Travel

വൂളിങ്ങ് യുവാൻ : അവതാർ സിനിമയിലെ കുന്നുകൾ

on
ഫെബ്രുവരി 23, 2018

                   “അവതാർ” സിനിമ കണ്ടവരെയെല്ലാം ഒരു പക്ഷെ ഏറ്റവും വിസ്മയിപ്പിച്ച  ഭാഗമായിരിക്കാം വായുവിലേക്കുയർന്നു പൊങ്ങി മൂടൽമഞ്ഞിൽ പാറി നിന്ന ഹല്ലേലൂയാ കുന്നുകൾ. ആ മായാലോകം സ്ക്രീനിൽ കണ്ടാസ്വദിച്ചിരുന്നപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല അതിനോട് കിടപിടിക്കുന്ന ഒരു മായാലോകം യഥാർത്ഥത്തിൽ ഭൂമിയിലുണ്ടെന്നും ഒരിക്കൽ ഞങ്ങൾ അവിടെപ്പോവുമെന്നും !

                 തെക്ക്കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ മായാലോകം സ്ഥിതി ചെയ്യുന്ന വൂളിങ്ങ് യുവാൻ (wulingyuan) പട്ടണം. ഈ പട്ടണത്തിനു തൊട്ടടുത്തുള്ള കാടുകളിൽ ആയിരക്കണക്കിന് സൂചിമലകളാണു അവതാർ കുന്നുകളെ അനുസ്മരിപ്പിക്കും വിധം കുത്തനെ ആകാശത്തിൽ ഉയര്ന്നു നിൽക്കുന്നത്. ഇൻറർനെറ്റിൽ തപ്പിയാൽ കിട്ടുന്ന ചിത്രങ്ങൾ അതിമനോഹരം ആണെങ്കിലും അതിൽ കാണുന്നതിനെക്കാളൊക്കെ എത്രയോ വലുതാണ്‌ ഈ പ്രദേശവും അതിന്റെ വ്യാപ്തിയും. ഒരു ക്യാമറ ഫ്രെയിമിലും ഒതുക്കുവാൻ കഴിയാത്ത വിധം വലുത്. നോക്കെത്താദൂരത്തോളം പല ഉയരത്തിലും പല രൂപങ്ങളിലും നിറഞ്ഞു കിടക്കുന്ന മൂവായിരത്തോളം സൂചിമലകളാണു 12000 ഏക്കറിലായി കാഴ്ച്ചയുടെ വിരുന്നൊരുക്കി ഇവിടെ തലയുയർത്തി നിൽക്കുന്നത്. ഈ അപൂർവ ഭൂപ്രകൃതി മൂലം UNESCO വേൾഡ് ഹെരിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് വൂളിങ്ങ് യുവാൻ. മുകൾ ഭാഗം ഏതാണ്ട് മുഴുവനായി പരന്നിട്ടുള്ള ഒരു വലിയ മലയും ആ സമതലത്തിൽ നിന്നും താഴോട്ടു നോക്കിയാൽ ചുറ്റിലുമായി കിലോമീറ്ററുകളോളം ആകാശത്തിലേക്ക് പൊന്തി നിൽക്കുന്ന പാറ ക്കുന്നുകളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ആ വലിയ മലയുടെ വശങ്ങളിൽ ഉള്ള വ്യൂ പോയിന്റുകൾ തമ്മിൽ ബന്ധിപ്പിച്ചു മിനിബസുകൾ ഓടുന്നുണ്ട്. മലമുകളിലേക്കുള്ള എൻട്രി ടിക്കറ്റ്‌ എടുത്താൽ അതുപയോഗിച്ചു മൂന്നു ദിവസം ഇവടെ വന്നു പോവാം. ഈ പ്രദേശം മുഴുവൻ കണ്ടു തീരണമെങ്കിൽ ഒരു ദിവസമൊന്നും മതിയാവില്ല എന്നത് തന്നെ കാരണം. ഓരോ ദിവസവും ആ കാടുകളുടെ ഓരോ ഭാഗങ്ങൾ ആയി ആസ്വദിച്ചു കാണണം. നിർഭാഗ്യവശാൽ ആകെ ഒരു ദിവസമേ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ ഏറ്റവും സുന്ദരവും വൈവിധ്യവുമാർന്ന കാഴ്ചകൾ മാത്രം തിരഞ്ഞെടുത്താണ് മലമുകളിലെ റൂട്ട് പ്ലാൻ ചെയ്തത്.

                          ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും എയർപോർട്ടും 40 കിലോമീറ്റർ ദൂരെയുള്ള ജാങ്ങ്ജ്യാജ്യെ (zhangjiajie) പട്ടണത്തിലാണ്. അവിടെ നിന്നും വൂളിങ്ങ് യുവാനിലേക്കു ഇടവിട്ട് ബസ് സർവീസ് ഉണ്ട്. ചെലവു കുറഞ്ഞ യൂത്ത് ഹോസ്റ്റലുകൾ മുതൽ ആഡംബര റിസോർട്ടുകൾ വരെ ഈ കൊച്ചു പട്ടണത്തിലുണ്ട്. ഇതെല്ലാം വൂളിങ്ങ് യുവാനിലെ മലകൾ സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികളെ ലക്‌ഷ്യം വെച്ച് മാത്രം നിർമിച്ചതാണ്. ഇവിടത്തെ മുഖ്യ വരുമാനോപാധിയും വിനോദസഞ്ചാരം തന്നെ. അതിരാവിലെ തന്നെ ഞങ്ങൾ രണ്ടു പേരും ഉണർന്നെണീറ്റു തയ്യാറായി. വൂളിങ്ങ് യുവാനിലെ ഹോട്ടലിൽ നിന്നും 5 മിനിറ്റ് നടന്നാൽ മലമുകളിലേക്കുള്ള പ്രവേശന കവാടമെത്തും. ഇവിടെ നിന്നുമാണ് എൻട്രി ടിക്കറ്റ്‌ എടുക്കേണ്ടത്. ഈ മലയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. മുകളിലേക്കും താഴേക്കും ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾ മാത്രമാണ് ഈ പാതകളിൽ ഓടുന്നത്. മലയുടെ പകുതി ദൂരം വരെയേ റോഡ്‌ ഉള്ളൂ. അര മണിക്കൂർ കയറ്റത്തിനൊടുവിൽ ബസ്‌ ചെന്ന് നിൽക്കുന്നതൊരു സുന്ദരൻ അരുവിയുടെ കരയിലാണ്. “ഗോൾഡൻ വിപ്പ് സ്ട്രീം (Golden whip stream) ” എന്ന് പേരുള്ള ഈ അരുവി ഒഴുകുന്നത്‌ സൂചിമലകളുടെ നേരെ താഴെ ആയിട്ടാണ്.

                അരുവിയുടെ കരയിൽ നിന്നും കുറച്ചു നടന്നാൽ കാണുന്നതൊരു വിചിത്രമായ കാഴ്ചയാണ്. ബസ് സ്റ്റോപ്പിനു കുറച്ചു മാറി മലയോടൊട്ടി ചേർന്നു മുകളറ്റം വരെ പോവുന്നൊരു പടുകൂറ്റൻ എലിവേറ്റർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഔട്ട്‌ഡോർ എലിവേറ്റർ ആയ “ബൈലോങ്ങ് എലിവേറ്റർ (Bailong elevator)” ആണ് മുന്നിൽ കാണുന്നത്. 330 മീറ്റർ ഉയരത്തിൽ ഗ്ലാസും സ്റ്റീലും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ആ എലിവേറ്റർ ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയിട്ടുണ്ട്. മലയുടെ ബാക്കി ദൂരം അങ്ങനെയാണ് കയറുന്നത്. പുറംവശത്തെ ചില്ലുപാളികൾ പതിച്ച ഈ എലിവേറ്റർ തുടക്കത്തിൽ കുറച്ചു ദൂരം മലയുടെ ഉള്ളിലൂടെയാണ് കയറുന്നത്. അൽപ്പനേരം ഉയർന്നു കഴിയുമ്പോൾ പൊടുന്നനെ മല തുളച്ചു പുറത്തെത്തുന്ന സഞ്ചാരികളെ ആദ്യം വരവേൽക്കുന്ന കാഴ്ച ചില്ലുകൂടിനു പുറത്ത് അനന്തമായി പരന്നു കിടക്കുന്ന സൂചിമലകളാണ്. ഒരു നിമിഷാർദ്ധം കൊണ്ട് കണ്മുന്നിൽ ആദ്യമായി ആ ദൃശ്യഭംഗി നിറയുന്നത് വിവരിക്കാൻ പേന കൊണ്ടോ ക്യാമറ കൊണ്ടോ എളുപ്പം സാധിക്കില്ല. എലിവേറ്റർ മലമുകളിൽ ചെന്ന് നിൽക്കുന്ന ഭാഗമാണ് യുവാൻജ്യാജ്യെ (Yuanjiajie). ഇവിടെ നിന്നും ഏതു ദിക്കിലേക്ക് നോക്കിയാലും പെൻസിലുകൾ പോലെ പൊന്തി നിൽക്കുന്ന കുന്നുകളാണ് കണ്മുന്നിൽ.         

                                                                                                    ഒരു 20 മിനിട്ടോളം മുമ്പോട്ടു നടന്നാൽ ഒരു ആൾക്കൂട്ടം കണ്ണിൽപ്പെടും. അതാണ്‌ ഹല്ലേലൂയാ മലയുടെ (Hallelujah mountain) നേരെ മുമ്പിലുള്ള വ്യൂപോയിന്റ്. ഒരു കിലോമീറ്റർ ഉയരം വരുന്ന ഒരു നെടുനീളൻ സൂചിമല. മുകളറ്റത്തേക്കാൾ വീതി കുറഞ്ഞ താഴ്ഭാഗം ശ്രദ്ധയിൽ പെടുമ്പോൾ, ഈ മല ഇത് വരെ കാറ്റിലും മഴയിലും ഇളക്കം തട്ടാതെ നിൽക്കുന്നതോർത്ത് അമ്പരപ്പ് തോന്നുന്നത് സ്വാഭാവികം. ഒന്ന് ആഞ്ഞൂതിയാൽ നേരെ എതിർ വശത്തേക്ക് മറിഞ്ഞു വീഴുമെന്ന പോലെയാണ് നിൽപ്പ്. ഫിസിക്സിലെയും മാത്തമാറ്റിക്സിലെയും നിയമങ്ങളൊന്നും ഇങ്ങോട്ട് കൊണ്ട് വരണ്ട എന്നൊരു മട്ടാണ് ഈ മലക്ക്. മലയുടെ തലപ്പ്‌ മുഴുവൻ പച്ചക്കുട പോലെ നിറഞ്ഞു വളരുന്ന മരങ്ങൾ. താഴെ കാട്ടിൽ മൂടൽമഞ്ഞു പരക്കുന്ന ദിവസങ്ങളിൽ ഇവിടെ നിന്ന് നോക്കിയാൽ ഈ കുന്ന് വായുവിൽ പൊങ്ങി നിൽക്കുന്ന പോലെ തന്നെയേ തോന്നൂ. അവതാർ സിനിമയുടെ നിർമാണഘട്ടത്തിൽ അതിലെ ഗ്രാഫിക്സ് ഡിസൈൻ ടീം ഈ മല വന്നു കണ്ടു പഠിച്ചിട്ടാണത്രേ സ്ക്രീനിലെ ഹല്ലേലൂയാ കുന്നുകൾ സൃഷ്ടിച്ചത്. സിനിമ ചരിത്ര വിജയം ആയതോടെയാണ് വൂളിങ്ങ് യുവാൻ പുറംലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതോടെ സിനിമയിലെ പേരു തന്നെ ഈ കുന്നിനും വീണു. ഒരു കിലോമീറ്റർ നീളമുള്ള കുന്ന് ക്യാമറയിൽ മുഴുവാൻ ആയി ഒതുങ്ങുന്ന ഒരു ഫ്രെയിം നടന്നു കണ്ടു പിടിക്കുവാൻ കുറച്ചു കഷ്ടപ്പെട്ടു. ഹല്ലേലൂയാ മലയെ പിന്നിട്ടു വീണ്ടും സൂചിമലകൾക്കരികിലൂടെ ഏതാണ്ട് അര മണിക്കൂറോളം നടന്നാൽ മറ്റൊരു വിസ്മയമെത്തും. തൊട്ടു തൊട്ടു കിടക്കുന്ന രണ്ടു മലകളുടെ ഉയരത്തിലുള്ള തലപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രകൃതിദത്തമായ ഒരു പാലം.ഈ പാലത്തിലൂടെ മറുവശത്തെ മലയിലേക്ക് നടക്കാം. കൈവരിയിൽ പിടിച്ചു താഴോട്ടു നോക്കാൻ നല്ല മനക്കട്ടി വേണമെന്ന് മാത്രം.

2 മലകളെ ബന്ധിപ്പിക്കുന്ന പ്രകൃതിദത്തമായ പാലം

                                                         ഈ പാലം എത്തുന്നതോടെയാണ് യുവാൻജ്യാജ്യെ സോൺ അവസാനിക്കുന്നത്. തൊട്ടടുത്തായി ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്. ഇനി നേരെ മലയുടെ മറുവശത്തുള്ള ടിയാൻസി (Tianzi) സോണിലേക്കാണ് പോവുന്നത്. അവിടെയെത്താൻ ബസിൽ സഞ്ചരിക്കേണ്ടത് ഒരു മണിക്കൂറോളം. അത്ര വിശാലമാണ് വൂളിങ്ങ് യുവാൻ മലമുകളിലെ സമതലം. പാതി വഴിയിലെവിടെയോ വെച്ചൊരു മനോഹരമായ കാഴ്ച്ച കണ്ണിൽ പെട്ടു. തട്ട് തട്ടായി മഞ്ഞപ്പട്ട് വിരിച്ച പോലെ വിളവെടുപ്പിനു തയാറായി നിൽക്കുന്ന നെൽപ്പാടങ്ങൾ. തട്ട് പാടങ്ങൾക്ക് പേരു കേട്ട, ചൈനയിൽ തന്നെയുള്ള ഡാജായ് ഗ്രാമം ഒരു നിമിഷം ഓർമയിലെത്തി. കാടിനിടയിലേക്ക് വീണ്ടും ബസ് തിരിയുന്നതിന് മുമ്പേ പെട്ടെന്നൊരു ഫോട്ടോ ക്ലിക്ക് ചെയ്തു.    ടിയാൻസി ബസ് സ്റ്റോപ്പിൽ നല്ല തിരക്കുണ്ട്‌. ചൈനയിൽ പൊതുവേ പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കാണാറില്ലെങ്കിലും വൂളിങ്ങ് യുവാനിലെ സ്ഥിതി അതല്ല. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാം ധാരാളമായി സഞ്ചാരികൾ ഇവിടെത്താറുണ്ട്. അത് കൊണ്ടാവണം ഈ ഓണം കേറാ മലമുകളിൽ വരെ ഒരു മക്ഡൊണാൾഡ്സ് റെസ്റ്റോരന്റ് കാണാനായത്. നേരം ഏതാണ്ട് ഉച്ചയോടടുത്തു. ബസ് സ്റ്റോപ്പിലെ ഒരു ചെറിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ഉപ്പും മുളകും എല്ലാം പാകത്തിന് ചേർത്ത് വേവിച്ചെടുത്ത ഉരുളക്കിഴങ്ങും, നല്ല എരിവുള്ള ഒരു കറിയൊഴിച്ച എഗ്ഗ്  റൈസും. ഏതു പക്ഷിയുടെ മുട്ടയാണെന്നു കൌതുകം തോന്നിയെങ്കിലും ചോദിച്ചറിയാൻ മാത്രം ഭാഷ വശമില്ല. കൂടെ തന്ന ചോപ്സ്റ്റിക്സ് ഉപയോഗിക്കാൻ കുറച്ചു നേരം ഞങ്ങളൊന്നു ശ്രമിച്ചു നോക്കിയെങ്കിലും  അവസാനം അത് താഴെയിട്ടു കൈ കൊണ്ട് തന്നെ വാരിക്കഴിച്ചു തീർത്തു. അതിന്റെ സുഖമൊന്നു വേറെ തന്നെയല്ലേ !

                             യുവാൻജ്യാജ്യെ സോണിലെക്കാൾ എണ്ണത്തിൽ കൂടുതൽ ആണ് ടിയാൻസി സോണിലെ മലകൾ. കാണുവാൻ ഏകദേശം ഒരേ പോലെയൊക്കെ തന്നെ. പക്ഷെ ഇവിടെ കൂടുതൽ ഇടതിങ്ങിയാണ് മലകൾ കൂടി നിൽക്കുന്നത്. യുവാൻജ്യാജ്യെ മലകളുടെ വശങ്ങൾ അധികവും ഉരുണ്ടതാണെങ്കിൽ ടിയാൻസിയിലെ മലകൾക്ക് പരന്ന വശങ്ങളാണ് കൂടുതൽ. മലകൾ ഈ രൂപം പ്രാപിച്ച കാലങ്ങളിലെ ജലപ്രവാഹത്തിന്റെയും മണ്ണൊലിപ്പിന്റെയും വ്യത്യസ്തതയാവാം ഒരു പക്ഷെ കാരണം. ഒരു വശത്ത് ആടയാഭരണങ്ങളും, കിരീടവും,  തിളങ്ങുന്ന മേലങ്കിയുമെല്ലാം ധരിച്ച ഒരു യുവതി സഞ്ചാരികൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. വൂളിങ്ങ് യുവാൻ  മലനിരകളിൽ താമസിക്കുന്ന ഗോത്രവിഭാഗം ആയ തൂജിയാ ഗോത്രത്തിന്റെ (Tujia tribe) പരമ്പരാഗത വേഷമാണത്. ഷിലൻകാപ്പു (xilan kapu)  എന്നാണ് ഈ വേഷവിധാനത്തിന്റെ പേര്. ഷിലൻകാപ്പു ധരിച്ച തൂജിയാ യുവതിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുവാൻ 10 യുവാൻ ആണ് ചാർജ്.

432

                  ടിയാൻസി സോണിലെ കാഴ്ചകൾ എല്ലാം നടന്നു കണ്ടപ്പോഴേക്കും സന്ധ്യയോടടുത്തു. മടങ്ങാൻ സമയമായി. ടിയാൻസി മലയിൽ നിന്നും താഴെയുള്ള ബസ്‌ സ്റ്റോപ്പിലേക്കു എത്തുവാൻ രണ്ടു വഴികളുണ്ട്. ആദ്യത്തേതും ഏറ്റവും എളുപ്പമുള്ളതുമായ മാർഗം കേബിൾ കാർ ആണ്. രാവിലെ ബസ് ഇറങ്ങിയ അരുവിയുടെ അടുത്തേക്ക് വരെ ടിയാൻസിയിൽ നിന്നും കേബിൾ കാർ സർവീസ് ഉണ്ട്. അടുത്ത മാർഗം പടവുകളാണ്. കേബിൾ കാറും എലിവേറ്റരും വരുന്നതിനൊക്കെ മുമ്പേ മുകളിലേക്ക് എത്തുവാൻ  മലയിൽ കൊത്തി വെച്ചിരിക്കുന്ന ഏതാണ്ട് നാലായിരത്തോളം പടവുകൾ. മലയെ ചുറ്റി പടവുകൾ ഇറങ്ങുമ്പോൾ സൂചിമലകളുടെ വളരെ അടുത്ത് വരെ ചെന്നെത്താം. ശ്രദ്ധിച്ചു സൂക്ഷിച്ച് ഇറങ്ങിയാൽ ഏതാണ്ട് രണ്ടു മണിക്കൂറോളം എടുക്കും താഴെ ബസ്‌ സ്റ്റോപ്പിൽ എത്താൻ. നടന്നു കാലുകൾ തളർന്നുവെങ്കിലും മലകളുടെ തൊട്ടടുത്ത്‌ വരെ ചെല്ലാനുള്ള ആ അവസരം കൈ വിടാൻ തോന്നിയില്ല. ഞങ്ങൾ പതിയെ ഇറങ്ങി തുടങ്ങി. ടിയാൻസിയിൽ എത്തുന്ന 90% സഞ്ചാരികളും കേബിൾ കാർ ഉപയോഗിച്ചാണ് താഴെ ഇറങ്ങുക. അതിനാൽ തന്നെ ആ പടവുകൾ ഇറങ്ങുവാൻ ഞങ്ങളെ കൂടാതെ വേറെ നാലഞ്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതാണ്ട് പൂർണമായും വിജനമായ ആ വഴിയിൽ ഇടയ്ക്കു ഒന്നോ രണ്ടോ ചെറിയ തട്ടുകടകൾ ഉണ്ട്. അവിടെ എത്തുമ്പോൾ ബെഞ്ചിൽ കാലു നിവർത്തി ഇരുന്നു ഓരോ ജ്യൂസ് ഒക്കെ കുടിച്ച് വീണ്ടും ഇറക്കം. ചില വളവുകൾ തിരിയുമ്പോൾ പെട്ടെന്ന് മുന്നിലായി ചെങ്കുത്തായ കുന്നുകൾ നിൽക്കുന്നുണ്ടാവും. വളരെ അടുത്ത്. അത്ര അടുത്ത് നിന്നും കാണുമ്പോഴാണ് ഈ കുന്നുകളുടെയും അതിന്റെ വശങ്ങളിൽ വളർന്നു നിൽക്കുന്ന മരങ്ങളുടെയും ഒക്കെ യഥാർത്ഥ വലിപ്പം മനസ്സിലാവുന്നത്. നടന്നു തളരുന്നവരെ താഴെ ചുമന്നു എത്തിക്കാൻ കസേരകളുമായി  ഇടയ്ക്കു രണ്ടു മൂന്നു പേർ ഇരിക്കുന്നുണ്ട്‌. അതിൽ കയറി സുഖമായി കുന്നിറങ്ങുന്ന ഒന്ന് രണ്ടു പേരും ഞങ്ങളെ കടന്നു താഴെ പോയി.

4322

                                               രണ്ടു മണിക്കൂർ നടന്നിറങ്ങി താഴെ ബസ് സ്റ്റോപ്പ്‌ എത്തിയപ്പോഴേക്കും കാടുകളിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു. വീണ്ടും അര മണിക്കൂർ ക്യൂ നില്ക്കേണ്ടി വന്നു ബസിൽ കയറിപ്പറ്റാൻ. താഴെ വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയ വൂളിങ്ങ് യുവാൻ പട്ടണം ലക്ഷ്യമാക്കി ബസ് മലയിറങ്ങുമ്പോൾ, ആ മലമുകളിൽ കണ്ട വിസ്മയങ്ങളെക്കുറിച്ചുള്ള വിചാരങ്ങളിൽ മുഴുകി ഞാൻ, പതിയെ ഒരു മയക്കത്തിലേക്കു വീണതറിഞ്ഞില്ല !

1 യുവാൻജിയാജ്യേ


2017 ഒക്ടോബർ ലക്കം ‘മനോരമ ട്രാവലർ’ മാസിക ഞങ്ങളുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 🙂

EXACT LOCATION

TAGS
RELATED POSTS

LEAVE A COMMENT