരെ പോലീസ് പിടിച്ച് കൊണ്ട് പോവാറുണ്ടെന്നുമൊക്കെ ഫർഹാദ് പറഞ്ഞു. സന്ധ്യാ നേരത്തോടു കൂടി താമസ സ്ഥലത്തേക്ക് മടങ്ങിക്കൊള്ളാനും നിർദ്ദേശിച്ചു.

                      വഴിയിൽ വെച്ച് ഒരു ചെറിയ കുട്ടിയെ പരിചയപ്പെട്ടു. മെഹ്ദി എന്നാണ് പേര്. സമാധാനം എന്നാണത്രെ ഫാർസിയിൽ ആ വാക്കിന്റെ അർത്ഥം. ഞങ്ങളുടെ കയ്യിൽ കാമറ കണ്ടു മെഹ്ദി അവന്റെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. ഫോട്ടോ എടുത്ത് ഞങ്ങളവനെ കാണിച്ചപ്പോൾ അത് പ്രിന്റ് ചെയ്യാനുള്ള സംവിധാനം ആ കാമറയിൽ ഇല്ലേ എന്ന് ചോദിച്ചു. പോളറോയിഡ് കാമറകൾ അവനെവിടെയെങ്കിലും കണ്ടിട്ടുണ്ടാവണം. ഇതങ്ങനത്തെ കാമറ അല്ല എന്ന് പറഞ്ഞപ്പോൾ അവനു സങ്കടമായി. പിന്നെയും പിന്നെയും അതു തന്നെ ചോദിച്ചു കൊണ്ടിരുന്നു. അവന്റെ അച്ഛനോ അമ്മയ്‌ക്കോ ഇമെയിൽ ഐഡി ഉണ്ടെങ്കിൽ ഫോട്ടോ അയച്ച് തരാം എന്ന് പറഞ്ഞപ്പോൾ അവനോടിപ്പോയി അച്ഛനോടെന്തോക്കെയോ ചോദിച്ചു. പക്ഷെ അയാൾക്ക് മെയിൽ ഐഡി ഒന്നും ഉണ്ടായിരുന്നില്ല. ഫർഹാദ് മുഖേനയാണ് ഈ സംസാരമൊക്കെ നടന്നത്. നാട്ടുകാർക്കൊന്നും ഇംഗ്ലീഷ് തീരെ വശമില്ല. മെഹ്ദി വളരെ അഭിമാനത്തോട് കൂടി അഞ്ചു വരെ ഇംഗ്ലീഷിൽ എണ്ണി കേൾപ്പിച്ചു. കുറെ നേരം ഞങ്ങളോടൊപ്പം ചിലവഴിച്ച് അവനോടിപ്പോയി. പിന്നെയാണോർത്തത് അവൻ അഞ്ച് വരെ എണ്ണുന്നത് കാമറയിൽ പകർത്താമായിരുന്നു എന്ന്.  

                         പലങ്ങാൻ ഒരു മുക്കുവ ഗ്രാമമാണ്. ഗ്രാമത്തിലൂടെ ഒരു പുഴയൊഴുകുന്നുണ്ട്. അതിൽ നിന്ന് മീൻ പിടിച്ചും അനുബന്ധ ജോലികൾ ചെയ്തുമാണ് ഇവിടത്തുകാർ ജീവിക്കുന്നത്. ഇവിടത്തെ പുഴമീൻ പ്രസിദ്ധമാണത്രെ. മീൻ വലിയ താത്പര്യമില്ലെങ്കിലും ഇവിടത്തെ മീനിന്റെ രുചിയറിയണം എന്നുള്ളത് കൊണ്ട് ഉച്ചക്ക് ലവാഷുമാണ് മീനുമാണ് കഴിച്ചത്. കെസിലാല എന്ന് പേരായ വളരെ വലിയ ഒരു മീൻ. സ്വാദിനെക്കാൾ കൗതുകം തോന്നിയത് അതിന് തീരെ മുള്ളില്ല എന്നതാണ്. മത്സ്യപ്രിയനായ ഗൗതം പറഞ്ഞത് ഇത് വരെ കഴിച്ചതിലേറ്റവും എളുപ്പം കഴിച്ച മീനാണിതെന്നാണ്. ആകെ രണ്ട് ഭക്ഷണശാലകളാണ് ഗ്രാമത്തിലുള്ളത്. ഒന്ന് പുഴവക്കിലാണ്. അവിടെ ഇരുന്ന്  ഭക്ഷണം കഴിക്കണമെങ്കിൽ നമ്മൾ പായയുമെടുത്ത് പോകണം. അടുത്ത പട്ടണങ്ങളായ സനന്താജ്, കെർമാൻഷാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫാമിലി പിക്നിക്കിനായി കുറെ പേര് പായയും താങ്ങിപ്പിടിച്ച് വന്നിരുന്നു. വെള്ളിയാഴ്ചയായതിനാൽ ഇത്തിരി തിരക്കുണ്ട്.

                            അടുത്ത പട്ടണങ്ങളിലെ ടൂറിസ്റ്റുകളെയല്ലാതെ ഒരു ജപ്പാൻകാരനെ മാത്രമാണ് പുറം രാജ്യത്ത് നിന്ന് കണ്ടത്. മസാകി ടോക്യോവിലാണ് താമസം. പത്ത് പതിനഞ്ചു വർഷമായി യാത്ര ചെയ്യുന്നു. ഇന്ത്യയിൽ മൂന്ന് തവണ വന്നിട്ടുണ്ട്. ജപ്പാൻകാരുടെ മുഖമുദ്രയായ ഒരു പ്രസന്ന ഭാവം സദാ മുഖത്തുണ്ട്. സമാധാനപ്രിയനായിരിക്കണം. വലിയ സംസാരവും ബഹളങ്ങളുമൊന്നുമില്ല. കുറച്ച് നേരം ഞങ്ങൾക്കൊപ്പം നടന്നിട്ട് അയാൾ അയാളുടെ വഴിക്ക് പോയി. ഫർഹാദിനോടും സുമയ്യയോടും സലാം പറഞ്ഞ് ഞങ്ങൾ തിരികെ നടന്നു. ഗ്രാമത്തിന് നടുവിലൂടെയായി രണ്ടു കുന്നുകളെ ബന്ധിപ്പിച്ച് നിൽക്കുന്നൊരു വലിയ പാലമുണ്ട്. തീരെ ചെറിയ ഗ്രാമമായതിനാൽ മുഴുവൻ നടന്ന കാണുക അസാധ്യമല്ല. ഇവിടത്തെ വീടുകളുടെ നിർമാണം വളരെ കൗതുകകരമാണ്. കുന്നിൻ ചെരുവിൽ തട്ടുതട്ടായാണ് വീടുകളുടെ നിൽപ്പ്. ഒരു വീടിന്റെ മേൽക്കൂര അതിനു തൊട്ടു മുകളിലുള്ള വീടിന്റെ മുറ്റമാണ്. തന്റെ വീടിന്റെ മുറ്റത്തു നിന്ന് ചാടിയാൽ തൊട്ടു താഴെയുള്ള വീടിന്റെ മേൽക്കൂര കുലുങ്ങുമെന്നർത്ഥം. കുറച്ചു സ്ഥലത്ത് കൂടുതൽ വീടുകൾ പണിയാം എന്ന ആശയത്തിലായിരിക്കാം ഈ നിർമിതി. മണ്ണ് കട്ടകൾ കൊണ്ടാണ് എല്ലാ വീടുകളും പണിതിരിക്കുന്നത്. മേൽക്കൂരകൾ മണ്ണും വൈക്കോലുമുപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. കോഴികൾ, ആടുകൾ, പശുക്കൾ, കഴുതകൾ, മനുഷ്യന്മാർ അങ്ങനെ എല്ലാവരും പരസ്പര സഹകരണത്തോടെ കഴിയുന്നുണ്ടിവിടെ.

                        പൊതുവെ അലസജീവിതം നയിക്കുന്നവരാണ് ഇവിടത്തുകാർ എന്ന് തോന്നുന്നു. കടകൾ വൈകിയേ തുറക്കൂ. നേരത്തെ അടച്ചിടുകയും ചെയ്യും. ഒരു കടയിൽ കയറിയാൽ സാധനങ്ങൾ വാങ്ങാൻ നമ്മളെ നിർബന്ധിക്കുകയൊന്നുമില്ല. വേണമെങ്കിൽ വാങ്ങിയാൽ മതിയെന്ന മട്ടാണ്. നടത്തത്തിനിടയിൽ കാണുന്ന കാഴ്ചകൾ ബഹു രസമാണ്. വീടിന്റെ മേൽക്കൂരയിൽ സൊറ പറഞ്ഞിരിക്കുന്ന നാലഞ്ചു പേരെ കണ്ടു. കുന്നിൻ ചെരുവിലൊരു ഊഞ്ഞാൽ കണ്ടപ്പോൾ കുറച്ച് നേരം അതിലിരുന്നാടി. അതിലെ നടന്നു പോയ മൂന്നാല് ചെറുപ്പക്കാർ ഞങ്ങളുടെ അടുത്തെത്തിയപ്പോൾ പെട്ടെന്ന് അമിതഅഭ് ബച്ചൻ എന്നുറക്കെ വിളിച്ചു പറഞ്ഞു. ഹിന്ദി സിനിമകൾക്ക് നല്ല സ്വീകാര്യതയാണിവിടെ. വീടുകൾ പുറമെ നിന്ന് നോക്കിയാൽ അപരിഷ്‌കൃതമെന്ന് തോന്നുമെങ്കിലും സർവ്വ സൗകര്യങ്ങളുമുള്ളവയാണ്. കരീമിന്റെ വീടിനടുത്ത് ഒരു സ്‌കൂളുണ്ട്. ഇറാനിലെ നഗരങ്ങളിലെല്ലാം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്‌കൂളുകളാണെന്നാണ് അറിവ്. എന്നാലിവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണ് പഠനം. ഇവിടെ ആകെയുള്ള സ്‌കൂൾ ഇതായതിനാലാവണം. നാല് മണി കഴിയുമ്പോളേക്കും ഇരുട്ടിത്തുടങ്ങിയത് കൊണ്ട് ഞങ്ങൾ വേഗം കൂട്ടിൽ കയറി.

                                            പിറ്റേ ദിവസം പാലത്തിനപ്പുറത്തുള്ള കുന്ന് കയറി. പുഴയിൽ അധികം വെള്ളമില്ല. പാലത്തിൽ മുഴുവൻ കഴുതച്ചാണകമാണ്. മലമുകളിലായത് കൊണ്ട് സാധനങ്ങളൊക്കെ കഴുതപ്പുറത്ത് വെച്ചാണ് കൊണ്ട് പോവുന്നത്. കുന്നിലൂടെയുള്ള വഴി നിറയെ ഉരുളൻ കല്ലുകൾ നിറഞ്ഞതാണ്. നിറയെ ചാണകവും മൂത്രവും. എന്നാൽ നാറ്റമൊന്നുമില്ല. ആദ്യം ഒന്നറച്ചെങ്കിലും അതിൽ ചവിട്ടാതെ നടക്കാൻ തരമില്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് നടന്നു. കുത്തനെയുള്ള കയറ്റമാണ്. കയറിത്തുടങ്ങിയപ്പോൾ തൊണ്ണൂറിനടുത്ത് പ്രായം വരുന്ന ഒരു അപ്പൂപ്പൻ ഞങ്ങളെ മറികടന്ന് പോയി! ഞങ്ങൾ കിതച്ച് കിതച്ചാണ് കയറുന്നത്. ഇവിടെയുള്ളവർക്ക് നല്ല ആരോഗ്യമാണ്. നിത്യേനയുള്ള ആവശ്യങ്ങൾക്കെല്ലാം അവർക്ക് ഈ കുന്ന് പല പ്രാവശ്യം കയറിയിറങ്ങണം. ഏറ്റവും ഉയരത്തിലെത്തിയാലാണ് ഗ്രാമത്തിന്റെ മുഴുവൻ ചിത്രം കാണാൻ കഴിയുക. കുന്നിൻപുറത്തുള്ള ഗ്രാമങ്ങളൊക്കെ മുൻപും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ പല കുന്നുകളിൽ തട്ടുതട്ടായുള്ള വീടുകളും നടുവിലൊരു പുഴയും പുല്ലുള്ള മേൽക്കൂരയിൽ ഓടി നടക്കുന്ന കോഴികളും കഴുതപ്പുറത്ത് സഞ്ചരിക്കുന്ന മനുഷ്യരുമൊക്കെ നമ്മളെ വേറേതോ കാലത്തേക്ക് കൊണ്ട് പോയ പോലെ തോന്നും. കുർദ്ദിസ്ഥാനിലെ ഗ്രാമങ്ങൾക്കൊക്കെ ഈ പ്രത്യേകതയുണ്ട്. അബ്ബാസ് കിയരോസ്താമിയുടെ ‘Wind will carry us’ എന്ന ചിത്രത്തിൽ കാണിക്കുന്നത് ഏകദേശം ഇത് പോലെയുള്ള ഒരു ഗ്രാമമാണ്. ഇത് തന്നെയാവാനും മതി!

                                        കുന്നിന്റെ മുകളിലേക്ക് കയറും തോറും വീടുകൾക്കും ചെറിയ മാറ്റങ്ങളുണ്ട്. മുകളിലുള്ള വീടുകളുടെ വാതിലുകൾ വളരെ ചെറുതാണ്. കുനിഞ്ഞും ഇരുന്നുമൊക്കെ വേണം വീടിനകത്തേക്ക് കയറുവാൻ. ആളുകൾ തുണി തോരയിടലും കഴുതച്ചാണകം അടിച്ചു കഴുകലും ഒക്കെയായി അവരവരുടെ പണികളിലാണ്. ഞങ്ങൾ കയറുന്ന സമയം കൊണ്ട് ഒരാൾ കഴുതപ്പുറത്ത് പച്ചക്കറികളും കയറ്റി രണ്ടു മൂന്നു റൌണ്ട് പോയി. തക്കാളിയും കക്കരിക്കയും വെളുത്തുള്ളിയുമാണ് ഭക്ഷണങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത്. വെളുത്തുള്ളി നമ്മുടെ നാട്ടിലെക്കാളും രണ്ടിരട്ടി വലിപ്പം വരും. ഉപ്പിലിട്ടു വിനാഗിരി ഒഴിച്ച് ഭക്ഷണത്തിന്റെ കൂടെ ഉപയോഗിക്കുകയാണ് പതിവെന്ന് തോന്നുന്നു.  മറ്റൊരു കൗതുകം കുഗ്രാമമാണെങ്കിലും യുവാക്കളൊക്കെ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിക്കുന്നു എന്നതാണ്. അവർ നമ്മളോട് കുശലം ചോദിക്കുന്നത് ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ  ഫാർസി ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തിട്ടാണ്. ഏറ്റവും മുകളിലുള്ള ഒരു വീടിന്റെ മുമ്പിൽ നിന്നു നോക്കിയപ്പോൾ അപ്പുറത്തെ മലയിലുള്ള ഒരു വീടിന്റെ മുറ്റത്ത് ഇന്നലെ പരിചയപ്പെട്ട മസാകി നിൽക്കുന്നു. അയാളെ കൂടാതെ വേറെ സഞ്ചാരികളെ ഒന്നും കണ്ടില്ല. ഒഴിവു ദിവസം അല്ലാത്തതിനാൽ അടുത്തുള്ള പട്ടണത്തിൽ നിന്നു പോലും ആരും വന്നിട്ടില്ല. നാട്ടുകാർ മാത്രം. അത്രയും ചെറിയ ഗ്രാമമായതിനാൽ രണ്ടു ദിവസം കൊണ്ടു തന്നെ പരിചിത മുഖങ്ങളായിക്കഴിഞ്ഞിരിക്കുന്നു മിക്കതും. ചിരിച്ചു കൊണ്ടു നിങ്ങളിന്നും ഇവിടെയുണ്ടോ എന്ന മട്ടിൽ നോക്കുന്നുണ്ട് പലരും. പുറം രാജ്യത്തു നിന്നുള്ള സഞ്ചാരികൾ ഇല്ലാത്തതു കൊണ്ടു തന്നെ നമ്മുടെ കൂടെ സെൽഫി എടുക്കാനൊക്കെ വലിയ താല്പര്യമാണ് ഇവിടത്തുകാർക്ക്.

                                    തിരിച്ചു നടക്കുന്ന വഴി പിന്നിൽ നിന്നാരോ തൊട്ടു. നോക്കുമ്പോൾ മെഹ്ദി! കൂടെ അവന്റെ അമ്മയുമുണ്ട്. കടയും പൂട്ടി വീട്ടിലേക്ക് പോവുകയാണ് രണ്ടാളും. 5 വരെ ഇംഗ്ലീഷിൽ എണ്ണാൻ കഴിഞ്ഞതിലുള്ള അവന്റെ സന്തോഷവും കണ്ണുകളിലെ തിളക്കവും തന്നെയായിരുന്നു ഇന്നലെ മുതൽ മനസ്സിൽ. അവനെ ഒന്ന് കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് പല തവണ ഗൗതമിനോട് പറയുകയും ചെയ്തിരുന്നു. ആഗ്രഹിച്ച പോലെ അവൻ മുന്നിൽ വന്നു നിന്നു. അവൻ ഒന്നു തൊട്ട് അഞ്ചു വരെ എണ്ണുന്നത് കാമറയിൽ പകർത്തി. അത് വീഡിയോയിൽ ചേർക്കാമെന്നു വാക്കും കൊടുത്തു. ഇന്നലെ കണ്ടപ്പോൾ അടുത്തു വരാൻ മടിച്ച സ്‌കൂൾ കുട്ടികൾ ഇന്നു കണ്ടപ്പോൾ മതിലിന്റെ മുകളിൽ കയറി നിന്ന് “what is your name?” എന്നു ചോദിച്ചു. മറുപടി പറഞ്ഞിട്ട് തിരിച്ചു ചോദിച്ചപ്പോൾ അവർ what is your name  എന്ന് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. അവർക്ക് ആകെ  അറിയാവുന്ന ഇംഗ്ലീഷ് വാചകം അതായിരിക്കാം.

                               ആമിർ കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. വരുമ്പോൾ ഇരുട്ടായതിനാൽ കാണാൻ കഴിയാഞ്ഞ വഴികളൊക്കെ ആവോളം ആസ്വദിച്ചായിരുന്നു തിരിച്ചുള്ള യാത്ര. വരുമ്പോൾ വലിയ സംസാരമൊന്നുമില്ലാതിരുന്ന ആമിർ തിരിച്ചുള്ള യാത്രയിലുടനീളം വാതോരാതെ സംസാരിച്ചു. ചില കുർദ്ദിഷ് ഗാനങ്ങളും പാടിത്തന്നു. കോളേജിൽ ഉണ്ടായിരുന്ന കാമുകിയുടെ പേര് താര എന്നായിരുന്നുവെന്നും ഞാൻ അവളെ ഓർമ്മിപ്പിച്ചുവെന്നും പറഞ്ഞു.  സനന്താജിൽ എത്തിയപ്പോഴേക്കും രാത്രിയായി.  പോവാൻ കൂട്ടാക്കാതെ ഞങ്ങളുടെ ബസ് വന്നതിനു ശേഷമേ പോകൂ എന്ന് ആമിർ നിർബന്ധം പിടിച്ചു. ഓരോ സ്ഥലത്തും എന്താണേറ്റവും ഇഷ്ടമായതെന്നു പരസ്പരം ചോദിക്കുന്ന പതിവു ഞങ്ങൾക്കുണ്ട്. അന്ന് ബസിൽ അടുത്ത സ്ഥലത്തേക്കു പോവുമ്പോൾ ആ പതിവു ചോദ്യം രണ്ടാളും ചോദിച്ചില്ല. ഉള്ളിലിരുന്നു  വൺ, ടു, ത്രീ, ഫോർ, ഫൈവ് എന്ന് ഞാൻ പലവട്ടം പറഞ്ഞു.

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT